Image

ബാബറി മസ്ജിദ് (1528) ഭേദനവും (1992) വിധിയും ഭരണഘടനയുടെ തകർച്ചയും (ദല്‍ഹികത്ത്:പി. വി.തോമസ്)

Published on 10 October, 2020
ബാബറി മസ്ജിദ് (1528) ഭേദനവും (1992) വിധിയും ഭരണഘടനയുടെ തകർച്ചയും (ദല്‍ഹികത്ത്:പി. വി.തോമസ്)
ഇതിൽ ചരിത്രമുണ്ട്, പുരാണമുണ്ട് ,വിശ്വാസമുണ്ട്. വിശ്വാസം ചിലപ്പോൾ അന്ധമായിരിക്കാം. ഇതിൽ പച്ചയായ അധികാര രാഷ്ട്രീയവുമുണ്ട്. ഇതാണ് അയോദ്ധ്യയും രാമജന്മഭൂമി - രാമക്ഷേത്രവും ബാബറി മസ്ജിദും. ചരിത്രം ഏറെക്കുറെ വിശ്വാസയോഗ്യമാണ് - അന്വേഷണ ഗവേഷണങ്ങൾക്ക് വിധേയവുമാണ്. പുരാണം വിശ്വാസം മാത്രമാണ് ,സങ്കല്പമാണ്. പുരാവസ്തു ഗവേഷണത്തിനുപോലും പലപ്പോഴും അതിന്റെ നിജസ്ഥിതി സ്ഥാപിക്കാൻ സാധിക്കുകയില്ല. അധികാര രാഷ്ട്രീയമാകട്ടെ കണ്മുന്നിൽ ചുരുൾ നിവരുന്നതും. ഇന്ത്യയുടെ ചരിത്രത്തിൽ മറ്റേതു രാജ്യത്തിന്റേതും പോലെ ഒട്ടേറെ നാഴികക്കല്ലുകളുണ്ട്. 1498 ലാണ് വാസ്കോ ഡ ഗാമ ഇന്ത്യയിലേക്ക് യൂറോപ്പിൽ നിന്നുള്ള കടൽമാർഗം കണ്ടുപിടിച്ചത്ചരിത്രപരമായൊരു വഴിത്തിരിവായിരുന്നു. തുടർന്ന് , പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും  ഇംഗ്ലീഷുകാരും ഇന്ത്യയെ ഭരിച്ചു. ഇതിൽ ഇംഗ്ലീഷുകാർ 1608 മുതൽ 1947 വരെ ഇന്ത്യ ഭരിച്ചു( 339 വർഷങ്ങൾ). 1526 ൽ ഒരുപടയോട്ടം നടന്നു. ഹിമാലയം കടന്ന് ഒന്നാം പാനിപ്പട്ട് യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ, ഇബ്രാഹിം ലോദിയെ തോല്പിച്ച് ബാബർ മുഗൾ ഭരണം സ്ഥാപിച്ചു. 1526-1761(235 വർഷം). 1528 ലാണ് ബാബറിന്റെ ആജ്ഞാനുസരണം അദ്ദേഹത്തിന്റെ ജനറൽ മീർ ദാക്കി അയോദ്ധ്യയിൽ ബാബറി മസ്ജിദ് പണിതത്. ഇത് ചരിത്രമാണ്. അയോദ്ധ്യയിൽ രാമജന്മഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന ഒരു രാമക്ഷേത്രം തകർത്തിട്ടാണ് ഈ മസ്ജിദ് പണിതതെന്നാണ് ആരോപണം. ഇത് രാമഭക്തരുടെ വിശ്വാസമാണ്. ലക്ഷം ലക്ഷം വർഷങ്ങൾക്കുമുൻപ് അവതരിക്കപ്പെട്ടെന്ന് വിശ്വസിക്കുന്ന ഒരു കല്പിത കഥാപാത്രത്തിന്റെ ജന്മം ഇന്ന സ്ഥലത്താണെന്ന് ശഠിക്കുന്നത് വിശ്വാസത്തിന്റെയും ആരാധനയുടെയും ഫലമാണ്. ചരിത്ര പുരാവസ്തു  ഗവേഷണപരമായ പൂർണ തെളിവ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. വിശ്വാസാടിസ്ഥാനപരമായ ഒരു ആരോപണമാണിത്. ഇതിന് അധികാര രാഷ്ട്രീയത്തിന്റെ പിൻബലവുമുണ്ട്.

ബാബറി മസ്ജിദ് ഭേദനത്തിന് തെളിവുകളും ദൃക്‌സാക്ഷികളുമുണ്ട്‌. 1992 ഡിസംബർ ആറിന് ആയിരക്കണക്കിന് തീവ്രഹിന്ദുത്വ വിശ്വാസികളായ കർസേവകർ ആ മസ്ജിദ് തകർക്കുന്നതിന് ദൃക്‌സാക്ഷികളായിരുന്ന അനേക ദേശ വിദേശ മാധ്യപ്രവർത്തകരിൽ ഒരാളായിരുന്നു ലേഖകൻ. മസ്ജിദ് തകർത്തവർക്കു നേതൃത്വം നൽകിയവരിൽ സോമനാഥ് മുതൽ അയോദ്ധ്യ വരെ രാമക്ഷേത്ര നിർമാണത്തിനായി രണ്ടുതവണ രഥയാത്ര നടത്തിയ എൽ.കെ.അദ്വാനിയും അന്നത്തെ ബി.ജെ.പി അധ്യക്ഷൻ മുരളി മനോഹർ ജോഷിയും ഉണ്ടായിരുന്നു. അദ്വാനി പിൽക്കാലത്ത് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ജോഷി കേന്ദ്രമന്ത്രിയുമായി. സെപ്തംബർ 30 ന് ലക്‌നൗവിലെ പ്രത്യേക സി ബി ഐ കോടതി 28 വർഷങ്ങൾക്കു ശേഷം ബാബറി മസ്ജിദ് ഭേദനത്തിന്റെ ജീവിച്ചിരിക്കുന്ന 32 പ്രതികളെയും വെറുതെ വിട്ടു. ഇതിൽ , അദ്വാനിയും ജോഷിയും ഉമാഭാരതിയുമെല്ലാം ഉൾപ്പെടും. വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷൻ അശോക് സിങ്കാളും ശിവസേന നേതാവ് ബാൽ താക്കറെയും പ്രതികളായിരുന്നെങ്കിലും മരണപ്പെട്ടിരുന്നു. മുഴുവൻ 49 പേരെയായിരുന്നു  പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും 32 പേരൊഴികെയുള്ളവർ വിചാരണയ്ക്കിടയിൽ മരണപ്പെട്ടിരുന്നു. മൊത്തം 47 എഫ് ഐ ആറുകളാണ് ഉണ്ടായിരുന്നതെങ്കിലും പ്രധാനമായും മൂന്ന് കേസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് -ബാബറി മസ്ജിദ് തകർക്കൽ , രണ്ട് - വിദ്വെഷം വളർത്തുന്ന പ്രസംഗത്തിലൂടെ ജനങ്ങളെ പ്രകോപിപ്പിക്കുക, മൂന്ന് - മസ്ജിദ് ഭേദനത്തിനായുള്ള ഗൂഢാലോചന.

ഇതിൽ , ആദ്യത്തെ കേസായ ഭേദനത്തിൽ ആരുടേയും പേരില്ല. അവർ അറിയപ്പെടാത്ത കർസേവകരാണ്. രണ്ടാമത്തെയും മൂന്നാമത്തെയും കേസിൽ അദ്വാനിയും മറ്റും ഉൾപ്പെടുന്നു. മൂന്നാമത്തെ കേസായ ഗൂഢാലോചന 2017 ൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ചുമത്തിയത്. വിചാരണ കോടതിയും അലാഹാബാദ് ഹൈക്കോടതിയും ഇത് വേണ്ടെന്ന് വച്ചതായിരുന്നു. സിബിഐ യുടെ ശുഷ്‌കാന്തി ! ഗൂഢാലോചന കുറ്റം എടുത്തുകളയുക വഴി ബാബറി മസ്ജിദ് തകർത്ത കേസ് ലഘൂകരിക്കാൻ ശ്രമിക്കുകയായിരുന്നു. ഏതായാലും, കോടതിവിധി അനുസരിച്ച് ഒരു ഗൂഢാലോചനയും ഇതിന്റെ പിറകിൽ ഉണ്ടായിരുന്നില്ല. മറിച്ച് ,അദ്വാനി തുടങ്ങിയ നേതാക്കന്മാർ ജനക്കൂട്ടത്തെ തടയാൻ ശ്രമിക്കുകയായിരുന്നു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിൽ ഒരുസംഘം സാമൂഹ്യവിരുദ്ധർ ആയിരുന്നെന്നും വിധിക്കപ്പെട്ടു. പ്രകോപനപരമായ പ്രസംഗങ്ങൾ ആരു നൽകിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. സി ബി ഐ നൽകിയ എല്ലാ തെളിവുകളും വിശ്വാസയോഗ്യമല്ല. മസ്ജിദ് തകർത്തത് സംബന്ധിച്ച് നൽകിയ ഫോട്ടോകളുടെ നെഗറ്റീവ് നൽകിയിട്ടില്ല. സിബിഐ ഈ കേസ് തെളിയിക്കുന്നതിൽ പരിപൂർണമായും പരാജയപ്പെട്ടെന്നും വിധി.
 ജഡ്ജി എസ് . കെ.യാദവ് അദ്ദേഹത്തിന്റെ ജോലിയുടെ അവസാനത്തെ ദിവസം നൽകിയ വിധിയാണ് ഇത്. അവസാനത്തെ കേസും. വിധിയുടെ ഫലത്തെക്കുറിച്ച് ഇന്ത്യയുടെ ഇപ്പോഴത്തെ നീതിന്യായ വ്യവസ്ഥയുടെ പോക്കുനിരീക്ഷിക്കുന്ന ആർക്കും വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാനിടയില്ല. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ദേഹത്തിന്റെ അവസാനകാല ദിനങ്ങളിലാണ് റാഫേൽ യുദ്ധ വിമാന ഇടപാടിൽ മോദി ഗവൺമെന്റിന് ക്‌ളീൻ ചിറ്റ് നൽകിയതും അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദുപക്ഷത്തിന് അനുകൂലമായി വിധിച്ചതും. അദ്ദേഹം പെൻഷൻ പറ്റിയ ഉടനെതന്നെ രാജ്യസഭ അംഗമായി. ജഡ്ജി യാദവിന്റെ പെൻഷൻകാല ജീവിതം ആരംഭിച്ചിട്ടേ ഉള്ളു.

ബാബറി മസ്ജിദ് തകർത്തത് ഗൂഢാലോചനയല്ലേ ? എങ്കിൽ എന്തിനാണ് രണ്ടു പ്രാവശ്യം അദ്വാനി രഥയാത്ര നടത്തിയത് തർക്കഭൂമിയിൽ രാമക്ഷേത്രം നടത്തുവാനായി? പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രഥയാത്രകളുടെ സംഘാടകനും ആയിരുന്നു. ഗുജറാത്തിലെ സോമനാഥിൽ സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ആരാണ് ഈ വികാര വിഷുബ്‌ദരായ സാമൂഹ്യവിരുദ്ധർ എന്ന കർസേവകരെ അയോദ്ധ്യയിൽ വിളിച്ചുവരുത്തിയത്? അതിന് അദ്വാനിക്കും ജോഷിക്കും പി എസ് പിക്കും ആർ എസ് എസിനും സജ്‌റംഗദളിനും ശിവസേനയ്ക്കും ഒന്നും ഒരു പങ്കുമില്ലേ ?അവരെ തടയുന്നതിൽ എന്തുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി കല്യാൺ സിങ്ങും പ്രധാനമന്ത്രി പി.വി.നരസിംഹറാവുവും പരാജയപ്പെട്ടു? എന്തുകൊണ്ട്, കല്യാൺ സിംഗ്‌ മസ്ജിദ് തകർക്കാതെ സംരക്ഷിച്ചുകൊള്ളാമെന്ന് സുപ്രീം കോടതിക്ക് നൽകിയ പ്രതിജ്ഞ പാലിച്ചില്ല? എന്തുകൊണ്ട് നരസിംഹറാവു ഈ വാക്കിനെ മാത്രം വിശ്വസിച്ച് ആ ദിവസം സമാധാനമായി ഉച്ചയുറക്കത്തിനുപോയി?

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേന്ദ്ര ഗവണ്മെന്റ് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയുണ്ടായി- ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ. 17 വർഷത്തെ അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഒടുവിൽ കമ്മീഷൻ കണ്ടെത്തിയത് ബാബറി മസ്ജിദ് ഭേദനം ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ്. ആർ.എസ്.എസിന്റെ ഒരു പ്രത്യേക സ്‌ക്വാഡിനെയാണ് ഇത് ഏൽപ്പിച്ചിരിക്കുന്നത്. ലിബർഹാൻ കമ്മീഷൻ വീണ്ടും പറയുന്നു എ.ബി.വാജ്‌പേയ് യും അശോക് സിങ്കാളും കല്യാൺ സിങ്ങും അദ്വാനിയും ജോഷിയും ഇതിൽ കുറ്റക്കാരാണ്. ഇവർ രാജ്യത്തെ മത സ്പർദ്ധയിലേക്കും വർഗീയ കലാപത്തിലേക്കുമെത്തിച്ചു. പക്ഷെ ,അദ്വാനിയും മറ്റും ഗൂഢാലോചനക്കുറ്റത്തിൽ നിന്നും രക്ഷപ്പെട്ടു. ഗാന്ധി വധക്കേസിൽ എട്ടാം പ്രതി സവർക്കർ രക്ഷപ്പെട്ടതുപോലെ. കോടതിവിധിയെ അംഗീകരിക്കണോ അതോ ലിബർഹാൻ കമ്മീഷന്റെ കണ്ടെത്തൽ അംഗീകരിക്കണോ? കോടതിവിധിക്കാണ് നിയമസാധുത? കമ്മീഷൻ പല്ലില്ലാത്ത പുലിയാണ്. പക്ഷേ , യുക്തിക്കും രാഷ്ട്രീയ യാഥാർഥ്യത്തിനും യോജിക്കുന്നത് ലിബർഹാൻ കമ്മീഷന്റെ കണ്ടെത്തലുകളാണ്. ബാബറി മസ്ജിദ് വിധിയോടെ കോടതിയിലും സി ബി ഐ പോലുള്ള അന്വേഷണ ഏജൻസികളിലും ജനങ്ങളുടെ വിശ്വാസം ക്ഷയിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിനതത്ര ശുഭസൂചകമല്ല.

ഭരിക്കുന്ന കക്ഷിക്ക് അനുകൂലമായി തന്ത്രപ്രധാനമായ കേസുകളിൽ തുടർച്ചയായി അനുകൂലവിധി വരുന്നത് ആരെയും ഇരുത്തി ചിന്തിപ്പിക്കും.
1947 നു ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. ഒരു പുതിയ ഇന്ത്യ ഭൂപടത്തിൽ ഉയർന്നു. പുതിയൊരു ഭരണഘടനയും ഉണ്ടായി. ബി ജെ പി യുടെയും ആർ എസ് എസിന്റെയും സാംസ്കാരിക ദേശീയതയുടെ പേരിൽ നൂറ്റാണ്ടുകൾക്ക് മുൻപുള്ള ആക്രമണ പ്രത്യാക്രമണങ്ങളുടെ കഥകൾ ഉയർത്തിപ്പിടിച്ച് അധികാര രാഷ്ട്രീയത്തിനായി സാമുഹ്യ ഭദ്രതയും മത സൗഹാർദ്ദതയും നശിപ്പിക്കുന്നത് ദേശദ്രോഹമാണ്. ഇന്ത്യയ്ക്ക് ഇത് വെറുമൊരു സാംസ്കാരിക ദേശീയത മാത്രമല്ല. മറിച്ച്, സംയുക്ത സാംസ്കാരിക ദേശീയതയാണ്. അത് മതാതീതമായ മാനവീകതയാണ്. അതിലൂടെ മാത്രമേ ഇന്ത്യയെന്ന മഹത്തായ പരീക്ഷണം പടർന്നു പന്തലിക്കുകയുള്ളു. ഭരണാധികാരികളും കോടതികളും ഇതിനെ പരിപോഷിപ്പിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക