Image

വേണം, പ്രഹര ശേഷിയുള്ള അടിചികിത്സ...(ഉയരുന്ന ശബ്ദം-6-ജോളി അടിമത്ര)

Published on 11 September, 2020
വേണം, പ്രഹര ശേഷിയുള്ള അടിചികിത്സ...(ഉയരുന്ന ശബ്ദം-6-ജോളി അടിമത്ര)
എത്ര ആഹ്‌ളാദത്തോടും അഭിമാനത്തോടുമാണ് നമ്മള്‍ നമ്മുടെ കേരളത്തെപ്പറ്റി പറഞ്ഞിരുന്നത്.  വിദ്യാഭ്യസത്തിലും സംസ്‌കാരത്തിലും മുന്നില്‍.മഹത്തായ സാംസ്‌കാരിക പൈതൃകം, ദൈവത്തിന്റെ സ്വന്തം നാട്..പക്ഷേ...ഇപ്പോള്‍ സംഭവിക്കുന്നത് അതിനെയെല്ലാം താറടിക്കുന്നതായി.

സ്വന്തം ജീവനേക്കാള്‍ ലൈംഗിക ആക്രാന്തത്തിനു പിന്നാലെ ഓടുന്ന ഭ്രാന്തന്‍മാരുടെ നാടായി ഇവിടം മാറുന്നു.സ്ത്രീയെ ഒരു ലൈംഗികവസ്തുവായി മാത്രം കാണുന്നവരുടെ എണ്ണം കൂടുന്നു.ഒറ്റയ്‌ക്കൊരു പെണ്ണിനെ കിട്ടിയാല്‍ അവളെ ഭോഗവസ്തുവാക്കാമെന്ന ധാരണയെ  എന്തു വിളിക്കണം?.

കൊറോണ പോസിറ്റീവായ 19-കാരിയെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴി ആരോഗ്യ വകുപ്പിന്റെ 'കനിവ് ' പദ്ധതിയുടെ ഭാഗമായ 108 ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ യാതൊരു കനിവുമില്ലാതെ ബലാത്സംഗം ചെയ്‌തെന്ന്...

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്ത്രീയെ കട്ടില്‍കാലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ഒരു ദിവസം മുഴുവന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈംഗിക പീഡനം നടത്തിയെന്ന്. 

ഇത്തിരി മനസ്സലിവും സഹതാപവും കാണിക്കേണ്ടിടത്ത് ആക്രമണകാരികളായി മാറുന്ന സഹജീവികള്‍.ലോകം മുഴുവന്‍ മഹാമാരിയുടെ ഭീതിയില്‍ ചുരുങ്ങിക്കൂടുന്ന ദിനങ്ങളിലും പെണ്ണുടലുകള്‍ക്കു പിന്നാലെയുള്ള  ഭ്രാന്തന്‍ മരണപ്പാച്ചില്‍.

 ലോകമാകെ  ഒമ്പതു ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ  കൊറോണ വൈറസ്.മൂന്നുകോടിയോളം പേര്‍ രോഗബാധിതരായി.ഇന്ത്യയില്‍ മുക്കാല്‍ലക്ഷത്തോളം പേര്‍ മരിച്ചു കഴിഞ്ഞു. 

അമ്പതുലക്ഷത്തിലേക്കു കുതിക്കുന്നു രോഗബാധിതരുടെ എണ്ണം.കേരളത്തില്‍ ഒരു ലക്ഷംപേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. അടുത്ത ഇര ആരെന്ന ഭീതിയിലാണ് ജനം.പക്ഷേ മഹാരോഗത്തിന്റെ വൈറസ് ബാധിച്ച പെണ്ണായാലും അടുത്തുകിട്ടിയാല്‍ അവള്‍ക്കു മീതെ ചാടിവീഴുന്ന  നരാധമന്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. ജീവഭയത്തെയും തോല്‍പ്പിക്കുന്ന കാമാര്‍ത്തി.ഇത് ഒരു തരം മാനസീക രോഗമാണ്. എങ്കില്‍ കേരളത്തിലെ ഒരു ചെറിയ വിഭാഗം പുരുഷന്മാര്‍ക്ക് ചികിത്സ കൂടിയേ തീരൂ.  പ്രഹര ശേഷിയുള്ള അടിചികിത്സ.

കൊറോണപോസിറ്റീവായ കുട്ടിയെ  ആസ്പത്രിയിലേക്കു കൊണ്ടുപോകാന്‍ ഒരു സ്ത്രീ പോലും ഒപ്പമുണ്ടായിരുന്നില്ല എന്നത് ആശങ്ക പരത്തുന്നു. എല്ലാം സംഭവിച്ചു കഴിഞ്ഞ് നൂറുനൂറു വിശദീകരണങ്ങള്‍, പരസ്പരം പഴിചാരലുകള്‍..ആരോഗ്യ വകുപ്പിന് എങ്ങനെ സംഭവത്തെ കൈയ്യൊഴിയാന്‍ പറ്റും. കുട്ടിയുടെ അമ്മയും സഹോദരിമാരും കൊറോണ ബാധിച്ച് ആസ്പത്രിയിലായിരുന്നു. ആരും സഹായിക്കാനില്ലാത്ത,ബന്ധുവീട്ടിലായിരുന്ന കുട്ടിയെ ചെറുപ്പക്കാരനായ ഡ്രൈവര്‍ ഓടിക്കുന്ന ആംബുലന്‍സില്‍ കൂട്ടിിക്കൊണ്ടു പോകാന്‍ വിട്ടവര്‍ കരുതിയത് ഒരു പക്ഷേ, കൊറോണ രോഗമുള്ളവരോട് ആരും മോശമായി പെരുമാറില്ല എന്ന ധാരണയിലാവും.

കണക്കു കൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു പീഡനമെന്ന്  പൊലീസ് സൂപ്രണ്ട് വെളിപ്പെടുത്തുന്നു.. വെറും 10 മിനുട്ട് മാത്രം യാത്രയുള്ള ആസ്പത്രിയില്‍ ആക്കേണ്ട കുട്ടിയെ, അവിടെ ഇറക്കിയില്ല.ഒപ്പമുള്ള രോഗിണിയെ ദൂരെയുള്ള സെന്ററില്‍ ഇറക്കിവിട്ടിട്ട് മടങ്ങുന്നതുവരെ  കുട്ടിയെ ആംബുലന്‍സില്‍ ഇരുത്തി. രാത്രി 10 മുതല്‍ 12 മണിവരെ യാത്ര. ഒറ്റയ്ക്കായപ്പോള്‍ അശ്ലീല സംഭാഷണം. ഭയവും രോഗഭീതിയും വലച്ച കുട്ടിയെ പാതിരാത്രി വിജനസ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട്  പീഡിപ്പിച്ചു, എല്ലാം കഴിഞ്ഞ് ബലാത്സംഗത്തിന് പരിഹാരമായി ക്ഷമയും ചോദിച്ചു !. പോരെ?

രണ്ടു കേസിലും ഇരകള്‍ക്ക് ജീവാപായം വരുത്തിയില്ലെന്ന് നമ്മള്‍ക്ക് സമാധാനിക്കാം.വേട്ടക്കാര്‍ക്കെതിരെ പൊലീസില്‍ വൈകാതെ പരാതി നല്‍കാന്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കു ധൈര്യം വന്നു കഴിഞ്ഞു.പീഡനത്തിനു ശേഷം കുറ്റസമ്മതവും ക്ഷമചോദിക്കലും ആരോടുംപറയരുതെന്ന അഭ്യര്‍ത്ഥനയും തകര്‍ന്നശാരീരിക- മാനസ്സികാവസ്ഥയിലും റെക്കോര്‍ഡുചെയ്ത് പൊലീസിനു കൈമാറിയ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിക്കാതെ വയ്യാ.പക്ഷേ, അതു കൊണ്ടു മാത്രം കാര്യമില്ലല്ലോ.

 ഇരകളായവരുടെ  തകര്‍ന്ന മനസ്സിനു  സ്വാസ്ഥ്യം  പകരുന്ന എന്തു മറുമരുന്നുണ്ട് ?.നവമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയെ താറടിച്ചുകാണിക്കാനും യുവാവിനെ വെള്ള പൂശാനും ചിലര്‍  മുന്നോട്ടുവന്നതും അമ്പരപ്പിക്കുന്നു.
 നമ്മുടെ ചോദ്യങ്ങള്‍ക്ക് പലതിനും  അധികാരികള്‍ക്ക് ഉത്തരമില്ല.പാതിരാത്രി ഒരു പെണ്‍കുട്ടിയെ എന്തുകൊണ്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സ്ത്രീസാന്നിദ്ധ്യമില്ലാതെ ആസ്പത്രിയിലക്ക് കൊണ്ടുപോയി?. രാത്രിയില്‍ത്തന്നെ ഇങ്ങനെ അടിയന്തിരമായി കസ്റ്റഡിയിലെടുത്ത് ആസ്പത്രിയിലെത്തിക്കേണ്ട കുറ്റമാണോ കൊറോണ രോഗം?. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി്ക്ക് ആംബുലന്‍സ് ഡ്രൈവറായി നിയമന ഉത്തരവ് നല്‍കിയതാര് ? .
അയാള്‍ പൊലിസ് ക്‌ളിയറന്‍സ്  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നിട്ടും ജോലിയില്‍ തുടര്‍ന്നതെങ്ങനെ ?.ഇതിനൊക്കെ ആര്‍ക്കും കൃത്യമായ ഉത്തരം തരാനാകുന്നില്ല.

 കോവിഡ്- 19 പോസിറ്റീവ് എന്നു കേട്ടാല്‍ നമ്മളൊക്കെ മനസ്സീകമായി നെഗറ്റീവാകുന്ന കാലമാണിത്. രോഗിയുടെ കാറ്റടിച്ചാല്‍പ്പോലും രോഗം പിടിപെടുമെന്ന്  ഭയക്കുന്ന ജനങ്ങള്‍. അയല്‍പക്കത്ത് കൊറോണ രോഗിയുണ്ടെങ്കില്‍ മുറ്റത്തു പോലും ഇറങ്ങാതെ കതകടച്ചിരിക്കുന്നത്ര ഭീതി.ജനാലപ്പാളിക്കിടയിലൂടെ ഒളിഞ്ഞു നോക്കും, രോഗി പുറത്തിറങ്ങിയാല്‍ ആരോഗ്യവകുപ്പിന് തത്സമയ റിപ്പോര്‍ട്ടുനല്‍കണമല്ലോ !. ഇത്രയും പേടിച്ചരണ്ടു കഴിയുന്ന നാട്ടിലാണ് ഈ പെണ്‍കുട്ടിയ്ക്ക് രക്ഷകനാകേണ്ട ആംബുലന്‍സ് ഡ്രൈവര്‍ തന്നെ പീഢകനായത്. അതു വരെ പിപിഇ കിറ്റ് ധരിച്ച് പ്രത്യേക ഡ്രൈവര്‍ ക്യാബിനില്‍  സുരക്ഷാ മുന്‍കരുതലോടെ വണ്ടി ഓടിച്ചവന്‍  പാതിരാത്രിയും വിജനതയും അശരണയായ പെണ്‍കുട്ടിയെയും ഒത്തുകിട്ടിയപ്പോള്‍  സ്വന്തം സുരക്ഷാവസ്ത്രം വലിച്ചു കീറി ചാടിവീഴുകയായിരുന്നുവത്രേ.. ഒരു പെണ്ണിന്റെ ശരീരത്തിനു മുന്നില്‍ എന്ത് കോവിഡ് എന്നു ചിന്തിക്കുന്ന വിഡ്ഡികളുടെയും  വിടന്മാരുടെയും നാടാകുകയാണ് കേരളം. കാമത്തിനു മുന്നില്‍ പകര്‍ച്ചവ്യാധി ഒന്നുമല്ലാതാകുന്നു.
പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നു   ശവശരീരം മാന്തി പുറത്തിട്ട് കാമം തീര്‍ത്തതും ഈ നാട്ടില്‍ത്തന്നെയാണ്.

നിയമത്തെ ഭയം ഇല്ലാത്ത ജനങ്ങള്‍.  കാഠിന്യമില്ലാത്ത ശിക്ഷ.നിയമത്തിലെ പഴുതുകള്‍. രക്ഷിക്കാനെത്തുന്ന രാഷ്ട്രീയ പിന്തുണ , അന്വേഷണത്തിലെ കണ്ണടയ്ക്കലുകള്‍.. രക്ഷപ്പെടാന്‍ വഴിയേറെയുള്ളപ്പോള്‍ കുറ്റം ചെയ്യാന്‍ പേടി വേണ്ടല്ലോ..

ഈ ബഹളങ്ങള്‍ വൈകാതെ കെട്ടടങ്ങും.മറ്റൊരു തട്ടിപ്പ് പുറത്തു വരുമ്പോള്‍ മാധ്യമശ്രദ്ധ അങ്ങോട്ടാകും.
അപ്പോള്‍ ജയിലിലായവര്‍ പുറത്തു വരും.സസ്‌പെന്‍ഷ്യന്‍ പിന്‍വലിക്കും, വീണ്ടും പീഡിപ്പിക്കാന്‍ പൂര്‍വ്വാധികം
അവസരങ്ങള്‍ അവര്‍ക്കു കിട്ടും..

സംഭവം ശരിയാണെന്ന് ഉറപ്പായാല്‍ സസ്‌പെന്‍ഷനു പകരം ജോലിയില്‍ നിന്ന് പുറത്താക്കിക്കൂടെ. സര്‍ക്കാര്‍ ആ നടപടിക്ക് എന്തുകൊണ്ട് മുതിരുന്നില്ല.  സസ്‌പെന്‍ഷന്‍, അന്വേഷണം  ഇങ്ങനെ കുറേ നടപടി ക്രമങ്ങള്‍ .എന്നു വച്ചാല്‍ രക്ഷപ്പെടാന്‍ പഴുതു നല്‍കല്‍ എന്നും നമ്മള്‍ക്ക് ചേര്‍ത്തുവായിക്കാം. ആംബുലന്‍സ് ഡ്രൈവറെ കൈയ്യാമം വച്ചു കൊണ്ട് പോയ പോലീസ് , ജൂനിയര്‍ ഹെല്‍ത്ത് ഓഫീസറ ആദരവോടെ ഒപ്പത്തിനൊപ്പം നിര്‍ത്തി കൊണ്ടു പോകുന്ന 'മനോഹര ' കാഴ്ച മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.അയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടത്രേ ! .അതോടെ എതിര്‍പ്പുകളുടെയും മുനയൊടിഞ്ഞു.

ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനൊപ്പം വൈകാതെ കഠിനമായ ശിക്ഷ കൂടി നല്‍കിയാല്‍ ഇനിയാരും സര്‍ക്കാര്‍ ശമ്പളം വാങ്ങി ബലാത്സംഗത്തിന് മുതിരില്ല. പക്ഷേ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ യൂണിയനില്‍ അംഗമായിരിക്കുമല്ലോ അയാള്‍. എങ്കില്‍ രക്ഷപ്പെടുത്താന്‍ നേതാക്കളുടെ പട ഇതിനകം രംഗത്തിറങ്ങിയിട്ടുണ്ടാവും.

കൊറോണ നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റിന് ജൂനിയര്‍ ഹെല്‍ത്ത് ഓഫീസറെ സമീപിക്കേണ്ട ആവശ്യമില്ലെന്ന അറിവു പോലും ഇല്ലാത്ത പാവം ഹോം നഴ്‌സ്.അയാളുടെ വീട്ടില്‍ ചെന്നു കാണേണ്ട കാര്യമില്ലെന്നും ചിന്തിക്കാന്‍ തക്ക വിവരം കാണില്ല.സാധുക്കള്‍ക്ക് ഇത്തരക്കാര്‍ വലിയ ഏമാനാണല്ലോ.

മാരക രോഗം ബാധിച്ചവരോടു പോലുമുള്ള സമീപനം ഇത്തരത്തിലാണെങ്കില്‍ കേരളത്തിലെ  സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്കെന്തു സുരക്ഷ  പ്രതീക്ഷിക്കാം.
ഇവിടെ നിയമം ഇല്ലാഞ്ഞിട്ടല്ല.അത് വൈകാതെ നടപ്പാക്കാനുള്ള നടപടിയില്ലാത്തതാണ് കുറ്റകൃത്യം പെരുകാന്‍ കാരണം.മാറിമാറി വരുന്ന എല്ലാ സര്‍ക്കാരുകളും ,ക്രിമിനലുകള്‍  തങ്ങള്‍ക്കു പ്രിയപ്പെട്ടവരാണെങ്കില്‍ യാതൊരു ഉളിപ്പും കൂടാതെ രക്ഷിക്കുന്ന നാണംകെട്ട കാഴ്ച  വോട്ടുചെയ്ത കഴുതകള്‍ക്ക് കാണേണ്ടി വരുന്നു.അക്രമികളെ ജനക്കൂട്ടം തല്ലിക്കൊന്നെന്ന യുപി വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നടുങ്ങിപ്പോയിട്ടുണ്ട്.നിയമവാഴ്ച വേണ്ടത്ര ഫലപ്രദമാകാത്തിടത്ത്  ജനങ്ങള്‍ തന്നെ വാഴ്ച്ച നടത്തുന്ന കാഴ്ച. ആഭാസപ്രവൃത്തികള്‍ പെരുകുമ്പോള്‍ കേരളവും ആ വഴിയിലേക്ക് നീങ്ങിപ്പോകുമോ?

വേണം, പ്രഹര ശേഷിയുള്ള അടിചികിത്സ...(ഉയരുന്ന ശബ്ദം-6-ജോളി അടിമത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക