Image

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

Published on 28 September, 2020
നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി സാക്ഷിയുടെ പരാതി. പ്രൊസിക്യൂഷന്‍ സാക്ഷി വിപിന്‍ ലാലാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 


ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നുമുള്ള ആവശ്യം പ്രൊസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചതിന്റെ പിന്നാലെയാണ് അതിനെ ബലപ്പെടുത്തുന്ന പരാതി വന്നിരിക്കുന്നത്.


കോടതിയിലും പൊലീസിലും നല്‍കിയ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തുന്നതെന് വിപിന്‍ പരാതിയില്‍ പറയുന്നു. ഫോണ്‍ വിളിച്ചും കത്തുകളയച്ചുമാണ് ഭീഷണിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സഹതടവുകാരനായിരുന്നു വിപിന്‍ ലാല്‍. സുനി നടന്‍ ദിലീപിനയച്ച കത്ത് എഴുതി നല്‍കിയത് ഇയാളായിരുന്നു. ഇയാളോട് പ്രതികള്‍ പല സംഭവങ്ങളും പങ്കു വെച്ചിട്ടുണ്ടെന്നാണ് വിവരം. 


കത്തെഴുതി നല്‍കിയതിന്റെ പേരില്‍ ഇയാള്‍ കേസില്‍ പ്രതിയാക്കപ്പെട്ടിരുന്നു. പിന്നീടിയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു പൊലീസ്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാമ, സിദ്ദീഖ് എന്നിവരുടെ മൊഴിമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്നും കൂടുതല്‍പ്പേരെ ദിലീപ് സ്വാധീനിച്ചേക്കാമെന്നും പ്രൊസിക്യൂഷന്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. 


ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രൊസിക്യൂഷന്റെ സാക്ഷിയും മൊഴി മാറ്റിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അന്വേഷകര്‍ ഇത് ചൂണ്ടിക്കാട്ടി പുതിയൊരു ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. 


സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉപാധിയും കോടതി വെച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ജനുവരി മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക