Image

കയ്പുള്ള ചില പഴങ്ങൾ ( കഥ: സ്വപ്ന നായർ)

Published on 16 October, 2020
കയ്പുള്ള ചില പഴങ്ങൾ ( കഥ: സ്വപ്ന നായർ)
ഇവിടുന്ന് നേരേ വലത്തോട്ട്‌ നടന്നാൽ കാണുന്ന തിരിവിലെ രണ്ടാമത്തെ കടയാണ്‌ അയാളുടെ പഴക്കട. കഴിഞ്ഞ മൂന്നു വർഷമായി അവിടുന്നു തന്നെയാണ്‌ ഞാൻ പഴങ്ങൾ വാങ്ങുന്നത്‌.
അയാളോട്‌ തീരെ ഇഷ്ടമില്ലാതിരുന്നിട്ടും നല്ല സാധനങ്ങൾ കിട്ടുമെന്ന ഒറ്റക്കാരണത്തിലാണ്‌ ആ കടയിൽ പോയിരുന്നത്‌. നമുക്കൊരാളോടുള്ള ഇഷ്ടക്കുറവിന്‌ എത്രയോ കാരണങ്ങൾ നിരത്താം.   മുഖത്ത്‌ ചിരിയില്ലെന്നുള്ളതായിരുന്നു അയാളുടെ പോരായ്മയായി എനിക്കു തോന്നിയത്‌.
ചിരിക്ക്‌ ഇത്രയും പിശുക്കുന്ന മനുഷ്യരുണ്ടാവുമോ?
ചേതമില്ലാത്ത ഒരുപകാരമല്ലേ അത്‌?
വളരെക്കുറച്ചുമാത്രം മസിലുകളേ ഈ പ്രക്രിയയ്ക്കാവശ്യമുള്ളൂ എന്നയാളോട്‌ പറയണം എന്നു ഞാൻ പലവട്ടം ഓർത്തിട്ടുണ്ട്‌.
ആ വർഷത്തെ മാമ്പഴക്കാലം വരെ പണത്തിന്റെ കൊടുക്കൽ വാങ്ങലുകൾക്കപ്പുറം ഒരു ചിരിപോലും ഞങ്ങൾക്കിടയിൽ കൈമാറ്റം ചെയ്തിട്ടില്ല തീർച്ച.
അബദ്ധത്തിലും അല്ലാതെയും ഞാൻ മുഖത്തു വരുത്തിയ പുഞ്ചിരി അയാൾ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടാവണം. ചിരിക്കാത്ത ഒരു മുഖം ഓർമ്മയിൽ വയ്ക്കാൻ വലിയ പാടാണ്‌. അതുകൊണ്ടു തന്നെ മറ്റെവിടെയെങ്കിലും വച്ചു കണ്ടാൽ ഞാനയാളെ തിരിച്ചറിയാനിടയില്ല.
മാമ്പഴക്കാലം ഏതാണ്ട്‌ തീരാറായിരുന്നു. പഴങ്ങളുടെ    പതിവു തട്ടുകൾക്കിടയിൽ ഒരു ചെറിയ കൂട, അതു പതിവില്ലാത്തതാണ്‌. ഞാൻ പതിയെ കൂടയിലെ കടലാസ്‌ മാറ്റി നോക്കി.
ഒരു ചെറുനാരങ്ങയോളം മാത്രം വലിപ്പമുള്ള നാട്ടുമാമ്പഴം! പണ്ട്‌ തറവാട്ടിൽ ഊണിനു പിഴിഞ്ഞുകൂട്ടിയിരുന്ന അതേയിനം
മധുരം തന്നെ തീർച്ച...
"ഇത്‌ എടുക്കലാമാ?" അത്ര ഉറപ്പില്ലാതെയാണ്‌ ഞാൻ ചോദിച്ചത്‌.
"വേറേ ഒരുത്തരുക്കാഹ  കൊണ്ടുവന്തേൻ, കൊഞ്ചമാ എടുത്തുക്കോങ്കെ, രണ്ടുനാൾ കഴിച്ച്തിരുമ്പും കൊണ്ടുവറേൻ! "
അയാളുടെ മുഖത്ത് പതിവില്ലാതെ ചെറിയ ഒരു ചിരിയുണ്ടായിരുന്നു, അതെന്നെ അത്ഭുതപ്പെടുത്തി. കടലാസുപൊതിയിൽ കുറച്ചു മാമ്പഴങ്ങൾ അയാൾ പൊതിഞ്ഞു.
" കാസ്‌ അടുത്തവാട്ടി വാങ്കിടെറേൻ, രണ്ടു നാൾ കഴിച്ചു വാങ്കെ, ഇതേ മാമ്പഴം കുടുക്കിറേൻ!"
പണം കൊടുക്കാതെ ഒരു സാധനം വാങ്ങുന്നതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അടുത്ത നാൾ കൊടുക്കാമെന്ന ചിന്തയിൽ ഞാൻ ആശ്വസിച്ചു.
ഒരു കടം കിടക്കുന്നതിന്റെ അലോസരം കൊണ്ടാവും പതിവു മറവികളിൽ മാമ്പഴം മുങ്ങിത്താണില്ല. വൈകിട്ടത്തെ പതിവ്‌ നടപ്പ്‌ അങ്ങോട്ടാക്കുമ്പോൾ ഓർമ്മകളുടെ ഘോഷയാത്ര തുടങ്ങിയിരുന്നു.
ചിലപ്പോൾ പഴയ മാമ്പഴ രുചികൾ നാവിൻ തുമ്പിൽ നിന്നും തലച്ചോറിന്റെ ഓർമ്മക്കൂട്ടിലേയ്ക്ക്‌ ഒരു ശരം എയ്തിട്ടുണ്ടാവണം. മുത്തശ്ശിയുടെ ആങ്ങളയായ വെളിയത്തമ്മാവൻ കൊണ്ടുവരാറുള്ള കാക്കിസഞ്ചിയിലെ മാമ്പഴങ്ങളാണ്‌‌ ആദ്യം മനസ്സിലെത്തുക. എന്തൊരു മധുരമായിരുന്നു അതിന്‌.
" എക്ഷ്മീ ദാ അവ്ട്ന്നെന്തോ അവൾ  (അമ്മായി) നിനക്ക്‌ തന്നയച്ചിട്ട്ണ്ട്‌,". അമ്മാവന്റെ വിളിക്കും സംസാരത്തിനും തേന്മധുരമായിരുന്നു. മാമ്പഴ സഞ്ചി വാങ്ങുമ്പോൾ മുത്തശ്ശി എന്നേക്കാൾ ചെറുപ്പമായിരുന്നൂന്നിപ്പൊ തോന്നുന്നു. ശരിക്കും ഒരു കുട്ടിയെ പോലെ!
ഒരിക്കൽ അവരുടെ വീട്ടിനു പിന്നിലെ മാഞ്ചോട്ടിൽ നിന്നും മഴയെ വകവയ്ക്കാതെ മാമ്പഴങ്ങൾ കുപ്പായത്തിൽ പെറുക്കി നിറച്ചതും ഓർമ്മയിൽ ഇന്നലെയെന്ന പോലെയുണ്ട്‌. ഇതാണ്‌ കുഴപ്പം , പഴയ ഓർമ്മകൾ നിരയായി
"ഞാനുമുണ്ടേ" എന്നും പറഞ്ഞ്‌ ഓടി ക്യൂവിലെത്തും!
കൂടുതൽ ഫ്ലാഷ്ബാക്ക്‌ സ്ക്രീനിൽ എത്തും മുന്നേ ഞാൻ കടയിലെത്തി.
"മാമ്പഴം വന്തിച്ചാ?"
" ആമാ, ഉങ്കളുക്ക്‌ എടുത്ത്‌ വച്ചിരുക്ക്‌. നല്ല ഡിമാന്റ്‌. കെടയ്ക്കറുത്‌ കഷ്ടം. ‌പൊതികെട്ടുന്നതിനിടയിൽ വീണ്ടുമൊരു ചോദ്യം,
"കൊഴമ്പു പണ്ണറതുക്കുതാനേ? എങ്കമ്മാ സെമയാ സമച്ചിട്ടിരുന്താങ്കേ ഒരു കാലത്തിൽ!"
അയാളുടെ മുഖത്ത് ചിരിയുടെ തെളിച്ചം , അമ്മച്ചൂടുള്ള വാത്സല്യത്തിന്റെ ഓർമ്മകളുടെ വെളിച്ചം! അമ്മയുണ്ടാവില്ല ഇപ്പോൾ! അതാണ്‌ ഓർമ്മകൾക്കിത്ര മധുരം.
പക്ഷേ ഒന്നുറപ്പിക്കാം, അയാൾക്ക്‌‌ ചിരിക്കാനുമറിയാം....
നിറഞ്ഞ ചിരിയുള്ള ഐശ്വര്യമുള്ള മുഖം ഞാനിതു വരെ അതു ശ്രദ്ധിക്കാതിരുന്നതെന്തുകൊണ്ടാണോ ആവോ?
ഒരു പരിചയഭാവവും കാണിക്കാതൊരാൾ എത്ര പെട്ടന്നാണ്‌ മാറിയത്‌! സ്കൂട്ടർ കടയ്ക്കരികിൽ നിർത്തുകയേ വേണ്ടൂ, ഞാൻ തിരഞ്ഞെടുക്കുന്നതിനേക്കാൾ നല്ല പഴങ്ങൾ അയാൾ പൊതിഞ്ഞെടുക്കും.
" മൽഗോവ പോതും, ദ്രാക്ഷാ കറുപ്പ്‌ പുളിപ്പാറുക്ക്‌, നേന്ത്രൻ വേറേ കൊടുക്കിറേൻ, ഊരിലിരുന്ത്‌ മുന്തിരിപ്പരിപ്പ്‌ കൊണ്ടു വന്തിരുക്ക്‌," മുതലായ സ്പെഷ്യൽ പ്രിവിലേജുകൾക്കിടയിൽ അയാളിലെ മുരടത്തം ഞാൻ പാടേ മറന്നു.
അടുത്ത റോഡിൽ അയാളുടെ മകനുമുണ്ട്‌ ഇതേ പോലൊരു കട. ഇവിടെ ഇല്ലാത്തവ അവിടെ നിന്നു വാങ്ങാൻ ഇടക്ക്‌ പറയും.
"നമ്മ പയ്യൻ കട, അവൻ ഇല്ലേന്നാ അവനോടെ വൈഫ്‌ ഇരുപ്പാ!"മകന്റെ ഭാര്യയല്ലാതെ
 അൽപം പ്രായം ചെന്ന മറ്റൊരു സ്ത്രീയേയും ഞാനാ കടയിൽ കാണാറുണ്ട്‌. അയാളുടെ ഭാര്യയാവും...
അപ്പാവെപ്പോലെയല്ല മകൻ. നല്ല ചിരിച്ച മുഖം, വെളുത്ത നിറം, ഉയരം കുറവ്‌. അപ്പാ കറുത്തിട്ട്‌, നല്ല ഉയരമുള്ളൊരാൾ! അമ്മ വെളുത്തിട്ട്‌! (കന്നടക്കാരിയാവും ). കച്ചവടത്തിനും മറ്റും ഗ്രാമത്തിൽ നിന്നും വരുന്നവരുടെ പുതിയ വീടുകൾ! തനിയെ നടക്കുമ്പോൾ
താനെ ചിരിക്കാൻ പോന്ന ചിന്തകൾ!
കോവിഡ്‌ തുടങ്ങിയ ശേഷം നടത്തങ്ങളും, പഴക്കടയിലേക്കുള്ള യാത്രകളും തീരെ ഇല്ലാതായി എന്നു പറയാം. അത്യാവശ്യം സാധനങ്ങൾ വീട്ടിനു മുന്നിൽ വണ്ടിയിൽ കിട്ടും. വളരെ ചുരുക്കമായി മാത്രമേ അയാളുടെ കടയിൽ പോയിരുന്നുള്ളൂ." കഷ്ടം താൻ! വ്യാപാരം കമ്മി , ഇതും പോയിടും" എന്നൊക്കെ വരണ്ട ചിരിയോടെ അയാൾ പലവട്ടം പറഞ്ഞു.
അപ്പോഴൊന്നും  കടന്നു പോവുന്ന തെന്താവും എന്നൊരു ചിന്ത മനസ്സിൽ വന്നതേയില്ല. മരണത്തെക്കുറിച്ചുള്ള നേരിയ ഒരോർമ്മ പോലും ഉണ്ടായില്ല.
അയാൾക്ക് മരിക്കാനുള്ള പ്രായമൊന്നുമായിട്ടില്ല.
അല്ലെങ്കിൽത്തന്നെ മരിക്കാൻ ഒരു പ്രത്യേക പ്രായമൊന്നുമില്ലല്ലോ!
വളരെചെറുപ്രായത്തിൽ തന്നെ മരിക്കുന്നവരുണ്ടല്ലോ! എന്നിട്ടും അയാൾ പോയി. ഒടുവിൽ കണ്ടതിന്റെ ഒരാഴ്ചയുടെ ഇടവേളയ്ക്കിടയിൽ.
മരിച്ചവരുടെ ഫോട്ടോ പതിപ്പിച്ച ഫ്ലെക്സുകൾ ഞാൻ ശ്രദ്ധിക്കാറില്ല. ഇവിടെ ആരെ തിരിച്ചറിയാൻ! പഴക്കടയ്ക്ക് തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ കയറിയപ്പോൾ ഞാൻ ചിത്രം കണ്ടതാണ്.കണ്ടെന്നേയുള്ളൂ, ആരാണെന്നു നോക്കിയില്ല. ഒരിക്കലും അവധിയില്ലാത്ത അയാളുടെ കടയുടെ മുന്നിൽ പൂക്കൾ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. ഫോട്ടോ അയാളുടേതാണ്. 
ശ്രദ്ധാഞ്ജലി...
"മാരിയപ്പൻ" 62 വയസ്സ്....
ഞാൻ നോക്കുന്നതു കണ്ടിട്ടാവും മരുന്നെടുത്തുകൊണ്ട് കടക്കാരൻ പറഞ്ഞു ," പാപ! തീരോഗിതരു! ഇരട് മൂറു ദീവസായിത്തു, ഊര് ഹോഗിതരു. അല്ലേ അയിത്തു!"( പാവം! അയാൾ മരിച്ചു പോയി. രണ്ടുമൂന്നു ദിവസമായി. നാട്ടിൽ പോയിരുന്നു. അവിടെ വച്ചായിരുന്നു. )
മനസ്സിൽ ഒരു ഭാരമുള്ള കല്ലു വച്ചതു പോലെ. ചോദിക്കാതിരിക്കാനായില്ല.
"ഏനായിത്തു? അവരു ഉഷാറാഗിതാരല്ലാ?"( എന്തു പറ്റി? ആരോഗ്യമുള്ളയാളായിരുന്നില്ലെ?)
കോവിഡ്‌ വന്നിരിക്കുമോ എന്നറിയാനായിരുന്നു ആ ചോദ്യം.
അയാൾ അല്പം ശബ്ദം
താഴ്ത്തി പറഞ്ഞു " സ്വൽ‌പ ദുഡ്ഡു വിഷയ, മകനത്ര ഛഗട മാടിതരന്ത, അവനു കൊട്ടിതാനന്ത, ഹെൺതീനും കൊട്ടിതാരന്ത. കർമ്മ!"
അതേ കർമ്മഫലം തന്നെ, കുറച്ച്‌ ആഭരണങ്ങൾ പണയം വച്ചത്‌ എടുപ്പിക്കാനയാൾക്കായില്ല. ഈ കെട്ട കാലത്തിൽ പണം ഉണ്ടാവുന്നതെങ്ങിനെ? ഒന്നും രണ്ടും പറഞ്ഞ്‌ ഉന്തും തള്ളും, ഒടുവിൽ അടിയും. സഹിച്ചിട്ടുണ്ടാവില്ല അയാൾക്ക്‌! അതിന്‌ മരിക്കണോ? നമുക്കു തന്നെ മരിക്കാൻ എത്ര വട്ടം തോന്നുന്നു! എന്നിട്ടോ? പിന്നെയും ജീവിക്കണില്ലേ?
   അയാൾ  അന്നു രാത്രി തന്നെ എങ്ങിനെയൊക്കെയോ വണ്ടികൾ മാറിക്കയറി അയാൾ സേലത്തിനു പോയി. ഗ്രാമം വിട്ട്‌ പട്ടണത്തിലെത്തിയപ്പോൾ ഉപേക്ഷിച്ച ആദ്യ ഭാര്യയേയും മക്കളേയും കണ്ടു. "കർമ്മഫലം " എന്നത്‌ അയാൾക്കപ്പോൾ തോന്നിയിരുന്നോ ആവോ? വൈകുന്നേരത്തിനു ശേഷം അയാളെ ആരും കണ്ടില്ല. രാത്രി മുഴുവൻ എല്ലാവരും അയാളെ  തേടിയിരുന്നു. പുലർച്ചയ്ക്ക്‌  കണ്ടെത്തിയത്‌‌ അടുത്തുള്ള  വയലിൽ അയാളുടെ അമ്മയുടെ ദേഹമടക്കിയ കല്ലറയ്‌ക്കരികിൽ. വിഷം കുടിച്ചിരുന്നു. അപമാനവും സമാധാനക്കേടുകളും, പിണക്കങ്ങളും തീർന്നിട്ടുണ്ടാവണം.
ഒരുപാടു രുചികളുടേയും ഓർമ്മകളുടേയുമൊപ്പം അയാൾ അമ്മയ്ക്കൊപ്പം ശാന്തമായി ഉറങ്ങിയിട്ടുണ്ടാവണം.
 ആ മരണത്തിന്‌ ഇവിടുന്നാരും പോയമട്ടില്ല..
ചടങ്ങുകൾക്ക്‌ അവിടെ മക്കളുണ്ട്‌..
അയാളുടെ കട പിന്നെയും രണ്ടാഴ്ച അടഞ്ഞു തന്നെകിടന്നു.
 എതിർ വശത്തുള്ള പൂക്കടക്കാരി പൂക്കൾ നടവാതിലിൽ അയാളുടെ ഫോട്ടോയ്ക്കു മുന്നിൽ മുടങ്ങാതെ വിതറിയിട്ടുണ്ടാവണം...
 മനപൂർവ്വം  ഞാനാവഴി പോയതേയില്ല..
ചിലത്‌ മറന്നു പോകും പെട്ടന്ന്! അയാളുടെ മരണവും അതു പോലെ മറന്നു. കഴിഞ്ഞ ദിവസം പതിവുപോലെ സ്കൂട്ടർ ആ കടയ്ക്കു മുന്നിൽ നിറുത്തി. മകന്റെ കടയിൽ കാണാറുള്ള വെളുത്തിട്ട്‌ തടിച്ച സ്ത്രീയാണ്‌ കടയിൽ..
അവരുടെ ചോദ്യഭാവത്തിലുള്ള നോട്ടത്തിനു മറുപടി പറയാതെ , എന്തോ മറന്ന പോലെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.
അവിടത്തെ പഴങ്ങൾക്ക്‌ കയ്‌പ്പാവും..
തീർച്ച .....
എത്രയും പെട്ടന്ന് മറ്റൊരു കട കണ്ടുപിടിക്കണം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക