Image

മിഴിനീർപ്പൂക്കൾ (ചെറുകഥ: സിസിൽ മാത്യു കുടിലിൽ)

Published on 12 September, 2020
മിഴിനീർപ്പൂക്കൾ (ചെറുകഥ: സിസിൽ മാത്യു കുടിലിൽ)
കോടമഞ്ഞ് കുളിരണിയുന്ന സായംസന്ധ്യ, ഇവിടെ സന്ധ്യകൾക്ക് പ്രത്യേക നിറഭംഗിയാണ്. പുറത്തു ചെറുതായി ചാറ്റൽമഴ പെയ്യുന്നുണ്ടായിരുന്നു. യൂക്കാലിപ്സ് മരങ്ങളുടെയും പൈൻ മരത്തിന്റെയും ഇടയിലൂടെയുളള റോഡിൽ, ഹെയർപിൻ വളവുകളിലൂടെ കാർ സാവധാനം നീങ്ങി. ഊർന്നുപോയ ഷാളിന്റെ ഒരറ്റം പിടിച്ചു നേരയാക്കി, ഹാൻബാഗിൽ നിന്നും കണ്ണട എടുത്തുവെച്ച് ഗൗരി പുറത്തേക്ക് തന്നെ നോക്കിയിരുന്നു. കാറിന്റെ ഗ്ലാസ്സുകളിൽ നേർത്ത മഴത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു. രാവിലെ തുടങ്ങിയ യാത്രയിൽ നന്നേ ക്ഷീണിതയായിരുന്നു അവർ.

നീണ്ട ഇരുപത്തെട്ടു വർഷങ്ങൾക്കു ശേഷമുള്ള ആ കാഴ്ചകൾ. ഇവിടുത്തെ കാറ്റിനും മരങ്ങൾക്കും വർഷങ്ങൾക്കു മുമ്പുള്ള അതെ സുഗന്ധം തന്നെ. റോഡിന്റെ പല ഭാഗത്തും ബോഗൈൻ വില്ലകൾ പൂക്കളുമായി ആരെയൊക്കെയോ കാത്തു നിൽക്കുന്നതായി തോന്നും. വഴികളുടെ വശങ്ങളിൽ ചിലയിടത്ത് ഇടതൂർന്ന് മരങ്ങൾ, കാട്ടുപ്പൂക്കളുമായി നിൽക്കുന്ന കാട്ടുമരങ്ങൾ, പിണഞ്ഞ വള്ളികളിൽ നിറയെ പേരറിയാത്ത ചിലപൂക്കൾ പിന്നെ പൈൻ മരം, ചൂള മരം, തടാകങ്ങൾ, അരുവികൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ അങ്ങനെ എന്തെല്ലാം.....പിന്നെ പലയിടത്തും കുരങ്ങിൻ കൂട്ടങ്ങളെയും കാണാം. ഗൗരി ആ കാഴ്ചകളിൽ തന്നെ മുഴുകിയിരുന്നു.
മുടികൾ പലതും നരച്ചു തുടങ്ങിയിരിക്കുന്നു. ഗൗരി കണ്ണാടിയിൽ നോക്കികൊണ്ട് ചിന്തിച്ചു. എതിരെ വന്ന കാറിന്റെ അരോചകമായ ഹോൺ കേട്ടിട്ടാവാം മടിയിൽ തല ചായ്ച്ച് കിടന്ന ഗോപിക ഉണർന്നത്.
“എവിടയായി അമ്മേ? എത്തിയോ?”
“ഇല്ല.”
“ഇനി ടെൻ മിനിറ്റ്സ് യാത്ര കൂടിയുണ്ട്.”
ഗോപിക തന്റെ മൊബൈലിൽ ഗൂഗിൾ മാപ്പിൽ എന്തൊക്കെയോ നോക്കുകയാണ്. അമ്മ പഠിച്ച കോളേജിൽ തന്നെ ടീച്ചറായതിന്റെ ത്രില്ലിലായിരുന്നു ഗോപിക. നിരവധി ഹെയർ പിൻ വളവുകളും തെയില തോട്ടങ്ങളും പൈൻ മരക്കാടുകളും കടന്ന് കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ചാറ്റൽ മഴ ഇപ്പോൾ പൂർണമായി മാറിയിരിക്കുന്നു. വിറകു കെട്ടുമായി ഇടവഴിയിലൂടെ പോകുന്ന സ്ത്രീകളെ പിന്നിലാക്കി നിരപ്പായ പ്രദേശത്ത് കൂടി കാർ കടന്നു പോയി. ഡ്രൈവർ കാർ ഒന്ന് നിർത്തു. ഒരുപാടു നേരം കാറിനുള്ളിൽ, അവരെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. നനുത്ത മഞ്ഞുത്തുള്ളികൾ വീണു കിടന്ന വിജനമായ പുൽപുറത്തേക്ക് കാർ ഒതുക്കി നിർത്തി.

അല്പനേരം വിശ്രമിക്കാൻ പറ്റിയ ഇടമായതുകൊണ്ടാവാം അവിടെ ഇറങ്ങിയത്. ഫ്ലാസ്ക്കിൽ നിന്നൊഴിച്ച ആവി പറക്കുന്ന കോഫിക്ക് ഈ കുളിരിനെ ശമിപ്പിക്കാൻ കഴിയുമെന്ന് തനിയെ ആശ്വസിച്ചു. യൂക്കാലിപ്സ് മരച്ചില്ലകൾ കാറ്റത്തുലയുന്ന ശബ്ദങ്ങൾ കാതുകളിൽ വ്യക്തമായി കേൾക്കാം. ഹൊ ... ഈ തണുപ്പ് എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

അങ്ങകലെ മലമുകളിലൂടെ കുളിരു തൂകുന്ന മഞ്ഞുമേഘങ്ങൾ മന്ദം മന്ദം ഒഴുകി നടക്കുന്നതു കാണാമായിരുന്നു. ആ കാണുന്ന കുന്നിൻ മുകളിലായിരുന്നു നീലക്കുറിഞ്ഞികൾ പൂക്കുന്നത്. മഞ്ഞുകണങ്ങൾ വീണുപതിഞ്ഞ കുറിഞ്ഞിപ്പൂക്കൾ.

ഓർത്തു പോയി എന്റെ പ്രണയാർദ്രമായ കൗമാരക്കാലം.
"നീ എപ്പോഴും പറയാറില്ലേ.... ഇതാ നിനക്കേറ്റവും ഇഷ്ടപ്പെട്ട ലില്ലിപ്പൂക്കൾ. ഒരു ചുംബനത്തിനായി കൊതിക്കുന്ന പൂക്കൾ ഞാൻ നിനക്കായി സമ്മാനിക്കുന്നു." എവിടെ നിന്നോ വന്ന കാറ്റിന്റെ തലോടലിൽ ഈ പൂക്കൾ എന്നെ നോക്കി ചിരിക്കുകയാണോ….! ഗൗരി ഒരു വേള ആശ്ചര്യപ്പെട്ടു. പൂക്കളുടെ മണവും മോഷ്ടിച്ചു കൊണ്ട് കാറ്റ് എങ്ങോട്ടോ കടന്നു പോയി. "എത്ര നേർത്തതും മനോഹരവുമാണീ പൂക്കൾ. ഡേവിഡ്, നീ ഇതു പറിക്കുമ്പോൾ അതിന് വേദനിച്ചിട്ടുണ്ടാകുമോ...?" അവൾ അല്പം പരിഭവത്തോടു കൂടി ചോദിച്ചു. “ഞാൻ അനുവാദം ചോദിച്ച് ഒരു ചുംബനം കൊടുത്തുകൊണ്ടാണ് ഈ പൂക്കൾ ഇറുത്തത്.” ഡേവിഡ് മറുപടി പറയും.

ഓർമ്മകളുടെ ചിത്രശാല ഇവിടെ തുറക്കുന്നു. കൊടൈക്കനാൽ ക്രൈസ്റ്റ് കോളേജിലെ ദിനങ്ങൾ. കോളജ് ഫെസ്റ്റിവലിന്റെ സമയത്താണ് ഒരു വർഷം സീനിയറായ ഡേവിഡിനെ പരിചയപ്പെട്ടത്. വെസ്റ്റേൺ മ്യുസിക്കിന്റെ ആരാധകൻ, അതിലുപരി നല്ല ഗിറ്റാറിസ്റ്റ്. ആ ഗിറ്റാറിൽ നിന്നു വരുന്ന വെസ്റ്റേൺ ട്യൂണുകൾ കേട്ട് പലപ്പോഴും ഞാൻ മതിമറന്നിട്ടുണ്ടായിരുന്നു. അലസമായി പാറിപ്പറന്നു കിടക്കുന്ന മുടിയുമായി ഡേവിഡ് കോളജ് മുഴുവനും നിറഞ്ഞു നിൽക്കും. ആ പരിചയം പെട്ടെന്ന് വളർന്ന് ഒരു പ്രണയത്തിലേക്ക് എത്തുമെന്ന് ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല. എന്റെ മനസ്സിൽ ഡേവിഡിന്റെ ഗിറ്റാറിന്റെ തന്ത്രികൾ വലിഞ്ഞു മുറികിയിരുന്നു. ഗിറ്റാർ നെഞ്ചോട്  ചേർത്ത് വച്ചതുപോലെ എന്നെ ഡേവിഡിന്റെ ഹൃദയത്തോട് ചേർത്തുവച്ചു. എന്റെ മനസ്സിൽ ഒരായിരം പ്രണയമന്ദാരങ്ങൾ മൊട്ടിട്ടു.
ഈ വഴികളിലൂടെയായിരുന്നു ഡേവിഡുമൊത്തു ബുള്ളറ്റിന്റെ പിന്നിലിരുന്നുള്ള യാത്ര. ബുള്ളറ്റിന്റെ കനം പിടിച്ച ശബ്ദം എന്നെ വല്ലാതെ ഹരം കൊള്ളിക്കുമായിരുന്നു.

ഞായറാഴ്ച ദിവസങ്ങളിൽ അതിരാവിലെ ഉണരും. മഞ്ഞുപൊഴിയുന്ന പ്രഭാതത്തിൽ വിടരാൻ വെമ്പുന്ന പുഷ്പങ്ങളെ പോലെ ഡേവിഡിനായി കാത്തിരിക്കും. മഞ്ഞുനനവാർന്ന കുളിരുള്ള കാത്തിരിപ്പ്. പ്രണയാനുഭൂതി നിറഞ്ഞ ഈ കാത്തിരിപ്പ് എന്തു സുഖമാണന്നോ... ഈ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ നിന്നു സൂര്യൻ പതിയെ ഉണർന്നിട്ടേ കാണുകയുള്ളു. മഞ്ഞുമൂടിയ കോക്കേഴ്സ് വോക്കിലൂടെ ഒരു ഷാളിന്റെ കീഴിൽ ഞങ്ങൾ നടന്നകലും. ഞങ്ങൾക്കായി ശ്യാമാംബരം ചാമരം വീശും. താഴ്വരയിലെ മഞ്ഞുമൂടിയ ആഴങ്ങൾ നോക്കി കാണും. ഏറെ നേരം നിന്നുകാണും. ഇവിടെ നിന്ന് അല്പം നടന്നാൽ ക്രൈസ്റ്റ് കിംഗ് ചർച്ചിലെത്താം. മൂടൽമഞ്ഞ് നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങും. അല്പനേരം ചർച്ചിലെ ആരാധന കാണും. മെഴുകുതിരിയും കൈയിൽ കുറെ പൂക്കളുമായി ഡേവിഡ്, മമ്മയുടെ കല്ലറയ്ക്കരികിൽ പോയി പ്രാർത്ഥിക്കും. മമ്മയുടെ ഓർമ്മകളിൽ ഡേവിഡ് പലപ്പോഴും വിതുമ്പുമായിരുന്നു. പപ്പയും മമ്മയും മരിച്ചതിൽ പിന്നെ അകന്ന കസിന്റൊപ്പമായിരുന്നു ഡേവിഡ് താമസിച്ചത്. “ഗൗരിയുമൊത്തുള്ള നിമിഷങ്ങൾ എത്ര ആശ്വാസകരമാണ്, മനസ്സിന്റെ നൊമ്പരമെല്ലാം ഇല്ലാതാകുന്ന അനിർവചനീയമായ ആനന്ദം.” ഡേവിഡ് പലപ്പോഴും പറയും.

പള്ളിയിൽ പോയ ശേഷമായിരിക്കും ലേക്കിന്റെ അരിക്കിലേക്ക് പോകുന്നത്. കുതിരക്കു ളമ്പടി ശബ്ദങ്ങൾ, വഴിയോര കച്ചവടക്കാർ, ലേക്കിനു ചുറ്റും സൈക്കിളിൽ സഞ്ചരിക്കുന്നവർ, തടാകക്കരയിൽ പാറിനടക്കുന്ന കുരുവികൾ, ചിത്രശലഭങ്ങൾ, നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ പിന്നെ ലേക്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന പ്രണയ ജോഡികൾ. ഞാനും ഡേവിഡും അവരിലൊരാളായി നടന്നു നീങ്ങും. വീശിയടിക്കുന്ന മഞ്ഞുനനവാർന്ന കാറ്റ്, കാറ്റത്തുലഞ്ഞ സ്കേർട്ടിൽ നിന്നും കാലുകളെ മറയ്ക്കാൻ ഞാൻ നന്നേ പാടുപ്പെട്ടു. അങ്ങനെ എത്രയോ ദൂരങ്ങൾ ഡേവിഡിനൊപ്പം ഞാൻ നടന്നു.
ഒരു സായ്ഹ്നത്തിൽ ആദ്യമായി ഞങ്ങൾ അവിടെ പോയി. ജീവിതത്തിൽ കടുത്ത നിരാശയിലാണ്ടു പോയവർ, പ്രണയഭംഗം നേരിട്ട് ദുഃഖത്തിലായവർ, കൈവിട്ടുപോയ ഒരു നിമിഷത്തിൽ, ജീവിതം എന്നന്നേക്കും അവസാനിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന ഇടം. ഇവിടുത്തെ ഉറങ്ങിക്കിടക്കുന്ന മൂകത അമ്പരപ്പിക്കുന്നതാണ്. താഴ്വാരം കാണാത്ത പോലെ കോടമഞ്ഞു മൂടി നിറഞ്ഞിരുന്നു. ഒരു നിമിഷം ഡേവിഡ് വിഷാദനായി. “ജീവിതം എത്ര സുന്ദരമാണ്, ശരിക്കും ആസ്വദിക്കുക തന്നെ വേണം. സൂയിസൈഡ് ചെയ്യുന്നവർ ശരിക്കും വിഡ്ഢികൾ തന്നെ, അല്ലേ ഗൗരി…?” സൂയിസൈഡ് പോയിന്റിലെ ആഴങ്ങളിലേക്ക് നോക്കി നിന്നു കൊണ്ട് ഡേവിഡ് പറയും. ആ വാക്കുകളിൽ വിഷാദഭാവം ഉള്ളതായി എനിക്കെപ്പഴോ തോന്നി. കടുത്ത ദുഃഖം വരുമ്പോൾ നമ്മൾ ഓരോത്തരും ചിലപ്പോൾ ഒരു മാത്രയിൽ.... എന്റെ ചിന്തകൾ എങ്ങോട്ടന്നില്ലാതെ സഞ്ചരിച്ചപ്പോൾ എനിക്കു ഭയം വന്നു തുടങ്ങി.

“പോകാം ഡേവിഡ്, നമ്മുക്കിവിടുന്ന് പോകാം. എന്തൊരു ഭയാനകത. ഇവിടം എന്നേ വല്ലാതെ അസ്വസ്ഥയാക്കുന്നു. ഹൊ.. ഈ നിശ്ശബ്ദത എന്റെ ഉള്ളകങ്ങൾ ഭയപ്പെടുത്തുന്നു.” ഞങ്ങൾ വേഗം അവിടെ നിന്നു തിരികെ പോന്നു. ഒരിക്കലും വരാൻ ഇഷ്ടപ്പെടാത്ത ഇടമായി മാറി.

ആ രാത്രിയിൽ എന്റെ ഡയറിക്കുറിപ്പുകളിൽ എഴുതി. ഇരുട്ടിന്റെ നിശ്ശബ്ദതയിലെ രാത്രിയിൽ, ഞാൻ കണ്ട ആഴങ്ങൾ. എന്തിനായിരിക്കും സൂയിസൈഡും അതിന്റെ കാരണങ്ങളെപ്പറ്റിയും ഡേവിഡ് ദീർഘനേരം സംസാരിച്ചത്, ഞാനെപ്പഴോ ചിന്തിച്ചു പോയി. അങ്ങനെ പലതും ഓർത്ത് വീണ്ടും ഓർത്ത് അതിനെ പറ്റി ചിന്തിച്ച് ഹോസ്റ്റലിലെ മുറിയിൽ എന്റെ കട്ടിലിൽ എപ്പഴോ ഉറങ്ങിപോയി.
സൂയിസൈഡ് പോയിന്റിൽ പോയതിന്റെ തലേ രാത്രിയിലാണ് ഡേവിഡ് എന്നെ ആദ്യമായി ചുംബിച്ചത്. ആ നിലാവുള്ള രാത്രി ഞങ്ങൾക്കു വേണ്ടിയുള്ളതായി തോന്നി. ചൂള മരച്ചുവട്ടിൽ തീ കാഞ്ഞ് ഡേവിഡിന്റെ മടിയിൽ തലചായ്ച്ച് നിലാവിന്റ വരവും നോക്കി കിടക്കും. നിഴലുകളെ പുൽകി നിൽക്കുന്ന നിലാവിന്റെ കുഞ്ഞുങ്ങൾ. ഇലകളിലും പുല്ലുകളിലും പൂക്കളിലും പറ്റിപിടിച്ചു കിടക്കുന്ന ലക്ഷക്കണക്കിനു മഞ്ഞുത്തുള്ളികൾ, കണ്ണുകൾ ചിമ്മുന്ന ആകാശത്തെ നക്ഷത്രങ്ങൾ, മരച്ചില്ലകളിൽ തണുത്തുറങ്ങുന്ന കിളികൾ, പറന്നു നടക്കുന്ന നിശാശലഭങ്ങൾ അങ്ങനെ എന്തൊക്കെ... ഇത്ര സുന്ദരമായ നിലാവ് ഇതിനു മുമ്പെങ്ങും കണ്ടിട്ടില്ല. ഉറങ്ങിക്കിടക്കുന്ന ഇലക്കൾക്കിടയിലൂടെ നിലാവ് അരിച്ചിറങ്ങുന്നു. നക്ഷത്രങ്ങളെ പോലെയാകാൻ കഴിഞ്ഞിരുന്നെങ്കിൽ….. ഗൗരി ഒരു നിമിഷം ഓർത്തു… അവർക്കിടയിൽ സങ്കടമില്ല, പിണക്കങ്ങളില്ല; എന്നും യൗവനം മാത്രം. പ്രപഞ്ചത്തിലെവിടെയും മരണമില്ലാതെ സ്വതന്ത്രമായി നടക്കാം…. എന്തൊരനൂഭൂതിയായിരിക്കും. നിശാഗന്ധികൾ പൂക്കുന്ന രാത്രിയുടെ യാമങ്ങളിൽ ഞാൻ ഡേവിഡിന്റെതു മാത്രമായി. ഡേവിഡിനൊപ്പം ആദ്യമായാണ് എന്നിൽ ലജ്ജ തോന്നിയ നിമിഷങ്ങൾ ഉണ്ടായത്.

ഈ കൊടൈക്കനാലിന്റെ സൗന്ദര്യം മുഴുവനും ഞങ്ങൾ ആസ്വദിച്ചു. സന്ധ്യകളെ ചുംബിച്ചുറങ്ങിയ രാവുകൾ. മൂടൽമഞ്ഞ് മൂടിയ ചൂളമരച്ചുവട്ടിൽ,
മഞ്ഞുപുതപ്പിനുള്ളിൽ ഡേവിഡുമൊത്തു സ്വപ്നങ്ങൾ കണ്ടുറങ്ങിയ രാത്രികൾ. ഡേവിഡ് പറയും, “നിന്നോടൊത്തുള്ള ഓർമ്മകൾ എന്നെ മന്മദനാക്കും.” എന്റെ ഡയറിക്കുറുപ്പുകളിൽ ഡേവിഡുമൊത്തുള്ള അനർഘനിമിഷങ്ങൾ എഴുതിവയ്ക്കും. പിന്നിലേക്ക് താളുകൾ മറിച്ച് വായിക്കും. ഓർമ്മിക്കാൻ എത്ര സുന്ദരമായ നിമിഷങ്ങളാണ് ഡേവിഡ് എനിക്ക് സമ്മാനിച്ചത്. അങ്ങനെ എത്രയോ ദിനങ്ങൾ കടന്നു പോയി.

അപ്രതീക്ഷിതമായാണ് അചഛനും ശങ്കരമാമനും കൂടി കോളേജിലേക്ക് വന്നത്. പതിവില്ലാത്ത ആ വരവിൽ പല സംശയങ്ങളും എന്റെ മനസ്സിലൂടെ കടന്നുപോയി. എത്രയും വേഗം കൂട്ടികൊണ്ടു പോകാനാണ് വന്നതെന്ന് അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു. എന്താണ് കാര്യം എന്നു ചോദിച്ചിട്ട് ആരും ഒന്നും പറയാതെ ഒഴിഞ്ഞു മാറി. അവധിയാകുമ്പോൾ വന്നോളാം എന്നു പലവട്ടം പറഞ്ഞു.

ഡേവിഡിനോട് ഒരു വാക്കു പോലും പറയാതെ പോകണമെന്നോർത്തപ്പോൾ കണ്ണുകൾ സജലങ്ങളായി. ഹോസ്റ്റലിലെ കൂട്ടുകാരോട് നിറകണ്ണുകളോടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ സന്ധ്യയോടടുത്തിരുന്നു. എത്രയും വേഗം മടങ്ങി വരാം എന്ന പ്രതീക്ഷയിൽ അവരോടൊപ്പം കാറിൽ കയറി. ഒറ്റപ്പാലം വരെയുള്ള യാത്രയിൽ മനസ്സു നിറയെ ഡേവിഡായിരുന്നു. ഒരു വാക്കു പോലും പറയാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താ കാരണമെന്ന് പല വട്ടം ചോദിച്ചു. ആരും ഒന്നും പറയുന്നില്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ രാവിലെ ഒറ്റപ്പാലത്തുള്ള എന്റെ പൂമുള്ളി മനയിലെത്തി.

പഴമയുടെ സമൃദ്ധിയിലുള്ള വലിയ നാലുകെട്ട്, വിശാലമായ മുറ്റം. തെങ്ങും, മാവും, കമുകും നിറഞ്ഞ പുരയിടം. മഴ പെഴ്തൊഴിഞ്ഞ പ്രഭാതമായിരുന്നു അന്ന്. വീടിന്റെ ഓവിൽ നിന്ന് വെള്ളം മുറ്റത്തേക്ക് ചെറുതായി വീഴുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയപ്പോൾ നനഞ്ഞ കൊന്നതെങ്ങിലെ തുഞ്ചാണിയോലയിൽ നിന്ന് ഉതിർന്നു വീഴുന്ന മഴത്തുള്ളികൾ കൈകളിൽ വീണു ചിതറി. മഴയെ സ്നേഹിച്ച ഗൗരിക്ക് അപ്പോഴത്തെ  മാനസികാവസ്ഥയിൽ ആ കാഴ്ച അസഹനീയമായാണ് തോന്നിയത്.

തറവാട്ടിൽ എല്ലാവരുമുണ്ട്. എന്തെങ്കിലും വിശേഷ ദിവസങ്ങളിലാണ് ഇതുപോലെ കൂടാറുള്ളത്. ഡൽഹിയിലുള്ള ഗോവിന്ദമാമൻ, മക്കളായ രമേശേട്ടൻ, രമചേച്ചി പിന്നെ തത്തമംഗലത്തുള്ള അമ്മയുടെ ചേച്ചിയും മക്കളും, ഷൊർണ്ണൂരൊള്ള ചെറിയമ്മ പിന്നെ മറ്റു കാരണവൻന്മാരും കുട്ടികളുമെല്ലാം... ഗൗരി ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ നേരെ പടികൾകയറി മുകളിലെ മുറിയിലേക്ക് പോയി. കുളിച്ച് ഈറൻമാറി കസവു സാരിയുടുത്ത് ജാലക വാതിലിലൂടെ പുറത്തേ കാഴ്ചകളിലേക്ക് നോക്കി ഗൗരി അല്പനേരം ചിന്തിച്ചു നിന്നു. ചോനലുറുമ്പുകൾ ജനൽ പടികളിൽ കൂടി വരിവരിയായി പോകുന്നു, അവ ചെന്നുചേരുന്നിടത്ത് മണ്ണു കൂടി കിടക്കുന്നതും കാണാം. അങ്ങകലെ തറവാട്ടു കുളത്തിൽ ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. കുട്ടിക്കാലത്തെ ആമ്പൽപ്പൂക്കൾ എനിക്കെന്തിഷ്ടമായിരുന്നന്നോ.... ഒരു തോർത്തുമുണ്ടിൽ അമ്മയുടെ കൈയും പിടിച്ച് കുളത്തിൽ മുങ്ങി കുളിക്കും. കുളി കഴിഞ്ഞാൽ പിന്നെ ആമ്പൽപ്പൂക്കളുമായി ആയിരിക്കും വീട്ടിലേക്കുള്ള മടക്കം. പൊടുന്നനെ വാടിപ്പോകുന്ന പൂക്കളെ നോക്കി സങ്കടപ്പെടും. വേണ്ടായിരുന്നു, അതവിടെ തന്നെ നിന്നാമതിയായിരുന്നു എന്നോർക്കും; എങ്കിലും അടുത്ത ദിവസം അതുതന്നെ ആവർത്തിക്കും. മഴ വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. വീടിന്റെ മുകളിൽ വീഴുന്ന മഴവെള്ളം താഴെ തേങ്ങാക്കൂട്ടത്തിൽ വന്നു ചിതറി മുറ്റത്ത് ചെറിയ ചാലുപോലെ ഒഴുകുന്നുണ്ടായിരുന്നു. ഈ മഴ അവിടെയും കാണുമോ……? ചിന്തകൾ മൗനത്തിലായി…. തൂവാനം ചിതറി വന്നു മുഖത്തു വീണപ്പോൾ ഡേവിഡിനെ പറ്റി ഓർത്തു ഗൗരി വീണ്ടും സങ്കടപ്പെട്ടു. ഈറനണിഞ്ഞ കണ്ണുകളിൽ നിന്നും ഒന്നു രണ്ടു നീർത്തുള്ളികൾ താഴേക്ക് വീണു.
“ഗൗരി നീ അവിടെന്തു ചെയ്യുക. വേഗം താഴേക്കുവാ, എല്ലാവരും ഇവിടെ നിന്നെ കാത്തിരിക്കുകയാ...” അടുക്കളയിൽ നിന്ന് അമ്മയുടെ വിളി കേട്ടാണ് കട്ടിലിൽ കിടന്ന ടൗവ്വൽ എടുത്ത് മുഖം തുടച്ച് കോണിപ്പടികളിലൂടെ താഴേക്ക് പോയി. നാലുകെട്ടിലെ നടുമുറ്റത്ത് വരാന്തയിൽ എല്ലാവരും എനിക്കായി കാത്തിരിക്കുകയാണ്. എന്തോ ഗൗരവമുള്ള കാര്യമായിരിക്കും, എന്റെ മനസ്സിൽ തോന്നി. വളരെ ആകാംക്ഷയോടു കൂടി രമചേച്ചിയുടെ അരികിലേക്ക് പോയി.
“നാട്ടിലുളളപ്പോൾ നിന്നെ പലവട്ടം കണ്ടിട്ടുണ്ട്. അച്ഛന്റെ ഫ്രണ്ടിന്റെ മകനാണ് രവിശങ്കർ. ഇപ്പോൾ ഡൽഹിയിൽ അമേരിക്കൻ എംബസിയിൽ ജോലി ചെയ്യുന്നു. നല്ല ഉദ്യോഗം, കുന്നത്തുമന, അവിടുന്നൊരു ബന്ധം ഏതായാലും അതങ്ങുറപ്പിച്ചു. ഇന്നവരെല്ലാം കൂടി വരണുണ്ട്, നിന്നെ കാണാൻ, അതൊരു ചടങ്ങുമാത്രം. ഈ ചിങ്ങത്തിലുള്ള എതെങ്കിലും നല്ല മുഹൂർത്തത്തിൽ നടത്തണമെന്നാണ്.”
ഡൽഹിയിലുള്ള രമചേച്ചിയുടെ വാക്കുകൾ എന്നിൽ സങ്കടക്കടലായി മാറി. മനസ്സു മുഴുവനും ഡേവിഡിന് സമർപ്പിച്ചിട്ട് എങ്ങനെ മറ്റോരാളെ ഇഷ്ടപെടും. എനിക്കത് ആലോചിക്കാൻ കൂടിവയ്യ, ആരോടെന്റെ സങ്കടം പറയും. ഡേവിഡിനെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റുമായിരുന്നില്ല. ഞാൻ അവിടുന്ന് അമ്മയുടെ അടുത്തേക്ക് പോയി.

"കണ്ട ക്രിസ്ത്യാനി ചെറുക്കൻമ്മാരുമായുള്ള ചങ്ങാത്തത്തിന് വേണ്ടിയായിരുന്നോ നിന്നെ കോളേജിലേക്ക് വിട്ടത്. അച്ഛന്റെ സ്വഭാവം നിനക്കറിയാമല്ലോ... എതായാലും അച്ഛനും അമ്മാവന്മാരും ആരും അറിയണ്ട. അച്ഛൻ അവരോടൊക്കെ വാക്കു പറഞ്ഞു.”

അമ്മയുടെ അടക്കം പറച്ചിൽ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ രാത്രി എനിക്കുറങ്ങാൻ സാധിച്ചില്ല. ഡേവിഡുമൊത്തുള്ള നിമിഷങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓർത്തു. ഒരുമിച്ച് ജീവിക്കുമെന്ന് എത്രയോ തവണ പരസ്പരം തീരുമാനിച്ചതായിരുന്നു. എന്നിട്ടും... എന്നിട്ടും... സങ്കടമടക്കാനാവാതെ തലയിണയിൽ മുഖമമർത്തി വിമ്മിക്കരഞ്ഞു കിടക്കയിൽ ഇടക്കെപ്പോഴോ ഉറങ്ങി, വീണ്ടും ഉണർന്ന്, സങ്കടത്തോടെ പലതും ചിന്തിച്ചു പുലരാറായപ്പോൾ ഉറങ്ങിപ്പോയി.

പ്രഭാതത്തിലെ സൂര്യരശ്മികൾ വന്നു മുഖത്തെ തട്ടി എന്നെ അലോസരപ്പെടുത്തിക്കൊ ണ്ടിരുന്നു. പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് തറവാട്ടിലെ കാരണവൻമ്മാരായിരുന്നു, സ്ത്രീകൾക്ക് അവരുടെ അഭിപ്രായം തുറന്നു പറയാൻ പറ്റാത്ത കാലം. അങ്ങനെ എന്റെ മനസ്സിലെ ചായക്കൂട്ടുകൾ പതിയെ മാഞ്ഞു തുടങ്ങി. എന്നിലെ വർണ്ണസാമ്രാജ്യങ്ങൾ ഒരു ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞു. എന്റെ എതിർപ്പുകളെ മറികടന്ന് ആർഭാടപൂർവ്വം ആ വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവിനൊപ്പം ഡൽഹിയിലേക്ക് പോയി. ഡൽഹിയിലേക്ക് പെട്ടെന്നൊരു മാറ്റം, രവിയേട്ടനൊപ്പം അഡ്ജെസ്റ്റ് ചെയ്യാൻ നന്നേ പാടുപെട്ടു. ഇവിടെ ഫ്ലാറ്റിലെ ജീവിതം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾ കഴിയും തോറും ഓർമ്മയിൽ നിന്നു പലതും മാഞ്ഞുപോയിരുന്നു. ചില മറവികൾ എനിക്കനുഗ്രഹമായി മാറി.

പിന്നീടൊരു മദ്ധ്യാഹ്നത്തിൽ ഒരു കത്തു വന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി മെർലിൻ എനിക്കയച്ച കത്ത്..
സ്നേഹം നിറഞ്ഞ ഗൗരി,
“നിന്റെ അഡ്രസ്സ് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി, നിനക്കവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു. നീ പോയേ പിന്നെ ഒരു രസവുമില്ല. നീ എപ്പോഴും പറയാറില്ലേ നിന്നക്കേറ്റവും ഇഷ്ടപ്പെട്ട ആ കുന്നിൻമുകൾ, ഇപ്പോൾ അവിടെയെല്ലാം നിറയെ നീലക്കുറിഞ്ഞികൾ പൂത്തു. പിന്നെ ദിവസങ്ങളോളം ഡേവിഡ് നീ വരുന്നതും കാത്തിരുന്നു… ദിവസങ്ങൾ പിന്നെ മാസങ്ങളായി. നിങ്ങളുടെ പ്രണയം അറിയാത്തവരായി ആരുമുണ്ടായിരുന്നില്ലല്ലോ..... പിന്നീടെപ്പഴോ അറിഞ്ഞു നാട്ടിൽ വച്ചു നിന്റെ മാര്യേജ് കഴിഞ്ഞെന്ന്. അതുവരെ കണ്ട ഡേവിഡിനെയല്ല പിന്നെ കണ്ടത്. ആരോടും ഒന്നും മിണ്ടാതെ എപ്പോഴും വളരെ മൂഖനായി കാണപ്പെട്ടു .... നീ പോയത് അവനൊരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അങ്ങനെ കോളേജിൽ വരാതെയായി. ക്ലാസ്സിലെ സ്റ്റുഡന്റസ്സ് എല്ലാവരും കൂടി ഒരിക്കൽ ഡേവിഡിന്റെ വീട്ടിൽ പോയി. അപ്പഴേക്കും ഡേവിഡിന്റെ മനസ്സിന്റെ  നിയന്ത്രണങ്ങളെല്ലാം നഷ്ടമായിരുന്നു. സന്ധ്യനേരങ്ങളിൽ സൂയിസൈഡ് പോയിന്റിന്റെ ആഴങ്ങളിൽ, ആ ശൂന്യതയിലേക്ക് ഡേവിഡ് നിൽക്കുന്നത് പലരും കണ്ടിട്ടുണ്ട്. രണ്ടു മാസങ്ങൾക്കു ശേഷം ഞങ്ങൾ ഒരു വാർത്ത കേട്ടു. സൂയിസൈഡ് പോയിന്റിന്റെ ആഴങ്ങളിലേക്ക് ഡേവിഡ്… ഹൊ ... ഞങ്ങൾക്കത് ഒട്ടും വിശ്വസിക്കാൻ പറ്റുമായിരുന്നില്ല. ഡേവിഡ് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല. നിന്നെ പിരിഞ്ഞത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അത്രമാത്രം ഡേവിഡ് നിന്നെ പ്രണയിച്ചിരുന്നു.”
പിന്നീട് അതിലെ ഒരുവരി പോലും വായിക്കാൻ എനിക്ക് കഴിഞ്ഞില്ല. കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയപ്പഴേക്കും അരികിലുള്ള ഒരു കസേരയിൽ പിടിച്ചിരുന്നു.
ആ ദിവസം തനിച്ചിരുന്ന് ഏറെ നേരം കരഞ്ഞു. ഒരോ രാത്രികളിൽ ഡേവിഡ് എന്റെ മുന്നിൽ വന്നു നിൽക്കുന്ന പോലെ, ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പല രാത്രികളിലും തനിച്ചിരുന്ന് ഏറെനേരം കരയും. ദു:ഖ സ്മൃതികളിൽ ദിവസങ്ങൾ പലതു കഴിഞ്ഞു പോയി.

രവിയേട്ടൻ ഓഫീസിൽ പോയി കഴിഞ്ഞാൽ ഈ ഫ്ലാറ്റിൽ ഞാൻ തനിച്ചിരിക്കും. ഏകാന്തമായ ഈ ഫ്ലാറ്റിൽ ശരിക്കും ഒറ്റപ്പെടൽ തന്നെയായിരുന്നു ആദ്യമൊക്കെ.. പതിയെ പതിയെ ഡൽഹിയുടെ ചുറ്റുപാടുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. ഇവിടുത്തെ കാറ്റും മണവുമെല്ലാം… ഞാനറിയാതെ തന്നെ ഇവിടുത്തെ സാഹചര്യവുമായി ഏറെ ഇണങ്ങി ചേർന്നിരുന്നു. മാസങ്ങൾക്കു ശേഷം പാതിവഴിയിൽ ഉപേക്ഷിച്ച പഠനം പൂർത്തിയാക്കി. ഡൽഹി യൂണിവേഴ്സിറ്റിയിൽ പി ജി നേടി. ഗോപികയുടെ വരവോടു കൂടി എനിക്കും രവിയേട്ടനുമിടയിൽ സ്നേഹവും സന്തോഷവും കൂടി വന്നു. പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഡൽഹി ഗവൺമെന്റ് സർവ്വീസിൽ ഉന്നത പദവിയിലുള്ള ഉദ്യോഗം, പുതിയ വീട് അങ്ങനെ എന്തെല്ലാം....

പിന്നീടെപ്പഴോ തിരക്കേറിയ ജീവിതത്തിലെ ചേർച്ചക്കുറവുകൾ, പരസ്പരം തുറന്നു സംസാരിക്കാത്ത ദിനങ്ങൾ. ദിവസങ്ങൾ ഏറെ കഴിഞ്ഞായിരിക്കും രവിയേട്ടൻ പലപ്പോഴും വീട്ടിൽ വരാറുള്ളത്. അങ്ങനെ രവിയേട്ടന്റെ സ്വഭാവത്തിൽ പല മാറ്റങ്ങളും വന്നു തുടങ്ങി. ഒറ്റപ്പെടലിന്റെ ദിനങ്ങളായിരുന്നു പിന്നീട്. രവിയേട്ടനെപ്പറ്റി പല കഥകളും കേട്ടു തുടങ്ങി. അങ്ങനെ എന്റെ ജീവിതത്തിൽ നിന്ന് രവിയേട്ടൻ പതിയെ അകന്നു തുടങ്ങി.

“അമ്മേ ഇതു കണ്ടോ.” പൂത്തുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കളെ നോക്കി മൊബൈലിൽ ഫോട്ടോ എടുക്കുകയായിരുന്ന ഗോപികയുടെ വിളി കേട്ടാണ് ഓർമ്മകളുടെ ലോകത്തു നിന്നും ഗൗരി ഉണർന്നത്. കുറിഞ്ഞിപ്പൂക്കൾക്കിടയിൽ നിന്ന്, ഗോപികയോടൊത്ത് ഒരു സെൽഫി എടുത്ത് ഒരു നെടുവീർപ്പോടുകൂടികാറിന്റെ അരികിലേക്ക് നടന്നു.

ഇടവഴിയിലൂടെ പ്രയാസപ്പെട്ട് നടന്നു വരുന്ന വൃദ്ധദമ്പതികളെ കണ്ടപ്പോൾ ഗൗരി പൊടുന്നനെ വിഷാദത്തിലായി. ജീവിതത്തിൽ എവിടെയോ വന്ന താളപ്പിഴയായിരുന്നു. എന്തൊരൊറ്റപ്പെടലായിരുന്നു. ഡൽഹിയിലെ തിരക്കേറിയ നഗരജീവിതത്തിൽ ഭർത്താവ് രവിശങ്കർ മറ്റു കൂട്ടുകൾ തേടി പോയപ്പോൾ മകൾ ഗോപികയുമായി ഫ്ലാറ്റിൽ തനിച്ചായി. രണ്ടു പേർക്കും ഡൽഹി ഗവൺമെന്റ് സർവ്വീസിൽ ഉന്നത പദവിയിലുള്ള ഉദ്യോഗം. പണത്തിന് ഒട്ടും ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞവർ. എന്തു കൊണ്ടായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ സ്വരച്ചേർച്ച ഇല്ലാതായി പോയത്. ഗൗരിയുടെ ചിന്തകൾ മൗനത്തിലാണ്ടു. ഒരു ദീർഘ നിശ്വാസത്തിനു ശേഷം കൈയിൽ കരുതിയ ടൗവ്വൽ കൊണ്ട് മുഖം തുടച്ചു കാറിൽ കയറി.

ഒരിക്കലും മടങ്ങിവരാൻ ആഗ്രഹിക്കാത്ത വഴികളിൽ ഞാൻ വീണ്ടും വന്നിരിക്കുന്നു. ഈ മണ്ണിൽ ആയിരുന്നല്ലോ പ്രണയവും, ഒരു കാലത്തിൽ എന്നിലെ വസന്തവും നിറഞ്ഞു നിന്നത്. അന്തിച്ചോപ്പ് മാഞ്ഞ് ഇരുട്ടുവീണ ആകാശത്തിൽ നക്ഷത്രങ്ങൾ അങ്ങിങ്ങായി തെളിഞ്ഞു വന്നു. ഓർമ്മകൾ വരച്ചിട്ട വഴികളിലൂടെ കാർ സാവധാനം നീങ്ങിത്തുടങ്ങി. ഒരിക്കലും തിരിച്ചു വരാത്ത നനുത്ത ഓർമ്മകൾ ഉള്ളിലൊതുക്കി, മഞ്ഞുമൂടിയ വഴിയിലൂടെ കാർ നീങ്ങി, പതിയെ പതിയെ മൂടൽമഞ്ഞിന്റെ ഉള്ളിലേക്ക് മറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക