Image

കേരളം അറവുശാലയായി മാറുകയാണോ? മാര്‍ തീയോഡോഷ്യസ്‌

പി.പി.ചെറിയാന്‍ Published on 06 June, 2012
കേരളം അറവുശാലയായി മാറുകയാണോ? മാര്‍ തീയോഡോഷ്യസ്‌
ലെജിന്‍, കൗമാരത്തിലേക്കു കാലു കുത്തിയ ഒരു കുട്ടനാടന്‍ വിദ്യാര്‍ത്ഥി. നൂറുനൂറുസ്വപ്‌നങ്ങള്‍ പേറിയായിരിക്കണം വൈകിട്ട്‌ വിദ്യാലയത്തില്‍ നിന്നു വീട്ടിലേക്കു മടങ്ങിയത്‌. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം പൊലിഞ്ഞു. എന്തോ പൂര്‍വ്വ വൈരാഗ്യം മനസ്സില്‍കൊണ്ടുനടന്ന സഹപാഠി നിഷ്‌ക്കരുണം കഴുത്തറത്തു അവനെ കൊന്നു. മരിച്ചെന്നുറപ്പാക്കാന്‍ കയ്യില്‍ കിട്ടിയവ എല്ലാംകൊണ്ട്‌ തല തല്ലിചതച്ചു. വെറും പതിനഞ്ചുകാരന്‌ പൂര്‍വ്വവൈരാഗ്യമുണ്ടുപോലും? അറവുശാലയില്‍ കന്നുകാലിയെ കശാപ്പുചെയ്യുന്നതുപോലെയല്ലെ മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്നത്‌.

ഒരു മകന്‍ സ്വന്തം അമ്മയെ തലയ്‌ക്കടിച്ചുകൊന്നത്‌ മദ്യം വാങ്ങാന്‍ പണം നല്‌കാതിരുന്നതിനാല്‍ ആണ്‌. ഒരു ഭാര്യ കാമുകനൊത്തു സുഖിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിന്‌ പണം നല്‌കികൊല്ലിക്കുന്നു. മറ്റൊരു യുവതി പെറ്റ കുഞ്ഞിനെ അപ്പാടെ നിലത്തടിച്ച്‌ കൊല്ലുന്നു. ദിനപത്രങ്ങള്‍, സ്‌പോര്‍ട്‌സ്‌, സാമ്പത്തികം, വിദേശം, നിര്യാതരായി എന്നീ പംക്തികള്‍ക്കൊപ്പം കൊലപാതകങ്ങള്‍ക്കും ഒരു പേജ്‌ മാറ്റി വച്ചിരിക്കുകയാണ്‌. ഇതാ വീണ്ടും നിഷ്‌ഠൂരമായ രാഷ്ട്രീയ കൊലപാതകം!  മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വിട്ട്‌ വിമത റെവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഉണ്ടാക്കി ധീരവും ശക്തവുമായ നേതൃത്വം നല്‍കി വന്ന റ്റി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി ക്വട്ടേഷന്‍സംഘം 50ല്‍ പരം വെട്ടുകള്‍ ഏല്‌പ്പിച്ച്‌ കഥ കഴിച്ചു. രാഷ്ട്രീയ പക പോക്കലാണു കാരണം. ഇത്തരം രാഷ്ട്രീയ പകപോക്കലുകള്‍ക്കും, കൊലപാതകങ്ങള്‍ക്കും ഒരു അറുതി വന്നേ പറ്റു. ഗാന്ധിജിയുടെയും, ശ്രീബുദ്ധന്റെയും നാട്ടില്‍ നിന്നുയരുന്നശബ്ദം കൊലയുടെയും, കൊലവിളിയുടെതുമാ കുകയാണോ? അഹിംസയുടെ ആഹ്വാനം അലയടിക്കുന്ന വായുവില്‍ രക്തം വാര്‍ന്ന്‌ പിടഞ്ഞ്‌ മരിക്കുന്നവരുടെ ദീനരോദനം അലിഞ്ഞു ചേരുകയോ? നമ്മുടെ നാട്‌ ഒരുഅറവുശാലയായി മാറുകയാണോ? ഇതിനൊരു പോം വഴിയില്ലേ? സഭ നിശബ്ദവും സമൂഹം നിഷ്‌ക്രിയവും ആയാല്‍ എന്തു ചെയ്യും!!

വധം ആദ്യം നടക്കുന്നത്‌ കൊലയാളിയുടെ മനസ്സിലാണ്‌. വധരഹിതസമൂഹം ഉണ്ടാകണമെങ്കില്‍ മനസ്സു മാറണം. രൂപാന്തരം സംഭവിക്കണം. വിദ്വേഷമുളളിടത്ത്‌ സ്‌നേഹവും
മുറിവുള്ളിടത്ത്‌   പൊറുക്കലും, നിരാശയില്‍ പ്രത്യാശയും ഇരുളില്‍ വെളിച്ചവും, ദു:ഖത്തില്‍ സന്തോഷവും പകരുവാന്‍ ശ്രമിക്കണം. ഗാന്ധിജി സ്‌നേഹത്തിന്‌ നല്‌കിയ നിര്‍വചനം `Love Force' എന്നാണ്‌. സ്‌നേഹം വലിയൊരു ശക്തിയാണ്‌,  സ്‌നേഹം ഇച്ഛാശക്തിയാണ്‌ എന്നു പഠിപ്പിച്ചു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് തന്റെ പ്രസംഗങ്ങളടങ്ങിയ പുസ്‌തകത്തിന്‌ നല്‌കിയ തലകെട്ട്‌ 'Strength to Love' എന്നായിരുന്നു സ്‌നേഹിക്കണമെങ്കില്‍ നല്ല മനക്കരുത്ത്‌ ഉണ്ടായിരിക്കണം.സ്‌നേഹത്തിനു മാത്രമേ വിദ്വേഷത്തെ പുറത്താക്കുവാന്‍ കഴിയൂ. എബ്രഹാം ലിങ്കണ്‍ അഭിപ്രായപ്പെട്ടത്‌ `നിങ്ങളുടെ എതിരാളിയെ നിഗ്രഹിക്കണമെങ്കില്‍ ഏറ്റം ലളിതമായ മാര്‍ഗ്ഗം അയാളെ നിങ്ങളുടെ ഉത്തമ സുഹ്യത്താക്കി തീര്‍ക്കുക എന്നതാണ്‌'. അസഹിഷ്‌ണുത പാര്‍ട്ടികളിലും സഭകളിലും മറ്റും ഏറി വരുന്നത്‌ അപകടകരമാണ്‌. ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ അധികാര സോപാനങ്ങളില്‍ എത്തുന്നവര്‍ ഏകാധിപതികളായി മാറുന്നതും ക്ഷന്തവ്യമല്ല. വ്യത്യസ്‌തമായ അഭിപ്രായങ്ങളെ മുതല്‍ക്കൂട്ടായി കാണുന്നതിനു പകരം അതു പ്രകടിപ്പിച്ചവരുടെ വായ്‌ മൂടി കെട്ടുന്നത്‌ മറ്റൊരു കൊലപാതകമല്ലേ? സ്വയശിക്ഷണവും, നിയന്ത്രണവും, മൂല്യബോധവും നഷ്ടപ്പെട്ട മനുഷ്യനില്‍ നിന്നും ഇതിനപ്പുറം എന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌. വീടു പണിയുന്നതിന്‌ കോണ്‍ട്രാക്ടര്‍മാരില്‍നിന്ന്‌ ക്വട്ടേഷന്‍ വാങ്ങി പണി ഏല്‌പ്പിക്കുന്നപോലല്ലെ മനുഷ്യക്കുരുതിക്ക്‌ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തുന്നത്‌.

ദിനപത്രങ്ങളും, ടിവി ചാനലുകളും മത്സര ബുദ്ധിയോടെ നല്‍കുന്ന കൊലപാതക ദൃശങ്ങളും വിവരണങ്ങളും പലര്‍ക്കും കൊലയ്‌ക്കുളള പ്രേരണ നല്‌കുന്നില്ലേ?

സിനിമയില്‍ മുന്‍പ്‌ കാമുകി കാമുകന്‍മാര്‍ മരങ്ങള്‍ക്കു ചുറ്റും ഓടി നടന്നുകൊണ്ടുള്ള പാട്ടു സീനുകള്‍ ഇന്ന്‌, അടിക്കും, ഇടിക്കും, തൊഴിക്കും, വെട്ടിനും കുത്തിനും വഴി മാറിയിരിക്കുകയാണ്‌. ഈയിടെ മമ്മൂട്ടിയുടെ കൂടെ ഒരു വേദി പങ്കിടുന്നതിനിടയായി. ശാന്തനും സൗമ്യനുമായ നല്ല മനുഷ്യന്‍. വെളളിത്തിരയില്‍ ആള്‍ ആകെ വ്യത്യസ്‌തനാണ്‌.. അടിച്ചും, തൊഴിച്ചും, വെട്ടിയുംകുത്തിയും എതിരാളിയെ നിലം പരിചാക്കുന്ന വീരശൂര പരാക്രമി. അതുകാണുന്ന യുവാക്കള്‍ക്ക്‌ അതാണു മാതൃക! അവര്‍ അത്‌ പകര്‍ത്തുവാന്‍ ശ്രമിക്കും. അക്രമം വര്‍ദ്ധിക്കും, വ്യാപകവും ആകും. സിനിമാലോകവും മാധ്യമമേഖലകളും അക്രമവും ക്രൂരതയും അവയില്‍ നിന്ന്‌ ഒഴിവാക്കാന്‍ ഒരുങ്ങുമോ?
കേരളം അറവുശാലയായി മാറുകയാണോ? മാര്‍ തീയോഡോഷ്യസ്‌കേരളം അറവുശാലയായി മാറുകയാണോ? മാര്‍ തീയോഡോഷ്യസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക