Image

മലയാളി മീഡിയാ സംഗമം ഫോമാ കണ്‍വെന്‍ഷനില്‍

അനിയന്‍ ജോര്‍ജ്‌ പി.ആര്‍.ഒ Published on 05 June, 2012
മലയാളി മീഡിയാ സംഗമം ഫോമാ കണ്‍വെന്‍ഷനില്‍
ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കയിലെ അച്ചടി-ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലെ എല്ലാ പ്രമുഖ പത്രപ്രവര്‍ത്തകരും കാര്‍ണിവല്‍ ഗ്ലോറിയില്‍ ഒത്തുചേര്‍ന്ന്‌ മീഡിയ സെമിനാറിന്‌ കളമൊരുക്കുന്നു. പ്രവാസി മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും, പത്രപ്രര്‍ത്തകനും അവതാരകനുമായ ജോര്‍ജ്‌ തുമ്പയില്‍ (വിഷ്വല്‍ മീഡിയ), ഇന്ത്യാ എബ്രോഡ്‌ ലേഖകനും, മലയാളം പത്രത്തിന്റെ പത്രാധിപരും, കേരളാ പ്രസ്‌ ക്ലബിന്റെ മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റും, ഐപിസിഎന്‍എയുടെ മുന്‍ പ്രസിഡന്റുമായ ജോര്‍ജ്‌ ജോസഫ്‌ (പ്രിന്റ്‌ മീഡിയ) ആണ്‌ മീഡിയ സെമിനാറിന്റെ ചുമതലക്കാര്‍.

ടാജ്‌ മാത്യു (മലയാളം പത്രം), ജോസ്‌ ചേന്നിക്കര (മലയാളി സംഗമം), ജോര്‍ജ്‌ കാക്കനാട്ട്‌ (ആഴ്‌ചവട്ടം), സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ടിവി), രാജു പള്ളം (ഏഷ്യാനെറ്റ്‌), ജോസ്‌ കാടാപുറം (കൈരളി ടിവി), ജോയിച്ചന്‍ പുതുക്കുളം (ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌ കോം), മധു രാജന്‍ (അശ്വമേധം) തുടങ്ങി ഒട്ടേറെ പ്രവാസി പത്രപ്രവര്‍ത്തകരാണ്‌ മീഡിയ സെമിനാറിനായി ഫോമാ കണ്‍വെന്‍ഷനില്‍ എത്തുന്നത്‌.

അമേരിക്കയിലെ പത്രപ്രവര്‍ത്തന രംഗത്തെ ആനുകാലിക പ്രശ്‌നങ്ങളും, പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസം, ഇന്റര്‍നെറ്റ്‌ മീഡിയകളുടെ അതിപ്രസരം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രവാസി പത്രപ്രവര്‍ത്തകരും, ഇന്ത്യയില്‍ നിന്നെത്തുന്ന പത്രസുഹൃത്തുക്കളും വിശകലനം ചെയ്യും.

ദീപിക പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ്‌ ആയ ജോര്‍ജ്‌ കള്ളിവയലില്‍, മലയാള മനോരമ ഇന്റര്‍നെറ്റ്‌ എഡിഷന്‍ ചീഫ്‌ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ബാബു പോള്‍ ഐ.എ.എസ്‌, ടിവി ഷോ അവതാരകനും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസന്‍ എന്നിവ മീഡിയ സെമിനാറില്‍ ഒത്തുചേരുമ്പോള്‍ സെമിനാര്‍ ശ്രദ്ധേയമാകുമെന്നതില്‍ സംശയമില്ല.

വടക്കേ അമേരിക്കയിലെ സംഘടനകളുടെ പ്രത്യേകിച്ച്‌ ഫോമയുടെ അസൂയാവഹമായ വളര്‍ച്ചയ്‌ക്ക്‌ താങ്ങും തണലുമേകിയത്‌ അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ സഹകരണവും പ്രചോദനവുമാണ്‌.

ഫോമാ 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍, ഫോമയുടെ കിരീടത്തില്‍ തൂവലുകള്‍ ചാര്‍ത്തുന്നത്‌ പത്രപപ്രവര്‍ത്തകരുടെ ഒത്തുചേരലാണ്‌.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സാരഥികളായ ജോര്‍ജ്‌ ജോസഫും, ജോര്‍ജ്‌ തുമ്പയിലും മീഡിയ സെമിനാറിന്‌ നേതൃത്വം നല്‍കുമ്പോള്‍ തീര്‍ച്ചയായും ഒട്ടേറെ വ്യത്യസ്‌തകള്‍ നിറഞ്ഞ ഒരു സെമിനാറാണ്‌ അമേരിക്കയിലെ പ്രവാസി പത്രപ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്‌.
മലയാളി മീഡിയാ സംഗമം ഫോമാ കണ്‍വെന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക