Image

മെറിൻ ജോയിയുടെ കൊലപാതകത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി

Published on 04 August, 2020
മെറിൻ ജോയിയുടെ കൊലപാതകത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി
ന്യൂജേഴ്‌സി :  ഭർത്താവിന്റെ കൈകളാൽ ഫ്ലോറിഡയിൽ  അതിക്രൂരമായി കൊലചെയ്യപ്പെട്ട  മലയാളി യുവതി  മെറിൻ ജോയിയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് അഗാധമായ ദുഖവും , അനുശോചനവും രേഖപ്പെടുത്തി

വളരെ വേദനാജനകവും, ചിന്തകൾക്ക് അതീതവുമായ ദാരുണ സംഭവമാണ്   മെറിന്റെ കൊലപാതകമെന്നു ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു .  മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ അപലപിക്കുവാൻ  വാക്കുകൾ കിട്ടുന്നില്ലെന്നും മലയാളികളുടെ ഇടയിൽ  മാനസികനില തെറ്റിയ ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതും  , കേരളത്തിൽ അടുത്തയിടെ പാമ്പിനെ കൊണ്ട് ഭാര്യയെ കൊന്ന സംഭവം മനസ്സിൽ നിന്ന് മാറുന്നതിനു മുൻപ് , അതിനേക്കാൾ ഭീകരമായ കൊലപാതകം ,  അതും അമേരിക്കയിൽ വെച്ച് , നടന്നതിൽ സമൂഹമനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നു ഡോ ഗോപിനാഥൻ നായർ പറഞ്ഞു

വ്യക്തിസ്വാതന്ത്രത്തിനും,  നിയമവ്യവസ്ഥിതികൾക്കും ഒട്ടേറെ മൂല്യം കല്പിക്കുന്ന അമേരിക്കയെ പോലെയുള്ള വികസിച്ച രാജ്യത്തു സ്വന്തം ഭർത്താവിന്റെ കൈകളാൽ അത്യന്തം ഭീകരമായ രീതിയിൽ മെറിൻ ജോയ് കൊല ചെയ്യപ്പെട്ടതിൽ സാമൂഹിക അരക്ഷിതത്വത്തിന്റെയും  , മനുഷ്യമനസ്സുകളിൽ ചേക്കേറിയിരിക്കുന്ന പൈശാചികതയുടെയും ഭീഭത്സ മുഖമാണ് വ്യക്തമായിരിക്കുന്നതെന്നു  ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു .  

രണ്ടു വയസുള്ള കുഞ്ഞിന്റ്‌റെ അമ്മയായ , ജീവിതം കെട്ടിപ്പടുത്തുവാൻ കോവിഡ് മഹാമാരി താണ്ഡവമാടുന്ന ഈ സമയത്തും ആശുപുപത്രിയിൽ നേഴ്സ് എന്ന മാലാഖയുടെ പ്രതിരൂപത്തിൽ രോഗികളെ ശ്രുശൂഷിച്ചു , തന്റെ ഡ്യൂട്ടി കഴിഞ്ഞു വെളിയിൽ വരുന്ന സമയത്തു സമാനതകളില്ലാത്ത ക്രൂരതയുടെ നേർകാഴ്‌ചയായി സ്വന്തം ഭർത്താവിന്റെ കരങ്ങളാൽ മെറിൻ ജോയിക്ക്  നേരിടേണ്ടി വന്ന അത്യന്തം നിഷ്ഠൂരമായ അന്ത്യം  നന്മയുടെ കണികയെങ്കിലും അവശേഷിക്കുന്ന മനുഷ്യ മനസുകളിൽ ഉളവാകുന്ന വേദനയും , ദുഖവും ചിന്തകൾക്ക് അപ്പുറമായിരിക്കുമെന്നും ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു

അതിക്രൂരവും, പൈശാചികവുമായ ഈ കൊലപാതകം ചെയ്ത മെറിന്റെ ഭർത്താവ് ഒട്ടും തന്നെ ദയ അർഹിക്കുന്നിലെന്നു ന്യൂജേഴ്‌സി പ്രൊവിൻസ് സെക്രട്ടറി ഡോ ഷൈനി രാജു  എടുത്തു പറഞ്ഞു  . നിയമം അനുശാസിക്കുന്ന ഏറ്റവും  വലിയ ശിക്ഷ പ്രതിക്ക് ലഭിക്കുവാൻ നീതിപീഠം തയ്യാറാകണമെന്നും , ഇനി ഒരിക്കലും ഒരു സ്ത്രീയും ഇതുപോലെയുള്ള ക്രൂരതക്ക് ഇരയാകാതിരിക്കുവാൻ സമൂഹവും, നമ്മുടെ നീതിന്യായവ്യവസ്ഥയും , ഉണർന്നു പ്രവർത്തിക്കുവാൻ എല്ലാ മത , സാംസ്‌കാരിക , സംഘടനകളും മുൻകൈയെടുത്തു  പ്രതിജ്ഞ എടുക്കണമെന്നും ഡോ ഷൈനി രാജു  പറഞ്ഞു

ഉന്നതവിദ്യാഭ്യാസം ലഭിച്ചു, ഭേദപ്പെട്ട രീതിയിൽ ജോലിയും , ശമ്പളവും ലഭിക്കുന്ന സ്ത്രീകൾക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സമൂഹത്തിൽ നേരിടേണ്ടി വരുന്ന പുരുഷമേധാവിത്വത്തിന്റെ അടിച്ചമർത്തലിന്റെ ഇരയാണ് മെറിൻ ജോയിയെന്നു ന്യൂജേഴ്‌സിയിൽ നിന്നുള്ള  ഗ്ലോബൽ ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ ചൂണ്ടി കാട്ടി  

പലപ്പോഴും നമ്മുടെ മലയാളി കുടുംബങ്ങളിൽ ഉണ്ടാകുന്ന പിണക്കങ്ങളും, പിറുപിറുപ്പുകളും, സ്ത്രീകൾ പുറത്തു പറയാതെ നാലു ഭിത്തിക്കുള്ളിൽ കരഞ്ഞു തീർക്കാൻ ശ്രമിക്കുന്നു . പ്രശ്നങ്ങൾ പുറത്തു പറഞ്ഞാൽ അവൾ സമൂഹത്തിലും, കുടുംബത്തിലും ഒറ്റപ്പെടുന്നു എന്ന ഭയം തന്നെയാണ്  ഈ മരണത്തിന്റെ കാരണമെന്നു  ന്യൂജേഴ്‌സി വനിതാ ഫോറം പ്രസിഡന്റ് റിങ്കിൾ ബിജു അഭിപ്രായപ്പെട്ടു  

വികസിത രാജ്യത്തു  താമസിക്കുന്ന വിദ്യാസമ്പന്നരായ പലർക്കും ഇവിടുത്തെ നിയമനടപടികളെക്കുറിച്ചുള്ള അറിവില്ലായ്മ  മൂലം  പല സ്ത്രീകളും  മാനസികമായും, ശാരീരികമായും, ലൈംഗീകമായും അടിമപ്പെടുന്നുവെന്നും ,  പ്രശ്നങ്ങളിൽ കൂടെ കടന്നു പോകുന്നവരെ  സമൂഹത്തിന്റെയും, നിയമത്തിന്റെയും  മുൻപിലേക്ക് കൊണ്ട് വരാൻ ഓരോ സ്ത്രീയും മുന്നോട്ടു വരുവാനുള്ള അറിവും, ആർജ്ജവും  കൊടുക്കുവാൻ ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് എന്ന നിലയിൽ പ്രതിജ്ഞാബന്ധിതരായിരിക്കുമെന്ന്  റിങ്കിൾ   അഭിപ്രായപ്പെട്ടു   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക