Image

മാതാവില്‍ നിന്ന് നവജാതശിശുക്കള്‍ക്ക് കോവിഡ് പകരാന്‍ സാധ്യത കുറവെന്ന് പഠനം

Published on 14 October, 2020
മാതാവില്‍ നിന്ന് നവജാതശിശുക്കള്‍ക്ക് കോവിഡ് പകരാന്‍ സാധ്യത കുറവെന്ന് പഠനം
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍നിന്ന് നവജാതശിശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു.എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഗവേഷണഫലം ജമാ പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 24 വരെ കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകര്‍ ഇതിനായി നിരീക്ഷിച്ചത്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയില്‍ പാര്‍പ്പിച്ചത്. ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍നിന്ന് കുട്ടികളിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫിബാനര്‍മാന്‍ പറഞ്ഞു.

മുലയൂട്ടുന്‌പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുള്‍പ്പടെയുള്ളകാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കള്‍ക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക