Image

പാമ്പും കോണിയും - നിർമ്മല - നോവൽ -13

Published on 26 September, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ -13
ടൊറന്റോയിൽ ജീവിതം മെച്ചപ്പെട്ടതായിരിക്കും. ജോയി പല തവണ സമർത്ഥിച്ചു. ആൽബർട്ടവിട്ട് എങ്ങോട്ടും പോകുന്നതിനെപ്പറ്റി സാലി ആലോചിച്ചിരുന്നില്ല. അല്ലെങ്കിലും എടുത്തെറിയപ്പെട്ട കല്ലു പോലെ വീഴുന്നേടത്തെ ചെളിയുമായി ചങ്ങാത്തം കൂടിയൊരു പരിചയമേ സാലിക്കറിയൂ.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ വന്നവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു..

ആലോചിച്ചു സമയം നഷ്ടമാക്കാതെ ജോലി ഉപേക്ഷിച്ച് ജോയി ടൊറന്റോയിലേക്കു പോയി. ഒറ്റയ്ക്കായിപ്പോയ സാലി ഭയന്നുവിറച്ചു പ്രാർത്ഥിച്ചു.ഒന്റേറിയോ , കാനഡയുടെ മദ്ധ്യപ്രദേശം. ധ്രുവത്തിൽ നിന്നും അകലെയായതുകൊണ്ട് കാൽഗറിയോളം തണുപ്പുവരില്ല. കാനഡയിലെ നഗരങ്ങളിലേറ്റവും വലി ടൊറന്റോയാണ് ഒന്റേറിയോയുടെ തലസ്ഥാനം. ഇന്ത്യക്കാരും പ്രത്യേകിച്ചു മലയാളികളും കൂടുതലുണ്ട്.
ആൽബർട്ടയിലെ തണുപ്പിൽ കഴിയുന്നതെന്തിനാണ്. ചെവിയെ , മൂക്കിനെ , മനസ്സിനെ മരവിപ്പിച്ചു കളയുന്ന തണുപ്പിൽ നിന്നും ഓടിപ്പോയേ പറ്റൂ. പുല്ലു വളരാത്ത സ്നോ , ഭൂമിയെ വെളുപ്പിക്കുന്ന നീണ്ടനീണ്ട മഞ്ഞുപെയ്ത്തുകൾ . അതിലൂടെ തുഴഞ്ഞു മരവിച്ച് ജീവിതം ഒപ്പിച്ചെടുക്കേണ്ടതില്ല. ടൊറന്റോയിൽ ജീവിതം മെച്ചപ്പെട്ടതായിരിക്കും. ജോയി പല തവണ സമർത്ഥിച്ചു. ആൽബർട്ടവിട്ട് എങ്ങോട്ടും പോകുന്നതിനെപ്പറ്റി സാലി ആലോചിച്ചിരുന്നില്ല. അല്ലെങ്കിലും എടുത്തെറിയപ്പെട്ട കല്ലു പോലെ വീഴുന്നേടത്തെ ചെളിയുമായി ചങ്ങാത്തം കൂടിയൊരു പരിചയമേ സാലിക്കറിയൂ.
ആലോചിച്ചു സമയം നഷ്ടമാക്കാതെ ജോലി ഉപേക്ഷിച്ച് ജോയി ടൊറന്റോയിലേക്കു പോയി. ഒറ്റയ്ക്കായിപ്പോയ സാലി ഭയന്നുവിറച്ചു പ്രാർത്ഥിച്ചു. അനാഥയാകുന്നതും യോഹന്നാന്റെ വീട്ടിലേക്കു മടങ്ങിപ്പോകുന്നതും മനസ്സിൽ വരച്ചുമായ്ച്ച് ആ രണ്ടു മാസക്കാലം അവൾ വിതുമ്പിക്കരഞ്ഞു.
ഒരു മാസം കൊണ്ട് ജോയി ജോലി കണ്ടുപിടിച്ചു. അപ്പാർട്ടുമെന്റെടുത്തു. സാലിക്കു ഭയം മാത്രമേ ഉണ്ടായിരുന്നുള്ളു. അറിയാത്ത നാട്.
ആരെയൊക്കെ അറിഞ്ഞിട്ടാണ് കാനഡയ്ക്കു വന്നതെന്ന് ജോയി അവളോടു ചോദിച്ചു. ആൽബർട്ടയിൽ യോഹന്നാനുണ്ട് , എൽസിയുണ്ട് , അവരുടെ കൂട്ടുകാരായി പരിചയക്കാരുണ്ട്.
നമ്മക്കു നമ്മളു മാത്രമേയുള്ളു.
ജോയിയുടെ ആ പ്രസ്താവന കേട്ട് സാലി അമ്പരന്നു. മറ്റാരും ഇല്ലാതെ എങ്ങനെയാണു ജീവിക്കുന്നത്? ജോയിയെ ഒന്നും ഭയപ്പെടുത്താത്തത് സാലിയെ അൽഭുതപ്പെടുത്തി. അമ്മച്ചിക്ക് ആൽബർട്ട തണുപ്പു സഹിക്കാൻ പറ്റില്ലെന്ന് ജോയിക്കറിയാമായിരുന്നു. അയാൾക്കു പലതും ചെയ്യാനുണ്ട് , ലക്ഷ്യത്തിലെത്താനുള്ള കരുത്തുണ്ട്. ആത്മവിശ്വാസമുണ്ട്.
അവരുടെ സാധനങ്ങൾ കാർഗോയിൽ അയയ്ക്കും. രാത്രിയിലെ ബസ്സിന് അവർ ടൊറന്റോയ്ക്കു പോകും. ടൊറന്റോയിൽ അവരെ കാത്ത് ജോയിയുടെ കൂട്ടുകാർ ഉണ്ടായിരിക്കും.
ജോയി തിരക്കിൽ എല്ലാം ട്രക്കിലെത്തിക്കാനുള്ള ബദ്ധപ്പാടിലാണ്.
രാവിലെ വിളിച്ചപ്പോൾ എൽസി ചോദിച്ചു:
- നിങ്ങളെപ്പഴാ പോകുന്നത് ?
- ഒരു മണിക്ക് ഇവിടുന്നെന്തെങ്കിലും കഴിച്ചിട്ടിറങ്ങാമെന്നു കരുതി.
കാർഗോ അയച്ചു കഴിഞ്ഞാൽ ബസ്സ് രാത്രിയിലാണ്. നിങ്ങളു വരുന്നോ ?
ഓ... ഇല്ലില്ല ...ബോബിക്കു ഹോംവർക്കുണ്ട്.
ഹൈസ്ക്കൂൾകുട്ടികൾക്ക് കൂട്ടിരിക്കേണ്ട. ബോബിയെയും ബോണിയെയും കൂട്ടാതെ അവർ പലയിടത്തും പോകാറുള്ളത് സാലിക്കറിയാം. അത് സാലിക്കറിയുമെന്നത് എൽസിക്കും അറിയാം. അറിവുകളെ അറിവുകേടുകളാക്കി ചുമക്കുന്ന ജീവിതം.
വീടു മാറുന്നു. നാടുമാറുന്നു. ഒരു തരത്തിൽ മാറ്റം നല്ലതാവുമെന്ന് സാലിക്കു തോന്നി. ആൽബർട്ട സംസ്ഥാനത്തിൽ നിന്നും അകന്നു പോകുന്നത് ആശ്വാസമാവാം. ഇനി എല്ലാ ആഴ്ചയിലും എൽസി ആന്റിക്കു കുത്തിക്കീറാനാവില്ല. സാലിയുടെ ശരീരം. സാലിയുടെ രാവുകൾ , സാലിയുടെ പകലുകൾ , സാലിയുടെ വാങ്ങലുകൾ, സാലിയുടെ സൗഹൃദങ്ങൾ, സാലിയുടെ ജോലി, സാലിയുടെ ജീവിതം എൽസിയുടെ ചികഞ്ഞു നോട്ടങ്ങൾക്കും വിലയിടലുകൾക്കും പുറത്തുകടന്നു പോകുന്നു.
ജോയിയുടെ സുഹൃത്തുക്കൾ തമാശ പറയുകയും ബിയറു കുടിക്കുകയും ചെയ്തുകൊണ്ട് കാർഗോയിൽ അയയ്ക്കാനുള്ള സാധനങ്ങൾ പായ്ക്കു ചെയ്യുകയും ട്രക്കിൽ കയറ്റുകയും ചെയ്തു. ആൺകുട്ടികളുടെ ഉൽസാഹം അവളെ അൽഭുതപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സാലി വിമ്മിട്ടത്തോടെ ചിരിക്കാൻ ശ്രമിച്ചു.
സാധനങ്ങൾ ഒഴിഞ്ഞ അപ്പാർട്ടുമെന്റിൽനിന്നും ജോയിയെയും സാലിയെയും ഊണുകഴിക്കാൻ പുറത്തു പോകാമെന്നു പറഞ്ഞ് കൂട്ടുകാർ നിർബന്ധിച്ചു.
- വേഗം വാ പോയി സപ്പറു കഴിക്കാം.
- അയ്യോ നിങ്ങളു പൊയ്ക്കോളൂ ഞങ്ങൾക്കു ബസ്സു പിടിക്കാനുള്ളതല്ലേ?
അതൊന്നും പറഞ്ഞാൽ പറ്റില്ല. അവിടെ വന്നു വല്ലതും കഴിച്ചിട്ട് ഇങ്ങോട്ടു പോരൂ.
- ലെയ്റ്റാവില്ലേ?
ജോയി ചോദിച്ചു.
- ഒരു മണിക്കൂറല്ലേ ഉള്ളൂ. ബസ്സു പാതിരാത്രി ആയിട്ടേ വരൂ. ഇതി എന്നാ നമുക്ക് ഒന്നിച്ചുകൂടാൻ പറ്റുക?
അവർ വിടാൻ ഭാവിച്ചല്ല. അവരിലൊരാൾ വീട്ടിൽ പോയി കുളി കഴിഞ്ഞു വരാമെന്നു പറഞ്ഞു. ഒടുക്കം സാലിയും ജോയിയും കുളിച്ച് തുണിയൊക്കെ മാറ്റി വന്നാൽ മതിയെന്നു സമ്മതിപ്പിച്ച് അവർ പോകാനൊരുങ്ങി. ഒന്നിച്ചു പുറത്തുപോയി അത്താഴം കഴിച്ചിട്ട് രാത്രി പന്ത്രണ്ടു മണിയുടെ ബസ്സിന് അവരെ കയറ്റി വിട്ടിട്ടു പിരിയാമെന്നു സമ്മതിച്ചു.
ജോയിച്ചായാ കുളിച്ചു റെഡിയാവ് . പോകേണ്ടേ ?
ജോയിക്ക് ഇനി എങ്ങോട്ടും പോകേണ്ട. ഒരു ഊണിനു വേണ്ടി അവിടം വരെ പോകാതെ എന്തെങ്കിലും വാങ്ങിക്കൊണ്ടുവന്ന് ഇവിടിരുന്നു കഴിച്ചിട്ട് ...
സഹായം ചെയ്ത കൂട്ടുകാരോടു ചെയ്യുന്നതു ശരിയല്ല.  സാലി അതിനു സമ്മതിക്കില്ല.  പേരെങ്കിൽ ചെല്ലാമെന്ന് അവരോടു പറഞ്ഞതുമാണ്.  ജോയി മനസില്ലാമനസോടെ കുളിക്കാൻ പോയി.  സാലി പാന്റിനൊപ്പം ഇടാൻ രണ്ടു ടോപ്പുകൾ എടുത്തു വെച്ചു.  ഒന്നിനു കൈ നീളമുണ്ട് തണുപ്പു കുറയും.  മറ്റേതാണ് കാണാൻ ഭംഗി .   
- ജോയിച്ചായ ഇതിലേതിടണം ഞാൻ? 
- എന്തെങ്കിലും ഒന്നിട്ടോണ്ടു വാ......
അവൾ വീണ്ടും വിശദീകരിക്കാൻ ശ്രമിച്ചു.
- ഇതിന്റെ കൈക്ക് നീളമുള്ളതു കൊണ്ട് എനിക്കൊരു ബനിയൻ അകത്തിടാം.  തിരിച്ചു വരുമ്പൊ നല്ല തണുപ്പായിരിക്കും.  എന്നാലും ഇതു കാണാനാ ഭംഗി.
അവൾ പറഞ്ഞു കൊണ്ടിരുന്നതിനിടയിൽ ജോയി ലീവിംങ് റൂമിലേക്ക് പോയി.  കുളിച്ചു കൊണ്ടിരുന്നപ്പോൾ സാലി വെള്ളത്തിനോടു പരിഭവം പറഞ്ഞു.
- ഇതിനായിരുന്നെങ്കിൽ ഒറ്റക്കു താമസിച്ചാൽ പോരായിരുന്നോ?
- നിനക്ക് എൽസിയുടെ വീട്ടിലേക്ക് തിരിച്ചു പോണോ?
വെള്ളം മറു ചോദ്യം ചോദിച്ചു.
- വേണ്ട ..... വേണ്ട ...
അവൾ തലകുലുക്കി കരഞ്ഞു. 
എത്ര മുശടനാണെങ്കിലും എനിക്ക് ജോയിച്ചായൻ വേണം.  ആ നരകത്തിലേക്കിനി ഇല്ല.  ആത്മഹത്യ ചെയ്യേണ്ടി വന്നാലും!
ഹോം വർക്കു തീർന്നോ സഹായം വേണോ എന്നൊന്നു വിളിച്ചു ചോദിച്ചാലോ? 
അവൾ ചിരിക്കാൻ ശ്രമിച്ചു.  വെള്ളം പറ്റിപ്പിടിച്ച കണ്ണാടി മറുപടി പറഞ്ഞു
അങ്ങനെ തന്നെ, ചിറ്റിപ്പിഴിഞ്ഞിരിക്കാതെ !
സാലി ഭംഗിയുള്ള ടോപ്പിട്ടു.  
കുറച്ചു തണുത്താലും വേണ്ടില്ല. 
അവൾ ഫേസ് പൗഡറിട്ടു,  റൂഷു കൊണ്ട് കവിൾ ചുവപ്പിച്ചു.  ചുണ്ടിലും  ചുവപ്പു പുരട്ടി നന്നായിട്ടൊരുങ്ങി.  
ജോയി ഒന്നും കണ്ടതേയില്ല.  മണിയുടെ അപ്പാർട്ടുമെന്റിൽ നിന്നും എന്തോ സാധനം എടുക്കാനെന്നും പറഞ്ഞ് മണി അവന്റെ അപ്പാർട്ടുമെന്റിലേക്ക് നിർബ്ബന്ധിച്ചു കൊണ്ടു പോയി.  അവിടെ അവരുടെ കൂട്ടുകാരെല്ലാമുണ്ടായിരുന്നു.  
ജോയിക്കും സാലിക്കും യാത്രയയപ്പു പാർട്ടി ! 
കൂട്ടുകാർ, വിഭവങ്ങൾ, അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പാട്ട്, സംസാരം, ചിരി .  സാലി അത്ഭുതവും സന്തോഷവും കൊണ്ട് വീർപ്പുമുട്ടി.  
ഈ ടോപ്പു തന്നെ ഇട്ടതു നന്നായി. 
അവൾ ഉള്ളിൽ അഭിമാനിച്ചു
                                             തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ -13
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക