Image

മഹാമാരി ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ ജോമോൻ (കുര്യൻ പാമ്പാടി)

Published on 08 August, 2020
മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)
ജോമോൻ എന്ന ജോസഫ് വർഗീസ് ചങ്ങനാശ്ശേരി  എസ്ബി കോളജിൽ ജീവശാസ്ത്ര അധ്യാപകനായിരുന്നു. ഇപ്പോൾ അവിടെ സുവോളജി പഠിപ്പിക്കുന്ന പ്രൊഫസർമാരിൽ പലരും ഒന്നുകിൽ തന്റെശിഷ്യന്മാരാണ് അല്ലെങ്കിൽ സതീർഥ്യരാണ്.

ഈ ചങ്ങാതികൂട്ടത്തിനു ഒരു പൊതു സ്വഭാവമുണ്ട്--പ്രകൃതി സ്നേഹം അഥവാ   ബഹു ശതകോടിജീവൻ മിടിക്കുന്ന ഭൂമിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അവബോധം. അവരെ സംബന്ധിടത്തോളം 'മലരണിക്കാടുകളി'ൽ ചങ്ങമ്പുഴ പാടിയതുപോലെ  "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും  അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം".

ജൈവവൈവിധ്യം കാമറയിൽ പകർത്തുന്ന സ്വഭാവം തുടങ്ങിയിട്ട് ഒരു ദശാബ്ദമേ ആയിട്ടുള്ളു. കാമറാ മൊബൈലിൽ ചിത്രീകരണം തുടങ്ങി. ഉറുമ്പ്ഉ, തുമ്പി, തേനീച്ച, ചിത്രശലഭം,  അണ്ണാൻ,  കീരി, പക്ഷി  എന്നിങ്ങനെ. കൗതുകം ആവേശമായപ്പോൾ ഒരു സെമിപ്രൊഫഷനൽ 'ബ്രിഡ്ജ്കാമറ'  വാങ്ങി--കാനൻ എസ്‌കെ70 എച് എക്സ്. ഒരായിരം ചിത്രങ്ങൾ എടുത്തു.

ചിത്രങ്ങൾ വേർതിരിച്ച്  കംപ്യുട്ടർ ടാബിൽ ആക്കി. ചില ചിത്രങ്ങൾ ഫേസ് ബുക്കിലൂടെയും ഇൻസ്റ്റ ഗ്രാമിലൂടെയും സമൂഹത്തിന്റെ  ശ്രദ്ധയിൽ കൊണ്ടു വന്നു. പ്രതികരണം പ്രതീക്ഷയിലേറെ ആഹ്ലാദം പകർന്നു നൽകി. 

കോളേജിൽ നിന്ന് പ്രീഡിഗ്രി അടർത്തിമാറ്റിയപ്പോൾ വന്ന സ്റ്റാഫ് അഡ്ജസ്റ്മെന്റിൽ  കുട്ടനാട്ടിൽ ചങ്ങനാശ്ശേരിക്കടുത്ത് മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിയ്ക്കു മാറ്റം വന്നു. അവിടെ രണ്ടു ദശാബ്ദം പിന്നിട്ടിരിക്കുന്നു. അങ്ങിനെയാണ് ജൈവ വൈവിധ്യത്തിന്റെ കലവറയായ കുട്ടനാടിനോട് പ്രണയം തുടങ്ങിയത്.

കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പാടശേഖരങ്ങളിൽ വിതക്കുബോഴും കൊയ്യുമ്പോഴും കൂട്ടമായി പറന്നിറങ്ങുന്ന  മുണ്ടിയും വർണകൊക്കും  പാടത്ത് വെള്ളം നിറയുമ്പോൾ മീൻപിടിക്കാൻ എത്തുന്ന നീർകാക്കകളും ആദ്യം ജോമോനെ കാമറക്കണ്ണുകളിൽ കുടുങ്ങി.

സ്‌കൂളിൽ ചിത്രശലഭ പാർക് ഒരുക്കാനും കുട്ടികളുടെ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങി. അവരെ എസ്ബി കോളജിലെ സുവോളജി മ്യൂസിയം കാണിച്ച്‌ അത്ഭുതപ്പെടുത്തി. ആനയുടെയും തിമിംഗലത്തിന്റെയും അസ്ഥിപഞ്ജരങ്ങൾ കണ്ടു അവർ വായ് പൊളിച്ചു.

വെള്ളൂരിലെ ടൈസ് എന്ന ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട് ഓഫ് ഇക്കോ സയൻസസിൽ നിന്നാണ് ചിത്രശലഭ പാർക്കിനുവേണ്ട ചെറിയ മുള, നാരകം, കറിവേപ്പ് മുതലായ
വയുടെ തൈകൾ സംഘടിപ്പിച്ചത്. രണ്ടുസെന്റിൽ എല്ലാം ഒരുക്കി, ചെടികൾ പൂവിട്ടു. ചിത്രശലഭങ്ങളെ കാത്തിരിക്കുമ്പോൾ പ്രളയം മൂലം പാർക് വെള്ളത്തിലാണ്ടു.

ഫോട്ടോഗ്രാഫി മത്സരത്തിൽ  അന്ന് സമ്മാനം നേടിയ പലരും ബോട്ടണി, സുവോളജി അദ്ധ്യാപകരും പ്രകൃത്യുപാസകരുമായി മാറി. അവരിൽ പലരെയും പലപ്പോഴും കണ്ടുമുട്ടാറുണ്ട്. താൻ പകർന്ന  പാഠങ്ങൾ അവർ മറന്നിട്ടില്ലെന്നു കേൾക്കുമ്പോൾ മനസ് നിറയും. 

അതിനിടയ്ക്കാണ് തന്റെ ഒരു ചിത്രം പത്രത്താളുകളിൽ നിറയുന്നതും അതിന്റെ ഉറവിടം തേടി വിളികൾ വരുന്നതും.  കെമിസ്ട്രി എംഎസ്സി, ബിഎഡ് എടുത്ത് കുറേനാൾ പഠിപ്പിച്ച ശേഷം വൈക്കത്ത് ജനറൽ സെയിൽസ് ടാക്സ് ഓഫീസറായി മാറിയ  ഭാര്യ പ്രീതി വഴിയാണ് അന്വേഷണം എത്തിയത്.

കോവിഡ് കാലത്ത് ബസ് സർവീസ് ഇല്ലാതിരുന്ന വേളയിൽ ചങ്ങനാശേരിയിൽ നിന്ന് അമ്പതു കി. മീ. അകലെ വൈക്കത്ത് പ്രീതിയെ എത്തിച്ച ശേഷം തിരികെ കൊണ്ടുവരും വരെ കായലോര "ബീച്ചി"ലെ സിമന്റു ബെഞ്ചിൽ പടഞ്ഞിരുന്നു കായലിനു കുറുകെ ഓടുന്ന സോളാർ ബോട്ടിന്റെ ചിത്രം എടുക്കുകയായിരുന്നു ജോമോൻ.

തൊട്ടടുത്തുകൂടി പാഞ്ഞു പോകുന്നു ഒന്നര അടി ഉയരവും അഞ്ചടി നീളവുമുള്ള ഒരു ഉടുമ്പ്. മുട്ടയിട്ടു പെരുകുന്ന മോണിറ്റർ ലിസാർഡ് എന്ന ഈ ഉരഗ ജീവി ഒറ്റക്കല്ല പുറത്തിരുന്നു അവനെ കൊത്തിയോടിക്കാൻ ശ്രമിക്കുന്ന ഒരു മൈനയും  കൂടി കാമറയിൽ പതിഞ്ഞു.

ഫോട്ടോ വാട്സ്ആപ്പിലൂടെ  പ്രീതിക്ക് അയച്ചു കൊടുത്തു. പ്രീതി അത് ഒരു സുഹൃത്തിനു കൈമാറി. ഒടുവിൽ വൈക്കത്തെ ഒരു പത്ര റിപ്പോർട്ടറുടെ മൊബൈലിൽ എത്തി. പടം ആരെടുത്തതാണെന്നു റിപ്പോർട്ടർക്ക് പിടികിട്ടിയില്ലെങ്കിലും അതിന്റെ ഉറവിടം വൈക്കത്തെ ജിഎസ്ടി ഓഫീസറുടെ ഫോൺ ആണെന്ന് പിടികിട്ടി.

പിറ്റേദിവസത്തെ പത്രത്തിൽ സചിത്ര റിപ്പോർട്ട് വന്നു. തന്റെ മുട്ട അപഹരിക്കാൻ വന്ന ഉടുമ്പിനെ കൊത്തിയോടിക്കുന്ന മൈന എന്ന അടിക്കുറിപ്പോടെ.  അത് വൈറലും ആയി. ചിത്രം താൻ എടുത്തതാണെന്ന് ആരും അറിയരുതെന്നു  ജോമോൻ നിഷ്കർഷിച്ചി
‌രുന്നുവെങ്കിലും  ആ രഹസ്യം അധികസമയം പൂഴ്ത്തി  വയ്ക്കാൻ കഴിഞ്ഞില്ല.  പ്രീതി അങ്ങനെ ഞങ്ങളുടെ  സൗഹൃദത്തിന് വഴിയൊരുക്കി.

"കോവിഡ് മൂലം വാഹനങ്ങളുടെ വിഷപ്പുകയും  രാസവള, കീടനാശിനി പ്രയോഗവും  കുറഞ്ഞതിനാൽ പ്രകൃതി കൂടുതൽ  ഉന്മേഷത്തിലായി. കുട്ടനാടിന്റെ ജൈവ വൈവിധ്യത്തിനു ഈമാറ്റം ഏറെ സഹായകരമായി.  പ്രകൃതിയുടെ പ്രതിഭാസങ്ങൾ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു തരം പ്രേഷിത പ്രവർത്തനം എന്ന് കരുതിയാൽ മതി", ജോമോൻ പറയുന്നു.

ജോമോന്റെ സുവോളജി ശിഷ്യരിൽ ഒരാളാണ് എസ്ബി കോളജിലെ റൂബിൻ ഫിലിപ്പ്  ടോക്യോയിലെ ഒരു അന്താരാഷ്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച ആൾ. ഫിലിപ്പ് ലിറ്റോ തോമസ്, മാർട്ടിൻ സി ബേബി, കെവി ജെയിംസ്, ജോൺ കോച്ചേരിൽ, ബോട്ടണിയിലെ ജോസഫ് ജേക്കബ്  എന്നിവരും ഉണ്ട്. എല്ലാവരും പിഎച്ച്ഡി ക്കാർ.

കുട്ടനാട്ടിൽ പരക്കെ അനുഭവപ്പെടുന്ന ഡസ്ട് അലർജിക്കു കാരണമായ ചാഴിയെപ്പറ്റി  എടത്വ സെന്റ് ജോർജ് കോളജിലെ  പ്രൊഫ.തോമസ് വാളംപറമ്പന്റെ കീഴിൽ ആരംഭിച്ച ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കാത്തതിൽ ജോമോന് ദുഖമുണ്ട്.

മോഹിച്ച് വാങ്ങിയ ഫോർഡ് എക്കോസ്പോർട്ടിൽ കുട്ടനാടിന്റെ നാനാ ഭാഗങ്ങളും കറങ്ങിയിട്ടുണ്ട്. ബന്ദിപ്പൂർ, ഗവി, അതിരപ്പള്ളി എന്നിവിടങ്ങൾ കണ്ടു. തുടക്കമേ ആയിട്ടുള്ളു. നാലു വർഷം കൂടി സുവോളജി പഠിച്ചിട്ടു വേണം ഊരു ചുറ്റാൻ. മക്കളിൽ സാന്ദ്ര മെഡിസിനു രണ്ടാം വർഷം, ഷോൺ സ്‌കൂളിൽ. പ്രീതിയും മക്കളും ജോമോന്റെ പ്രകൃതിസഹജമായ വികൃതികളിൽ കൂടെയുണ്ട്.

(ചിത്രങ്ങൾ എല്ലാം ജോസഫ് വർഗീസ്)
മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)മഹാമാരി  ഒരു വസന്തകാലമെന്നു ജീവശാസ്ത്ര ചിത്രകാരൻ  ജോമോൻ (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക