Image

കടല്‍ക്കൊല കേസ് : കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വാദം കേള്‍ക്കാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് സുപ്രിംകോടതി

Published on 07 August, 2020
കടല്‍ക്കൊല കേസ് : കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വാദം കേള്‍ക്കാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിന്റെ വിചാരണ ഇറ്റലിയില്‍ നടത്തണം എന്ന രാജ്യാന്തര ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേള്‍ക്കാതെ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പറഞ്ഞു.


ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളി മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിച്ചതായും ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നു. ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.


നാവികര്‍ക്കെതിരേ ഇന്ത്യയെടുത്ത നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ ഇന്ത്യയില്‍ നടത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കുറ്റാരോപിതരായ രണ്ടു നാവികര്‍ക്കും ഉദ്യോഗസ്ഥര്‍ എന്ന് നിലയിലുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


വിഷയം ഇന്ത്യന്‍ കോടതികളുടെ നിയമാധികാരത്തില്‍ ഉള്‍പ്പെട്ടതല്ലെന്നും കേസില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് വിധി കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. അതേസയമം നാവികരെ തടഞ്ഞുവച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യം കോടതി തള്ളി.


നാവികര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ജൂലൈയില്‍ ആണ് അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ വാദം തുടങ്ങിയത്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികര്‍ 2012 ഫെബ്രുവരി 15നാണ് കൊല്ലം നീണ്ടകരയില്‍ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക