Image

വിധിയെഴുത്ത്‌ കഴിഞ്ഞു; ഇനി കണക്കുക്കൂട്ടിയുള്ള കാത്തിരിപ്പ്‌

ജി.കെ Published on 02 June, 2012
വിധിയെഴുത്ത്‌ കഴിഞ്ഞു; ഇനി കണക്കുക്കൂട്ടിയുള്ള കാത്തിരിപ്പ്‌
(See opinion poll in emalayalee: above film section.)

സംസ്ഥാന രാഷ്‌ട്രീയത്തെ ഉഴുതുമറിച്ച പ്രചാരണകോലാഹലത്തിനുശേഷം നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു. 1960ല്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായ 84.39 ശതമാനത്തിന്‌ അടുത്ത പോളിംഗാണ്‌ ഇത്തവണ രഖപ്പെടുത്തിയിരിക്കുന്നത്‌. വൈകിട്ട്‌ അഞ്ചുമണിവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 80.7 ശതമാനം പോളിംഗാണ്‌ നെയ്യാറ്റിന്‍കരയില്‍ രേഖപ്പെടുത്തിയത്‌. അന്തിമ കണക്കെടുപ്പില്‍ ഇത്‌ ഇനിയും ഉയരാം. പോളിംഗ്‌ ശതമാനം ഉയര്‍ന്നത്‌ മുന്നണികള്‍ക്ക്‌ ഒരേസമയം പ്രതീക്ഷയും ആശങ്കയുമാണ്‌ സമ്മാനിക്കുന്നത്‌. നെയ്യാറ്റിന്‍`കര'യുദ്ധത്തില്‍
ആരു ജയിച്ചാലും അതു വന്‍ഭൂരിപക്ഷത്തിനാവില്ലെന്നാണ്‌ ഉയര്‍ന്ന പോളിംഗ്‌ ശതമാനം നല്‍കുന്ന സൂചന.

പോളിംഗ്‌ ശതമാനവും വിജയവും തമ്മില്‍ സമീപകാല തിരഞ്ഞെടുപ്പുകളില്‍ വലിയ ബന്ധമില്ലെങ്കിലും നെയ്യാറ്റിന്‍കരയില്‍ അതിനു പ്രാധാന്യമുണ്‌ടാകുമെന്നു മൂന്നു പാര്‍ട്ടികളും കരുതുന്നു. 80 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ്‌ മൂന്നു മുന്നണികളും പ്രതീക്ഷിച്ചിരുന്നതാണ്‌. പിറവത്തേതു പോലെ ജനങ്ങള്‍ കുത്തിയൊഴുകി വോട്ടുചെയ്യാന്‍ വരുമോ എന്ന കാര്യത്തില്‍ ചെറിയൊരു സന്ദേഹമുണ്‌ടായിരുന്നങ്കില്‍ വോട്ടെടുപ്പ്‌ കഴിഞ്ഞപ്പോള്‍ ആ ആശങ്കയും മാറിയിരിക്കുന്നു.

വോട്ടെടുപ്പ്‌ നടന്ന ആകെയുള്ള 143 ബൂത്തിലും തങ്ങള്‍ക്കു കിട്ടുന്നതും മറ്റു രണ്‌ടു സ്‌ഥാനാര്‍ഥികള്‍ക്കു പോകാവുന്നതുമായ വോട്ടുകളെക്കുറിച്ചുള്ള കണക്കു സിപിഎം ശേഖരിച്ചിട്ടുണ്‌ട്‌. ഇതുപ്രകാരം 100 ബൂത്തിലെങ്കിലും മേല്‍ക്കൈ കിട്ടുമെന്നാണ്‌ ഇടതുമുന്നണി വിലയിരുത്തുന്നത്‌. പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ 64,000 വോട്ടു വരെ കിട്ടുമെന്നു സിപിഎം കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍, സിപിഎമ്മിന്റെ കണക്കുകള്‍ ഇപ്പോള്‍ തെറ്റാറേയുള്ളൂവെന്നു ചൂണ്‌ടിക്കാട്ടി ഈ പ്രതീക്ഷ അബദ്ധമെന്നു പറഞ്ഞു തള്ളുകയാണ്‌ യുഡിഎഫ്‌ കേന്ദ്രങ്ങള്‍.

എല്ലാറ്റിനുമുപരി ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നതിനിടിയില്‍ ഒഞ്ചിയത്തു കൊല്ലപ്പെട്ട റെവല്യൂഷണറി സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ നടത്തിയ സന്ദര്‍ശനം ഇടതുമുന്നണിക്ക്‌ എന്തു ക്ഷീണമാണ്‌ ഉണ്‌ടാക്കുകയെന്ന്‌ പ്രവചനാതീതമാണ്‌. വോട്ടെടുപ്പ്‌ ദിവസം തന്നെ ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ചതിലൂടെ നെയ്യാറ്റിന്‍കരയിലെ തന്റെ അണികള്‍ക്ക്‌ വ്യക്തമായ സന്ദേശം നല്‍കുകയായിരുന്നു വി.എസ്‌.എന്ന്‌ വ്യാഖ്യാനിക്കുന്നവരുണ്‌ട്‌. അങ്ങനെ സംഭവിച്ചാല്‍ സിപിഎമ്മിന്റെ ഈ കണക്കുക്കൂടലുകളെല്ലാം പിഴയ്‌ക്കും. പ്രത്യേകിച്ചും നെയ്യാറ്റിന്‍കരയില്‍ വി.എസ്‌.പക്ഷക്കാര്‍ക്ക്‌ നല്ല വേരോട്ടമുണ്‌ടെന്നതും വി.എസ്‌.നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ കിട്ടിയ ആരവവും കണക്കിലെടുക്കുമ്പോള്‍.

അറുപതിനായിരത്തിലേറെ വോട്ടാണു യുഡിഎഫ്‌ പ്രതീക്ഷിച്ചിരുന്നത്‌. പോളിംഗ്‌്‌ 80 ശതമാനത്തിനു മുകളില്‍ പോയതിനാല്‍ ഇതിലും കൂടാമെന്നും അവര്‍ അവകാശപ്പെടുന്നു. രണ്‌ടു മുന്നണികളും ശരാശരി 54,000 - 60,000 വോട്ട്‌ ലഭിക്കുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കുറഞ്ഞത്‌ 54,000 വോട്ടെങ്കിലും വിജയിക്കു വേണ്‌ടിവരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ബിജെപിയും 50,000 - 54,000 വോട്ടുവരെ കിട്ടാനിടയുണെ്‌ടന്നു പ്രതീക്ഷ വെയ്‌ക്കുന്നുണ്‌ട്‌. ഭൂരിപക്ഷ വിഭാഗത്തിലെ വോട്ടുകള്‍ അപ്പാടേ തന്നെ ലഭിക്കുമെന്ന കണക്കുകൂട്ടലാണ്‌ ഇതിന്‌ അടിസ്‌ഥാനം. അതേസമയം ഉദ്ദേശിക്കുന്ന കുതിപ്പിനു ക്രൈസ്‌തവവിഭാഗ വോട്ടുകളിലും വിള്ളല്‍ വീഴേണ്‌ടതുണെ്‌ടന്ന ബോധ്യവും പാര്‍ട്ടിക്കുണ്‌ട്‌.

പോളിംഗ്‌ ശതമാനം ഉയര്‍ന്നത്‌ ബിജെപി നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നതിന്റെ സൂചനയായി സിപിഎം കരുതുമ്പോള്‍, അതുണ്‌ടാകില്ലെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ബിജെപി കൂടുതലായി നേടുന്ന വോട്ടില്‍ വലിയ പങ്കു യുഡിഎഫിന്റേതാകാനുള്ള സാധ്യതയാണ്‌ ഈ നിഗമനങ്ങള്‍ക്കു കാരണം. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ഏറ്റവും ശക്‌തമായ മുന്നേറ്റം ബിജെപി പ്രവചിക്കുന്നു. തിരുപുറം പഞ്ചായത്താണു മറ്റൊരു ശക്‌തിദുര്‍ഗമായി അവര്‍ വിശേഷിപ്പിക്കുന്നത്‌. സ്‌ഥാനാര്‍ഥി എഫ്‌. ലോറന്‍സിന്റെ സ്വന്തം പഞ്ചായത്തായ കാരോട്‌, അതിയന്നൂര്‍, ചെങ്കല്‍, കുളത്തൂര്‍, മുനിസിപ്പാലിറ്റി, തിരുപുറം എന്നീ ക്രമത്തിലാണ്‌ എല്‍ഡിഎഫ്‌ തങ്ങളുടെ സ്വാധീനവും വോട്ടും ഉറപ്പിക്കുന്നത്‌.

എന്നാല്‍ അതേ കാരോട്‌ തങ്ങള്‍ മുന്നിലെത്തുമെന്നു പറയുന്ന യുഡിഎഫ്‌, ചെങ്കല്‍, കുളത്തൂര്‍, തിരുപുറം എന്നീ മൂന്നു പഞ്ചായത്തുകളില്‍ കൂടി ഒന്നാമതെത്താമെന്നു കണക്കുകൂട്ടുന്നു. നെയ്യാറ്റിന്‍കര ടൗണില്‍ ബിജെപിയുമായിട്ടാണു നല്ല പോര്‌ എന്നു സമ്മതിക്കുന്ന അവര്‍ നേരിയ മാര്‍ജിനെങ്കിലും അവിടെയും കിട്ടുമെന്നാണ്‌ അവകാശപ്പെടുന്നത്‌. നിലവിലെ സ്വാധീനം വച്ചാല്‍ അതിയന്നൂര്‍ പഞ്ചായത്തു മാത്രമേ എല്‍ഡിഎഫിനു പ്രതീക്ഷിക്കാന്‍ സാധിക്കൂ. ബാക്കി നാലു പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഭരിക്കുന്നതു യുഡിഎഫാണ്‌. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ മാറ്റവുമുണ്‌ടായി.

ഇതൊക്കെയാണെങ്കിലും വിധിയെഴുത്ത്‌ കഴിഞ്ഞപ്പോള്‍ അയ്യായിരത്തിനും ഏഴായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തോടെ സീറ്റ്‌ നിലനിര്‍ത്താന്‍ കഴിയുമെന്ന കണക്കാണ്‌ എല്‍ഡിഎഫിനു മുന്നിലുള്ളത്‌. ഇത്‌ എല്ലാ സാധ്യതകളും ഒത്തുവന്നാല്‍ ഉള്ള സ്‌ഥിതിയാണ്‌. ഇനി അങ്ങനെ ഉണ്‌ടായില്ലെങ്കില്‍ 3000 വോട്ടിനെങ്കിലും കടന്നുകൂടാനാകുമെന്നാണ്‌ ഒടുവിലത്തെ കണക്ക്‌. അയ്യായിരത്തിനു മുകളിലുള്ള ഭൂരിപക്ഷമാണു യുഡിഎഫിന്റെയും മനസ്സില്‍. എന്നാല്‍ അഞ്ചാം മന്ത്രി വിവാദമുണ്‌ടാക്കിയ സാമുദായിക ധ്രുവീകരണംമൂലം ഹൈന്ദവ വോട്ടുകള്‍ പൂര്‍ണമായും വന്നുചേരുമെന്ന്‌ ഉറപ്പിക്കുന്ന ബിജെപി അതുവഴി അട്ടിമറിവിജയം മണക്കുന്നുണ്‌ട്‌. വോട്ടെണ്ണുന്നതുവരെ വിജയം അവകാശപ്പെടാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്‌ടല്ലോ. ആ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ തല്‍ക്കാലം ജൂണ്‍ 15 വരെ മൂന്ന്‌ സ്ഥാനാര്‍ത്ഥികള്‍ക്കും കൂട്ടിയും കിഴിച്ചും ഇരിക്കാം.
വിധിയെഴുത്ത്‌ കഴിഞ്ഞു; ഇനി കണക്കുക്കൂട്ടിയുള്ള കാത്തിരിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക