Image

വെടി ശങ്കരൻ (നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 18 October, 2020
വെടി ശങ്കരൻ (നീലീശ്വരം സദാശിവൻകുഞ്ഞി)
സമയം രാത്രി ഏതാണ്ട് 10 മണി … കർക്കിടകമാസം ..കുറ്റാക്കൂരിരുട്ട് .

ചീവീടുകൾ ‘രീ….രീ’ എന്ന് താരാട്ടുപാടുന്നത്  ചെവിതുളച്ചുകയറുന്നുണ്ട്. 'കർക്കിടകക്കൂരി' എന്ന് പഴയ കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട് . കർക്കിടകക്കൂരിയുടെ സമയത്ത് കടം വാങ്ങിയ സാധനം തിരിച്ചുതന്നുകൊള്ളാമെന്ന്  കള്ളന്മാരും പറയും . അപ്പോൾ ഊഹിക്കാമല്ലോ ഇരുട്ടിന്റെ കാഠിന്യം .

1969 ലെ കാര്യമാണ് . ഞങ്ങളുടെ ഗ്രാമത്തിൽ വീടുകളിൽ വൈദ്യുതി വന്നിട്ടില്ലായിരുന്നു . ആ സമയത്ത്  ഗ്രാമം നടുങ്ങുമാറ് ഒരു വെടിയൊച്ചയും ദിക്കെട്ടും പൊട്ടുമാറ് ഒരു നിലവിളിയും .

ശങ്കരൻ നായർ അല്ലാതെ നാട്ടിൽ വെടിവക്കാൻ വേറെ വെടിക്കാരൻ ഇല്ല .

വെടിക്കല , കുംഭ , പുറത്തു രോമം ഇവയൊക്കെ ആണുങ്ങളുടെ ലക്ഷണമാണെന്നാണ് ശങ്കരൻ നായർ പറയാറ്

എവിടെന്നാണ് വെടിശബ്ദം കേട്ടതെന്ന് മനസ്സിലായില്ല . കരച്ചിൽ ഞങ്ങളുടെ സർപ്പക്കാവിനടുത്ത് നിന്ന് തന്നെ .അമ്മ അലറി കരഞ്ഞു!!

“ ശങ്കരൻ നായരെ പാമ്പ് കടിച്ചേ..”

സർപ്പക്കാവിനടുത്തായതിനാൽ അങ്ങനെ തോന്നിയതാണ് അമ്മക്ക് . ശങ്കരൻ നായർ വെടിക്കാരനാണ് . തുളകളുള്ള കളർ ബനിയനും ,  ലുങ്കിയും ആണ് സ്ഥിരം വെടിവക്കാൻ പോകുന്ന വേഷം . മരപ്പട്ടികളെയും മുയലുകളെയുമാണ് മിക്കവാറും കിട്ടുന്നത്.   നെറ്റിയിൽ വലിച്ച് കെട്ടിയ നായാട്ട് ലൈറ്റ് ഉണ്ട്  .

ശങ്കരൻ നായരുടെ ഭാര്യ നാരായണിഅമ്മയാണ് നായരുടെ തോക്ക് തുടക്കുന്നതും തോക്കിലിടാൻ  ഉണ്ടയൊക്ക ഉണ്ടോ എന്നൊക്കെ നോക്കുന്നതുമെല്ലാം . ‘ഈ ഉണ്ടയെടുത്ത് വേറെയെങ്ങും പോയി വെടിവച്ചേക്കല്ലേ’  എന്ന് തമാശയായി നാരായണിഅമ്മ പറഞ്ഞുവിടും .

ശങ്കരൻ  നായരുടെ തോക്കിൽ തൊടാൻ നാരായണി അമ്മക്ക് മാത്രമായിരുന്നു അവകാശവും ധൈര്യവും .

നെഞ്ചോപ്പം ഉയർന്നുനിൽക്കുന്ന കണ്ടിചേമ്പ് വകഞ്ഞു മാറ്റി ആ രാത്രി സർപ്പക്കാവിനടുത്തേക്ക് ആളുകൾ ഓടിച്ചെന്നു .

ശങ്കരൻ നായർ നിൽക്കുകയാണ് . മരിച്ചു നിൽക്കുകയാണോ മരവിച്ചു നിൽക്കുകയാണോ എന്ന് നാട്ടുകാർക്ക് സംശയമായി . തെക്കേതിലെ നാരായണൻ അമ്മാവൻ മണ്ണണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്താൽ ശങ്കരൻ നായരെ    കേശാദിപാദം ഉഴിഞ്ഞു .

തോക്ക് താഴെ കിടപ്പുണ്ടായിരുന്നു .വലിയൊരു ഭീകരൻ പഴച്ചക്ക വളയിട്ടപോലെ കാലിൽ ചുറ്റിക്കടപ്പുണ്ട് . കുറച്ചു പഴച്ചുളകൾ തലയും തോളും വഴി ഒഴുകിയിറങ്ങിക്കൊണ്ടിരിക്കുന്നു  . അന്ന് അവിടെ കൂടിയവരിൽ ശങ്കരൻ നായരുടെ തോക്കൊഴികെ ബാക്കി  എല്ലാവരും ചിരിച്ചുകാണും  .

അദ്ദേഹം വെടിവച്ചത് മരപ്പട്ടിയെയാണ് എന്നാൽ കൊണ്ടത് മരപ്പട്ടി ഇരുന്ന ചില്ലയിലെ പഴച്ചക്കയിലും .

ഞങ്ങളുടെ സർപ്പക്കാവിനടുത്തെ പ്ലാവിലെ ചക്കക്ക്  ഒരു പത്തായം പോലെ വലിപ്പമുണ്ട് .വെടികൊണ്ട് വീണ പഴച്ചക്ക ശങ്കരൻ നായരുടെ തലയിലൂടെ ഊർന്നിറങ്ങി കാലിനു ചുറ്റും പരന്നു കിടന്നിരുന്നു .

ദാഹം ശങ്കരൻ നായരുടെ കൂടെപ്പിറപ്പായിരുന്നു . ഇത് ‘അന്തർദാഹമാണെന്നാണ്’ നാട്ടിൽ പെണ്ണുങ്ങൾ പറയാറ് . തൻ്റെ തോക്കുമായി വെള്ളം ചോദിച്ച് അടുക്കള വരെ പോകാൻ മടിയില്ലാത്ത ആളായിരുന്നു ശങ്കരൻ നായർ . ശങ്കരൻ നായരെ ദാഹം ഉണ്ടെങ്കിൽ അവിടെ നിന്നോളൂ വെള്ളം ഞാൻ എടുത്തുകൊണ്ടു വരാം എന്ന് ചില പെണ്ണുങ്ങൾ പറയാറുണ്ട്  . കുടിച്ചു കഴിഞ്ഞ് ദാഹം മാറിയില്ല എന്ന് പറഞ്ഞ് രണ്ടാമത് ഒരു അടുക്കള ശ്രമം നടത്താൻ ശ്രമിക്കും  എന്ന്  നാട്ടിൽ അറിയാവുന്നതിനാൽ അടുക്കളയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളവുമായാണ് സ്ത്രീകൾ ഉമ്മറത്തേക്ക് വരിക .

.പകൽ സമയങ്ങളിൽ നാരായണിയമ്മയും ശങ്കരൻ നായരും തൊട്ടടുത്ത ചായക്കടയിൽ ജോലിക്ക് പോകും . ചായക്കടക്ക് മുന്നിലൂടെയാണ് പുഴയിലേക്കുള്ള വഴി . ശങ്കരൻ നായർ ചായ നീട്ടി അടിക്കുന്നത് കാണാൻ  ഒരു കലയാണ്. ചായ അടിക്കുമ്പോൾ ചൂടൻ ചായ കയ്യിൽ വീണ് മാരകമായ പൊള്ളൽ ഏൽക്കുന്നത് പുഴയിലേക്ക് പോകുന്ന ചിലരെ നോക്കി ചായ അടിക്കുന്നത് കൊണ്ടാണെന്ന് നാട്ടിൽ പാടി നടക്കുന്നവരുണ്ട് .

ഒരിക്കൽ ചെങ്ങൽ പൂരത്തിന് പോയ ശങ്കരൻ നായർ രണ്ടെണ്ണം വിട്ടു . പഞ്ചവാദ്യത്തിന്റെ താളക്രമത്തിൽ തലയാട്ടി ആകാശത്ത് വിരലുകൊണ്ട് മേളപ്പെരുമയുടെ കണക്കെഴുതി നിന്ന ശങ്കരൻ നായരുടെ ഉള്ളിൽ കിടക്കുന്നവർ പ്രവർത്തിച്ചു തുടങ്ങിയതിനാൽ അധികനേരം പൂരം കാണാൻ സാധിച്ചില്ല . മനസ്സില്ലാ മനസ്സോടെ അദ്ദേഹം വീട്ടിലേക്ക് നടന്നു . അന്നൊക്ക ആളുകൾ നടന്നാണല്ലോ ആഘോഷങ്ങൾക്ക് പോകുക . പത്ത് കിലോമീറ്റർ ആണ് വീടെത്താനുള്ള ദൂരം . ഏകദേശം നാല് കിലോമീറ്റർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ ആയില്ല. പോകുന്ന വഴിയിലെ ഒരു വീടിൻ്റെ ഇറക്കാലിൽ ( വീടിന്റെ ഇറയത്തോട് ചേർന്ന ഭാഗം ) അദ്ദേഹം കിടന്നത് മാത്രം ഓർമ്മയുണ്ട് . നിദ്രാദേവിമാർ കൂട്ടത്തോടെ നായരെ ആക്രമിച്ചു .

പൂരം കാണാതെ പോന്നതിലുള്ള മനോവിഷമവും അദ്ദേഹത്തിന് ഉണ്ടായിരുന്നു . അക്കാലത്ത് വീടിൻ്റെ അകത്തുപോയിട്ട് പുറത്തുപോലും ടോയ്‌ലറ്റോ , ശൗചാലയമോ ഇല്ലാത്ത കാലം . വീടിന്റെ ഇറയത്തുനിന്ന് അവിടുത്തെ അമ്മൂമ്മ ഒഴിച്ച മൂത്രം മുഴുവൻ ശങ്കരൻ നായരുടെ ദേഹത്തും മുഖത്തും വീണു . മഴയാണ് പെയ്യുന്നത് എന്ന് അദ്ദേഹം കരുതിയെങ്കിലും ചെങ്ങൽ പൂരം മഴയത്ത് തടസ്സപ്പെടുമല്ലോ എന്ന ആശ്വാസവും , സന്തോഷവും ശങ്കരൻ നായർക്കുണ്ടായി . അദ്ദേഹം അവിടെക്കിടന്ന് ഉറക്കത്തിൽ നീട്ടിപ്പാടി ….

ഇടിയും വെട്ടിപ്പയ്യട്ടെ ....
ഇനിയും പെരുമഴ പെയ്യട്ടെ
ചെങ്ങൽ പൂരം നിക്കട്ടെ ..
മഴവെള്ളത്തിൽ കുതിരട്ടെ

അമ്മൂമ്മ ഭയന്ന് കതകടച്ചു .. ശങ്കരൻ നായർ പതിവുപോലെ വെടിവക്കൽ തുടർന്നു ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക