Image

സി.എച്ചിൻറെ മൊഞ്ചുള്ള ചന്ദ്രിക (ഷുക്കൂർ ഉഗ്രപുരം)

Published on 08 September, 2020
സി.എച്ചിൻറെ  മൊഞ്ചുള്ള ചന്ദ്രിക (ഷുക്കൂർ ഉഗ്രപുരം)
സർഗ്ഗ കേരളത്തിൻറെ അഭിമാനമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ കേരളത്തിൻറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം തൻറെ സുരക്ഷക്കായുള്ള പോലീസുദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു - ''എന്നെ പോലീസും പട്ടാളവും  സുരക്ഷയും പ്രോട്ടോകോളുമൊന്നുമില്ലാതെ കുറച്ച് സമയത്തേക്ക് സ്വതന്ത്രമായി തുറന്ന് വിടണം''. അപ്പോൾ പൊലീസ് ഓഫീസർ പറഞ്ഞു – ‘’അങ്ങ് ക്ഷമിക്കണം സർ, താങ്കൾ കേരളത്തിൻറെ ആദരണീയരായ  മുഖ്യമന്ത്രിയാണ്, അങ്ങയുടെ സുരക്ഷ ഞങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കണം. അങ്ങേക്ക് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ നിർബന്ധിത കടമയാണ് സർ’’. അവസാനം സി.എച്ചിൻറെ നിർബന്ധത്തിന് വഴങ്ങി പൊലീസിന് അദ്ദേഹത്തെ കുറച്ച് സമയത്തേക്ക് സ്വതന്ത്രമായി തുറന്ന് വിടേണ്ടി വന്നു.  അദ്ദേഹം ബേപ്പൂരിലെ ഒരു ഊടുവഴിയിലൂടെ നടന്നു കയറിപ്പോയത് വൈലാലിലെ വൈക്കം മുഹമ്മദ് ബഷീറിൻറെ വീട്ടിലേക്കായിരുന്നു. തൻറെ സഹൃദയനായ ബേപ്പൂർ സുൽത്താനോട് അദ്ദേഹം ചെന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു - ''ഈ വിനീതൻ കേരളത്തിൻറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്, അനുഗ്രഹിക്കണം''.

സി.എച്ച് സാഹിത്യകാരന്മാരിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ ഏറ്റവും പ്രതിഭയുള്ള സാഹിത്യകാരനുമായിരുന്നു. സർഗ്ഗ സാഹിത്യത്തിൻറെ വെള്ളവും വെളിച്ചവും വേണ്ടുവോളം നൽകിക്കൊണ്ട് ചന്ദ്രികയെ വളർത്തി വലുതാക്കിയതിൽ സി.എച്ചിന്  വളരെ വലിയ പങ്കുണ്ട്. സി.എച്ചിൻറെ പ്രസിദ്ധീകരണമാണ് ചന്ദ്രിക. എന്നും നേരിൻറെ കൂടേയും സർഗ്ഗ സാഹിത്യത്തിൻറെ കൂടേയും വൈജാത്യങ്ങളുടെ കൂടേയും നിലനിൽക്കാൻ ചന്ദ്രികക്കായിട്ടുണ്ട്. ചന്ദ്രിക ആഴ്ചപ്പതിപ്പിൻറെയും  ദിനപത്രത്തിൻറെയും നീണ്ട എൺപത്തിയാറ് വർഷത്തെ ചരിത്രം ഇതിഹാസ തുല്ല്യമാണ്. 1934 മുതൽ പ്രസിദ്ധീകരണമാരംഭിച്ച് 2020 വരെയുള്ള കാലയളവിൽ അക്ഷര കേരളത്തിൻറെ അനേക സംഭവ വികാസങ്ങൾക്കിത് സാക്ഷിയായിട്ടുണ്ട്. ചന്ദ്രികയുടെ ഈ കാലയളവിനുള്ളിൽ എത്രയോ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പിറവികൊള്ളുകയും മൃതിയടയുകയും ചെയ്തിട്ടുണ്ട്.

ചന്ദ്രികയിലൂടെ വളർന്നവർ

എം.ടി വാസുദേവൻ നായരെ പോലുള്ള എത്രയോ എഴുത്തുകാർക്ക് ഇടം കൊടുക്കാനും  അവരെയൊക്കെ വളർത്തി വലുതാക്കാനും ചന്ദ്രികക്കായിട്ടുണ്ട്. എഴുത്തിന് തനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത് ചന്ദ്രികയിൽ നിന്നാണെന്ന് എം.ടി മുമ്പ് വെളിപ്പെടുത്തിയതാണ്. ചന്ദ്രികയുടെ മലപ്പുറം എഡിഷൻ ഉദ്ഘാടനം നിർവ്വഹിച്ചതും എം.ടി ആയിരുന്നു. ചന്ദ്രികയിലൂടെ  എഴുതിത്തെളിഞ്ഞവരുടെ  നിര വളരെ വലുതാണ്. അതിവിടെ പ്രതിപാദിച്ച് പൂർത്തീകരിക്കാനാവില്ല. എങ്കിലും അക്കൂട്ടത്തിലെ  ചില എഴുത്തുകാരുടെ  പേരുകൾ കാണൂ; വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, ഉറൂബ്, തകഴി, വള്ളത്തോള്‍, കേശവദേവ്, ആറ്റൂര്‍ രവി വര്‍മ, വക്കം അബ്ദുള്‍ ഖാദര്‍, തിക്കോടിയന്‍, കേസരി, പി.കുഞ്ഞിരാമന്‍ നായര്‍, പ്രമുഖ കവി ഇക്ബാല്‍,  കുട്ടികൃഷ്ണമാരാര്‍, ജി. ശങ്കരക്കുറുപ്പ്, കെ.ടി  മുഹമ്മദ്, മുണ്ടശേരി, വി.കെ.എന്‍, കമല സുരയ്യ, ഐ.വി ശശി,  പുനത്തില്‍ കുഞ്ഞബ്ദുള്ള,  എൻ.പി. മുഹമ്മദ്, പൂവച്ചല്‍ ഖാദര്‍,  അക്കിത്തം, എം.വി ദേവന്‍, ടി.പത്മനാഭന്‍, യു.എ ഖാദര്‍, എം.മുകുന്ദന്‍, എന്‍.എ കരീം, പി ഭാസ്‌കരന്‍, എം. ഗോവിന്ദന്‍, പി.വത്സല, സാറാജോസഫ്, ഇന്ദു മേനോൻ,   ജമാല്‍ കൊച്ചങ്ങാടി, ഹമീദ് ചേന്ദമംഗല്ലൂർ, ശിഹാബുദ്ധീൻ പൊയ്ത്തും കടവ്, സഹീറ തങ്ങൾ…

വൈജാത്യങ്ങൾക്കായി നിലകൊണ്ട ചന്ദ്രിക

ചന്ദ്രിക എന്നും വൈജാത്യങ്ങളെ നെഞ്ചേറ്റുകയും ആശയത്തിലും ആദർശത്തിലും പ്രായോഗിക തലത്തിലും വൈജാത്യ മൂല്യങ്ങളെ പിന്തുടരുകയും വ്യത്യസ്ഥ ആശയങ്ങളേയും പ്രത്യയ ശാസ്ത്രങ്ങളെയും മാനിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണമാണ്.  സി.എച്ചിനെ മുമ്പ് ആസിഡ് ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചയാളാണ് മാരാർ, ജയിലിൽ നിന്നും  പുറത്തിറങ്ങിയ ശേഷം  അദ്ദേഹം ഒരിക്കൽ സി.എച്ചിൻറെ വീട്ടിൽ ചെന്നു,- ''ഇവിടെ സി.എച്ച്  ഉണ്ടോ'' എന്നന്വേഷിച്ചു, സി.എച്ചിൻറെ ഭാര്യ ആദരണീയരായ  ആമിനത്ത പറഞ്ഞു ''ഇവിടെയില്ല, ചന്ദ്രികയിലാണ്’’. ആമിനത്ത ചോദിച്ചു – ‘’നിങ്ങൾ  ആരാണ്?’’  അപ്പോൾ മറുപടിയായി മാരാർ പറഞ്ഞു - ''സി.എച്ചിനെ ആസിഡ് ബോംബെറിഞ്ഞിരുന്ന മാരാർ ആണ് ഞാൻ''. സി.എച്ചിനെ ആസിഡ് ബോംബെറിഞ്ഞ  വാർത്ത കേട്ടയുടനെ  അന്ന് ആമിനത്ത ബോധരഹിതയായി വീണിരുന്നു, അതിനാൽ തന്നെ ബോംബെറിഞ്ഞ ആളെ മുന്നിൽ കണ്ടപ്പോൾ ഭയ വിഹ്വലയായ ആമിനത്ത സി. എച്ചിനെ ഫോൺ ചെയ്ത് വീട്ടിൽ മാരാർ വന്ന വാർത്ത പറഞ്ഞു. അപ്പോൾ മറുപടിയായി സി.എച്ച് .പറഞ്ഞു - ''ചായയും പലഹാരങ്ങളും നൽകി അദ്ദേഹത്തെ സൽക്കരിക്കുക, അതിന് ശേഷം അദ്ദേഹത്തോട് ഇങ്ങോട്ട് ചന്ദ്രികയിലേക്ക് വരാൻ പറയൂ''. ജോലി കഴിഞ്ഞ് സി.എച്ച് . വീട്ടിലെത്തിയപ്പോൾ ആമിനത്ത മാരാർ വന്നതെ ന്തിനായിരുന്നു  എന്നന്വേഷിച്ചു, മറുപടിയായി സി. എച്ച്  പറഞ്ഞു – ‘’അദ്ദേഹത്തിൻറെ ജയിലനുഭവങ്ങൾ ചന്ദ്രിക പ്രസദ്ധീകരിക്കുമോ എന്ന് അന്വേഷിക്കാനായിരുന്നു’’ !! സിനിമാ നടൻ ജോയ് മാത്യു പറഞ്ഞ ഒരു അനുഭവ കഥയുണ്ട്. മുമ്പ് അദ്ദേഹത്തിൻറെ അച്ഛൻ മാത്യുവും കുടുംബവും ഞായറാഴ്ച്ച കുർബാനക്ക് പോയിരുന്നത് ചന്ദ്രികക്കടുത്തുള്ള ഒരു ചർച്ചിലേക്കായിരുന്നു. പഴയ പ്രസ്സിൻറെ ശബ്ദം കാരണം രാവിലത്തെ രണ്ട് മണിക്കൂർ സമയം വിശ്വാസികൾക്ക് കുർബാന ശരിയായും ശ്രദ്ധയോടെയും ശ്രവിക്കാൻ പ്രയാസമനുഭവപ്പെട്ടിരുന്നു. വന്ദ്യരായ മാത്യു ഈ കാര്യം സൂചിപ്പിച്ച് കൊണ്ട് സി.എച്ച്. മുഹമ്മദ് കോയക്ക് കത്തെഴുതി. കത്ത് ലഭിച്ച ഉടനെ സി.എച്ച് നടപടി കൈ കൊണ്ടു, പിന്നീട് ഒരിക്കലും ഞായറാഴ്ച രാവിലത്തെ രണ്ട് മണിക്കൂർ സമയം പ്രസ് പ്രവർത്തിച്ചിട്ടില്ല.        

സത്യത്തിൽ ചന്ദ്രിക ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രവും പ്രസിദ്ധീകരണവുമാണ്. ഇന്ന് കേരളത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മുസ്ലിം പ്രസിദ്ധീകരണം കൂടിയാണിത്. എന്നാൽ ചന്ദ്രികയെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയുടേയോ മതത്തിൻറെയോ ചങ്ങലയിൽ ബന്ധിക്കരുതെന്ന് അതിൻറെ പത്രാധിപർക്ക് എക്കാലത്തും നിർബന്ധമുണ്ട്. സാഹിത്യ സർഗ്ഗ വളർച്ചയെ പരിപോഷിപ്പിക്കൽ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നായി പരിഗണിക്കുന്നത് കൊണ്ട് കൂടിയാണ് ''ചന്ദ്രിക'' എന്ന മലയാളം പേര് പോലും അക്കാലത്ത് തന്നെ നൽകിയത്. വിഖ്യാത സ്വാതന്ത്ര്യ സമര പോരാളി കേരളത്തിൻറെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തൻറെ പത്രത്തിന് നൽകിയിരുന്ന പേര് അൽ-അമീൻ എന്നായിരുന്നു. പലപ്പോഴും മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങൾക്കൊക്കെ അറബി ഉർദു പേർഷ്യൻ നാമങ്ങൾ നൽകിയപ്പോൾ പോലും ''ചന്ദ്രിക'' എന്ന നാമം  മലയാള സാഹിത്യത്തിൻറെ   ആകാശത്ത് പൂർണ ചന്ദ്രികയായി പരിലസിക്കാനാണ്  പരിശ്രമിച്ചത്. എന്നാൽ പിന്നാക്ക ന്യൂനപക്ഷ അധഃസ്ഥിത വർഗ്ഗത്തിൻറെ ശക്തമായ നാവുകൂടിയാണ് ചന്ദ്രിക. ഒരു തരി പ്രതിഭയുള്ളവരെ പോലും പ്രോത്സാഹിപ്പിച്ച് സമുന്നതിയിലേക്ക് കൈപിടിച്ചുയർത്താനാണ് സി.എച്ച് തൻറെ വ്യക്തിത്വവും പത്രമുപയോഗിച്ചത്. ചന്ദ്രിക ഒരിക്കലും എഴുതുന്നവൻറെ പ്രത്യയശാസ്ത്രമോ രാഷ്ട്രീയ പശ്ചാത്തലമോ പരിഗണിക്കാറില്ല, മറിച്ച് എഴുത്തിൻറെ   ആശയ മൂല്ല്യവും പ്രതിഭയും മാത്രമാണ് പരിഗണിക്കാറ്. ചന്ദ്രിക മാനേജ്മെന്റിൻറെ രാഷ്ട്രീയ മത പ്രത്യയശാസ്ത്രത്തിനെതിരെ കടുത്ത വിമർശ  നമുന്നയിക്കുന്ന വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടെയും സൃഷ്ടികളും ചന്ദ്രികയിൽ ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാതരം സംവാദങ്ങൾക്കും ഇടം നൽകുന്ന വിശാല ധൈഷണിക പാരമ്പര്യമാണതിനുള്ളത്.     

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപകനേതാക്കളിലൊരാളായ കെ. ദാമോദരന്‍ അടക്കമുള്ളവരുടെ ലേഖനങ്ങൾ എത്രയോ തവണ ചന്ദ്രികയിൽഅച്ചടിച്ച്  വന്നിട്ടുണ്ട്. മുസ്ലിം ലീഗിനെ അതിരൂക്ഷമായി എന്നും വിമർശിച്ചിട്ടുള്ള എഴുത്തുകാരനാണ് ഹമീദ് ചേന്ദമംഗല്ലൂർ, എന്നാൽ അദ്ദേഹം എഴുതിത്തെളിഞ്ഞത് ചന്ദ്രികയിലാണ്! ആർ.എസ്.എസുകാരും ജമാഅത്തെ ഇസ്ലാമിക്കാരുമുൾപ്പെടെ വ്യത്യസ്ഥ തീക്ഷ്ണ ചിന്താധാര പിന്തുടരുന്നവരുടെ എഴുത്തുകൾക്കും ചന്ദ്രിക പ്രസിദ്ധീകരണങ്ങൾ ഇടം നൽകിയിട്ടുണ്ട്. 1969ൽ ആർ.എസ്.എസ് സ്ഥാപകൻ   സാക്ഷാൽ വി. ഡി സവർക്കറിൻറെ ‘’സ്വതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക്’’ എന്ന ലേഖനവും 1973ൽ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘’ഇസ്‌ലാമിക നിയമത്തിൻറെ സ്വഭാവവും സവിശേഷതയും’’ എന്ന തലക്കെട്ടിൽ തുടർ ലേഖനങ്ങളും ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്!! മഹാ കവി അക്കിത്തത്തിൻറെയും  എസ്.രമേശൻ നായരുടെയും വി.എം കൊറാത്തിൻറെയും വ്യത്യസ്ഥ സൃഷ്ടികൾ പലപ്പോഴായി വളരെ പ്രാധാന്യത്തോടെ ചന്ദ്രികയിൽ അച്ചടിച്ച് വന്നതാണ്. ഇവരൊക്കെ സജീവ ആർ.എസ്.എസ് അനുയായികളും തപസ്യയുടെ ഭാരവാഹികളുമൊക്കെ ആയിരിക്കുന്ന സമയത്തുകൂടിയായിരുന്നു ഇത്.

യുക്തിവാദികളെന്ന പേരിലുള്ള നിരീശ്വര വാദികളുടെയും അനേകം രചനകൾ ചന്ദ്രികയിലൂടെ പുറത്ത് വന്നതാണ്. കേരള യുക്തിവാദി സംഘത്തിൻറെ സ്ഥാപകൻ യു. കലാനാഥൻറെ ആദ്യകാല എഴുത്തുകളൊക്കെ വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്!    മുസ്ലിം സമുദായം സിനിമയും ടി.വിയും ഹറാമാണ് (നിഷിദ്ധമാണ്) എന്ന് ശക്തമായി വാദിച്ചിരുന്ന കാലത്തുപോലും ചന്ദ്രിക ആഴ്ച്ചപതിപ്പിൽ  രണ്ടും മൂന്നും സിനിമാ നിരൂപണങ്ങളുമൊക്കെ ഉണ്ടാകുമായിരുന്നു! 

ചന്ദ്രികയുടെ തുടക്കം

ബ്രിട്ടീഷുകാർക്കെതിരെ മലബാർ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ശേഷമുള്ള സാമൂഹിക പശ്ചാത്തലത്തിൽ 1934ലാണ് ചന്ദ്രിക തലശ്ശേരിയിൽ നിന്നും പിറവി കൊള്ളുന്നത്. തീക്ഷ്ണമായ അനേകം പാന്ഥാവിലൂടെ മുന്നേറിയാണ് ചന്ദ്രിക അതിൻറെ വഴി തെളിയിച്ചത്. ചന്ദ്രിക തുടങ്ങുന്ന കാലത്ത് ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു, അന്ന് മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന  മാമ്മൻ മാത്യു ചന്ദ്രികയുടെ ഒരു മുഖ്യ പ്രതിനിധിയെ വിളിച്ചുവരുത്തി അന്നത്തെ ഒരു വലിയ തുക സംഭാവന നൽകി സഹായിച്ചു. മുസ്ലിം സമുദായത്തിന് ഒരു പത്രം തുടങ്ങാൻ മറ്റൊരു പത്രത്തിൻറെ ക്രിസ്ത്യൻ ഉടമ പണം നൽകി സഹായിക്കുക ! ചരിത്രത്തിൽ അപൂർവ്വമാണിത്. മതത്തിൻറെ പേരിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഇതിൽ പാഠമുണ്ട്. ഇന്ന് ഗൾഫ് രാഷ്ട്രങ്ങളിലുൾപ്പെടെ 13 എഡിഷനുകൾ ചന്ദ്രികക്കുണ്ട്. പ്രതിഭയുള്ളവരെ കണ്ടാൽ സി.എച്ച് ചന്ദ്രികയിലേക്ക് ക്ഷണിക്കുന്നത് പതിവായിരുന്നു. അങ്ങനെ അനേകം എഴുത്തുകാരും പത്രാധിപരുമൊക്കെ ചന്ദ്രികയിലെത്തിയിലെത്തിയിട്ടുണ്ട്. പി.എ മുഹമ്മദ് കോയയെ ചന്ദ്രികയിലേക്ക് കൊണ്ടുവന്നതും യു.എ  ബീരാൻ സാഹിബിനെ മുംബൈയിൽ നിന്നും കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും സി.എച്ച് ആയിരുന്നു.

 ചന്ദ്രിക വായിച്ച് കൊണ്ട് കോഴിക്കോട് തെരുവിലൂടെ നടന്നു പോകുന്ന സി.എച്ചും  കയ്യിൽ ചന്ദ്രിക മടക്കിപ്പിടിച്ച് ലൈൻ ബസ്സിൽ പോലും നിന്ന് തൂങ്ങിപ്പിടിച്ച് പോകുന്ന റഹീം മേച്ചേരിയെന്ന മുഖ്യപത്രാധിപരും ഉൾപ്പെടെ അനേകം മഹാമനീഷികളാണ് ചന്ദ്രികയെ വഴിനടത്തിയത്. സി.എച്ച് എന്നും കൃത്യനിഷ്ടത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. തൻറെ സഹപ്രവർത്തകർ ഓഫീസിലേക്ക് വൈകിയെത്തുമ്പോൾ സി.എച്ച് അവരെ ഒന്നും പറഞ്ഞില്ല പകരം ക്ലോക്കിലേക്കൊന്ന് നോക്കും അതിന് ശേഷം വൈകി വരുന്നവനെയും ഒന്ന് നോക്കും, പിറ്റേന്ന് മുതൽ ആ വ്യക്തിയും കൃത്യനിഷ്ടതയുള്ളവനായി മാറും! സി.എച്ചിൻറെ സുഹൃദ്  വലയം വളരെ പ്രവിശാലമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും വലിയ രാഷ്ട്രീയക്കാരും പുറമെ ചെരുപ്പ് കുത്തിയും തോട്ടിപ്പണിക്കാരനും ചായക്കടക്കാരനും അടിച്ചുവാരുന്നവനും കൂലിവേലക്കാരനും ചുമട്ടുതൊഴിലാളിയുമൊക്കെ അദ്ദേഹത്തിൻറെ സുഹൃദ് വലയത്തിലുണ്ടായിരുന്നു. അതിൽ നിന്നും കഴിവുള്ളവരെയൊക്കെ അദ്ദേഹം ചന്ദ്രികയിലേക്ക് ക്ഷണിച്ചിരുന്നു. കോഴിക്കോട്ടങ്ങാടിയിൽ വാസു എന്നോ മറ്റോ പേരുള്ള അടിച്ചുവാരൽ തൊഴിലാളി ഉണ്ടായിരുന്നു, മാതൃഭൂമി മാതൃഭൂമി എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് പത്രം വിൽക്കുന്ന തൊഴിലാളിയെ കണ്ടപ്പോൾ സി .എച്ച്  അടിച്ചുവാരൽ തൊഴിൽ ചെയ്യുന്ന തൻറെ സുഹൃത്തിനോട് പറഞ്ഞു- ''നിനക്ക് ഞാൻ കുറച്ച് ചന്ദ്രിക പത്രം നൽകാം, ഇനി മുതൽ നീയും ചന്ദ്രികേ ചന്ദ്രികേ എന്നും പറഞ്ഞ് അത് വിൽക്കുന്ന തൊഴിലും കൂടി ചെയ്യൂ''. അങ്ങനെ അദ്ദേഹത്തെയും കമ്മീഷൻ വ്യവസ്ഥയിൽ ചന്ദ്രികയുടെ ഭാഗമാക്കി!   ചന്ദ്രികയുടെ ഉള്ളടക്കം എന്നും നൈതികത പുലത്തുന്നതും മൂല്യാധിഷ്ടിതവുമാണ്. എഡിറ്റോറിയൽ പേജ് പോലെ ആകർഷണീയതയും നിലവാരവും പുലർത്തുന്നതാണ് കായിക വാർത്ത പേജുo. ഒരുപക്ഷേ സ്പോർട്സിനെ കുറിച്ച് മലയാളത്തിൽ ഏറ്റവും കൂടുതൽ മുഖപ്രസംഗമെഴുതുന്ന പത്രവും ചന്ദ്രികയായിരിക്കും. പ്രാദേശിക വാർത്തകൾക്കും ചന്ദ്രിക നല്ല ഇടം നൽകാറുണ്ട്. വാരാന്തപ്പതിപ്പ് മുഖ്യധാരാ പത്രങ്ങളുടെ ഞായറാഴ്ച്ച പതിപ്പുകളോടാണ് മത്സരിക്കുന്നത്. ചന്ദ്രികയുടെ വലിയ പോരായ്മകളിലൊന്ന് അതിന് ഓൺലൈൻ ലിറ്ററേച്ചർ പേജ് ഇല്ല എന്നതാണ്, ആ ഒരു പോരായ്മ പരിഹരിക്കപ്പെടേണ്ടതാണ്. മുഖ്യധാരാ പത്രങ്ങൾക്കൊക്കെ പ്രത്യേകം ഓൺലൈൻ സാഹിത്യ പേജുകൾ കൂടിയുണ്ട്. ചന്ദ്രികക്കും അതനിവാര്യമാണ്.    

സമുദായ പത്രം   

ഇന്നും മുസ്ലിം സമുദായത്തിൻറെ പത്രമേതെന്ന് ചോദിച്ചാൽ പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്ന ഉത്തരം ചന്ദ്രിക എന്നാണ്. ന്യൂനപക്ഷ പിന്നാക്ക ദളിത് അശരണ വിഭാഗങ്ങൾക്കായി എന്നും ശബ്ദിച്ച ചരിത്രമുള്ള പത്രമാണിത്. അന്യായമായി വേട്ടയാടപ്പെട്ട വ്യക്തികളുടെ കൂടെ നീതിക്കായി നിലയുറപ്പിച്ച ചരിത്രവും ചന്ദ്രികക്കുണ്ട്. മുമ്പ് ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ  കള്ളക്കഥ സൃഷ്ടിച്ച് പോലീസും മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തെ ക്രൂരമായി വേട്ടയാടിയപ്പോൾ അതി ശക്തമായി വസ്തുതകളുടെ കൂടെ നിലയുറപ്പിക്കുകയും സത്യം ഉറക്കെ വിളിച്ച് പറയുകയും ചെയ്തെങ്കിലും ഇടതുപക്ഷത്തുള്ളവർ പോലും ചന്ദ്രിക പത്രത്തെ നിയമ സഭയിൽ ഉയർത്തിക്കാട്ടി ഇകഴ്ത്താനാണ് അന്ന് പരിശ്രമിച്ചത്. എന്നാൽ ഇന്ന് നമ്പി നാരായണൻ നിരപരാതിയായിരുന്നു; അദ്ദേഹത്തിൻറെ തലയിൽ ഒരുതെളിവുമില്ലാത്ത ആരോപണങ്ങൾ കെട്ടിവെക്കുകയായിരുന്നുവെന്ന് ഈയിടെ നിയമ പോരാട്ടത്തിൽ ബഹുമാനപ്പെട്ട കോടതി വിധിപറയുകയും അദ്ദേഹത്തിന് ഭീമൻ തുക നഷ്ട പരിഹാരം നൽകാൻ വിധിക്കുകയും ചെയ്തപ്പോൾ ചന്ദ്രികയുടെ നൈതിക നിലപാടായിരുന്നു ശരി എന്ന് അംഗീകരിക്കേണ്ടി വരുന്നു. 
മുഖ്യധാരാ പത്രങ്ങളും മറ്റും മുസ്ലിം സമുദായത്തിൻറെ വാർത്തകളെ കവർ ചെയ്യാൻ തുടങ്ങിയത് ചന്ദ്രിക വന്നതിന് ശേഷമാണ്. മുഖ്യധാര പത്രങ്ങൾ മുസ്ലിം വാർത്തകളെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ സമുദായത്തിൻറെ  ആചാരാനുഷ്ടാനങ്ങളും മത ഭാഷാ പ്രയോഗങ്ങളും വശമുള്ളവരെ  പത്രങ്ങളിൽ നിയോഗിക്കേണ്ടതായി വന്നു. ചുരുക്കത്തിൽ ചന്ദ്രികയുടെ വരവോടെയാണ് കൂടുതൽ മുസ്ലിം പത്രപ്രവർത്തകർക്ക് മറ്റുപത്രങ്ങളിൽ   അവസരം ലഭിക്കുന്നത്.  എന്നിട്ട് പോലും  മുസ്ലിം അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഭീമാബദ്ധത്തോട് കൂടി ചിത്ര സഹിതം അച്ചടിച്ച് വന്ന ചരിത്രങ്ങളുണ്ട്. മലയാളത്തിലെ രണ്ട് പ്രമുഖ മുഖ്യധാരാ പത്രങ്ങൾ വാശിയോടെ മത്സരിച്ച് കൊണ്ടിരിക്കുന്ന സമയം, സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മരണപ്പെട്ട വാർത്തയുമായി ബന്ധപ്പെട്ട ഫോട്ടോ  ഭീമാബദ്ധമായിട്ടായിരുന്നു അതിലൊരു പത്രം പ്രസിദ്ധീകരിച്ചത്, സുജൂദ് (സാഷ്ടാoഗം) ചെയ്യുന്ന ചിത്രത്തിന് അടിക്കുറിപ്പായ് സി.എച്ച് മുഹമ്മദ് കോയയുടെ മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുന്ന വൻ ജനാവലി എന്നായിരുന്നു നൽകിയത്. മയ്യിത്ത് നമസ്കാരത്തിൽ സുജൂദ് (സാഷ്ടാoഗം) ഇല്ല എന്നത് അത് പ്രസ്സിദ്ധീകരിച്ച പത്രാധിപർക്ക് അറിവില്ലാതെ പോയി. പഴയ ഏതോ പെരുന്നാൾ നമസ്‌കാരത്തിൻറെ ചിത്രമെടുത്ത് എതിരാളി പത്രത്തെ തോൽപ്പിക്കാൻ ചെയ്തതായിരുന്നു അത്. എന്നാൽ ചെന്ന് ചാടിയത് വലിയ അബദ്ധത്തിലും, ഒരു രക്ഷയുമില്ലാതെ പിറ്റേന്ന് അവർക്ക് ക്ഷമാപണം നടത്തേണ്ടി വന്നു.

സോഷ്യൽ മീഡിയയിൽ മുമ്പ് നർമ്മരൂപേണ പ്രചരിച്ചിരുന്ന   ഒരു വാട്സാപ്പ്  സന്ദേശം നോക്കൂ,- സി. എച്ച് ലീഗ് നേതാവായിക്കുമ്പോൾ മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം വല്ലാതെ ലീഗിനെതിരെ തിരിഞ്ഞപ്പോൾ സി.എച്ച് ആ പത്രത്തിന് വാർത്തയുടെ രൂപത്തിൽ ഒരു എട്ടിൻറെ  പണി കൊടുത്തു. ആ വാർത്ത ‘’ലീഗ് പിരിച്ച് വിടാൻ തീരുമാനിച്ചു!’’ എന്ന തലക്കെട്ടിലുള്ളതായിരുന്നു. തിരുവനന്തപുരം:കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ലീഗിനെ പിരിച്ച് വിടാൻ മഹ്ശറയിൽ ചേർന്ന മീറ്റിംഗിൽ നേതൃത്വം തീരുമാനമെടുത്തു. സുധീർഘ സമയത്തെ തർക്കവിതർക്കങ്ങൾക്ക് ശേഷം അബൂജഹലിൻറെ  അദ്ധ്യക്ഷതയിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. ഹുതുബത് സ്വാഗതവും ശൈബത് നന്ദിയും പറഞ്ഞു. മറ്റു പല നേതാക്കളും മീറ്റിംഗിൽ പങ്കെടുത്തതായാണറിവ്. വൈകാതെ ഇതിൻറെ  അനുരണനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകടമാകുമെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കേരളത്തിലെ ഒരു പ്രമുഖ ലീഗ് നേതാവ് ഞങ്ങളുടെ പത്രത്തോട് പറഞ്ഞത്’’. ഈ വാർത്ത വളരെ പ്രാധാന്യത്തോടെ തന്നെ ആ പത്രത്തിൽ അച്ചടിച്ചു വന്നു. പിന്നീടാണ് പത്രാധിപകർക്ക് പറ്റിയ അമളിയുടെ ആഴം മനസ്സിലായത്. മുസ്ലിം ഭാഷയും ചരിത്രവും ഗ്രഹിച്ചവർക്കേ ആ വാർത്തയിലെ നർമ്മം ഗ്രഹിക്കാനാവൂ.

ചന്ദ്രിക പത്രത്തിനും വേണ്ടി ത്യാഗം സഹിച്ച അനേകം നേതാക്കളും അതിലേറെ ചന്ദ്രികയിലെ ജീവനക്കാരുമുണ്ട്. ഇന്ന് അച്ചടി മാധ്യമങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ചന്ദ്രിക പോലുള്ള പത്രങ്ങളിലെ തൊഴിലാളികൾക്ക് മൂന്നും നാലും മാസങ്ങൾ കഴിഞ്ഞാണ് ശമ്പളം ലഭിക്കുന്നത്, അതും വളരെ തുച്ഛമായ സംഖ്യ! തൊഴിലാളിയുടെ വിയർപ്പ് വറ്റും മുമ്പ് അവർക്ക് കൂലി നൽകണമെന്ന് പഠിപ്പിച്ച പ്രവാചക തിരുമേനിയുടെ പ്രത്യയ ശാസ്ത്രം മുറുകെ പിടിക്കുന്ന ചന്ദ്രിക പത്ര മാനേജ്‌മെൻറ് ഇത്യാദി അടിസ്ഥാന മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടേ മതിയാകൂ. ആഴ്ചപ്പതിപ്പ് അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന വാർത്തകൾ പുറത്ത് വരുന്നു. മറുവശത്ത് ചന്ദ്രികയുടെ അത്ര തന്നെ പാരമ്പര്യമില്ലെങ്കിലും വേറെയും പാർട്ടി പത്രങ്ങളും ആഴ്ചപ്പതിപ്പുകളും സുഖമമായി നടന്നു പോകുന്നുമുണ്ട്; ഇക്കാര്യവുമായി തുലനം ചെയ്യുമ്പോൾ ചന്ദ്രികയുടെ ശോഷണത്തിന് കാരണം നേതാക്കളുടെ പിടിപ്പ് കേടാണെന്ന് പറയേണ്ടി വരും. സ്വന്തം പാർട്ടി പത്രം  വായിക്കാത്ത നേതാക്കളുള്ള പ്രസ്ഥാനം എന്ന അപകീർത്തി അനുയായികൾക്കിടയിൽ രഹസ്യമായി നിലനിൽക്കുന്നുണ്ട്.     

ബഹുവന്ദ്യരായ സീതി ഹാജിയും ചന്ദ്രികക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഒരിക്കൽ ചന്ദ്രിക കളർ പേജാക്കാൻ തീരുമാനിച്ചു. അങ്ങനെ പത്രാധിപർ ഓരോ നേതാക്കളേയും ചെന്ന് കാണാൻ തീരുമാനിച്ചു. സ്വാഭാവികമായും ഓരോ നേതാക്കളും ഇങ്ങനെ  പറഞ്ഞു, ''ഞാൻ തരാം അവൻ തന്നോ''? അങ്ങനെ സമീപിക്കുന്ന എല്ലാനേതാക്കളും  പറഞ്ഞപ്പോൾ  പത്രാധിപർ നിരാശയിലായി. പിന്നീട് സീതി ഹാജിയെ കണ്ടപ്പോൾ പത്രാധിപർ തൻറെ സങ്കടം ബോധിപ്പിച്ചു. ചന്ദ്രികയെ ജീവനായി കണ്ട സീതി ഹാജിക്ക് അത് സഹിക്കാനായില്ല. അദ്ദേഹം പത്രാധിപരോട് പറഞ്ഞു- ''നീ നാളെ എടവണ്ണയിലേക്ക് വാ, നമുക്ക് പരിഹാരമുണ്ടാക്കാം. ആരുടേയും കയ്യും കാലും പിടിക്കാൻ നീ ഇനി പോവേണ്ട''. പത്രാധിപരങ്ങനെ എടവണ്ണ സീതിഹാജിയുടെ വീട്ടിലേക്ക് ചെന്നു. സൽക്കാരത്തിന് ശേഷം സീതിഹാജി ഒരു സ്യൂട്കേസുമായി വന്നു, അതിൽ നിറയെ തൻറെ തോട്ടങ്ങളുടേയും പറമ്പുകളുടേയും ആധാരങ്ങളായിരുന്നു.  എന്നിട്ട് പത്രാധിപർക്ക് കൊടുത്തിട്ട് പറഞ്ഞു ഇതിൽ നിന്നും എത്രയാണോ നിങ്ങൾക്ക് പത്രത്തിന് വേണ്ടത് അത്രയും എടുത്തോളൂ. അതിൽ നിന്നും പത്രാധിപർ ആവശ്യമായത് എടുത്തു, എന്നിട്ട് ചന്ദ്രിക കളറാക്കുകയും ചെയ്തു. ആ ആധാരങ്ങളൊക്കെ പിന്നീട് തിരികെ കൊടുക്കാൻ ചന്ദ്രികക്കായിട്ടുണ്ടോ എന്നറിയില്ല!

എൻറെ ചന്ദ്രിക             

 ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനോട് ഒരിക്കൽ പത്രക്കാർ ചോദിച്ചു- ''അങ്ങേക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയതെപ്പോഴാണ്''? മറുപടിയായി അദ്ദേഹം പറഞ്ഞു - ''സ്വന്തം രചന പത്രത്തിൽ അച്ചടിച്ച് കണ്ടപ്പോൾ'' എന്ന്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ടേ ഞാൻ ചന്ദ്രിക വായിച്ച് തുടങ്ങിയിട്ടുണ്ട്. അന്നൊക്കെ സ്പോർട്സ് പേജിൽ നിന്നുമാണ് വായന തുടങ്ങിയിരുന്നത്. തലേ ദിവസം കണ്ട ക്രിക്കറ്റ് മച്ചിൻറെ റിപ്പോർട്ടൊക്കെയായിരുന്നു ആസ്വദിച്ച് വായിച്ചിരുന്നത്. പിന്നീട് വലിയ ക്ലാസ്സുകളിലെത്തിയപ്പോൾ എട്ടും ഒമ്പതും പത്രങ്ങൾ വായിക്കാൻ തുടങ്ങി. എഡിറ്റോറിയൽ പേജിലെ മുഴുവൻ ലേഖനങ്ങളും പതിവായി വായിച്ചു.   ബി.എ. ഒന്നാം വർഷം പഠിക്കുമ്പോഴാണ് ആദ്യമായി എഴുത്ത് പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലുമാണ് എഴുത്താരംഭിച്ചത്. ചന്ദ്രിക ദിനപത്രത്തിൽ ‘ക്യാമ്പസ് ടച്ച്’ എന്ന ഒരു പംക്തിയുണ്ടായിരുന്നു. ആഴ്ചയിലൊരു ദിവസം വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടിക്ക്  ഇത് ഇടം നൽകി. പല വിദ്യാർത്ഥികളുടേയും കഥയും കവിതയും ലേഖനങ്ങളുമായി ആ പേജ് നിറഞ്ഞ് നിന്നു. അന്ന്  ആ പേജിലൂടെ ഒരുപാട് പ്രതിഭകളെ ഉയർത്തിക്കൊണ്ട് വരാൻ ചന്ദ്രികക്കായി. ശ്രീ.കമാൽ വരദൂർ ആയിരുന്നു അന്നതിൻറെ എഡിറ്റർ. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ടെക്സ്റ്റ് പുസ്തകം വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ ചന്ദ്രികയിലേക്ക്  യു.എൻ. സെക്രട്ടറി ജനറലിൻറെ ഒരു ലേഖനം വിവർത്തനം ചെയ്തയച്ചു. നല്ല പ്രാധാന്യത്തോടെ എഡിറ്റോറിയൽ പേജിൽ അത് അച്ചടിച്ച് വന്നെങ്കിലും പ്രതിഫലം ഞാൻ പ്രതീക്ഷിച്ച പോലെ മണിയോർഡറായി വന്നില്ല, അന്വേഷിച്ചപ്പോൾ ചന്ദ്രിക ഓഫീസിൽ ചെന്ന് ഒപ്പിട്ട് സ്വീകരിക്കണമെന്നറിഞ്ഞു. പിന്നീട് പലപ്പോഴായി ലേഖനങ്ങളും വിവർത്തന ലേഖനങ്ങളും കവിതകളും ചന്ദ്രിക എഡിറ്റ് പേജിലും വാരാന്തപ്പതിപ്പിലുമൊക്കെ എഴുതിയിട്ടുണ്ട്. മനോരമയിലും മാതൃഭുമിയിലുമുൾപ്പെടെയുള്ള മുഖ്യധാരാ പത്രങ്ങളിലും പിന്നീട് എഴുതാനായി.

എൻറെ വന്ദ്യ പിതാവ് എന്നും ചന്ദ്രികയുടെ വായനക്കാരനായിരുന്നു, ദി ഹിന്ദുവിൻറെ കൂടെ ഞാൻ വീട്ടിൽ വരുത്തിയിരുന്നത് മാധ്യമമായിരുന്നു. പുറത്ത് പോയി വായിക്കാൻ അന്ന്  അവിടെയൊന്നും  മാധ്യമമുണ്ടായിരുന്നില്ല. അക്കാലത്ത് മാധ്യമത്തിൽ എ. റഷീദുദ്ധീൻറെയും എം.ജെ. അക്ബറിൻറെയും രാം പുനിയാനിയുടേയുമെല്ലാം കോളങ്ങൾ പലപ്പോഴായി ഉണ്ടായിരുന്നു. മാധ്യമത്തിൻറെ എഡിറ്റ് പേജ് എപ്പോഴും മികച്ചതായിരുന്നു.  വീട്ടിൽ മാധ്യമമിടാൻ ഇതൊരു പ്രലോഭനമായി. അക്കാലത്ത് മാധ്യമം ലീഗിനെ പലപ്പോഴും പരിധി കവിഞ്ഞ്  വിമർശിക്കാറുണ്ടായിരുന്നു. അത് കൊണ്ട് എന്നും രാവിലെ മാധ്യമത്തിന്  ബാപ്പയെ ചൊടിപ്പിക്കാനായി. മാധ്യമത്തിൻറെ വിമർശനത്തിനനുസരിച്ചുള്ള ഖണ്ഡനം എന്നും രാവിലെ  ബാപ്പയിൽ നിന്നും ഞാൻ  കേൾക്കേണ്ടി വന്നു. ഇതൊന്നും ചന്ദ്രികയുടെ അടുത്തെത്തുന്ന പത്രമല്ല എന്ന നിത്യ ഉപസംഹാരങ്ങളോടെ ബാപ്പ സംവാദം നിർത്തും. അവസാനം മാധ്യമം വായനശാലയിലേക്ക് മാറ്റി, വീട്ടിൽ ദി ഹിന്ദുവിൻറെ  കൂടെ ചന്ദ്രികയുമാക്കി. ബാപ്പയ്ക്കും സന്തോഷമായി,  ഓരോദിവസവും മൂന്നും നാലും  പത്രങ്ങൾ ബാപ്പ വായിച്ചിരുന്നു, ലീഗിനേയും ചന്ദ്രികയേയും പാണക്കാട് തങ്ങളേയും ചീത്ത പറയാത്ത എന്തിനോടും അദ്ദേഹം ക്ഷമിച്ചിരുന്നു. നാല് വർഷം മുമ്പ് റബീഉൽ അവ്വലിൽ രാവിലെ ഏതാണ്ട് ഒമ്പതേ മുപ്പതിനായിരുന്നു അല്ലാഹുവിൻറെ സവിതത്തിലേക്ക് പെട്ടന്ന് ബാപ്പ യാത്രയായത്.  മരിക്കുന്ന ദിവസവും പതിവ് പോലെ അതിരാവിലെ ചന്ദ്രികയും സുപ്രഭാതവും മനോരമയും വായിച്ചിരുന്നു. പിറ്റേന്ന് രാവിലെ വീട്ടുപടിക്കൽ വന്ന ബാപ്പയുടെ ചന്ദ്രികയിൽ ചരമ    കോളത്തിലെ ഒരു വാർത്തയായി അനേകം പേരോടൊപ്പം ബാപ്പയുടെ ചിത്രവുമുണ്ടായിരുന്നു. തലമുറയിൽ നിന്നും തലമുറയിലേക്ക് കൈമാറേണ്ട അക്ഷര ജ്വാലയാണ് ചന്ദ്രികയെന്ന് ഇതിലൂടെ ബാപ്പയെന്നെ പഠിപ്പിച്ചു. ചന്ദ്രികയുടെ വായനക്കാരും വരിക്കാരും പ്രചാരകരുമായി നാം മാറേണ്ടതുണ്ട്. ചന്ദ്രികയുടെ സർക്കുലേഷൻ ക്യാമ്പയിനിൽ ഞാനും ഭാഗഭാക്കാകുന്നു. ഒരു മഹിത മാനവ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ നല്ല വായനക്കേ  സാധ്യമാകൂ.  

(ലേഖകൻ ഭാരതിദാസൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ സോഷ്യോളജിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയാണ്)       
Join WhatsApp News
Anil Nambiar 2020-09-08 08:27:47
Well written piece Sir You covered almost all points, It feel as reading a beautiful story, your nerration style is very nice. Thank you very much Sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക