Image

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരം (കഥ ഷഹീര്‍ പുളിക്കല്‍)

Published on 17 October, 2020
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരം (കഥ ഷഹീര്‍ പുളിക്കല്‍)
ചോദ്യം ലളിതമാണ് പക്ഷേ ഉത്തരം സനങ്കീർണതയേറിയതാണ്.മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ദൂരം എത്രയാണ്?.അതാണ് ചോദ്യം.ചോദ്യം ചോദിച്ചത് ബിജീഷാണ്.സ്കൂൾ വേനലവധിക്ക് പൂട്ടിയത് 1കൊണ്ടാണ് അവൻ എന്നോട് ചോദിച്ചിട്ടുള്ളത്.ഇല്ലെങ്കിൽ രമ ടീച്ചറോടോ അല്ലെങ്കിൽ ജ്യോതി ടീച്ചറോടോ ആയിരിക്കും ഇവൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ടാവുക.
പച്ചപിടിച്ച പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്ക് തോന്നിയ രണ്ട് പര്‍വ്വതനിരകളാണ് കല്ലടിക്കോടൻ മലനിരകളും അട്ടപ്പാടി മലനിരകളും.എന്തുകൊണ്ടാണ് അവ രണ്ടും എനിക്ക് പ്രധാനപ്പെട്ടതെന്ന് ചോദിച്ചാൽ ഞാൻ പറയും അവ രണ്ടും എന്റെ നാട്ടിലെ മലനിരകളായതുകൊണ്ടെന്ന്.
മലനിരകളിൽ കാര്യവുമില്ല.കാര്യം മറ്റൊന്നിലാണ്.മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിൽ.അട്ടപ്പാടി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് നദികളാണുള്ളത്.ഒന്നാമത്തേത് കുന്തിപ്പുഴ രണ്ടാമത്തേത് നെല്ലിപ്പുഴ.കുന്തിപ്പുഴയെപ്പറ്റി നമുക്ക് മറ്റൊരവസരത്തിൽ സംസാരിക്കാം.
നെല്ലിപ്പുഴയാണ് അവന്റെ ജീവിതത്തിൽ ആദ്യമായി അവന് ഇടിവെട്ട് പോലൊരു പ്രഹരമേൽപ്പിച്ചത്.ആറ് വർഷം മുമ്പായിരുന്നു അത് സംഭവിച്ചത്.കർക്കിടകത്തിലെ കുത്തിയൊലിക്കുന്ന പുഴ കാണാൻ പോയ തന്റെ അച്ഛനെ പിന്നെ കാണുന്നത് കരിമ്പുഴയിലെ ഏതോ കടവിലാണ്.അന്നവന് തോന്നി ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് ആറോ ഏഴോ കിലോമീറ്ററുണ്ടെന്ന്.
അന്നവന് വയസ്സ് ഒമ്പത്.ഓർമകളുടെ പാന്ഥാവ് അവന്റെ മുന്നിൽ മലർക്കെ തുറന്നു കിടക്കുന്ന സമയങ്ങളില്‍ ആ മുഖം അവന്റെ മനസ്സിൽ വല്ലപ്പോഴും മിഞ്ഞിമറയാറുണ്ട്.മുയലുംകുന്നിന്റെ ചുമലിൽ കയറി ആകാശത്തേക്ക് നോക്കി കിടക്കുമ്പോൾ അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ ഓലപ്പടക്കങ്ങൾ പൊട്ടും.ഓലപ്പടക്കങ്ങൾ കഴിഞ്ഞ് മലപ്പടക്കങ്ങളിലേക്ക് തീ കത്തിക്കയറുന്ന നിമിഷം അവൻ കണ്ണുകൾ തുറക്കും.പണ്ടാരോ കുഴിച്ചിട്ട കൊക്കോ മരത്തിൽ അനാഥരായി കിടക്കുന്ന പഴങ്ങൾക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത് അവന്റെ കൈത്തലത്തിൽ കിടന്ന് അമ്മയുമായുള്ള പൊക്കിൾകൊടി വേർപെടുത്തുമ്പോഴാണ്.
കോളനിയിലേക്കുള്ള ലൈൻ കമ്പിയിൽ തട്ടി പെങ്ങൾ മരിച്ചപ്പോഴും അവൻ കരഞ്ഞു.ജീവൻ പോകും എന്നറിയുമെങ്കിൽ ആരെങ്കിലും മരണപാതയിലേക്ക് കയറുമോ?.കയറും; ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിരാശരും ഹതാശരുമായ മനുഷ്യർ.അവർ കയറും.കാരണം അവർക്ക് നഷ്ടപ്പെടാനും നേടാനും ഒന്നുമില്ല.അങ്ങനെയുള്ളവർ സ്വയം മരണപാത കണ്ടെത്തും.ടൈൽസ് പതിച്ച പ്രതലത്തിൽ നിന്ന് ഫാനിലേക്കുള്ള പാത മരണപാതയാണ്.ശർക്കര വിൽക്കുന്ന പലചരക്ക് കടയിൽ നിന്ന് കാഞ്ഞിരമരത്തിലേക്കുള്ള പാത മരണപാതയാണ്.എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്ന് റെയിൽവേ ട്രാക്കിലേക്കുള്ള പാത മരണപാതയാണ്……
ബിജീഷിനോട് പറയാൻ എനിക്കുത്തരം ലഭിച്ചില്ല.എന്നിട്ടും അവന് സങ്കടമാവരുതല്ലോ എന്ന് വിചാരിച്ച് ഞാൻ അവനോട് ഒരു കളവ് പറയാൻ തീരുമാനിച്ചു.
‘ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് ഒരു മില്ലീമീറ്റർ മുതൽ അനന്തമായ കിലോമീറ്ററുകൾ വരെയുള്ള ദൂരമുണ്ട്’
‘അതെന്താ അനന്തമായ?’
‘അനന്തമെന്ന് പറഞ്ഞാൽ എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്തത്ര’
പിന്നെയും കുറച്ചെന്തോ സംസാരിച്ച ശേഷം അവൻ പോയി.മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ദൂരം ശരിക്കും എത്രയാണ്.......!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക