Image

ചിതറിയകന്ന ബാല്യം (കവിത : രമണി അമ്മാൾ )

Published on 15 October, 2020
ചിതറിയകന്ന ബാല്യം (കവിത : രമണി അമ്മാൾ )
അങ്ങേലെ 
വീടിന്നടുക്കള വാതിൽ
തുറക്കുന്നതും കാത്ത്,
കുഞ്ഞു പാത്രത്തിൽ
ചോറും കറികളും
വിളമ്പി നീട്ടാറുളള 
കയ്യുകൾ കാത്ത്
എത്രയോ ഉച്ചകൾ...!

വാതിൽ തുറക്കില്ല, ചിലനേരം..
മുട്ടിവിളിക്കും, വിശപ്പ് കേൾക്കില്ല...
ഇന്നില്ലയൊന്നും 
പൊക്കോളൂ..
നാണമറിയാത്ത
കുട്ടിക്കാലം ...!

മൂത്തു പഴുത്ത പേരയ്ക്കാ
പൊട്ടിക്കാം.
വീടിന്റെ പിന്നാമ്പുറത്തു 
വന്നൊന്നു 
കെട്ടിപ്പിടിച്ചാൽ, 
ഉമ്മ തന്നാൽ..
തെക്കേലെ വീട്ടിലെ
ചേട്ടന്റെ വാഗ്ദാനം..

ആളില്ലാ നേരമടുത്തിരുത്തി
ദേഹത്തു  ചിത്രം  
വരയ്ക്കുന്ന കയ്യുകൾ..
പൊളളിക്കും ശ്വാസങ്ങൾ..!
അരുതുകളനവധി
അറിയാതെ കാലം..

വിരശല്യമേറി വയറുന്തി
വിളറി, വിശപ്പാകെ കെട്ട് 
പനിവെളളം 
മൂക്കീന്നൊലിക്കുന്ന
കാലം..!

ചായക്കടയിലെ കണ്ണാടിക്കൂടിന്റെ 
മുമ്പിൽ
കൊതിയുടെ  
ഉമീനീരിറക്കിയ കാലം ..

ചാരായ ലഹരിയിൽ
പുലഭ്യം പറഞ്ഞച്ഛൻ
അമ്മയെ തല്ലുന്ന കണ്ടു 
വളർന്ന കാലം...!

ഓർക്കുവാൻ സുഖമുളള-
തൊന്നുമില്ലാത്ത 
മുരടിച്ചു വളർന്നൊരെന്റെ 
ബാല്യം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക