Image

സീറ്റുകള്‍ കണക്കുകൂട്ടി ജോസ് വരുമ്പോള്‍ ഇടതു പ്രതീക്ഷകളും വാനോളം (ശ്രീനി)

Published on 14 October, 2020
സീറ്റുകള്‍ കണക്കുകൂട്ടി ജോസ് വരുമ്പോള്‍ ഇടതു പ്രതീക്ഷകളും വാനോളം (ശ്രീനി)
പ്രതീക്ഷിച്ചപോലെ തന്നെ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതു മുന്നണിയുടെ ഭാഗമായിരിക്കുന്നു. ഇതോടെ, ""രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല...'' എന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ  അവസരവാദ തത്വം അന്വര്‍ത്ഥമായിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയുമായി ചേര്‍ന്ന് രാഷ്ട്രീയം കളിച്ചിട്ടുണ്ട്. അന്ന് കെ.എം മാണിയായിരുന്നു ആ മുന്നണി മാറ്റ തീരുമാനത്തിന്റെ അമരക്കാരനെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ മകന്‍ ജോസ് കെ മാണിയാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ റ്റേണ്‍ അനുസരിച്ച് വച്ചുമാറുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ പി.ജെ ജോസഫും  ജോസ് കെ മാണിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ അവസാനം ഇടതു മുന്നണിയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. പി.ജെ ജോസഫുമായുള്ള കടുത്ത തര്‍ക്കം പാര്‍ട്ടി ചിഹ്നത്തിന്റെ പേരിലും മാണിക്കു ശേഷം പാലായില്‍ നടന്ന തിരഞ്ഞെടുപ്പിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തി. കെ.എം മാണിയുടെ എല്ലാമെല്ലാമായ പാലാ നിയമസഭ മണ്ഡലം കൈവിട്ടു പോകുന്ന ദയനീയമായ അവസ്ഥയും ആ തര്‍ക്കത്തിന്റെ പരിണിത ഫലമാണ്.

പാലാ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി ഇടതു മുന്നണിയുടെ മുഖം രക്ഷിച്ച മാണി സി കാപ്പന്‍ ഇപ്പോള്‍ ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനത്തില്‍ ഒട്ടും തൃപ്തനല്ല. പാലാ ജോസ് കെ മാണിക്ക് നല്‍കിയാല്‍ മാണി സി കാപ്പന്‍ മറുകണ്ടം ചാടുമെന്നുറപ്പ്. ""പാലാ കെ.എം മാണിക്ക് ഭാര്യയായിരുന്നെങ്കില്‍ തനിക്ക് ചങ്കാണ്...'' എന്നാണ് മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോള്‍ ആ ചങ്ക് ജോസ് കെ മാണിക്ക് കൊടുക്കുവാനാണ് ഇടതു മുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുള്ളത്. തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ കാപ്പന് തന്റെ നിലപാട് വ്യക്തമാക്കേണ്ടി വരും.

ജോസ് കെ മാണിയുടെ വരവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്തപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്, ""ഇത് കൊടിയ രാഷ്ട്രീയ വഞ്ചനയാണ്. മാണിയുടെ ആത്മാവ് ഒരിക്കലും പൊറുക്കില്ല...'' എന്നാണ്. ജോസ് കെ മാണിയുടെ കളം മാറ്റത്തെ ""രാഷ്ട്രീയ വഞ്ചന...'' എന്നാണ് പ്രതിപക്ഷത്തിന്റെ മൊത്തത്തിലുള്ള കുറ്റപ്പെടുത്തല്‍. ബാര്‍ കോഴ വിവാദത്തില്‍ കെ.എം മാണിക്കെതിരെ സി.പി.എം നടത്തിയ സമര പരിപാടികള്‍ ഏറെയാണ്. പാട്ടപ്പിരിവ് മുതല്‍ സെക്രട്ടേറിയറ്റ് വളയലും നിയമസഭയിലെ കൈയ്യാങ്കളിയും വരെ കേരളം മറന്നിട്ടില്ല. കെ.എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുകയാണെന്നും അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ നീക്കമെന്നും ആരോപണമുയര്‍ന്നു. മാണിയുടെ പാലായിലെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീന്‍ ഉണ്ടെന്നായിരുന്നു ഇടതു മുന്നണിയുടെ ആക്ഷേപം.

അതേസമയം, എല്‍.ഡി.എഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ സി.പി.എം ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ഐക്യജനാധിപത്യമുന്നണിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് 38 വര്‍ഷത്തിന് ശേഷം ആ മുന്നണിയില്‍ നിന്നും വിട്ടു പോരുന്നതെന്നും യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടൂന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റത്തിന് സഹായിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

""ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്. മതനിരപേക്ഷത, കര്‍ഷക പ്രശ്‌നങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എല്‍.ഡി.എഫിന്റേയും സര്‍ക്കാരിന്റേയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരം തന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്. ഇത് എല്‍.ഡി.എഫ് സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരം കൂടിയാണ്. രാഷ്ട്രീയ നിലപാട് ജോസ് കെ മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട് സ്വീകരിക്കും...'' എന്ന് പ്രസ്താവനയില്‍ പറയുന്നു.

കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പുകളും മുന്നണി മാറ്റ പ്രകടനങ്ങളും കേരള രാഷ്ട്രീയത്തിന് പുതുമയുള്ള കാര്യമല്ല. ഒരു തരത്തിലുള്ള ആദര്‍ശത്തിന്റെയും പിന്‍ബലമില്ലാതെ അധികാരത്തിന്റെ പിന്നാലെയുള്ള അവസരവാദ കൂട്ടുകെട്ടുകളാണ് മധ്യകേരളത്തിന്റെ മണ്ണില്‍ ഉറച്ച പിന്തുണയുള്ള കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ എക്കാലത്തും ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ പിന്തുടര്‍ച്ച മാത്രമാണ് ഇന്ന് ജോസ് കെ മാണിയുടെ നിലപാടു മാറ്റത്തില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ ഈ ചുവടു മാറ്റം മധ്യകേരളത്തിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.

ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും അതുകഴിഞ്ഞുള്ള നിയമസഭ ഇലക്ഷനിലും ജോസ് കെ മാണിയുടെ ഇടതു രാഷ്ട്രീയം പ്രതിഫലിക്കും. ഈ തിരഞ്ഞെടുപ്പുകളിലേക്കുള്ള സീറ്റുകളുടെ കാര്യത്തില്‍ ഇടതു മുന്നണിയുമായി ധാരണയിലെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ 12 സീറ്റുകള്‍ ജോസ് കെ മാണിക്ക് കൊടുക്കാന്‍ ഇടതു മുന്നണി സന്നദ്ധത അറിയിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ അക്കൗണ്ടില്‍ ലഭിച്ച രാജ്യസഭാ അംഗത്വം ജോസ് കെ മാണി രാജി വയ്ക്കുകയും ചെയ്യും.

ഇടതു മുന്നണിയുടെ മാറിയ സ്വഭാവം ഭരണ തുടര്‍ച്ചുള്ള മുഖം മിനുക്കലാണ്. മധ്യ കേരളത്തില്‍ വേരോട്ടമുള്ള കേരളാ കോണ്‍ഗ്രസിന്റെ ജോസ് കെ മാണി വിഭാഗം ഇടതുമുന്നണി മോഹങ്ങള്‍ക്ക് എത്രമാത്രം തുണയാവുമെന്ന് കണ്ടറിയണം. കാരണം അപ്പുറത്തുള്ളത് കരുത്തനായ പി.ജെ ജോസഫാണ്. അദ്ദേഹത്തിന്റെ ജനപിന്തുണ ഒട്ടും ഇടിഞ്ഞിട്ടില്ല താനും. പക്ഷേ, കേരളത്തന്റെ അധികാര രാഷ്ട്രീയത്തില്‍ തന്ന വലിയ ഒരു മാറ്റത്തിന് കാരണമായേക്കാവുന്ന മുന്നണി മാറ്റമാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

കേരളത്തിലെ ഭൂരിപക്ഷം തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുന്നതാണ് മധ്യകേരളത്തിന്റെ രാഷ്ട്രീയ മനസ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വലിയ വേരോട്ടമുള്ള കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം തന്നെയാണ് ഇതിന് അടിസ്ഥാനം. കേരള കോണ്‍ഗ്രസിനും യു.ഡി.എഫിനും വേണ്ടി പരസ്യമായി ക്രിസ്തീയ സഭകള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതാണ് ഇവിടത്തെ രാഷ്ട്രീയ പാരമ്പര്യം. സഭയുടെ സ്വന്തം കേരള കോണ്‍ഗ്രസ് എന്ന പരിവേഷമുള്ള മാണിയുടെ പാര്‍ട്ടി മുന്നണി മാറുമ്പോള്‍ രാഷ്ട്രീത്തില്‍ വലിയ അടിയൊഴുക്കുകളും ഗതിമാറ്റങ്ങളും ഉണ്ടാവുമെന്നുറപ്പ്. മരിക്കും മുമ്പ്  മാണിസാര്‍ ഇടതു ബാന്ധവം ആഗ്രഹിച്ചിരുന്നുവെന്നതും ഏറെ പറഞ്ഞു കേട്ടതാണ്.

ജോസിനെ കൂടെ കൂട്ടിയതോടെ മധ്യകേരളത്തിലെ യു.ഡി.എഫ് കോട്ടകള്‍ പൊളിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. ഇപ്പോഴത്തെ സീറ്റ് ധാരണയനുസരിച്ച് കോട്ടയ,ം പാല, തൊടുപുഴ, പൂഞ്ഞാര്‍, ചങ്ങാനാശ്ശേരി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി എന്നിവയുമടക്കമുള്ള യു.ഡി.എഫ് കോട്ടകളാണ് ജോസ് വിഭാഗത്തിന് നല്‍കുക. ഒപ്പം ജോസിന് മന്ത്രി സ്ഥാനവും ഉറപ്പാണ്. ജോസിന്റെ സ്വാധീനത്തില്‍ ഈ മണ്ഡലള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാനാകുമെന്നാണ് ഇടത് കണക്കുകൂട്ടല്‍. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ക്രിസ്തീയ സഭകളിലും മനംമാറ്റമുണ്ടാകുമെന്നാണ് അവരുടെ അനുമാനം.

ഇഞ്ചോടിഞ്ച് മല്‍സരത്തില്‍ കഴിഞ്ഞ തവണ എന്‍.ഡി.എഫ് സ്വന്തമാക്കിയ തിരുവല്ലയും ഏറ്റുമാനുരും എറണാകുളത്തേയും ഇടുക്കിയിലേയും ചില മണ്ഡലങ്ങളും ഇനി ഉറപ്പിക്കാമത്രേ. വടക്കന്‍ കേരളത്തില്‍ മലയോര കര്‍ഷകര്‍ക്ക് സ്വാധീനമുള്ള തിരുവമ്പാടി, ഇരിക്കൂര്‍, പേരാമ്പ്ര, ബത്തേരി തുടങ്ങിയ മണ്ഡലങ്ങളും പിടിച്ചടക്കാമെന്നാണ് ഇടതുമുന്നണി കരുതുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും  എല്‍.ഡി.എഫ് വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. നേരിയ വോട്ടുകള്‍ക്കാണ് പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണം ഉറപ്പിക്കാറുള്ളത്. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം മാറ്റമുണ്ടാകും. ചുരുക്കത്തില്‍ ഇടതു മുന്നണിക്ക് നഷ്ടപ്പെടാനൊന്നുമില്ല. നിലനില്‍പ്പിന് യു.ഡി.എഫിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതാണ് സ്ഥിതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക