Image

നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി; കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി

Published on 22 September, 2020
 നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി; കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി


തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. സര്‍ക്കാരിന് ഇത്തരമൊരു അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിതള്ളാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഭയിലെ ഐക്യം നിലനിര്‍ത്താന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ വാദവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടിയിരുന്നു. 

മന്ത്രിമാരായ കെ.ജി ജലീല്‍, ഇ.പി ജയരാജന്‍ അടക്കമുള്ളവര്‍ പ്രതികളായ കേസാണിത്. 2015ല്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സഭയില്‍ കയ്യാങ്കളി നടന്നത്. പൊതുമുതല്‍ നശിപ്പിച്ചതുവഴി രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. 

കെ.അജിത്, കെ.കുഞ്ഞഹമ്മദ്, വി.ശിവന്‍കുട്ടി, സി.കെ സദാശിവന്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. ബാര്‍കോഴ കേസില്‍ ആരോപണം നേരിട്ട കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ സമരത്തിനിടെയായിരുന്നു ബജറ്റ് അവതരിച്ചത്. കെ.എം മാണി നിയമസഭയില്‍ കടക്കുന്നത് തടയാനുള്ള എല്‍.ഡി.എഫ് അംഗങ്ങളുടെ എല്ലാ ഉപരോധങ്ങളും പ്രതിരോധിച്ച് അദ്ദേഹം സഭയിലെത്തി ബജറ്റ് അവതരിപ്പിച്ചിരുന്നു. 

ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയില്‍ എത്തുകയും സ്പീക്കറുടെ ഡയസ്സില്‍ അടക്കം കയറി ബഹളം വയ്ക്കുകയും ചെയ്തിരുന്നു. സ്പീക്കറുടെ കസേര മറിച്ചിട്ട പ്രതിപക്ഷം മൈക്കുകളും  എമര്‍ജന്‍സി ലാമ്പും ഡിജിറ്റല്‍ ക്ലോക്കും മോണിട്ടറും ഹെഡ്‌ഫോണും അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്തിരുന്നു. 

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന പി.ഡി.ഡി.പി ആക്ട് പ്രകാരമാണ് കേസ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി നല്‍കിയ അപേക്ഷ പ്രകാരം് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നിയമസഭയ്്ക്കുള്ളിലെ പ്രതിഷേധം അംഗങ്ങളുടെ പ്രിവിലേജ് ആണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ കൊലപാതകം നടന്നാല്‍ അത് പ്രവിലേജില്‍ വരുമോ എന്നായിരുന്നു ചെന്നിത്തലയ്ക്കു വേണ്ടി ഹാജരായ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫലി ഉന്നയിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ ബി.ജെ.പിയും തടസ്സഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തേക്ക് മാറ്റുകയായിുരന്നു. കേസില്‍ സര്‍ക്കാരിന്റെയും തടസ്സവാദം ഉന്നയിച്ചവരുടെയും വിശദമായ വാദം കേട്ടശേഷമാണ് വിധി പറഞ്ഞത്. 

സി.ജെ.എം കോടതി ഉത്തരവിനെതിരെ സര്‍ക്കാരിന് അപ്പീല്‍ സമര്‍പ്പിക്കാം. എന്നാല്‍ ഇതിനകം പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയും നഷ്ടപരിഹാര തുക കെട്ടിവയ്ക്കുകയും വേണം. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞൂ. 
--------------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക