Image

ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു

Published on 24 September, 2020
ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു
മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ്(59) മുംബൈയില്‍വെച്ച്‌ അന്തരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഡീന്‍ ജോണ്‍സിന്‍റെ അന്ത്യം. 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഔദ്യോഗിക ടിവി ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് കമന്ററി പാനലിന്റെ ഭാഗമായാണ് ജോണ്‍സ് ഇന്ത്യയിലെത്തിയത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു ഡീന്‍ മെര്‍വിന്‍ ജോണ്‍സ് 1961 മാര്‍ച്ച്‌ 24നാണ് ജോണ്‍സിന്‍റെ ജനനം. ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റുകളും ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഏകദിനത്തില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും ജോണ്‍സ് തിളങ്ങി. 

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു, ആദ്യകാല ഐസിസി പ്ലെയര്‍ റാങ്കിംഗില്‍ മുന്‍ നിരയിലായിരുന്നു ജോണ്‍സിന്‍റെ സ്ഥാനം. പേസിനും സ്പിന്നിനുമെതിരായ വേഗതയേറിയ ഫുട് വര്‍ക്കുകളുമായാണ് ജോണ്‍സ് ബാറ്റു വീശിയിരുന്നത്.

വിക്കറ്റുകള്‍ക്കിടയില്‍ ഓട്ടത്തിലൂടെയും ശ്രദ്ധേയനായിരുന്നു ജോണ്‍സ്, ഏത് പ്രതിസന്ധിഘട്ടത്തെയും നേരിടാനുള്ള ശേഷി കളിക്കളത്തില്‍ അദ്ദേഹം പ്രകടമാക്കിയിരുന്നു. 2019 ല്‍ ജോണ്‍സിനെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക