Image

കേരളത്തില്‍ പടരുന്നത് വ്യാപനശേഷി കൂടിയ ജനിതക വ്യതിയാനം വന്ന വൈറസെന്ന് പഠനം

Published on 13 September, 2020
കേരളത്തില്‍ പടരുന്നത് വ്യാപനശേഷി കൂടിയ ജനിതക വ്യതിയാനം വന്ന വൈറസെന്ന് പഠനം
തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമാണെന്ന് പഠനം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജും ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി(ഐ.ജി.ഐ.ബി.)യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമീപ ജില്ലകളില്‍നിന്നെത്തിയ രോഗികളില്‍നിന്ന് ശേഖരിച്ച 170ലധികം സാംപിളിന്റെ ജനിതക ശ്രേണി നിര്‍ണയമാണു നടത്തിയത്. ജനിതകശ്രേണീനിര്‍ണയം നടത്തിയത് സി.എസ്.ഐ.ആര്‍. ആണ്.

കോവിഡ് വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോര്‍ട്ടാണിത്. വുഹാനില്‍നിന്നെത്തിയ ആദ്യ രോഗികളുടെ സാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനവിധേയമാക്കിയിരുന്നു.

ഇതരസംസ്ഥാന യാത്രക്കാരില്‍നിന്നാണ് ബഹുഭൂരിപക്ഷ വൈറസ് വ്യാപനവും ഉണ്ടായിട്ടുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, ട്രാക്കിങ്, ക്വാറന്റീന്‍ എന്നിവ ഫലപ്രദമായിരുന്നെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ പഠനവിധേയമായ വൈറസുകളിലെ ജനിതകശ്രേണിയില്‍ ‘ഡി 614 ജി’ എന്ന ജനിതക വ്യതിയാനമാണ് കണ്ടെത്തിയത്. ജനിതകവ്യതിയാനം സാധാരണമാണെങ്കിലും കേരളത്തില്‍ കണ്ടെത്തിയത് വര്‍ധിച്ച വ്യാപനശേഷിയുള്ള വൈറസ് ഘടനയുള്ളതാണെന്നാണ് വിലയിരുത്തല്‍. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും ആവശ്യമാണെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നതായും മുഖ്യഗവേഷകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറും എമര്‍ജന്‍സി മെഡിസിന്‍ മേധാവിയുമായ ഡോ. ചാന്ദ്‌നി രാധാകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലിന്റെയും വിവിധ വകുപ്പുകളില്‍നിന്നുള്ള പതിന്നാല് ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഗവേഷണത്തിന്റെ ഏകോപനച്ചുമതല ഡല്‍ഹിയില്‍ സി.എസ്.ഐ.ആറിലെ ഡോ. വിനോദ് സ്കറിയക്കായിരുന്നു. ഡോക്ടര്‍മാരായ വി.ആര്‍. രാജേന്ദ്രന്‍, ജെ. ബിനാഫിലോമിന, പ്രശാന്ത് വിശ്വനാഥന്‍, പ്രിയങ്ക ആര്‍. നായര്‍, എന്‍.കെ. തുളസീധരന്‍, കല്പന ജോര്‍ജ്, ഷീല മാത്യു, പി. ജയേഷ് കുമാര്‍, കെ.ജി. സജീത്ത്കുമാര്‍, വി.കെ. ഷമീര്‍, വിനീത് ഗ്ലാഡ്‌സണ്‍, മിഥുന്‍മോഹന്‍, സി.പി. ഫിറോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Join WhatsApp News
Mathai 2020-09-16 16:17:26
Just waste of tax payers money for this study. Kerala govt employees are just waste and all Dept / man power should be privatized like in USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക