Image

പി.എന്‍.ബി. വെസ്പറിനു രണ്ടാംഘട്ട കോവിഡ് മരുന്നു പരീക്ഷണത്തിന് അനുമതി

Published on 12 September, 2020
പി.എന്‍.ബി. വെസ്പറിനു രണ്ടാംഘട്ട കോവിഡ് മരുന്നു പരീക്ഷണത്തിന് അനുമതി
കൊച്ചി:  കൊച്ചി ആസ്ഥാനമായ പി.എന്‍.ബി. വെസ്പര്‍ എന്ന കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതിലഭിച്ചു.

ബ്രിട്ടനില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഡെക്‌സാമെത്താസോണിനെക്കാള്‍ നല്ല പ്രകടനമാണ് ആദ്യഘട്ടത്തില്‍ കാണുന്നതെന്ന വിലയിരുത്തലിലാണ് അനുമതി. പി.എന്‍.ബി001 (ജി.പി.പി. ബലഡോള്‍) എന്ന പേരിട്ടിരിക്കുന്നതാണ് രാസമൂലകം. മൂന്ന് പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാലാണ് മരുന്നിന് നിര്‍മാണാനുമതി കിട്ടുക. രണ്ടാംഘട്ടത്തില്‍ മികച്ച പ്രകടനമാണെങ്കില്‍ മുന്‍കൂട്ടി അനുമതി നല്‍കിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയെങ്കില്‍ മാസങ്ങള്‍ക്കകം കോവിഡ് മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതിപ്രകാരം പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കമ്പനി എം.ഡി. തൃശ്ശൂര്‍ സ്വദേശി പി.എന്‍. ബലറാം പറഞ്ഞു. അമേരിക്ക, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കമ്പനിയുടെ ഗവേഷണം. ആദ്യ ഘട്ടത്തില്‍ 74 പേരാണ് പങ്കാളികളായത്. അഹമ്മദാബാദ് കേന്ദ്രീകരിച്ചുനടന്ന പഠനത്തില്‍ മികച്ച ഫലവുമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ബയോസ്പിയര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എന്ന സ്ഥാപനംവഴി രണ്ടാംഘട്ടത്തിനുള്ള അനുമതി തേടിയത്. പുണെ ബി.ജി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ഭേദപ്പെട്ട നാല്‍പ്പതുപേരിലാണ് പരീക്ഷണം.

ഡെങ്കിപ്പനിക്കെതിരായ അന്വേഷത്തിന്റെ ഭാഗമായി 2017 മുതലാണ് ഈ മൂലകത്തിന്റെ ഗവേഷണം തുടങ്ങിയത്. കുടലിന്റെയും കരളിന്റെയും നീര്‍വീക്കത്തിനെതിരേ ഇത് ഫലപ്രദമാണെന്ന നിഗമനം വന്നു. കോവിഡ് രൂക്ഷമായതോടെ അതുംകൂടി പരീക്ഷണത്തിന്റെ ഭാഗമാക്കുകയായിരുന്നു. പ്രതിരോധശേഷി നിയന്ത്രിക്കുന്ന സൈറ്റോക്കൈനുകളെ അവശ്യാനുസരണം ക്രമീകരിക്കുന്നതിലൂടെ രോഗബാധ തടയാന്‍ കഴിയുമെന്നതാണ് ഈ മരുന്നിന്റെ അടിസ്ഥാനതത്ത്വം.

ഏറെ സാമ്പത്തിക ബാധ്യതയുള്ള പ്രവര്‍ത്തനം തുലോം ചെറിയതോതിലുള്ള തങ്ങള്‍ക്കു നടത്താനായത് അഭിമാനമായെന്ന് ബാലറാം പറയുന്നു. മരുന്ന് ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടാല്‍ ഏറ്റവും മികച്ച കമ്പനിയെ കണ്ടെത്തി നിര്‍മാണം ഏല്‍പ്പിക്കാനാണു പദ്ധതി. ഇത്തരത്തില്‍ കമ്പനിക്ക് പേറ്റന്റുള്ള അഞ്ച് പുതിയ രാസമൂലകങ്ങളുടെ ഗവേഷണവും വലിയ മുന്നേറ്റത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക