Image

യാത്രാ വിലക്ക് ; കുവൈറ്റിലെ വിവിധ മേഖലകള്‍ പ്രതിസന്ധിയില്‍

Published on 03 August, 2020
 യാത്രാ വിലക്ക് ; കുവൈറ്റിലെ വിവിധ മേഖലകള്‍ പ്രതിസന്ധിയില്‍

കുവൈറ്റ് സിറ്റി : യാത്രാ നിരോധനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ അധ്യാപകരുടെ മടങ്ങിവരവ് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രതിസന്ധി നേരിടുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കിയാലും അധ്യാപകരുടെ അഭാവം അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തെ പ്രതികൂലമായി ബാധിക്കും . നിരവധി സ്‌കൂളുകളില്‍ അധ്യാപകരുടെ കുറവുണ്ടെന്നും പെരുന്നാള്‍ അവധി കഴിഞ്ഞാലുടന്‍ കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്കില്‍നിന്ന് അധ്യാപകരെ ഒഴിവാക്കാനുള്ള സാധ്യത ആരോഗ്യ മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് മന്ത്രാലയം പരിഗണിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം ആരോഗ്യ രംഗത്തെ ജീവനക്കാരെപ്പോലെതന്നെ അധ്യാപകരെയും പ്രവേശന വിലക്കില്‍നിന്നു ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചതായും 31 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വിദേശി അധ്യാപകരെ ഒഴിവാക്കണമെന്ന് കുവൈറ്റ് ടീച്ചേഴ്‌സ് സൊസൈറ്റി ചെയര്‍മാന്‍ അല്‍ അജാമി ആവശ്യപ്പെട്ടു.

അതിനിടെ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവ് അനുവദിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരാനാകാതെ കുടുങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗവും വിദേശികളാണ്. അതില്‍ തന്നെ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിലവില്‍ വിമാന സര്‍വീസ് വിലക്കുള്ള രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്. സ്വകാര്യ ആശുപത്രികളുടെ സംഘടനയാണ് ഇതു സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക