Image

കുവൈറ്റില്‍ നമസ്‌കാരത്തിനായി മസ്ജിദുകള്‍ തുറന്നു

Published on 10 August, 2020
കുവൈറ്റില്‍ നമസ്‌കാരത്തിനായി മസ്ജിദുകള്‍ തുറന്നു

കുവൈറ്റ് സിറ്റി: രാജ്യത്തെ മസ്ജിദുകള്‍ നമസ്‌കാരത്തിനായി തിങ്കളാഴ്ച മുതല്‍ തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസമാണ് ളുഹര്‍ നമസ്‌കാരം മുതല്‍ പള്ളികള്‍ തുറന്നുകൊടുക്കാന്‍ ഔഖാഫ് മന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളിലെ മസ്ജിദ്കാര്യ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്കിയത് .

15നും 60നും ഇടക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. പകര്‍ച്ചവ്യാധി പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കും ശരീരോഷ്മാവ് 37.5 ഡിഗ്രിയില്‍ കൂടുതല്‍ ഉള്ളവര്‍ക്കും പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ സ്വദേശി താമസ മേഖലയില്‍ ജൂണ്‍ 10 മുതല്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മാത്രമായി പള്ളികള്‍ തുറന്നു കൊടുത്തിരുന്നു. ആദ്യഘട്ടത്തില്‍ പള്ളിയുടെ ഒരു ഭാഗം മാത്രമാവും തുറക്കുക. സ്ത്രീകളുടെ നമസ്‌കാര ഇടം അടഞ്ഞു കിടക്കും. 12 വയസിന് താഴെയും 60 വയസിന് മുകളിലുമുള്ളവരുടെ സുരക്ഷയെ കരുതി പള്ളിയില്‍ എത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ബാങ്ക് വിളി സമയത്തോടനുബന്ധിച്ച് മാത്രമേ വിശ്വാസികള്‍ക്ക് പള്ളിയില്‍ എത്താനാവൂ. സ്വന്തം മുസല്ലയുമായി വേണം നമസ്‌കാരത്തിനെത്താന്‍. മാസ്‌കും ഗ്ലൗസും നിര്‍ബന്ധമാണ്. ഒന്നര മീറ്റര്‍ അകലത്തില്‍ വേണം വിശ്വാസികള്‍ നമസ്‌കാരത്തിനായി അണിനിരക്കാന്‍. നിരകള്‍ തമ്മിലും സുരക്ഷിത അകലം വേണം. നമസ്‌കാര ശേഷം പള്ളിയില്‍ തങ്ങുവാനോ വിശ്രമിക്കുവാനോ പറ്റില്ല. നമസ്‌കാരം കഴിഞ്ഞാലുടന്‍ പള്ളികള്‍ അടച്ചിടും. ഹസ്തദാനമോ ആലിംഗനമോ പാടില്ല. കോവിഡ് ബാധയുള്ളവരുമായി ഇടപഴകുന്നവര്‍ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളിയില്‍ വരുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. കടുത്ത അസുഖങ്ങള്‍ ഉള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകള്‍ അവരവരുടെ സുരക്ഷയെക്കരുതിയും പളളിയില്‍ വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക