Image

മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഇടപെടല്‍ പ്രശംസനീയം: മന്ത്രി എ.കെ.ബാലന്‍

Published on 28 September, 2020
മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഇടപെടല്‍ പ്രശംസനീയം: മന്ത്രി എ.കെ.ബാലന്‍

കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടായി നടത്തി വരുന്ന മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഇടപെടല്‍ പ്രശംസനീയമെന്ന് സാംസ്‌കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റും മാതൃഭാഷ സമിതിയും ചേര്‍ന്ന് നടത്തുന്ന മാതൃഭാഷ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും, 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യമുയര്‍ത്തി, മലയാള ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി വലിയ ഇടപെടലുകളാണ് സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം മിഷന്‍ വഴി നടന്ന് വരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാതൃഭാഷ കുട്ടികളുടെ കലാപരിപാടിയോടെ ആരംഭിച്ച മാതൃഭാഷ സംഗമം പരിപാടിക്ക് കലയുടെ ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണന്‍ അനുശോചനം പ്രമേയം അവതരിപ്പിച്ചു.

തുടര്‍ന്ന് മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ് കെ.ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, മലയാളം മിഷന്‍ രജിസ്റ്റാര്‍ സേതു മാധവന്‍, കുവൈറ്റ് ചാപ്റ്റര്‍ മലയാളം മിഷന്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ജെ.സജി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, വനിതാവേദി ട്രഷറര്‍ വല്‍സ സാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കവിത അനൂപ്, രാജലക്ഷ്മി ശൈമേഷ് എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. മാതൃഭാഷ സമിതി കണ്‍വീനര്‍ പ്രജോഷ് നന്ദിയും പറഞ്ഞു. ഈ വര്‍ഷം 20 ക്ലാസ്സുകളില്‍ നിന്നായി 1200 കുട്ടികള്‍ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി. കലാ പരിപാടികളോടൊപ്പം കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക