Image

കോവിഡിന് റെമഡെസിവിർ ഗുണകരമല്ലെന്നു ലോകാരോഗ്യ സംഘടന

Published on 17 October, 2020
കോവിഡിന് റെമഡെസിവിർ ഗുണകരമല്ലെന്നു ലോകാരോഗ്യ സംഘടന
പ്രസിഡന്റ് ട്രംപിന്റെ കോവിഡ് രോഗം സുഖപ്പെടുത്തിയ അത്ഭുതമരുന്നിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയില്ല. യു എസിലെ മരുന്നു നിർമ്മാതാക്കളായ ഗിലീഡ് സയൻസസ് വികസിപ്പിച്ച റെംഡിസിവിർ എന്ന ഈ മരുന്ന് എബോളയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നതാണ്. കൊറോണ ബാധിതരായ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്നിന്റെ ഉപയോഗം കൊണ്ട് മരണനിരക്ക് കുറയ്ക്കാനോ വെന്റിലേറ്ററിന്റെ ആവശ്യകത കുറയ്ക്കാനോ സാധിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. പത്ത് ദിവസം  2750 രോഗികളിൽ റെംഡിസിവിർ പരീക്ഷിച്ചത്, 200 മില്ലിഗ്രാം  ആദ്യ ദിവസം നൽകിയും പിന്നീടത് 100 മില്ലിഗ്രാമായി കുറച്ചുകൊണ്ടുമായിരുന്നു. 

11,266 കോവിഡ് രോഗികളിൽ ഹൈഡ്രോക്‌സി ക്ളോറോക്വിനും എച്ച് ഐ വി ചികിത്സയിൽ ഉപയോഗിച്ചുവരുന്ന ലോപിനാവിറും റിറ്റോനവീറും പരീക്ഷിച്ച് ഫലപ്രദമല്ലെന്ന് കണ്ടതോടെ ജൂണിൽ അവ നിർത്തിയതാണ്. പതിനഞ്ച് ദിവസംകൊണ്ട് രോഗമുക്തി സാധ്യമാകുന്നവരിൽ ഈ മരുന്നുകൊണ്ട് പതിനൊന്ന് ദിവസത്തിൽ രോഗമുക്തി നേടാമെന്ന് യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  നടത്തിയ ട്രയലിൽ തെളിഞ്ഞതോടെ  നൽകിയിരുന്നു. ഏപ്രിലിലെ ഈ കണ്ടെത്തലിനെത്തുടർന്ന് ജൂലൈയിൽ മരുന്നിന്റെ ഉപയോഗം മരണനിരക്ക് കുറയ്ക്കുമെന്ന അവകാശവാദവുമായി നിർമാതാക്കൾ എത്തിയെങ്കിലും തെളിയിക്കപ്പെട്ടില്ല. 

കോവിഡ്  പശ്ചാത്തലത്തിലും  ലോകവ്യാപകമായി  നടക്കുന്ന പരീക്ഷണങ്ങൾ എത്രയും വേഗംം, പൊതു ആരോഗ്യരംഗത്ത് കൊറോണയുടെ ചികിത്സയുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

 ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിൽ,  കൊറോണയെ അതിജീവിക്കാൻ പ്രാപ്തമായ ഒന്ന് ടെക്സമെത്തോസോൺ എന്ന സ്റ്റിറോയ്ഡ് മാത്രമാണ്. റെംഡിസിവിറിനൊപ്പം ട്രംപിന് സ്റ്റിറോയ്ഡ് കൊടുത്തിരുന്നതായും റിപ്പോർട്ടുണ്ട്. 

വാക്സിനെ  അധിക്ഷേപിക്കുന്ന റഷ്യൻ നിലപാട് 

ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത  കൊറോണ വാക്സിനെ ദുർബലപ്പെടുത്താനുള്ള   ശ്രമവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് റഷ്യ. വാക്സിനെ  അധിക്ഷേപിക്കുന്ന തരത്തിലുള്ള വിഡിയോകകളും ചിത്രങ്ങളുമായി റഷ്യ സമൂഹമാധ്യമത്തിൽ നടത്തിയ അഴിഞ്ഞാട്ടത്തിന് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമർശനങ്ങളുണ്ട്. ഈ വൈറസ് മനുഷ്യക്കുരങ്ങിൽ നിന്നാണെന്നും ഇതിന്റെ ഉപയോഗം ആളുകളെ കുരങ്ങാക്കും  എന്നെല്ലാമാണ് പ്രചരിച്ചത്.

പൊതു ആരോഗ്യ രംഗത്തേക്ക് തെറ്റായ അറിവ് പ്രചരിപ്പിക്കുക വഴി റഷ്യ നടത്തിയിരിക്കുന്ന നീക്കം അത്യന്തം നിന്ദ്യമാണ്. ഫലം കണ്ടാൽ മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ സഹായകമാകുന്ന വാക്സിനെ ഇത്ര കടുത്ത ഭാഷയിൽ വിമർശിക്കുന്നത് അതിന്റെ  പിന്നിൽ പ്രവർത്തിച്ച ഗവേഷകരോടുള്ള അനാദരവാണ്. വസ്തുതാപരമല്ലാത്ത സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാനും നിയന്ത്രിക്കാനും ശക്തമായ  നടപടി ഉണ്ടാകണമെന്ന  ആവശ്യവും ഇത് സംബന്ധിച്ച് ഉയർന്നു.  

'സ്പുട്നിക് V ' എന്ന പേരിൽ റഷ്യ വികസിപ്പിച്ച വാക്സിന്റെ വിപണിയായി അവർ കണക്കുകൂട്ടി വച്ചിരിക്കുന്ന രാജ്യങ്ങളായ ഇന്ത്യയിലും ബ്രസീലിലുമാണ് ബ്രിട്ടന്റെ വാക്സിനെ കളിയാക്കിയുള്ള ചിത്രങ്ങൾ റഷ്യ പ്രചരിപ്പിച്ചത്. തങ്ങളുടെ വാക്സിൻ വിപണി ബ്രിട്ടൺ തട്ടിയെടുക്കുമോ എന്നുള്ള മത്സര ബുദ്ധിയും ഭയാശങ്കയുമായിരിക്കാം റഷ്യയെക്കൊണ്ട് ഇത്രയും നീചമായ പ്രവൃത്തി ചെയ്യിച്ചതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിൽ റഷ്യൻ ഗവണ്മെന്റിന്റെ അനുമതിയോ അധികൃതരുടെ ഇടപെടലോ ഉള്ളതായി വ്യക്തമായിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക