Image

അതുല്യപ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തിന് വിട; സംസ്‍കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

Published on 26 September, 2020
അതുല്യപ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തിന് വിട; സംസ്‍കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

ചെന്നൈ: വെള്ളിയാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് നാട് വിട ചൊല്ലി. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖര്‍ എത്തിയിരുന്നു.


കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.


നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു. സംവിധായകരായ ഭാരതിരാജ, അമീര്‍ ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍ തുടങ്ങിയവരും നൂറുകണക്കിന് ആരാധകരും റെഡ് ഹില്‍സില്‍ എത്തി.


വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്ബാക്കത്തെ വീട്ടില്‍ നിന്നു എസ്പിബിയുടെ ഭൗതിക ദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്ബാക്കത്തു നിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

ഫാം ഹൗസിലെ സ്ഥലത്തു നിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക