Image

മനുഷ്യന്റെ നിലവിളികൾക്ക് മുന്നിൽ എന്ത് കോവിഡ്?

അനിൽ പെണ്ണുക്കര Published on 08 August, 2020
മനുഷ്യന്റെ  നിലവിളികൾക്ക് മുന്നിൽ എന്ത് കോവിഡ്?
കേരളം വിറങ്ങലിച്ച് നിൽക്കുന്ന ഒരു ദിവസത്തിലൂടെയാണ് ഇന്നലെ കടന്നു പോയത്. രണ്ട് ദുരന്തങ്ങൾ ഒരു ദിവസം കേൾക്കേണ്ടി വരിക. ഒരു മഹാദുരന്തത്തിൽ പകച്ചു നിൽക്കുന്ന കാലത്ത് കടന്നു വരുന്ന ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാതെ നിൽക്കുമ്പോൾ സ്വന്തം ജീവന് എന്ത് സംഭവിക്കുമെന്ന് ഒന്നും ആലോചിക്കാതെ ഓടിയെത്തുന്ന മനുഷ്യർ  നമ്മുടെ ഹൃദയത്തിലേക്ക് കൂടിയാണെത്തുന്നത്.  ഇന്നലെ  മലപ്പുറം ജില്ലയിലുള്ള വർ നമ്മെ ഓർമ്മിപ്പിച്ചത് അതാണ്.  (മറ്റു ജില്ലക്കാർ മോശക്കാരാണ്  ഇക്കാര്യത്തിൽ എന്ന് അർത്ഥമില്ല).

ഇന്നലെയുണ്ടായ വിമാന അപകടത്തിൽ  രക്ഷാപ്രവർത്തനങ്ങൾക്ക് ഓടിയെത്തിയത് നാട്ടുകാരാണ്. അതീവ സുരക്ഷ മേഖലയിലേക്ക് അനുവാദം കൂടാതെ കടന്നു ചെല്ലരുത് എന്നൊന്നും അറിയാത്ത സാധാരണക്കാരായ ജനങ്ങൾ .നൂറു കണക്കിനാളുകളുടെ നിലവിളികൾക്ക് മുന്നിൽ ഒന്നും നോക്കാതവർ  ഉണർന്ന് പ്രവർത്തിച്ചു.  വളരെ വേഗം അപകടത്തിൽ പെട്ടവരെ വിവിധ ആശുപത്രികളിൽ എത്തിച്ചു. അപകടത്തിൽപെട്ടവർക്ക് രക്തം നൽകാനായി മലപ്പുറത്തിന്റെ യുവാക്കൾ ആശുപത്രികളിൽ വരിവരിയായി നിന്നു.വീണ്ടും രക്തം വേണമെങ്കിൽ തയാറായി ഒരു സംഘം വേറെയും ആശുപത്രികളിൽ നിലയുറപ്പിച്ചു .ആശുപത്രിയിൽ അപകടത്തിൽ പെട്ടവരെ കാണാൻ എത്തുന്ന ബന്ധുക്കൾക്ക് വേണ്ട സഹായം നൽകുവാനായി ഒരു കൂട്ടർ .അങ്ങനെ എന്ത് സഹായത്തിനായി മലപ്പുറത്തിന്റെ പരിച്ഛേദം തന്നെ വിവിധ ആശുപത്രികളിൽ തയ്യാറായി നിൽക്കുന്ന കാഴ്ച എല്ലാ സംവിധാനങ്ങൾക്കും ആക്കം കൂട്ടി .അവിടെ കോവിഡ് എന്നോ കണ്ടയിന്മെന്റ് സോൺ എന്നോ ,സാമൂഹിക  അകലം പാലിക്കേണ്ട അവസ്ഥയാണെന്നോ എന്ന് ചിന്തിക്കാതെ കുറെ മനുഷ്യർ .മനുഷ്യത്വം മാത്രം കൈമുതലാക്കിയവർക്ക് മുന്നിൽ ബാക്കിയെല്ലാം നിഷ്പ്രഭമായ അവസ്ഥ .അല്ലെങ്കിലും മനുഷ്യൻ്റെ നിലവിളികൾക്ക് മുന്നിൽ എന്ത് കോവിഡ് .

ഏതപകടം ഉണ്ടാകുമ്പോഴും വളരെ വൈകിയെത്തുന്നത് സർക്കാർ സംവിധാനങ്ങളാണെന്ന്  വാർത്തകളിൽ പലപ്പോഴും  കാണാറുണ്ട്.ഇവിടെയും മറിച്ചല്ല സംഭവിച്ചത് .ഇത്തരം സാഹചര്യങ്ങളിൽ  ചില ജീവനുകൾക്കെങ്കിലും  സഹായമാകുന്നത് അപകട സ്ഥലങ്ങളിലെ നാട്ടുകാരാണ്. അവരുടെ നിസ്വാർത്ഥമായ സേവനങ്ങളെ ചിലപ്പോൾ ആരും ഓർമ്മിച്ചു എന്നും വരില്ല.
വഴിയരികിൽ വാഹനമിടിച്ചു വീണ വൃദ്ധ രക്തം വാർന്നു മരിച്ചു എന്ന  തരത്തിൽ  വാർത്തകൾ  നമ്മൾ  പല സമയത്തും വായിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു വാർത്ത മലപ്പുറം ജില്ലയിൽ നിന്ന് ആവില്ല എന്ന് കണ്ണും പൂട്ടി എനിക്ക് പറയാൻ പറ്റും. മലപ്പുറം ജില്ലയിൽ നിങ്ങൾ ഒരു അപകടത്തിൽ പെട്ടാൽ നിങ്ങളുടെ ശരീരത്ത് ജീവൻ്റെ ഒരു തുടിപ്പ് ബാക്കി  ഉണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും രക്ഷപെടും എന്ന് നൂറു ശതമാനം ഉറപ്പാണ്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ ആരും ബുദ്ധിമുട്ടില്ല ഇവിടെ..2012 മുതൽ മലപ്പുറം ജില്ലയുടെ ഒരു ഭാഗമായ വ്യക്തി എന്ന അനുഭവത്തിലാണിത് കുറിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലെ രണ്ട് പ്രളയം ,നിലമ്പൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ എന്നി സമയങ്ങളിലെല്ലാം നടന്ന നാട്ടുകാരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് ദൃക്സാക്ഷിയും ഒപ്പം കൂടാൻ  സാധിച്ച അനുഭവസ്ഥൻ എന്ന നിലയിലും പല സമയങ്ങളിലും  അഭിമാനം  തോന്നിയ നിമിഷങ്ങൾ കൂടിയാണ്.
കോവിഡ് കാലമാണ്..
മഴക്കെടുതിയുടെ കാലമാണ്.
സ്വന്തം ജീവൻ പോലും നോക്കാതെ സഹജീവികളുടെ ജീവനു വേണ്ടി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരേയും ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക