Image

പെണ്ണെഴുതുമ്പോള്‍ (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 09 September, 2020
പെണ്ണെഴുതുമ്പോള്‍ (കവിത: രമ പ്രസന്ന പിഷാരടി)
പെണ്ണെഴുതുമ്പോള്‍
പെരുങ്കടല്‍ വന്നലയ്ക്കുന്നു
പെണ്ണെഴുതുമ്പോള്‍
മഴക്കാറാണ് ആകാശത്ത്
കണ്ണുകളീറന്‍ മാറ്റി
ചുറ്റുന്ന ചേലയ്ക്കുള്ളില്‍
മിന്നി നില്‍ക്കുന്നു ചോന്ന
ഗുല്‍മോഹര്‍ പൂക്കള്‍, 
അതേ! പെണ്ണെഴുതുമ്പോള്‍
കേള്‍ക്കാം  പാതി
വാതിലില്‍ വന്ന്
മിന്നലാട്ടങ്ങള്‍
അടുത്തടുപ്പിന്‍
അഗ്‌നിജ്വാല
 
പെണ്ണെഴുതാനായൊരു
തൂലികയെടുക്കുമ്പോള്‍
കണ്ട് നില്‍ക്കുകയാണ്
സര്‍വ്വതും, പ്രപഞ്ചവും
മിന്നുന്ന സൂര്യന്‍
നിലാവലിയും രാവ്
പിന്നെ മുന്നിലെ ഭൂമി!
സര്‍വ്വം സഹിച്ചു
നില്‍ക്കുന്നുണ്ട്
അരികത്തിരിപ്പുണ്ട്
ആധിയും, അങ്കത്തട്ടും
അകലത്തരിപ്പുണ്ട്
സ്വപ്നവും, സ്വരങ്ങളും
ചിമിഴില്‍ മാലാഖമാര്‍
കാവലായിരിപ്പുണ്ട്
ചിലമ്പിന്നുള്ളില്‍
നിന്ന് മധുര  കത്തുന്നുണ്ട്
നിര്‍ഭയം നടന്നേറി
പ്പോയൊരു വഴിക്കുള്ളില്‍
നിശ്ചലം നില്‍ക്കുന്നുണ്ട്
നഭസ്സും, ശിശിരവും
രക്തമിറ്റിക്കുന്നുണ്ട്
സര്‍പ്പഭാഷകള്‍
മദം പൊട്ടിയ ദിക്കിന്നുള്ളില്‍
ദ്യൂതമോ യുഗാന്ത്യമോ?
 
പെണ്ണെഴുതുമ്പോള്‍
വീട്ടില്‍ പലതും
സഥാനം തെറ്റി
നിന്നു പോകുന്നു
അതറിഞ്ഞു തന്നെ അവള്‍
മുന്നിലെ ലോകത്തിനെ
ചുരുക്കാന്‍ ശ്രമിക്കുന്നു
ഒരു കാല്‍ മുന്നോട്ടെങ്കില്‍
രണ്ട് കാല്‍ പിന്നോട്ടെന്ന്
പലതും അവളെ പിന്‍
വിളിയാല്‍ ചുറ്റുന്നുണ്ട്
ചിറക് നീര്‍ത്താനൊരു
ചില്ല തേടുമ്പോള്‍ കൂട്
കരയുന്നതും കേട്ട്
തിരികെ പറക്കുന്നു
മക്കള്‍ തന്‍ പരീക്ഷകള്‍
ഉച്ചഭക്ഷണം രാവില്‍
പിറ്റേന്ന് നിറക്കേണ്ട
ജീവന്റെ പ്രത്യാശകള്‍
 
പെണ്ണിനിന്നെഴുതു
വാനാകുന്നു പക്ഷെ അത്
പെണ്ണിനെപ്പോലെ തന്നെ 
പുഴ പോലൊഴുകുന്നു.
ഒഴുക്കിന്നിടക്കിടെ തിരിവും
വളവും ചേര്‍ന്നൊഴുകി
കല്ലില്‍ തലതല്ലിയും  കയങ്ങളില്‍
 മുങ്ങിയും താണും പൊങ്ങി
പെണ്ണെഴുതുകയാണ്.
ഉള്ളിലുണ്ടെഴുതാത്ത
വന്‍ സമുദ്രങ്ങള്‍
അതേ പെണ്ണെഴുതുകയാണ്
പലതും മറച്ചുകൊണ്ടുള്ളിലെ
സന്ത്രാസത്തെയടക്കി
ചുമരിനെ വെള്ളപൂശിയും
അടര്‍ന്നുടഞ്ഞ  ഭൂപാളത്തില്‍
പിന്നെയും  സ്വരങ്ങളെ 
വിളക്കിചേര്‍ത്തും
വീണ്ടും പെണ്ണെഴുതുകയാണ്

ഈറനാം മഴക്കാറ്റ്
തൊട്ടൊരു തൂണില്‍ ചാരി  
ഋതുക്കള്‍ പോലെ
കുടമാറ്റുന്നുവെന്നാകിലും
പര്‍വതങ്ങള്‍ക്കും മീതേ
മേഘങ്ങള്‍ പറക്കുമ്പോള്‍
ഉള്ളിലെ നീറ്റല്‍ മാറ്റാന്‍
പെണ്ണെഴുതുകയാണ്
 
പ്രപഞ്ചം വീണ്ടും വീണ്ടും
 മിഴാവ്  കൊട്ടുന്നുണ്ട്  
 വിടര്‍ന്ന് വരുന്നുണ്ട്
ചെമ്പനീര്‍പ്പൂക്കാലങ്ങള്‍
അടര്‍ന്ന് പോകുന്നുണ്ട്    
പ്രാണന്റെ ഇലപ്പച്ച..
കടല്‍ശംഖുകള്‍ക്കിള്ളില്‍
സമുദ്രം പാടുന്നുണ്ട്
ചിരിച്ചും  മഴ പോലെ
കരഞ്ഞും പൂക്കള്‍ പോലെ
വിരിഞ്ഞും, ഇലകളെ
പൊഴിച്ചും, ശൈത്യം
പോലെയുറഞ്ഞും  
അതേ!  വീണ്ടും
പെണ്ണെഴുതുകയാണ്...

വസന്തം വരുമെന്ന്
വരങ്ങള്‍ തരുമെന്ന്
പതുക്കെ പറഞ്ഞു
കൊണ്ടൊഴുക്കില്‍
നീന്തിക്കൊണ്ട്...
Join WhatsApp News
words 2020-09-09 13:31:21
talent wasted in words
RAJU THOMAS 2020-09-09 15:00:49
No, this is not talent wasted. Who said that, though? I like it it. I only wish the 'KEka' lines were written in the good old way.
വിദ്യാധരൻ 2020-09-11 04:13:46
നിങ്ങളിലെ പാടവം പാഴ്ചിലവെന്നു പുലമ്പുന്നോൻറെ ഉള്ളിലിരുപ്പുണ്ട് സ്ത്രീവിദ്വേഷത്തിന്റ കരിനാഗങ്ങൾ. നിങ്ങളുടെ കവിതയുടെ അവസാന വരി കുറിക്കും മുൻപ് ചീറ്റി കഴിഞ്ഞു കൊടിയ സ്ത്രീ വിദ്വേഷത്തിന്റ വിഷം . അറിയുന്നില്ലവനിലെ വിദ്വേഷം അവനെ ഹനിക്കുമെന്ന് രോഗബാധിതനാക്കി അവന്റെ തൊക്കിനെ ചുളിക്കുമെന്ന്. അമ്മയും, അമ്മൂമ്മയും സോദരിയും മകളും കൊച്ചുമകളും ഭാര്യയും സ്ത്രീയായിരിക്കുമ്പോൾ തന്നെ ശപിക്കുന്നിക്കൂട്ടർ സ്ത്രീയെ കഷ്ടം ! ഈ പ്രപഞ്ചം. പ്രകൃതി ഇവയെല്ലാം അർത്ഥശൂന്യം സ്ത്രീയില്ലെങ്കിൽ. സ്നേഹം കരുണ ഇവയ്‌ക്കെല്ലാം സംജ്ഞയായിരിക്കുന്നോർ സ്ത്രീകൾ അതനുഭവിച്ചറിയാത്തോർ പുലമ്പുന്നെന്നും വിദ്വേഷത്താലിങ്ങനെ . "ചവിട്ടാൻ നിങ്ങൾക്ക് ചിലപ്പോൾ പൂജിക്കാൻ പരക്കെപുച്ഛിക്കാൻ, പരിത്യജിക്കുവാൻ തുണയ്ക്ക് കൈകോർത്തു നടക്കാൻ, മക്കളെ പിടയ്ക്കും നെഞ്ഞത്ത് കിടത്തിപ്പോറ്റുവാൻ ഇവൾക്ക് മാത്രമായൊരു ജന്മം ; നെറ്റി - തടത്തിലുണ്ടിവൾക്കൊരിറ്റുകുങ്കുമം വിളർത്ത ചുണ്ടത്ത് നിലാച്ചിരി , ഹൃത്തിൻ വിളക്ക് മഠത്തിലൊരു കെടാത്തിരി " (ഇവൾക്ക് മാത്രമായ് -സുഗതകുമാരി 1979 )-വിദ്യാധരൻ
Brevity 2020-09-11 14:01:28
chaadikkadikkaatheda kunjiraama The comment had nothing to do with sthree vidwesham! The talented poet could have been economical in words and imagery. Brevity is an essential part of poetry.
RAJU THOMAS 2020-09-11 18:12:43
I am thinking of the contrast between BREVITY and WORDINESS! I guess the critic incognito got it. " Brevity is the soul of wit." But who ever said that a poem has to be brief? The word is PRECISE, meaning also LOGICAL. So what did we learn here? That a person who decides to comment on something shall take time to explain themselves. [Note: the arguable mistake in the last sentence is to be imputed to American English.]
വിദ്യാധരൻ 2020-09-11 19:48:26
'പെണ്ണെഴുതുമ്പോൾ വീട്ടിൽ പലതും സ്ഥാനം തെറ്റി നിന്നുപോകുന്നു അതറിഞ്ഞു തന്നെ അവൾ മുന്നിലെ ലോകത്തിനെ ചുരുക്കാൻ ശ്രമിക്കുന്നു " അമേരിക്കയിലെ പുരുഷ കേസരികളായ എഴുത്തുകാർ കേരളത്തിലെ സാഹിത്യ മാടമ്പിമാരിൽ നിന്നും കടംവാങ്ങി സ്ത്രീകളുടെ സാഹിത്യരചനകളെ ' പെണ്ണെഴുത്ത്' എന്ന് അഭിസംബോധന ചെയ്‌തിരുന്നു. ഇതിനെ ഒരു പുച്ഛ മനോഭാവത്തോടുള്ള അഭിസംബോധനയായിട്ടാണ് ഞാൻ കാണുന്നത്. ഇന്ന് ലോകത്തിലെ ഭൗതികവും സാംസക്കാരികവുമായ വളർച്ചയിൽ സ്ത്രീകൾ നൽകുന്നു സംഭാവന അതിബൃഹത്താണ്. എന്നാൽ ഇന്ന്, രാഷ്ട്രീയ സംസാകാരിക ആധ്യാത്മിക സാഹിത്യ മണ്ഡലത്തിലെ നേതൃത്വങ്ങൾ സ്ത്രീകളുടെ ഈ മുന്നേറ്റം കാണുമ്പോൾ 'സ്ഥാനം തെറ്റി നിന്നു പോകുന്നു' കമലഹാരിസിനെ പോലെയുള്ള ഒരു സ്ത്രീക്ക് ഒരിക്കലും അമേരിക്കയുടെ നല്ല പ്രസിഡണ്ടാകാൻ കഴിയില്ലെന്ന് വിളിച്ചു കൂവുന്നു . ഇത് കണ്ട്, അടിച്ചമർത്തപ്പെട്ട വിദ്വേഷങ്ങളുടെയും, നിരാശകളുടെയും , മോഹഭംഗങ്ങളുടെയും ഇരുണ്ട ഗുഹകളിൽ കിടന്നു ഒപ്പം വിളിച്ചു കൂവുന്നു, 'ദുര്‍വ്യയം ചെയ്‍ത നൈപുണ്യ' മെന്ന്. പിന്നെ അതിനെ ന്യായികരിക്കാൻ നൂറു നൂറു കള്ളങ്ങൾ പിന്നെയും. അമേരിക്കൻ 'വെള്ള വീട്ടിൽ ''നിന്നും നിരന്തരം കേൾക്കുന്ന ശബ്ദത്തിന്റ മാറ്റൊലി പോലെ . എന്നിട്ടവൻ വിളിച്ചു പറയുന്നു " വായുവേഗത്തിൽ കാലത്തിന്റെ വീഥിയിലൂടെ പായുമെൻ മുൻപിൽ വന്നു ശകുനം മുടക്കുവാൻ, എന്റെ കാൽച്ചവിട്ടേറ്റു മരിക്കാൻ വന്നു കിടക്കുന്ന -തെണ്ടി ആരിവനൊരു മൃഗമോ മനുഷ്യനോ ' (കല്യാണസൗഗന്ധികം - വയലാർ ) . അമേരിക്കയിലെ സഹൃദയരും ഹൃദയവിശാലതയുമുള്ള എഴുത്തുകാരെ, എന്തിന് വാസനാ സമ്പന്നരായ സ്ത്രീകളുടെ സാഹിത്യരചനയുടെ പാന്ഥാവിൽ, അവരുടെ 'മുന്നിലെ ലോകത്തിനെ ചുരുക്കാൻ' വഴിമുടക്കികളായി മർക്കടങ്ങളായി വന്നു കിടക്കുന്നു . അവര് ,മുന്നേറട്ടെ അതോടപ്പം ലിംഗഭേദത്തിന്റെ ദുഷിച്ച വിഷകാറ്റേൽക്കാതെ മലയാളസാഹിത്യം വളരട്ടെ. അവരുടെ 'ഉള്ളിലെ നീറ്റലുകൾ' ലോകം അറിയട്ടെ . തലമുറകൾ അറിയട്ടെ . വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അസൂയയുടെയും ബന്ധനത്തിൽ നിന്ന് സാഹിത്യം മുക്തമാകട്ടെ. അതിലൂടെ നമ്മളിലെ പ്രാകൃത സ്വഭാവങ്ങൾ സംസകരിക്കപ്പെടട്ടെ . കവയിത്രിക്ക് എല്ലാ ആശംസകളും -വിദ്യാധരൻ
ഭർത്തൃഹരി 2020-09-12 00:27:23
അജ്ഞഃ സുഖമാരാധ്യഃ സുഖതരമാരാധ്യതേ വിശേഷജ്ഞഃ ജ്ഞാനലവദുർവിദഗ്ധം ബ്രഹ്മാപി തം നരം ന രഞ്ജയതി വിവരമില്ലാത്തവനെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമാണ്. വിവരമുള്ള ആളിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അതിലും എളുപ്പമാണ്. എന്നാല്‍ അല്പബുദ്ധികളെ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ ബ്രഹ്മാവു വിചാരിച്ചാലും കഴിയില്ല.
Anthappan 2020-09-12 03:02:58
If 'brevity is the soul of wit' then 'talent wasted in words' is the soul of stupidity.
വിദ്യാധരൻ 2020-09-12 03:14:03
"കദർത്ഥിതസ്യാപി ഹി ധൈര്യവൃത്തേർ - ന ശക്യതേ ധൈര്യഗുണഃപ്രമാർഷ്ടും അധോമുഖസ്യാപി കൃതസ്യവഹ്നേർ നാധഃശിഖയാതി കദാചി ദേവ " (ഭർത്തൃഹരി ) ആക്ഷേപിക്കപ്പെട്ടാലും, ധൈര്യമുള്ളവന്റെ(വളുടെ ) ധൈര്യ ഗുണം നീക്കാൻ ഒക്കുകില്ല . തല കീഴായി പിടിച്ചാലും തീജ്വാല ഒരിക്കലും താഴേക്ക് പോകുന്നില്ലല്ലോ ? -വിദ്യാധരൻ
സ്ത്രീയേ നിന്‍റെ മോചനം! 2020-09-12 06:16:59
2 ഔൺസ് മാത്രം ഭാരമുള്ള മാസ്ക് ധരിക്കാൻ പുരുഷന് മനസ്സില്ല. പത്തു മാസ്കുകൾ കൂട്ടിയാലും ഒരു വെടിയുണ്ടയുടെ ഭാരം പോലും ഇല്ല. എന്നാൽ അനേകം വെടിയുണ്ടകളും അനേകം കിലോ ഭാരവുമുള്ള ഓട്ടോമാറ്റിക്ക് തോക്കും, മിലിട്ടറി ബൂട്ടും കോട്ടും ഇട്ട് ആരും ആവശ്യപ്പെടാത്ത കവാത്തു നടത്തി, പ്രശനം ഉണ്ടാക്കാൻ നടക്കുന്നു പുരുഷൻ. ഇ പുരുഷൻ ആണ് സ്ത്രീയുടെ യോനിയും ഗർഭപാത്രവും കൺട്രോൾ ചെയുന്നത്. അനേകം കിലോ ഭാരം ഉള്ള ഗർഭം ചുമക്കാൻ സ്ത്രീയെ അടിമയാക്കുന്നതും ഇതേ പുരുഷൻ. ഒരു സ്ത്രീ; പ്രസിഡണ്ട് സ്ഥാനാർത്ഥിയായി; അതുകണ്ടു ഹാലിളകി പുരുഷനും അവൻ്റെ മതത്തിനും. വിദേശ രാജ്യത്തെ കൂട്ടുപിടിച്ചു സ്ത്രീയുടെ പ്രസിഡൻസി തട്ടിയെടുത്തു. അതേ പുരുഷൻതന്നെയാണ് കമലയെക്കണ്ടു ഭ്രാന്തിളകി നടക്കുന്നത്. അതിൻ്റെ ശോചനീയമായ പ്രതിഫലനം ആണ് ഫണം ഉയർത്തി ഇ- മലയാളിൽ ചില പുരുഷർ വിഷം ചീറ്റുന്നതു. - സ്ത്രീകളെ! ഉണരൂ, നിങ്ങളുടെ സ്വതന്ത്രത്തിനുവേണ്ടി പോരാടുക. നിങ്ങളുടെ മോചകർ നിങ്ങൾ തന്നെയാണ്. ആകാശത്തിൽനിന്നും ഒരു പുരുഷനും നിങ്ങളെ രക്ഷിക്കാൻ വരില്ല. അതും നിങ്ങളെ അടിമയാക്കിയ പുരുഷൻ ഉണ്ടാക്കിയ കെട്ടുകഥ മാത്രമാണ്..-andrew
എഴുത്തിനും ലിംഗം? 2020-09-12 06:33:42
പെണ്ണ് എഴുതിയപ്പോള്‍ അതിനെ പെണ്ണ് എഴുത്ത് എന്ന് പേരിട്ടതും പുരുഷന്‍. പെണ്ണെഴുത്ത്‌ -എന്നാല്‍ എന്തോ വലിയ മഹനീയ വിശേഷണം എന്ന് പെണ്ണിനെ പറഞ്ഞു പറ്റിച്ചതും പുരുഷൻ. അതുകേട്ടു കുറെ പെണ്ണുങ്ങളും ഏറ്റുപാടി 'പെണ്ണെഴുത്ത്'. എഴുത്തിന് എന്നാണ് ലിംഗം മുളച്ചത്!. പുരുഷൻ നിങ്ങളെ പൂട്ടുന്ന പഴയ ചങ്ങല; ആഭരണം ആണ് എന്ന് നിങ്ങളെ പറഞ്ഞു പറ്റിച്ചതും പുരുഷനാണ്. സ്ത്രീയേ! -അതേ പുരുഷൻ ആണ് നീ സഭയിൽ തലയിൽ തട്ടം ഇടണം എന്ന് നിന്നോട് കൽപ്പിച്ചതു. അതേ പുരുഷനാണ് നിന്നെ കറുത്ത തുണിയിൽ മൂടിയത്. പുരുഷൻ്റെ വ്യജ പുകഴ്ത്തലിൽ പുകഴ്ന്നു മയങ്ങുന്ന നീ -എന്നും അടിമ, എന്നും അടിമ.- andrew
വിദ്യാധരൻ 2020-09-12 15:20:01
എഴുതുക സ്ത്രീയെ എഴുതുക നീ നിന്നുടെ ഉള്ളിലെ മോഹങ്ങൾ നിന്റ നിരാശകൾ ഭംഗങ്ങൾ മടികൂടാതെ എഴുതുക നീ . നിന്നെ നിന്ന് വിമർശിപ്പോർ , നിന്നുടെ വസ്ത്രം ഉരിയുന്നോർ നീന്നെ ഭോഗോപാധിയായി കാണുന്നോർ അറിയുന്നില്ലവരുടെ അമ്മയും പെണ്ണെന്ന്. വിദ്യാധരൻ
Me2 2020-09-12 17:56:05
Where is the 'talented waste in word'? These people are misogynists in hiding. They brought their bad behavior from India and found a fertile land in Trump's America. I am pretty sure all the women writers appreciate the response from prominent critiques like Vidyadaran, Andrew, and others on this type attack on women. As Adrew pointed out there is no sex for literary work. If you are man, wake up and apologize to this poetess who expressed her thoughts eloquently and meaningfully.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക