Image

വണ്‍ പീസറ്റേ റ്റൈം (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)

Published on 15 September, 2020
വണ്‍ പീസറ്റേ റ്റൈം (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)
സുപ്രസിദ്ധ കണ്‍ട്രീ സിംഗര്‍ ജോണീ ക്യാഷിന്റെ വളരെ പ്രസിദ്ധമായ ഒരു നമ്പറാണു “വണ്‍ പീസറ്റേ റ്റൈം... ഡിഡിന്‍ കോസ്മീയേ ഡൈം....” എന്നുള്ള കണ്‍ട്രീ സോംഗ്. എഴുപതുകളില്‍ വെസ്റ്റേണ്‍ കണ്‍ട്രീ സ്റ്റേഷനുകളില്‍ നിന്നും ജോണിയുടെ ഘനഗംഭീരമായ ശബ്ദവീചികള്‍ അമേരിക്കന്‍ വ്യോമമണ്ഡലങ്ങളിലങ്ങോളമിങ്ങോളം തരംഗങ്ങള്‍ സൃഷ്ടിച്ചു. ആ സമയങ്ങളിലെല്ലാം ഡോളര്‍ എന്ന ‘കല്‍ഹാരപുഷ്പം’ പറിച്ചെടുക്കാന്‍ വാഗ്ദത്തനാടായ അമേരിക്കയിലേക്കു പറക്കാന്‍ താറുടുത്തു നില്‍ക്കുകയാണു മലയാളി.
   
ജോണിയുടെ പാട്ടിന്റെ പശ്ചാത്തലം ഇതാണ്. ജോണി 1949-ല്‍ ജനറല്‍ മോട്ടേഴ്‌സിനു വേണ്ടി അവരുടെ അസംബ്ലി ലൈനില്‍ പണിയെടുക്കുന്ന സമയം. അദ്ദേഹത്തിനു ഒരു കറുത്ത കാഡിലാക്കു സ്വന്തമാക്കണമെന്ന തീരാത്ത മോഹം. അന്നു കാഡിലാക്ക് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ബ്ലാക്ക് ബ്യൂട്ടിയെ സ്വന്തമാക്കുക എന്നുള്ളത് ഏവരുടെയും സ്വപ്നമായിരുന്നു. ജോണിയും മോഹിച്ചു. എന്നാല്‍ തന്റെ മോഹം സാഫല്യമാവാത്ത വെറുമൊരു മോഹം മാത്രമാണെന്നും ജോണിക്കറിയാമായിരുന്നു. തന്റെ വരുമാനം കൊണ്ടു തനിക്കൊരിക്കലും ഒരു കാഡിലാക്ക് വാങ്ങാന്‍ പറ്റില്ല. അതുകൊണ്ട് അദ്ദേഹം അല്പം ‘സോഷ്യലിസ്റ്റു’ രീതിയില്‍ ചിന്തിച്ചു. ജനറല്‍ മോട്ടേഴ്‌സ് കോടികളുടെ ആസ്തിയുള്ള കമ്പനി. എന്നും വീട്ടിലേക്കു പോവുമ്പോള്‍ കമ്പനിയില്‍ നിന്നും ഓരോ പാര്‍ട്‌സ് ടൂള്‍ ബോക്‌സിലും മറ്റുമായി ആരും കാണാതെ അടിച്ചുമാറ്റുക. ജീ.എം. പോലുള്ള ഒരു വലിയ കമ്പിനിക്ക് ഓരോ ദിവസവും ഒന്നോ രണ്ടോ നട്ടോ ബോള്‍ട്ടോ പോയാല്‍ ഹൂ കെയേഴ്‌സ്! ജോണി അല്പം ലോജിക്കോടെ ചിന്തിച്ചു. അങ്ങനെ തന്റെ കുറ്റബോധം ഒന്നു ക്ലിയര്‍ ചെയ്തു. വലിയ, വലിയ പാര്‍ട്‌സൊക്കെ കൂട്ടുകാരന്റെ മൊബേല്‍ ഹോമില്‍കൂടെ അടിച്ചുമാറ്റി. അങ്ങനെ അനേക വര്‍ഷങ്ങള്‍കൊണ്ടു ആരും കാണാതെ ഒരു കാഡിലാക്കിന്റെ പാര്‍ട്‌സെല്ലാം ജോണിയുടെ വീടിന്റെ ഗരാജിനുള്ളിലായി. വര്‍ഷങ്ങള്‍ കൊണ്ടു സ്വരൂപിച്ചുകൂട്ടിയ പാര്‍ട്‌സെല്ലാം തല്ലിക്കൂട്ടി ഒരു കാഡിലാക്കുണ്ടാക്കി.
   
ഒരു സുപ്രഭാതത്തില്‍ തന്റെ ഭാര്യയേയും കൊണ്ടു ജോണി തന്റെ പുതിയ കാഡിലാക്ക് ഔദ്യോഗികമായി നിരത്തിലിറക്കി. കാറിന്റെ ആകൃതിയും ചെയ്‌വനയും  കണ്ട് കൗതുക കുതൂഹികളായ നാട്ടുകാര്‍ അതിശയിച്ചു. കാരണം ഇത്തരം ഒരു ജിഎം (ഏങ) മോഡല്‍ കാഡിലാക്ക് മുമ്പെങ്ങും അവര്‍ കണ്ടിട്ടില്ല. അവര്‍ ആകാംഷാഭരിതരായി മാറി. അവര്‍ ചോദിച്ചു. “ജോണി ഇതേതു വര്‍ഷത്തെ മോഡലാണ്...?” ജോണി പറഞ്ഞു: ഇതു “ഫോടിനൈന്‍, ഫിഫ്റ്റി, ഫിഫ്റ്റി വണ്‍, ഫിഫ്റ്റി റ്റൂ, സിക്സ്റ്റി, സ്ക്സ്റ്റി വണ്‍, സിക്സ്റ്റി റ്റൂ, സിക്സ്റ്റി ത്രീ.... സെവന്റി, സെവന്റി വണ്‍, സെവന്റി റ്റൂ, സെവന്റി ത്രീ... ഓടോ മൊബീല്‍...” എന്ന്.
   
ഈ കണ്‍ട്രീ സോംഗ് അമേരിക്കന്‍ അന്തരീക്ഷത്തില്‍ പൊടിപൊടിക്കുന്ന കാലത്താണ് അങ്ങേതിലെ ശോശാമ്മയും, ഇങ്ങേതിലെ മറിയാമ്മയും താഴേതിലെ ചാക്കോച്ചനും മേലേതിലെ ഈയുള്ളവനും ഇവിടേക്കു വരുന്നത്. ഏങ്ങനെയെങ്കിലും അമേരിക്കന്‍ ഡോളര്‍ എന്ന ആ കല്‍ഹാരപുഷ്പം പറിച്ചെടുക്കുക; അതായിരുന്നു ഈയുള്ളവന്റെയും ലക്ഷ്യം. കൂടാതെ മറ്റൊരു ലക്ഷ്യം  കൂടിയുണ്ട് ഈയുള്ളവന്റെ വരവിനു പിന്നില്‍; ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പട്ടികയില്‍ നിന്നും ഒരു പട്ടിണി മരണം കൂടെ ഒഴിവാക്കുക.
   
കാലത്തിന്റെ പ്രയാണത്തില്‍ മലയാളനാട്ടിന്റെ സന്താനങ്ങളില്‍ നല്ലൊരു ശതമാനം ഓരോന്നോരോന്നായിവന്നു ചേര്‍ന്നു. അങ്ങനെ നാട് ഒരോന്നോരോന്നായി ആളും അരങ്ങളും ഒഴിഞ്ഞ ഗ്രാമങ്ങളായി മാറി. വന്നവര്‍, വന്നവര്‍ അതതു സ്ഥലങ്ങളില്‍ മത്സരിച്ച് അസ്സേസിയേഷനും പള്ളികളും തുടങ്ങി. മലയാളിക്ക് അസോസിയേഷനും പള്ളിയും രാഷ്ട്രീയവുമില്ലാതെ ജീവിക്കാന്‍ പറ്റില്ലല്ലോ; അസോസിയേഷന്റെയും പള്ളികളുടെയും സംഖ്യ വളര്‍ന്നു വന്നു. വളരും തോറും പിളരുകയും, പിളരും തോറും വളരുകയോ വരളുകയോ ചെയ്തു.
   
മാസങ്ങളും, വര്‍ഷങ്ങളും കടന്നു പോയപ്പോള്‍ അച്ചായന്‍മാരും, അവരോടൊപ്പം പാരീസുകുട്ടിയും വന്നു. വന്നവരുടെയെല്ലാം ‘ബാലാരിഷ്ടതകള്‍’ മാറി. അവര്‍ക്കു വീടായി, കൂടായി, മാളികയായി, ബെന്‍സായി, മാസറാട്ടിയായി, ബെന്‍ലിയായി, പിന്നെ ബിന്ദു, രേഖ, സിന്ധു, ഗംഗ, യമുന, കാവേരി, പമ്പ, ബ്രഹ്മപുത്ര,  നിശ, തമസ്, ആകാശ്, സൂര്യചന്ദ്രാദിതാരവ്യൂഹങ്ങളുടെ പേരുകളുള്ള കുട്ടികളുമായി. ചിലര്‍ക്കു നമ്മുടെ നാടന്‍ ഇഞ്ചിയുടെ ഇംഗ്ലീഷ് പേരായ ജിഞ്ചര്‍ എന്നായി. ചിലര്‍ക്കു ഏതോ ലഹരി പാനീയത്തിന്റെ പേരുള്ള ബ്രാണ്ടി എന്ന പേര്. ബ്രാണ്ടി എന്നതു അച്ചായന്മാര്‍ പിരിമുറുക്കത്തില്‍ നിന്നും താല്‍ക്കാലിക മോചനം നേടാന്‍ ഡ്രംസ്റ്റിക്കിന്റെ കൂടെ മേമ്പൊടിയായി ഉപയോഗിക്കുന്ന ഐസിട്ട ഏതോ സ്വര്‍ണ്ണപാനീയമാണല്ലോ? ഒരു തനി ശുദ്ധഗതിക്കാനും, വെജിറ്റേറിയനുമായ ഈ ലേഖകന്‍ ഐസിട്ട ഈ പാനീയം അച്ചായന്മാര്‍ ഒറ്റ വീര്‍പ്പിനു വലിച്ചു കുടിക്കുന്നതു അല്ലെങ്കില്‍ ഊതിക്കുടിക്കുന്നതു വളരെ കൗതുകത്തോടെ ദൂരെ മാറിനിന്നു വീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവിടെയെങ്ങും പോയി നിന്നേക്കരുതെന്നാണു ഭാര്യയുടെ ‘ഊരുവിലക്ക്’...! നാട്ടിലാണെങ്കില്‍ ‘റ്റച്ചിംഗ്’ എന്നൊരു ചെറിയ പരിപാടിയും ഇതിന്റെ ഭാഗമായിട്ടുണ്ടല്ലോ? ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: സായിപ്പിന്റെ നാട്ടില്‍ വന്നിട്ടു നാട്ടിലെ പോലെ റ്റച്ചിംഗ് നടത്തുന്നതു കുറച്ചിലാണെന്നു ഒരച്ചായന്‍ പറഞ്ഞു തിരുത്തി. അതു കാലികമായി എഴുതാന്‍ ഇപ്പോള്‍ പ്രയോജനപ്പെട്ടു.
   
സിന്ധുവിനും, ഗംഗയ്ക്കും, യമുനയ്ക്കുമൊക്കെ മാമോദീസായായി, മധുരപതിനാറായി, മധുരപതിനേഴായി, പതിനെട്ടായി, കല്യാണമായി. ഇതിനെല്ലാം സാക്ഷ്യം വഹിപ്പാന്‍, പിറന്ന മണ്ണില്‍ തന്നെ കിടന്നു ചാവണം എന്നു ശാഠ്യം പിടിച്ചു നിന്നിരുന്ന പാവം അപ്പച്ചന്‍മാരേയും, അമ്മച്ചിമാരെയും ഇവിടെ കൊണ്ടുവന്നു മണിമാളികകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ ബന്ധനസ്ഥരാക്കി അവരുടെ തീരാ ശാപവും ഏറ്റുവാങ്ങി. എന്നിട്ടവര്‍ക്കു ജോലിയും (ശമ്പളമില്ലാത്ത) കൊടുത്തു.
   
നാട്ടില്‍ നിന്നു വാസ്തുശില്പിയെ വിളിച്ചു പാരീസു കൂട്ടി തനിനാടന്‍ രീതിയില്‍ തന്നെ ഒരു നാലുകെട്ടുണ്ടാക്കി. അതിനു മുമ്പായി ‘അനന്തം അജ്ഞാനം’ എന്ന ടി വി പ്രോഗ്രാമിന്റെ അവതാരകനെ ലോംഗ് ഡിസ്റ്റന്‍സു വിളിച്ചു പ്രശ്‌നം വച്ചു നോക്കി. വീടിനു ചുറ്റും “ആയിരം താമരക്കുളങ്ങള്‍ കുഴിച്ച് അരയന്നങ്ങളെ വളര്‍ത്തി.” പ്രാവിന്‍ കൂടുണ്ടാക്കി,  അനിയത്തി പ്രാവിനെയും, ജേഷ്ഠത്തിപ്രാവിനേയും വളര്‍ത്തി. പിന്നാമ്പുറത്ത് ഗസീബോ ഉണ്ടാക്കി. പര്‍ണ്ണശാലയുണ്ടാക്കി...
   
താജ്മഹല്‍ റെസ്റ്റൊറന്റിന്റെ ഉടമ ഷാജഹാനും ഭാര്യ മുംതാസും മകന്‍ ഔരംഗസീബിന്റെ വിവാഹത്തിനു നാട്ടില്‍ പോയപ്പോള്‍ അവര്‍ക്കൊപ്പം പാരീസു കുട്ടിയുടെ അപ്പച്ചനും, അമ്മച്ചിയും അമേരിക്കയിലെത്തി. ലഗ്‌വാര്‍ഡിയാ എയര്‍പോര്‍ട്ടിലെ കണ്‍വേയര്‍ ബെല്‍റ്റിലൂടെ നിശ്ചലമായി നീങ്ങുന്ന പാരീസുകുട്ടിയുടെ അമ്മച്ചിയുടെ ചട്ടയും, മുണ്ടും നേര്യതും കണ്ട് ആശയദാരിദ്ര്യം കലശലായി ബാധിച്ചു നാളുകളായി മനസു മുരടിച്ചിരുന്ന ഇറ്റാലിയന്‍ ക്ലോത്തിംഗ് ഡിസൈനര്‍ ഗുസേപ്പേ ഗൂച്ചി അമ്മച്ചിയുടെ പടം അവരറിയാതെ തന്റെ ക്യാമറായില്‍ ഒപ്പിയെടുത്തു. പുതിയ ഒരു ഫാഷന്റെ തരംഗം അയാളുടെ മനസ്സിലുദിച്ചു. തൊണ്ണൂറ്റിയൊന്‍പതു ശതമാനം കഷണ്ടി ബാധിച്ച അപ്പച്ചന്റെ കഷണ്ടിയില്‍ ക്യാമറായുടെ ഫ്‌ളാഷടിച്ചപ്പോള്‍ സഹയാത്രികരുടെ കണ്ണുകള്‍ മഞ്ചിച്ചുപോയി.    
   
അന്നു ശനിയാഴ്ച പാരീസുകുട്ടിയുടെ പുതിയ വീടിന്റെ വാസ്‌തോലിയായിരുന്നു. വര്‍ണ്ണ പേപ്പറില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ മാളികയുടെ ഫാമിലി റൂമില്‍ കുമിഞ്ഞുകൂടി. വീടിന്റെ ബേസ്മന്റില്‍ നിന്നും പലതരം കുപ്പികള്‍ പൊട്ടുന്ന ശബ്ദം അങ്ങകലെ വച്ചേ കേള്‍ക്കാമായിരുന്നു.  മൗനദാഹികളുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. ചിലരൊക്കെയും വാളു വയ്ക്കാന്‍ പരുവമായവര്‍... ചിലരുടെ നില്‍പു കണ്ടാല്‍ ഞരമ്പിനു തീ പിടിച്ചപോല്‍.. വീടിന്റെ മൂലയില്‍ മാറി ഒതുങ്ങി നില്‍ക്കുന്ന ‘ഒന്നും മിണ്ടാത്ത ഭാര്യമാര്‍’.... വേറെ ചിലെടത്തു ‘വെറുതെ ഒരു ഭാര്യ’ ആയി ചിലര്‍... ഭാര്യ എന്താ വരാഞ്ഞതു എന്നു ചോദിച്ചപ്പോള്‍ ‘ഭാര്യ അത്ര പോരാ’ എന്നു മറ്റു ചിലര്‍...! ചിലരുടെ സംസാരങ്ങളും കൊത്തിവലിക്കുന്ന നോട്ടങ്ങളും അതിരുകടന്നപ്പോള്‍ “വേറെയാണു വിചാരമെങ്കില്‍ നേരമായതു ചൊല്ലുവാന്‍’ എന്ന മട്ടില്‍ എന്തിനും തയ്യാറായി ചിലര്‍! ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ ചിലര്‍! പാരീസു കുട്ടിയുടെ ഒരു കസിന്‍ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’യും അവിടെയുണ്ടായിരുന്നു.
   
പുതുതായി വന്ന അപ്പച്ചനും അമ്മച്ചിയ്ക്കും വണ്‍ പീസറ്റേ റ്റൈം ചില മെറ്റമോര്‍ഫോസിസ് ഒക്കെ വന്നു. ജരാനരാദികള്‍ ഒന്നും ലേശമേ ഏല്‍ക്കാത്ത കറുകറുപ്പന്‍ മുടിയുള്ള അപ്പച്ചന്‍ ഒരു കയ്യില്‍ എരിയുന്ന ഒരു സിഗരറ്റും മറുകയ്യില്‍ കട്ടിയുള്ള പൊക്കം കുറഞ്ഞ ഗ്ലാസ്സില്‍ ഐസിട്ട സ്വര്‍ണ്ണപാനീയവും, കയറുപിരിയന്‍ സ്വര്‍ണ്ണമാലയും, സില്‍ക്കു ജൂബ്ബായുമായി, സല്‍വ്വാര്‍ കമ്മീസും, ഹൈഹീല്‍ഡ് ഷൂസും കറുത്ത കണ്ണടയും ധരിച്ച് കൈനഖം കടിച്ചുകൊണ്ട് നമ്രശിരസ്കയായി കിച്ചനില്‍ നിന്നും ഇറങ്ങിവരുന്ന അമ്മച്ചിയുടെ കൈപിടിച്ചു വരുന്നതു കണ്ടപ്പോള്‍ സ്ത്രീജനങ്ങള്‍ക്കു നാണം വന്നു. അവര്‍ ‘ശോ...’ എന്നു പറഞ്ഞുകൊണ്ട് ഓടി മറഞ്ഞു. അപ്പച്ചനെ കണ്ടവരെല്ലാം ജിജ്ഞാസയുടെ ആഴക്കയങ്ങളിലേക്ക് ഒഴുകിപ്പോയി. അന്ന് അപ്പച്ചനായിരുന്നു താരം . വന്നവര്‍ക്കെല്ലാമറിയണം അപ്പച്ചനെത്ര വയസ്സായി എന്ന്.
   
അകലങ്ങളിലെവിടെയോ ഉള്ള കണ്‍ട്രീ സ്റ്റേഷനിലെ ജാലകവിടവില്‍ കൂടെ ജോണീ ക്യാഷിന്റെ പാട്ടു ഒഴുകിയെത്തി. ഫോടിനൈന്‍, ഫിഫ്റ്റി, ഫിഫ്റ്റി വണ്‍, ഫിഫ്റ്റി റ്റൂ, ഫിഫ്റ്റി ത്രീ..., സിക്സ്റ്റി, സിക്സ്റ്റി വണ്‍, സിക്സ്റ്റി റ്റൂ, സിക്സ്റ്റി ത്രീ....., സെവന്റി, സെവന്റി വണ്‍, സെവന്റി റ്റൂ, സെവന്റി ത്രീ.... സ്ത്രീ ജനങ്ങള്‍ മൂക്കത്തു വിരല്‍ വച്ചു.
   
എങ്ങു നിന്നോ ബാര്‍ബക്യൂവിന്റെ മണമുള്ള ഒരു തണുത്ത തെന്നല്‍ പാരീസുകുട്ടിയുടെ വാതായനപഴുതിലൂടെ കയറിയിറങ്ങി. അപ്പോഴേക്കും ജോണിയുടെ ശബ്ദവീചികള്‍ ആ സന്ധ്യയെ യൗവ്വനയുക്തമാക്കിയിരുന്നു.
************

Join WhatsApp News
RAJU THOMAS 2020-09-16 14:56:01
Thanks for that beautiful background story of Johnny Cash's 'One Piece At A Time.'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക