Image

കോവിഡ് ബാധ കൂടുതല്‍ പുരുഷന്മാരില്‍, മരണ സാധ്യതയും

Published on 02 September, 2020
കോവിഡ് ബാധ കൂടുതല്‍ പുരുഷന്മാരില്‍, മരണ സാധ്യതയും
കൊറോണ വൈറസ് മൂലം തീവ്രമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണെന്ന് പഠനങ്ങള്‍. ലോകത്ത് വിവിധയിടങ്ങളില്‍ നടത്തിയ പഠനങ്ങളാണ് കൊറോണ വൈറസിന്റെ പുരുഷ വിരോധം സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.

ഫെബ്രുവരി മധ്യത്തില്‍ ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ 72000 ഓളം കോവിഡ് രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനം  വൈറസ് ബാധിച്ച് മരിക്കാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന് തെളിയിക്കുന്നു. യൂറോപ്പില്‍ കോവിഡ്-19 ബാധിച്ചുള്ള മരണങ്ങളില്‍ 63 ശതമാനവും പുരുഷന്മാരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ പുരുഷന്മാരുടെ കോവിഡ് മരണ നിരക്ക് സ്ത്രീകളുടേതിനെ അപേക്ഷിച്ച് ഇരട്ടിയാണ്.

എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ വിശദീകരണമില്ലെങ്കിലും ചില സൂചനകള്‍ ശാസ്ത്ര ലോകം നല്‍കുന്നുണ്ട്. ഒന്നാമത്തേത് സഹ രോഗാവസ്ഥയെ സംബന്ധിച്ചാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ സഹരോഗാവസ്ഥകളുള്ളവരിലാണ് കോവിഡ് തീവ്രമാകുന്നതും മരണകാരണമാകുന്നതുമൊക്കെ. ഈ സഹരോഗാവസ്ഥ കൂടുതലുള്ളത് പുരുഷന്മാരിലാണ്. കരള്‍ രോഗവും കാന്‍സറും കൂടുതല്‍ കണ്ടു വരുന്നതും പുരുഷന്മാരില്‍ തന്നെ. ഇത് കോവിഡ് മൂലമുള്ള പുരുഷന്മാരുടെ മരണനിരക്ക് വര്‍ധിപ്പിക്കുന്നു.

രണ്ടാമത്തെ കാരണം പലയിടങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് വീടിന് പുറത്തേക്ക് കൂടുതലും ഇറങ്ങുന്നത് പുരുഷന്മാരാണ് എന്നതാണ്. ഇത് അവരുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പ്രതിരോധ മുന്നറിയിപ്പുകളും സന്ദേശങ്ങളും അവഗണിച്ച് ആളുകള്‍ കൂടുന്നിടത്ത് പോകുന്നത് കൂടുതലും പുരുഷന്മാരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. സമയത്തിന് ചികിത്സ തേടാനും പുരുഷന്മാര്‍ക്ക് പൊതുവേ മടിയാണ്. രോഗത്തിന്റെ ആദ്യ സൂചനകളെ പൊതുവേ അവഗണിക്കുന്നവരും പുരുഷന്മാരാണ്.

ഇനിയൊരു കാരണം ശരീരത്തിന്റെ പ്രതിരോധ ശക്തിയാണ്. കോവിഡ് കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ2 റിസപ്റ്ററുകള്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലുള്ളത് പുരുഷന്മാരിലാണെന്ന് തെളിവുകളുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ എസിഇ2 റിസപ്റ്ററുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകമായത് സമയത്തുള്ള പരിശോധനയും രോഗനിര്‍ണയവുമൊക്കെയാണ്. ഇത് രോഗമുക്തിയുടെ വേഗത്തെയും രോഗതീവ്രതയെയും സ്വാധീനിക്കും. പുരുഷന്മാരെ അപേക്ഷിച്ച് രോഗലക്ഷണങ്ങളെ കുറിച്ച് കരുതിയിരിക്കുന്നവരും ഉത്സാഹത്തോടെ പരിശോധനകള്‍ നടത്തുന്നതും സ്ത്രീകളാണെന്ന് വിവിധ രാജ്യങ്ങളിലെ പഠനങ്ങള്‍ അടിവരയിടുന്നു. ഇത് സ്ത്രീകളില്‍ തീവ്രമായ ഘട്ടത്തിലേക്ക് കോവിഡ് പ്രവേശിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

പകര്‍ച്ചവ്യാധികളുടെയും മഹാമാരികളുടെയുമൊക്കെ ചരിത്രവും സ്ത്രീകള്‍ക്ക് അനുകൂലമാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പെട്ടെന്ന് അതുമായി ഇണങ്ങി ചേരുന്നതും അതിജീവിക്കുന്നതും സ്ത്രീകളാണെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക