Image

വിവാദ കര്‍ഷക ബില്ല്: സംസ്ഥാനങ്ങള്‍ പുതിയ നിയമം നിര്‍മിക്കണമെന്ന് സോണിയ

Published on 29 September, 2020
വിവാദ കര്‍ഷക ബില്ല്: സംസ്ഥാനങ്ങള്‍ പുതിയ നിയമം നിര്‍മിക്കണമെന്ന് സോണിയ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ നിയമമായാല്‍ അതിനെ മറികടക്കാന്‍ പുതിയ നിയമം നിര്‍മിക്കുന്നതിനുള്ള സാധ്യത ആരായാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശം. കൃഷി സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളുടെ പൊതുപട്ടികയില്‍ (കണ്‍കറന്റ് ലിസ്റ്റ്) പെട്ടതാണ് കാര്‍ഷികവ്യാപാരം. ഇതിനുസരിച്ചാണ് കേന്ദ്രം നിയമം പാസാക്കിയത്. പൊതുപട്ടികയുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 254 (2) ഉപയോഗിച്ച് നിയമം നിര്‍മിക്കുന്ന കാര്യം ആലോചിക്കണമെന്നാണ് പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരോട് സോണിയ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് മുന്നണിയായി ഭരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഇതിനുള്ള സാധ്യത ആരായണമെന്നും സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് കാട്ടിയ കൊടിയ അനീതി ശമിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടാവുമെന്ന് സോണിയ മുഖ്യമന്ത്രിമാരോട് പറഞ്ഞു. മൂന്ന് കാട്ടാള കാര്‍ഷിക നിയമങ്ങളെ അസ്വീകാര്യമെന്നുപറഞ്ഞ് തള്ളാനും കുറഞ്ഞ തറവിലയും കാര്‍ഷികോത്പന്ന വിപണന സമിതികളും ഇല്ലാതാക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് സോണിയ ചൂണ്ടിക്കാട്ടിയതായി ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഇങ്ങനെ സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയാലും കേന്ദ്രനിയമത്തിന് എതിരായതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നടപ്പാക്കാനാവൂവെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത തീരെ ഇല്ലെങ്കിലും പുതിയ നിയമം പാസാക്കുന്നത് രാഷ്ട്രീയായുധമായി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക