Image

മനുഷ്യജീവി! (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 07 August, 2020
മനുഷ്യജീവി! (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
മാവു പൂക്കുന്നു, പറന്നെത്തുന്നു തേന്‍തുമ്പികള്‍
തേന്‍ നുകര്‍ന്നു നുകര്‍ന്നവ തൃപ്തിയടയുന്നു.
അനന്തര തലമുറക്കായ് വിത്തിട്ടതില്‍
മാവിനുമുണ്ടതിയായ സംതൃപ്തി.
മാങ്ങയാകുന്നു മാവില്‍ പിടിക്കുന്ന ഉണ്ണികള്‍
മാമ്പഴമാസ്വദിക്കുന്നു പക്ഷികളും മനുഷ്യരും
രുചിയുള്ള മാമ്പഴം തിന്നതിലവയ്ക്കാനന്ദം
ജീവിതധന്യതയില്‍ ചാരിതാര്‍ത്ഥ്യത മാവിനും.

ഓരോന്നിനേയും കോര്‍ത്തിണക്കിയിരിക്കുന്നു
ആനന്ദമെന്ന കണ്ണികൊണ്ട് ഭദ്രമായ് പ്രകൃതി.
ഈ തത്ത്വമംഗീകരിക്കാന്‍ ഇഷ്ടമില്ലാത്തൊരു ജീവി
സ്വന്തം ആനന്ദം മാത്രമാഗ്രഹിക്കുന്ന മനുഷ്യജീവി
സ്വാര്‍ത്ഥതയുടെ മൂര്‍ത്തീഭാവമായ മനുഷ്യജീവി
ദുഷ്ടമൃഗസഞ്ചത്തെ വെല്ലും ക്രൂരനാം മനുഷ്യജീവി.
മനുഷ്യാ നീ  മണ്ണാകുന്നുവെന്ന വചനം
പര്യാപ്തമാണൂ മനുഷ്യനെ ചിന്തിപ്പിക്കാന്‍.
എങ്കിലും മൃഗീയതയെ പുല്‍കും മനുഷ്യന്‍
വിതക്കുന്നു തിന്മയുടെ വിത്തുകള്‍ നിരന്തരം.

എന്തൊരാശ്ചര്യം ജീവിതത്തിന്‍ ക്രമീകരണം
എവിടെ നടക്കുന്നീ ക്രമീകരണം? "സത്യ''ത്തില്‍
അറിവാണു സത്യം - അറിവാണു ദൈവം
"അറിവിനെ വിട്ടഥ ഞാനുമില്ല'' എന്നു ജ്ഞാനികള്‍.
അതുകേട്ടാശ്ചര്യപ്പെട്ടു നില്‍ക്കുന്നജ്ഞാനികള്‍.
വന്‍ തീക്കുണ്ഡത്തില്‍ ഒരു പൊരിയായ്ക്കണ്ട്
പരമാനന്ദമനുഭവിക്കുന്നു ജ്ഞാനികള്‍.
ജീവിതത്തിന്‍ ലക്ഷ്യമറിഞ്ഞ്, കര്‍മ്മത്തിലൂടെ
അഹങ്കാരം ശമിപ്പിക്കുന്നു ജ്ഞാനികള്‍.
മനസ്സില്‍ നിറഞ്ഞൊരാനന്ദം പൂണ്ടു നില്‍ക്കും
സത്യാനന്ദസ്വരൂപരാം ജ്ഞാനികള്‍ക്ക്
കാതോര്‍ക്കൂ, അഹങ്കരിക്കും മനുഷ്യാ നീ.
പ്രകൃതിനിയമങ്ങള്‍ക്കധീനനായ് ആമോദം പൂണ്ടു
ധര്‍മ്മപാലനം ചെയ്തു ധന്യനാകൂ നീ വൈകാതെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക