Image

കുരുന്നുകളുടെ കളിയിലും ചിരിയിലും നിറഞ്ഞ് സ്കൂള്‍ മുറ്റം: നിറച്ചാര്‍ത്തോടെ പ്രവേശനോത്സവം

Published on 03 June, 2012
കുരുന്നുകളുടെ കളിയിലും ചിരിയിലും നിറഞ്ഞ് സ്കൂള്‍ മുറ്റം: നിറച്ചാര്‍ത്തോടെ പ്രവേശനോത്സവം
കൊച്ചി: അണിഞ്ഞൊരുങ്ങിയ സ്കൂള്‍ മുറ്റത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നും കൈപിടിച്ചും എത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. പിന്നെ കൌതുകവും അമ്പരപ്പും. എല്ലാം കണ്ണുതുറന്ന് ഒന്നു കണ്ടപ്പോള്‍ ചിലരുടെ കണ്ണുനീര്‍ ഒലിച്ചിറങ്ങിയ കവിളുകളില്‍ ചിരി വിടര്‍ന്നു. പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ ചിലര്‍ മടിച്ചുമടിച്ച് ചിരിച്ചു. മറ്റുചിലര്‍ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു. ഇഷ്ടനിറങ്ങളും ബലൂണുകളും ഒക്കെ കണ്ടപ്പോള്‍ പലര്‍ക്കും പിന്നെ സ്കൂള്‍ മുറ്റം വിടാന്‍ തന്നെ മടി. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ളാസിലെ നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ സംസ്ഥാനത്തെ സ്കൂളുകളുടെ മുറ്റത്തെ കാഴ്ചകളായിരുന്നു ഇത്. 1,30,000 ത്തോളം കുട്ടികള്‍ ആണ് ഒന്നാം ക്ളാസുകളിലേക്ക് എത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു. രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. മാര്‍ക്ക് വാങ്ങുന്ന കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും ഉന്നത നിലവാരം കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപക പാക്കേജുള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇക്കുറി അധ്യയന വര്‍ഷം തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പു തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നേട്ടമായിട്ടാണ് കാണുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പാഠഭാഗങ്ങള്‍ ഫോട്ടോസ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേടാണ് ഇതോടെ ഒഴിവായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാര്‍ഥികളെ അണിനിരത്തി രാവിലെ ഒമ്പതിന് എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര കളക്ടര്‍ പി.ഐ.ഷേക്ക് പരീത് ഫ്ളാഗ് ഓഫ് ചെയ്തു. സമ്മേളന സ്ഥലമായ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഘോഷയാത്ര സമാപിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകര്‍ക്കും പിടിഎ പ്രസിഡന്റിനും നല്‍കുന്നതിന് സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്എസ്എ) തയ്യാറാക്കിയ 'പഠിപ്പിക്കുക പരിരക്ഷിക്കുക' എന്ന പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കറിന് നല്‍കി വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക