Image

സബ് ട്രഷറി തട്ടിപ്പ്: ബിജുലാല്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്

Published on 05 August, 2020
സബ് ട്രഷറി തട്ടിപ്പ്: ബിജുലാല്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്. ഇന്ന് രാവിലെയാണ് ബിജുലാല്‍ പോലിസിന്‍റെ പിടിയിലായത്.


 തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ താന്‍ ട്രഷറിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു.


ബിജുലാല്‍ ഡിസംബര്‍ മുതല്‍ പണം തട്ടി തുടങ്ങിയെന്ന് ഡിവൈഎസ്പി എം ജെ സുല്‍ഫിക്കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ചീട്ടുകളിയിലുണ്ടായ നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും മുമ്ബ് പലഘട്ടങ്ങളിലായി 75 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ബിജു സമ്മതിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 നാല് ദിവസത്തിലേറെയായി ഒളിവിലായിരുന്ന ബിജുലാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന അവകാശവാദവുമായാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തന്‍റെ പാസ് വേര്‍ഡ് ഉപയോഗിച്ച്‌ മറ്റാരോ തട്ടിപ്പ് നടത്തിയാതാകാമെന്നും ബിജുലാല്‍ അവകാശപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തു. 


കോടതിയില്‍ കീഴടങ്ങുകയായിരുന്നു ബിജുവിന്‍റെ ലക്ഷ്യമെങ്കിലും ഇതിന് മുമ്ബുതന്നെ അറസ്റ്റ് നടന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം നിഷേധിച്ചുവെങ്കിലും അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക