Image

മൂന്ന് പരിഭാഷാ കവിതകൾ (ബിന്ദു ടിജി)

Published on 30 September, 2020
മൂന്ന് പരിഭാഷാ കവിതകൾ (ബിന്ദു ടിജി)
(ഇന്ന് സെപ്റ്റംബർ മുപ്പത് പരിഭാഷാ ദിനം
അലക്സാണ്ടർ പുഷ്കിൻ കവിതകളുടെ സ്വതന്ത്ര പരിഭാഷ)


 ഒരു കവിയോട്

 ഹേ കവി   നീ ചുറ്റുമുള്ളവരുടെ പ്രശംസ  ഗൗനിക്കരുത്
ആ സ്തുതി വചനങ്ങൾ കടന്നു പോകും
പിന്നെ വരും വിഡ്ഢിക ളുടെ വിധിയും
മരവിച്ച ജനക്കൂട്ടത്തിന്റെ പരിഹാസച്ചിരിക ളും
അപ്പോഴും നീ ശക്തനായി , നീരസത്തോടെ , ശാന്തനായിരിക്കണം 
നീയാണ് രാജാവ് , ഏകാകിയാവുക
സ്വാതന്ത്ര്യത്തിന്റെ പാതയിൽ
സഞ്ചരിക്കുക സ്വതന്ത്ര മനസ്സോടെ
പ്രിയ കവീ, നിന്റെ  ചിന്തകളെ നവീനമാക്കുക
പ്രശംസാപത്രങ്ങൾ മോഹിക്കാതെ

ഓ ..ശക്തനായ കലാകാരാ
നീയാണ് പരമോന്നത നീതിപീഠം
നിനക്കുള്ളിലാണ് , നിന്റെ  സംതൃപ്തി യാണ് പരമമായ വിധി 
നീ സംതൃപ്തനാവുക
ജനക്കൂട്ടം നിന്റെ വാക്കുകളെ പഴിക്കട്ടെ
നിന്റെ ചിന്തകൾ ദഹിക്കുന്ന അൾത്താരയിലേക്കവർ 
ആഞ്ഞു തുപ്പട്ടെ
നിന്റെ പാനപാത്രങ്ങൾ ഒരു കുഞ്ഞിന്റെ വികൃതി  കണക്കവർ
എറിഞ്ഞു കളയട്ടെ

------------------------------------------


2. രാത്രി
 
നിനക്കായുള്ള എന്റെ സ്നേഹാതുരമായ മൃദു  മന്ത്രണം
രാത്രിയുടെ പട്ടു കമ്പളം ഭേദിക്കുന്നു  
എന്റെ കിടക്ക ക്കരികിൽ ശോകം നിറ ഞ്ഞ
കാവൽക്കാരനായി മെഴുകുതിരി ജ്വലിക്കുന്നു
എന്റെ കവിതകൾ  കുത്തിയൊഴു കി 
നീയെന്ന ഏകാന്ത സ്നേഹപ്രവാഹത്തിൽ ലയിക്കുന്നു
കൂരിരുട്ടിൽ രത്നങ്ങൾ പോലെ തിളങ്ങുന്ന  നിന്റെ കണ്ണുകൾ
എന്നോട് ചിരിച്ചുകൊണ്ട് മന്ത്രിക്കുന്നു
പ്രിയനേ  ഞാൻ നിന്റേതാണ് .. ഞാൻ നിന്റേതാണ്

-----------------------------------------------

 3. ഞാൻ നിന്നെ സ്നേഹിച്ചിരുന്നു

 ഞാൻ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ ആത്മാവിൽ നിന്നും.
ഇന്നും കുത്തിനോവിക്കുന്നുണ്ടെന്നെ
ഇനിയും മാഞ്ഞുപോകാത്ത സ്നേഹം
നീയത് ഓർമ്മിക്കാതിരിക്കട്ടെ
നിന്നെ മുറിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു
നിശ്ശബ്ദമായി, ഹതാശനായി
അത്രമേൽ ആർദ്രമായ് സത്യമായ്
വികാരോന്മത്തനായ്
മറ്റൊരുവനാൽ
നീയിനിയും സ്നേഹിക്കപ്പെടട്ടെ
ഇത്രയും ആഴത്തിൽ തന്നെ
Join WhatsApp News
വിദ്യാധരൻ 2020-10-01 03:14:42
അലക്‌സാണ്ടർ പുഷ്കിന്റെ നിങ്ങൾ പരിഭാഷപ്പെടുത്തിയ 'ഒരു കവിയോട്' എന്ന കവിത വായിച്ചപ്പോൾ ഓർമ്മ വന്നത് വയലാറിന്റെ 'എഴുത്തുകാരോട് എന്ന കവിതയാണ് " ക്ലബ്ബിൽ ഞാൻ പോരുന്നില്ല നിങ്ങളോടൊപ്പം, ചായക്കപ്പിന്റെ വക്കെത്തെന്നും ചുണ്ടും വച്ചിരിക്കുവാൻ " ഇവിടെ കവിയെ ക്ളബ്ബിലേക്ക് വിളിക്കുന്നത് പ്രത്യക ലക്ഷ്യത്തോടെയാണ് . കവികളുടെ അല്ലെങ്കിൽ കലാകാരന്മാരുടെ ഉൾവിഭാഗത്തിന്റ അല്ലെങ്കിൽ പ്രബല വിഭാഗത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് . അമേരിക്കയിൽ നിങ്ങളെപ്പോലെ നല്ല കവിത എഴുതുന്നവരെ, നിങ്ങളുടെ കവിത നന്നായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് (എന്തുകൊണ്ട് നന്നായി എന്ന് വിശകലനം നടത്താൻ അവർക്ക് കഴിയില്ല ) അവരുടെ സംഘടനകളിലേക്ക് വിളിച്ചു കയറ്റുകയും പിന്നീട് , ഫലകം, പൊന്നാട തുടങ്ങിയ സമ്മാനങ്ങൾകൊണ്ട് മൂടുകയും, നിങ്ങളുടെ സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവിനെ നിർവീര്യവുമാക്കുകയും ചെയ്യുന്നു . ഈ ചതിക്കുഴിയിൽ വീഴാതിരിക്കണമെങ്കിൽ " ഹേ കവി നീ ചുറ്റുമുള്ളവരുടെ പ്രശംസ ഗൗനിക്കരുത് " അതായാത് 'നിഷ്ക്കാമ കർമ്മ ' ഫലകങ്ങൾകൊണ്ട് മൂടാൻ , പൊന്നാടകൊണ്ട് നിങ്ങളെ അണിയിക്കാൻ പ്രബലവിഭാഗത്തിലെ 'വിഡ്ഢികളും' 'മരിച്ച ജനക്കൂട്ടവും' വരിവരിയായി നിൽക്കുമ്പോൾ "നീ ശക്തനായി, നീരസത്തോടെ ശാന്തനായിരിക്കണം " കാരണം നീയാണ് രാജാവ്. നിനക്ക് വേണ്ടി ഫലകത്തിന്റെയും പൊന്നാടയുടെയും തുലാഭാരം നടത്തി, നിന്റെ മനസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന 'ഞാനെന്ന ഭാവത്തിന്റെ മൂർത്തിയെ ' വിലക്ക് വാങ്ങാൻ സംഘടനകളും പ്രബലഗ്രൂപ്പുകളും ഇടിച്ചു കയറുമ്പോൾ കവി , കവയിത്രി , കലാകാര നീ നീരസത്തോടെ , ഡോക്ർ .സുകുമാർ അഴിക്കോട് പത്മശ്രീ തട്ടി കളഞ്ഞതുപോലെ പൊന്നാടയും ഫലകവും തട്ടിക്കളഞ്ഞിട്ട്, ആനന്ദവർദ്ധനനെപ്പോലെ പറയുക "അപാരെ കാവ്യസംസാരേ കവിരേവ പ്രജാപതിഃ യഥാസൈമ രോചതേ വിശ്വം തഥേദം പരിവർത്തതേ " അനന്തമായ ഈ കാവ്യലോകത്തിൽ ഒരേയൊരു സൃഷ്ടാവേ (രജാവേ ) ഉള്ളു. -കവി, കവയിത്രി അവർ ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റി തിരിയുന്നു . പക്ഷെ അങ്ങനെ പറയാൻ ഇന്ന് എഴുത്തുകാർക്ക് കഴിയുന്നില്ല എന്നതാണ് സത്യം . ഇന്ന് എഴുത്തുകാരും കവികളും കലാകാരന്മാരും പ്രശ്തിയുടെയും പ്രതാപത്തിന്റെയും പിന്നാലെ പായുമ്പോൾ, മനുഷ്യഗന്ധികളല്ലാത്ത കൃതികൾ സൃഷിക്കപ്പെടുന്നു. അവരോടൊപ്പപ്പം അവരുടെ കൃതികളും പുരസ്കാരങ്ങളും മണ്ണടിയുന്നു. പിന്നെ അവരെ ആരും സ്മരിക്കുന്നില്ല . നിങ്ങളുടെ തൂലികയിൽ നിന്ന് ഉതിർന്നു വീഴുന്ന വാക്കുകൾ പിടിച്ചെടുത്തു നിങ്ങളുടെ വിമർശകർ നിങ്ങൾക്കെതിരെ പ്രയോഗിക്കുന്നെങ്കിൽ കവികളെ എഴുത്തുകാരെ നിങ്ങൾ ലക്ഷ്യത്തിൽ എത്തികഴിഞ്ഞു . എഴുത്തുകാരോട് , കവികളോട് സംസാരിക്കുന്ന ശക്തമായ അലക്‌സാണ്ടർ പുഷ്കിന്റെ കവിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവയിത്രിക്ക് അഭിനന്ദനം. -വിദ്യാധരൻ
Bindu Tiji 2020-10-01 04:45:10
വായനയ്ക്കും അഭിപ്രായത്തിനും മാഷ്ക്ക്നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക