Image

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന; വിശദീകരണത്തിൽ ലീഗിന് അതൃപ്തി

Published on 06 August, 2020
പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന;  വിശദീകരണത്തിൽ ലീഗിന് അതൃപ്തി

മലപ്പുറം: രാമക്ഷേത്ര നിർമാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ മുസ്ലീം ലീഗിൽ കടുത്ത അതൃപ്തി.

കോണ്‍ഗ്രസ് നേതാക്കൾ അനുനയനീക്കം തുടരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് നടത്തിയ യോഗത്തിലും പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

ക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്തുകൊണ്ടുളള പ്രിയങ്കയുടെ നിലപാടിൽ തങ്ങൾക്ക് യോജിപ്പില്ലെന്നും നേതാക്കൾ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് കമൽനാഥിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി പരസ്യനിലപാട് എടുത്തതോടെ ലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നാണ് ലീഗിൽ ഉയർന്ന ആവശ്യം. അണികളിൽ പ്രതിഷേധം ശക്തമായതോടെ ലീഗ് നേതൃത്വം ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ചുകൂട്ടുകയായിരുന്നു.

രാമക്ഷേത്ര നിർമാണത്തിൽ കോണ്‍ഗ്രസ് നേതാക്കൾ മുൻപും വിവാദപ്രസ്താവന നടത്തിയെങ്കിലും അത് കോണ്‍ഗ്രസിലെ ഒറ്റപ്പെട്ട വ്യക്തികളുടെ നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് കൈ കഴുകിയിരുന്നു.

എന്നാൽ പാർട്ടിയുടെ തന്നെ ദേശീയ നേതാവ് പ്രിയങ്കയുടെ വാക്കുകൾ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടായാണ് ലീഗ് കാണുന്നത്. അതേസമയം ലീഗ് നേതാക്കളുമായി കെ.സി.വേണുഗോപാൽ ഫോണിൽ സംസാരിക്കുകയും ലീഗിന്‍റെ ആശങ്ക കേന്ദ്ര നേതൃത്വത്തെ രമേശ് ചെന്നിത്തല അറിയിക്കുകയും ചെയ്തു.

പ്രിയങ്കയുടെ പരാമർശം മതസൗഹാർദം ലക്ഷ്യമിട്ടുള്ളതാണെന്നും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം എന്നും കോണ്‍ഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചു.

ദിഗ്‌വിജയ് സിംഗ്, മനീഷ് തിവാരി, കമൽനാഥ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കൾ നേരത്തെ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ എന്തു നിലപാട് എടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് കെപിസിസിയും സംസ്ഥാന നേതാക്കളും.
പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ മുസ്ലീം ലീഗ് പാണക്കാട് തങ്ങളുടെ വസതിയിൽ ഇന്നു രാവിലെ ചേർന്ന ദേശീയ ഭാരവാഹി അടിയന്തിര യോഗത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള നേതാക്കൾ നേരിട്ടും മറ്റുള്ളവർ ഓണ്‍ലൈനായും പങ്കെടുത്തു. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി തന്‍റെ ട്വീറ്റിൽ പറഞ്ഞിരുന്നു.

‘ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമൻ എന്ന പേരിനർഥം. രാമൻ എല്ലാവരിലുമുണ്ട്, എല്ലാവർക്കൊപ്പവുമുണ്ട്. ശ്രീരാമന്‍റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്’എന്നായിരുന്നു പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക