Image

നീലച്ചിറകുള്ള മൂക്കുത്തികള്‍ - 35 - സന റബ്സ്

Published on 18 October, 2020
നീലച്ചിറകുള്ള മൂക്കുത്തികള്‍ - 35 -  സന റബ്സ്
‘തനൂജാ..........’

അലര്‍ച്ചകേട്ടു തനൂജ ഞെട്ടിയുണര്‍ന്നു. പിടഞ്ഞെഴുന്നെല്‍ക്കുംപോലെ ഭാവിച്ചു അവള്‍ ഉരുണ്ടുപിരണ്ടെന്നെഴുന്നേറ്റു.

“എന്തുപറ്റി റായ്.... ആര്‍ യൂ ഓക്കേ?”

ഇരയുടെ നേരെ ചാടിവീഴുംമുന്‍പേയുള്ള വേട്ടനായയുടെ കിതപ്പായിരുന്നു ദാസിന്‍റെ നാവുകളില്‍.
 “നീയെന്താണിവിടെ?”

ഒരുനിമിഷം കണ്ണ് മിഴിച്ചതിനുശേഷം തനൂജ ചോദിച്ചു. 
“എന്തൊരു ചോദ്യമാണ് റായ്.... 
കിടന്നുറങ്ങി എണീറ്റപ്പോൾ ഇങ്ങനെയാണോ ചോദിക്കേണ്ടത്?"

"യൂ......... " 

 ദാസിന്റെ ചൂണ്ടുവിരലിലേക്കു നോക്കി തനൂജ നെറ്റി ചുളിച്ചു. 
"സ്റ്റോപ്പിറ്റ് റായ്... വാട്ട്‌ ഹാപ്പെൻഡ് ടു യു നൗ.....  റായ് തന്നെയല്ലേ ഇന്നലെ എന്നെ വിളിച്ചത്. ഇവിടാരുമില്ല മുറിയിലേക്ക് വരാന്‍....എന്നിട്ട് ഇപ്പോഴെന്താ ഇങ്ങനെ? " വളരെ സ്വാഭാവികമായിരുന്നു തനൂജയുടെ വാക്കുകൾ. 

  “യൂ ബ്ലഡീ ബിച്ച്....” ദാസ്‌ തനൂജയുടെ കഴുത്തിന്‌ കുത്തിപ്പിടിച്ചായിരുന്നു  അലറിയത്. 
ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തില്‍ തനൂജ  ബെഡിലേക്കു വേച്ചുപോയി.

“പ്ലീസ്...പ്ലീസ്...റായ്...ഞാനൊന്നു പറയട്ടെ.....എന്താണിങ്ങനെ....”

“ഇറങ്ങ് എന്റെ മുറിയില്‍നിന്ന്. ഇറങ്ങാന്‍....” സമനില തെറ്റിയിരുന്നതിനാല്‍  അയാളുടെ സ്വരംപോലും വികൃതമായിപ്പോയി

എന്നാല്‍ വെപ്രാളം അഭിനയിച്ച തനൂജ എങ്ങനെയോ അയാളുടെ കൈകള്‍ കഴുത്തില്‍നിന്നെടുത്തുമാറ്റി. “റായ്...എന്താണിത്...പ്ലീസ് ലിസന്‍... ഇന്നലെ രാത്രി റായിയുടെ മെസ്സേജ് കിട്ടിയപ്പോള്‍ ഞാന്‍ സത്യത്തില്‍ ഷോക്ക്ഡായിരുന്നു. റായ്, ഇങ്ങനെയൊരു താല്പര്യം ഉണ്ടെന്ന് എനിക്ക് മുന്‍പൊരു സൂചനയും നല്കിയിട്ടില്ലല്ലോ, അതുകൊണ്ടാണ് ആര്‍ യൂ ഷുവര്‍ എന്ന് ഞാന്‍ ചോദിച്ചത്.”

“നീ ഇപ്പോള്‍ പുറത്തുപോകണം. ബ്ലഡീ ചീറ്റര്‍.... കടക്ക്...കടക്ക് വെളിയില്‍....”

“കാം ഡൌണ്‍ റായ്... എന്താണിത്ര ഷൌട്ട് ചെയ്യാന്‍...റായ് വിളിച്ചു, ഞാന്‍ വന്നു. നിങ്ങള്‍ക്ക് അറിയാമല്ലോ എനിക്ക് നിങ്ങളെ ഇഷ്ടം തന്നെയാണെന്ന്. മിലാനെ വിവാഹം കഴിക്കുന്നതുകൊണ്ട് ആ ഇഷ്ടം എനിക്ക് കുറഞ്ഞിട്ടൊന്നും ഇല്ല. ആണെങ്കില്‍ ഞാന്‍ വരുമോ റായുടെ ഒരൊറ്റ മെസ്സേജ് കണ്ടെന്നും പറഞ്ഞുകൊണ്ട്....”

അവള്‍ ബെഡ്ഡില്‍നിന്നെഴുന്നേറ്റു. “എന്താണിത്ര വെപ്രാളപ്പെടാന്‍....ഈ കഴിഞ്ഞ രാത്രിയില്‍ റായ് വളരെ സന്തോഷത്തിലായിരുന്നല്ലോ....ഇപ്പൊ പെട്ടെന്നെങ്ങനെ ഞാന്‍ വെറുക്കപ്പെട്ടവളായി...?”

ഉരുള്‍പൊട്ടാന്‍ പോകുന്നതിനു തൊട്ടുമുന്‍പുള്ള കനംപോലെ അയാളൊന്ന് ആടി.

 കഴിഞ്ഞ രാത്രി.... കഴിഞ്ഞ രാത്രി....എന്താണുണ്ടായത്...

“ഇത് മിലാന്‍ അറിഞ്ഞേക്കുമോ എന്ന ഭയത്താലാണോ  റായ്? നമ്മളിത് പറയുന്നില്ലല്ലോ റായ്....  റിലാക്സ് റായ്.... അവള്‍ അടുത്തുവന്നു അയാളുടെ ഷോള്‍ഡറില്‍ പിടിക്കാന്‍ ശ്രമിച്ചു.

കുപ്പിച്ചില്ലുകള്‍ കടിച്ചുപിടിച്ചതുപോലെ ദാസില്‍നിന്നും വാക്കുകള്‍ വീണ്ടും മൂര്‍ച്ചയോടെ പുറത്തേക്കു ചാടി. “നിന്നോടാണ് കടന്നുപോകാന്‍ പറഞ്ഞത്. അല്ലെങ്കില്‍ നിന്നെ ഈ വേഷത്തില്‍  ഈ ഹോട്ടലും ലോകവും കാണും. ചവിട്ടി ഞാന്‍ വെളിയില്‍ തള്ളും...”

പെട്ടെന്ന് തനൂജയുടെ ഭാവം മാറി. ആ മിഴികള്‍ നിറഞ്ഞു. “റായ്, നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്  ഇന്നലെ രാത്രി ഞാനിവിടെ വന്നത്. സംശയമുണ്ടെങ്കില്‍ നിങ്ങൾക്ക് നോക്കാം ഫോണില്‍. അമിതമായി മദ്യപിച്ചതിനാല്‍ നിങ്ങൾക്ക് ഇന്നലെ രാത്രി തോന്നിയ ഒരു ഫാന്റസിയാണ് ഞാനെന്ന് മനസ്സിലായി. ബട്ട്‌ എനിക്കൊരു പരാതിയും ഇല്ല. ഞാന്‍ പോകുന്നു.”

അവള്‍ തന്റെ ഗൌണ്‍ ശരിയായി ധരിച്ചു. അതിനിടയില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് പുറംകൈകൊണ്ടു തുടച്ചു.

ദാസ്‌ തളര്‍ന്നുപോയി. താന്‍ ഇവളെ വിളിച്ചെന്നോ...ഫോണ്‍ ചെയ്തെന്നോ.... എന്തൊക്കെയാണ് സംഭവിച്ചത്?

ഇന്നലെ രാത്രി പുറകില്‍നിന്നും തനൂജ കണ്ണുപൊത്തിയതിനുശേഷമുള്ള കാര്യങ്ങള്‍ അയാളുടെ ഓര്‍മ്മയിലേക്ക് വന്നതേയില്ല. 
അത് മിലാനായിരുന്നില്ല എന്നത് അയാള്‍ക്കിപ്പോഴും മനസ്സിലായതുമില്ല.

ഇതിനിടയില്‍ ഫോണ്‍ എടുത്തു സ്ക്രോള്‍ ചെയ്തു തനൂജ മെസ്സേജുകള്‍ ദാസിനുനേരെ നീട്ടി. “ഇതാ, ഇതെല്ലാം റായ് അയച്ചതല്ലേ... എത്ര സന്തോഷത്തോടെയാണ് റായ് ഞാനിങ്ങോട്ട് വന്നത്. ആ സന്തോഷം ഈ നിമിഷം വരെ എനിക്ക് ലഭിക്കുകയും ചെയ്തു. ഇങ്ങനെ എന്നെ യാത്രയാക്കുമെന്ന് കരുതിയില്ല ഞാന്‍...” തേങ്ങല്‍ അടക്കിയ വാക്കുകള്‍...

“ഞാന്‍ റായുടെ കണ്ണില്‍ മെച്ചമുള്ളവളല്ലെന്നെനിക്ക്‌ തോന്നിയിട്ടുണ്ട്. നിങ്ങളുടെ ബിസിനസ് പാര്‍ട്ണര്‍ ആയതിനാല്‍ മാത്രം എന്നെ സഹിക്കുകയാണല്ലോ... പക്ഷെ റായ്,  ഞാന്‍ പലരുടെയും പുറകെ പോകുന്ന ഒരു സ്ത്രീയല്ല.... ഇനിയെങ്കിലും റായ്....” മുഴുമിപ്പിക്കാതെ തനൂജ ഏങ്ങലടിച്ചുകരഞ്ഞു.

“വിവാഹം നിശ്ചയിച്ചവനാണ് നിങ്ങളെന്ന് എനിക്കറിയാം, എങ്കിലും എന്‍റെ ഇഷ്ടം കൊണ്ടാണ് ഒരു വാക്കിന്റെ പുറത്ത് ഞാനിവിടെ ഇങ്ങനെ....നാണം കെട്ടുനില്ക്കുന്നത്.... നിങ്ങളെന്‍റെ ദൗര്‍ബല്യമായിപ്പോയി....” തേങ്ങലിനിടയിലൂടെ തെറിച്ചുവീഴുന്ന വാക്കുകള്‍...

അനേകം സ്ത്രീകള്‍ തന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും    തന്‍റെകിടക്കയില്‍നിന്നെഴുന്നേറ്റു മുന്നില്‍നിന്നു കരയുന്ന തനൂജയെ കണ്ടപ്പോള്‍ ദാസ്‌ വല്ലാതെ അസ്വസ്ഥനായി. എന്താണീ നടക്കുന്നത്...

വാതിലില്‍ തട്ട് കേട്ട് ദാസ്‌ നടുങ്ങി...
 മിലാന്‍....മൈ ഗോഡ്....

“പ്ലീസ്  തനൂജാ, പ്ലീസ്.... നീ പോകൂ ഇപ്പോള്‍... മിലാനാണ് പുറത്ത്... എന്ത് കാരണമായാലും നിന്നെ ഈ വേഷത്തില്‍ കണ്ടാല്‍....പ്ലീസ് പോകൂ...” അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ യാചിക്കുകയായിരുന്നു.

“യെസ് റായ്... ഞാന്‍ പോകുന്നു... പക്ഷെ... എങ്ങനെ.... ഞാന്‍ പോകുമ്പോള്‍ മിലാന്‍  കാണില്ലേ....” അവള്‍ നെറ്റിയില്‍ കൈവെച്ചു എന്തുവേണമെന്ന് ആലോചിച്ചു ഉടനെ ദാസിനെ നോക്കി. “റായ്.... ഞാന്‍ ബാത്ത്റൂമില്‍ പോകാം, എന്തെങ്കിലും കാരണം പറഞ്ഞു അവളെ മടക്കി അയക്കൂ...” ആത്മാര്‍ഥമായ ആ അഭിനയത്തിലും പ്രതീക്ഷിക്കാതെ ഉണ്ടായ സന്ദര്‍ഭത്തിലും അയാളാകെ ഉഴറി. വാതില്‍ തുറക്കാതെ തരമില്ല. തുറന്നേ പറ്റൂ...

വാതിലില്‍ മുട്ട്  ശക്തമായി.

“പ്ലീസ് ഗോ തനൂജാ, എവിടെയെങ്കിലും ഒന്നൊളിക്കൂ....”

എന്തോ ഒന്ന് തകരാന്‍ വെമ്പുംമാതിരി ഒട്ടും ശബ്ദമില്ലാതെ പൊട്ടാന്‍ പോകുന്നത് അയാള്‍ കേട്ടുവോ...

 തുറന്ന വാതിലിനപ്പുറത്തു   നാരായണസാമി നില്‍ക്കുന്നു. 
ദാസിന് എന്തു സംസാരിക്കണം എന്ന് മനസ്സിലേക്ക് വന്നില്ല. തനൂജ മുറിയിലുണ്ട്. ഇന്നലെ രാത്രി  അവളിങ്ങോട്ടു വരുന്നത് താന്‍ കണ്ടില്ലേ എന്ന് ഇയാളോട് എങ്ങനെ ചോദിക്കും?

“സാബ്....” അയാള്‍ പറയാതെ ദാസിന്റെ മുഖത്തേക്കുതന്നെ നോക്കി. സാമിയുടെ പുറകില്‍നിന്നൊരു മുഖം പ്രത്യക്ഷമായി. 
മിലാന്‍ പ്രണോതി! വാരിച്ചുറ്റിയ വെള്ളസാരി.... കലങ്ങിയ കണ്ണുകളും ചുവന്നപൊട്ട് പടര്‍ന്നിറങ്ങിയ നെറ്റിയും.... കരിവാളിച്ച കവിളും ചുണ്ടും.... മൈ ഗോഡ്!

തന്‍റെ നേരെ നടന്നടുത്ത അവള്‍ക്കുവേണ്ടി നിന്നിടത്തുനിന്നും മാറിക്കൊടുക്കാന്‍പോലും ദാസ്‌ മറന്നുപോയിരുന്നു! 
ഒരിക്കലും പ്രതീക്ഷിക്കാത്തത് കണ്മുന്നില്‍!

മിലാന്റെ മുഖഭാവം കണ്ടു  ദാസിന്റെ മുഖത്തൊരു നടുക്കമുണ്ടായത് സാമി നേര്‍ക്കുനേര്‍ കണ്ടു. “മേം കുറെ നേരമായി പുറത്തുനില്‍ക്കുന്നു.”

“ഞാന്‍....ഞാനുറങ്ങിപ്പോയി....ഇപ്പോള്‍ ഉണർന്നേയുള്ളൂ... ഞാനൊന്ന് ഫ്രഷ്‌ ആയിട്ട് വരാം മിലാന്‍....” അയാള്‍ വാതില്‍പ്പാളിയില്‍ കൈവെച്ചു രണ്ടുപേരെയും മാറിമാറി നോക്കി.

“ശരി വിദേത്... ഫ്രെഷായിക്കൊള്ളൂ...ഞാന്‍ വെയിറ്റ് ചെയ്യാം..” ദാസിന് തടയാന്‍ കഴിയുന്നതിനുമുന്‍പേ മിലാന്‍ തനൂജയെ കണ്ടിരുന്നു. ഒരു ഞെട്ടല്‍ തനൂജയുടെ മുഖത്ത് മിന്നിമാഞ്ഞു. വെള്ളഗൌണ്‍ മാറത്തടുക്കിപ്പിടിച്ച തനൂജ മിലാന്‍റെ നേരെ വിളറിയ മുഖത്തോടെ നോക്കി. തനൂജ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കോടിപ്പോയി.

 “അത് മിലാന്‍, എനിക്കൊരു അത്യാവശ്യകാര്യം റായിയോട് സംസാരിക്കാനുണ്ടായിരുന്നു. ഓര്‍മ്മ വന്നപ്പോള്‍ ഉറങ്ങിയ വേഷത്തോടെ ഓടിവന്നതാണ്. ഞാനും ഇപ്പൊള്‍ വന്നേയുള്ളൂ മിലാന്‍... പോട്ടെ, ഉറക്കം ശരിയായില്ല,”

അതിഭയാനകമായ നടുക്കത്തിലേക്കു സ്വയം  എടുത്തെറിയപ്പെട്ട അതേ നിമിഷത്തില്‍ മിലാന്‍റെ കൈകള്‍ വായുവിലേക്ക് കുതിച്ചുയര്‍ന്നു.

‘പ്ടേ.......’

തന്‍റെ കവിളിലേക്ക് മിന്നല്‍ വന്നിടിച്ച ശക്തിയോടെ തനൂജ പിന്നാക്കം മലച്ചുവീണു. തറയില്‍വീണ തനൂജയുടെ നേരെ വ്യാഘ്രത്തിന്‍റെ കരുത്തോടെ അവള്‍ ചാടിവീണു.

“മോളെ ..... വേണ്ട മോളെ..... ആളുകള്‍ പുറത്തുണ്ട്.....പ്ലീസ് പ്ലീസ് മിലാന്‍....” മേഡം മേം എന്ന വിളികളില്‍നിന്നും സാമി അറിയാതെതന്നെ  മിലാനോടുള്ള വിളികള്‍ മാറിപ്പോയി. നാരായണസാമി മിലാനെ പുറകില്‍നിന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

“യൂ....ബ്ലഡീ ചീറ്റര്‍.....” അവളുടെ ശരീരം വന്യമായി കുതറി. “വിട് ...വിടെന്നെ...”

“മോളെ....പുറത്ത് പത്രക്കാരുണ്ട്.... പ്ലീസ് മിലാന്‍....എടുത്തു ചാടല്ലെ മോളെ...." അയാളവളുടെ വായ്‌ പൊത്തിയിരുന്നു. ഒറ്റനിമിഷംകൊണ്ട്   മിലാന്‍ പ്രതിമപോലെ ശിലയായിപ്പോയി. വെമ്പിക്കൊണ്ടിരുന്ന ആ ശരീരത്തിന്റെ വിറയല്‍ നിന്നു.

ഹോട്ടല്‍.... മുംബൈ നഗരത്തിലെ വിഐപി ഹോട്ടലില്‍നിന്നും റായ് വിദേതന്റെ പ്രതിശ്രുതവധുവായ മിലാന്‍ പ്രണോതി അയാളുടെ കിടപ്പറ രഹസ്യം തേടിച്ചെന്ന് കാമുകനെ കയ്യോടെ പിടികൂടി എന്ന ഫ്ലാഷ് ലൈറ്റുകളിലേക്ക് ഉണര്‍ന്നെണീക്കുന്ന ഈ പ്രഭാതം... പത്രവാര്‍ത്തകള്‍..... സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍... അപമാനത്തിന്റെ വഴുവഴുത്ത നാവുകള്‍.... മൂന്ന്  സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഇര കിട്ടിയ ആവേശത്തോടെ ചാടിവീഴുന്ന പാപ്പരാസികള്‍ എന്ന ചെന്നായക്കൂട്ടം....

വായുവില്‍ത്തന്നെ മിലാന്‍റെ കൈകള്‍ തറഞ്ഞു. താഴാതെ....വേണ്ട... ഇതല്ല സമയം....

വേച്ചുവീണുപോയ തനൂജ ചാടിയെഴുന്നേറ്റു മിലാനെയും ദാസിനെയും വല്ലാതെയൊന്ന് നോക്കി.  ബെഡ്ഡില്‍കിടന്ന തന്റെ മൊബൈല്‍ ഫോണ്‍ കയ്യെത്തിച്ചെടുത്ത് അവളുടനെ മുറിവിട്ടുപോയി.

വിറച്ചുകൊണ്ടിരുന്ന തന്റെ ശരീരത്തെ മിലാന്‍ സാമിയില്‍നിന്നും വിടുവിച്ചു. മുഖത്ത് ഒരുതുള്ളി രക്തം പോലുമില്ലാതെ വിളറിവെളുത്തു നില്‍ക്കുന്ന ദാസിനെ മിലാനൊന്നു നോക്കി. 
ആ  കിടക്കയിലേക്കും ഒന്ന് നോക്കിയശേഷം മിലാന്‍ സെറ്റിയിലേക്ക് ഊര്‍ന്നുവീണു.  നിമിഷങ്ങള്‍ കടന്നുപോയി. യാതൊന്നും മിണ്ടാതെ കിടക്കയിലേക്ക് മാത്രം നോക്കിയിരിക്കുന്ന മിലാനെ കണ്ട നാരായണസാമിക്ക് ഭയം തോന്നി.

“മിലാന്‍...ഒരു പ്രധാന കാര്യം പറയാന്‍ വേണ്ടി.....  ഓര്‍മ്മ വന്നപ്പോള്‍... തനൂജ ഇവിടേയ്ക്ക്... ഓടിവന്നതാണ്...” ദാസിന്‍റെ വാക്കുകള്‍ ദുര്‍ബലമായിരുന്നു. “മിലാന്‍...ഞാന്‍ പറയട്ടെ.... മറ്റൊന്നുമല്ല. ഡോണ്ട് തിങ്ക്‌ അദര്‍ വേ....ഞാന്‍ പറയട്ടെ....” റായ് വിദേതനു വാക്കുകള്‍ കിട്ടിയില്ല.

 “പറഞ്ഞോളൂ....” അവള്‍ കാലിലേക്ക് കാലെടുത്തു കയറ്റിവെച്ചു ഒന്നിളകിയിരുന്നു. “ധാരാളം പറഞ്ഞോളൂ...”.

സമയം നിശ്ചലമായി നില്‍ക്കുന്നു. പെരുമ്പറയടിക്കുംപോലെ ഹൃദയമിടിപ്പുകളുടെ മുഴക്കങ്ങള്‍ മാത്രം.

 “എന്താ ഒന്നും പറയാനില്ലേ? എങ്കില്‍ ഞാനും ചോദിക്കുന്നില്ല ഇത്രയും രാവിലെ തനൂജ ഈ മുറിയില്‍ എങ്ങനെ വന്നെന്നും ഇതാരുടെ വസ്ത്രമാണെന്നും...” കിടക്കയിലെ പുതപ്പിനിടയില്‍നിന്നും പുറത്തുകാണുന്ന അടിവസ്ത്രത്തിന്റെ ഭാഗം ചൂണ്ടി മിലാന്‍ അത് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ദാസിന്‍റെ തൊലിയുരിഞ്ഞുപോയി. അയാളുടെ മുഖത്തേക്ക്തന്നെ നോക്കി മിലാന്‍ വാചകം പൂര്‍ത്തിയാക്കി. "....കാരണം  നിങ്ങള്ക്ക് പറയാനും പങ്കിടാനും  ബിസിനസ് സൂത്രവാക്യങ്ങള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം.”

“മിലാന്‍....അങ്ങനെയല്ല മിലാന്‍...ഞാനൊന്ന് പറയട്ടെ....” അയാളുടെ ശബ്ദം അടച്ചിരുന്നു.

താനിവിടെ അധികപറ്റാണ്. രംഗം അത്ര പന്തിയല്ലെന്ന് കണ്ട സാമി പതുക്കെ പിന്തിരിഞ്ഞു

“നില്‍ക്ക്‌ നില്‍ക്ക് സാമീ, അത്ര തിടുക്കം കാട്ടിയാലോ...നിങ്ങളല്ലേ നിങ്ങളുടെ സാബിന്‍റെ ഫസ്റ്റ് പേഴ്സന്‍ നമ്പര്‍ വണ്‍...എന്തായാലും നിങ്ങളുടെ അഭിനയവും അസ്സലായി. നേരത്തെ ഈ മുറിയുടെ മുന്നിലെത്തിയതാണ് എന്റെ തെറ്റെന്നു നിങ്ങളെനിക്ക് മനസ്സിലാക്കിച്ചുതന്നല്ലോ. നിങ്ങള്‍ എത്തുംമുന്‍പേ ഞാനെത്തുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ... എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സാബിനെ വൈറ്റ് വാഷും പുട്ടിയുമടിച്ചു എന്റെ മുന്നില്‍ ഉഗ്രന്‍ കാമുകഭാവത്തോടെ അണിയിച്ചൊരുക്കി നിര്‍ത്തുമായിരുന്നു അല്ലേ, ജസ്റ്റ്‌ മിസ്സ്ഡ്....” പരിഹാസം ചവച്ചരച്ച വാക്കുകള്‍ തന്റെ മുഖത്ത് തുപ്പലായി വന്നുവീണതുപോലെ നാരയണസാമി അതിദയനീയമായി തലതാഴ്ത്തിനിന്നു.

“മിലാന്‍....നീയെന്താണീ പറയുന്നത്... ഇവിടെ എന്തുണ്ടായെന്നാണ്...”

തനിക്കുമുന്നില്‍ കൈകള്‍കെട്ടി ഇരിക്കുന്ന മിലാന്‍റെ കണ്ണുകളില്‍ നോക്കാനാവാതെ അതേസമയം തലേരാത്രിയും ഇപ്പോഴും എന്താണ് ജീവിതത്തില്‍ നടക്കുന്നതെന്നു  തിരിച്ചറിയാനാവാതെയും റായ് വിദേതന്‍ പകച്ചുപോയിരുന്നു.

“ഇന്നലെ നിനക്കാണ് ഞാന്‍ മെസ്സേജ് അയച്ചത് മിലാന്‍...നിന്നോടാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. നീയല്ലേ എന്നോട് സംസാരിച്ചത് രാത്രിയില്‍.....”

“ഓ...അപ്പോള്‍ എന്നെ വിളിച്ചതാണ്. എന്നെ കാണാതായതുകൊണ്ട് അവള്‍ മതി തല്‍ക്കാലം എന്ന്  വെച്ചെന്ന് അല്ലെ....”

“മിലാന്‍.....”

മിലാന്‍ കൈയെടുത്ത് വിലക്കി. അദൃശ്യമായ മതിലില്‍ത്തട്ടിയെന്നോണം ദാസ്‌ നിശ്ചേഷ്ടനായി.
ആ ചുണ്ടുകളിലെ പുച്ഛത്തില്‍ താന്‍ വളരെ ചെറുതായിപ്പോയതായി അയാള്‍ക്ക്‌ തോന്നി. ഇങ്ങനൊരു സന്ദര്‍ഭം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലായിരുന്നു. എന്താണുണ്ടായത്....എന്താണുണ്ടായത്....

മിലാന്‍ ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റു അയാളുടെ അരികിലേക്ക് ചുവടുകള്‍ വെച്ചു.  “നിങ്ങളെന്തു കരുതി. സലിം രാജകുമാരന്‍റെ പട്ടമഹിഷി കുമാരന്‍ പോകുന്നിടത്തൊക്കെ ഒളിഞ്ഞുപോയി നോക്കുമ്പോലെ ഞാന്‍ പുറകെ വന്നതാണ് എന്നോ..? അനാര്‍ക്കലിയെ കയ്യോടെ പിടിക്കാന്‍.?”

“നിങ്ങളിത് കണ്ടോ..” അവള്‍ മുഷിഞ്ഞു തുടങ്ങിയ തന്‍റെ വെള്ളവസ്ത്രത്തിലേക്ക്‌ കൈചൂണ്ടി. “എന്‍റെ പ്രിയതമന്റെ മാനസം തണുപ്പിക്കാന്‍ വെള്ളരിപ്രാവ് പറന്നുവരുമ്പോലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറന്നു വന്നതാണ്‌ ഞാന്‍...എന്റെ സ്നേഹം പറയാന്‍....തിരക്കുകളില്‍ ശ്വാസംമുട്ടുന്ന പ്രിയനെ വേദനിപ്പിച്ചോ എന്ന കുറ്റബോധം കഴുകിക്കളയാന്‍....
അയാള്‍ വേദനിക്കുന്നുവെങ്കില്‍ ആശ്വസിപ്പിക്കാന്‍...
അയാള്‍ ഉറങ്ങിയില്ലെങ്കില്‍ ഉറക്കാന്‍....” അവസാനമെത്തിയപ്പോള്‍ മിലാന്റെ വാക്കുകള്‍ വല്ലാതെ ഇടറി.

“മിലാന്‍... പ്ലീസ് മിലാന്‍... നീ കരുതുംപോലെയല്ല മിലാന്‍.... സംഭവിച്ചത് ഞാനൊന്ന് പറയട്ടെ.....”ദാസ്‌ മിലാന്റെ അരികിലേക്ക് വന്നു  ആ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു.

“തൊടരുതെന്നെ....”അവൾ ആ  കൈകള്‍ ശക്തിയോടെ തട്ടിമാറ്റി.  "നിങ്ങളെന്‍റെ....നിങ്ങളെന്‍റെ.... നേരേപോലും നില്‍ക്കരുത്. നിങ്ങളെപ്പോലൊരു രണ്ടുംകെട്ട മനുഷ്യമൃഗം  തൊടരുതെന്നെ....” തീരത്തേക്കു  അടിച്ചുകയറിയ പുഴവെള്ളംപോലെ കലങ്ങിപ്പോയിരുന്നു മിലാന്റെ വാക്കുകള്‍....

“മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ് മിലാന്‍...നീ ഇവിടെ തനൂജയെ കണ്ടെന്നുകരുതി എന്തും പറഞ്ഞേക്കാം എന്നു  കരുതരുത്.”

“ഓ... ഞാന്‍ പറഞ്ഞതാണ്  കൂടിപ്പോയതല്ലേ.... അല്ലേ....ഇവിടെ തനൂജ വെറുതെ വന്നതേയുള്ളൂ അല്ലെ...” മിലാന്‍ കിതച്ചുകൊണ്ട് ആ മുറി ആകപ്പാടെ ഒന്നുനോക്കി. വല്ലാത്തൊരു ഗന്ധം ഈ മുറിയിലുണ്ടോ? എസി മുറിയുടെ മുക്കിലും മൂലയിലും ആ കണ്ണുകള്‍ പരതി. പലയിടത്തും പലതരത്തിലുള്ള പൂക്കള്‍ വാടിയും ഉണങ്ങാതെയും കിടക്കുന്നു.  അവള്‍ എഴുന്നേറ്റു വാഷ്‌റൂമിലേക്ക് നടന്നു. തള്ളിത്തുറന്ന ഗ്ലാസ് ഡോറിനപ്പുറത്ത് തനൂജയുടെ വസ്ത്രങ്ങള്‍ ചിതറിക്കിടന്നിരുന്നു.

 ഉള്ളം  കനച്ചുകൊണ്ട് കലങ്ങുന്നതു മിലാന്‍ അറിയുന്നുണ്ടായിരുന്നു. കരയരുത് മിലാന്‍... പക്ഷെ  കടക്കണ്ണുകളില്‍ വന്നലറുന്ന തിരമാലകള്‍ തീരം തകര്‍ക്കുന്നു. നെഞ്ചകത്ത് എന്തോ പൊട്ടിച്ചിതറുന്നു.... 
ഈ മനുഷ്യന്‍....ഇയാള്‍....എന്തുമാത്രം താന്‍ സ്നേഹിച്ചിട്ടും...ഇങ്ങനെ...

“മിലാന്‍...നീ വെറുതെ...ഞാന്‍ പറയട്ടെ...” തൊട്ടപ്പുറത്ത് ദാസിന്റെ അടഞ്ഞ ശബ്ദം.

“ഈ വസ്ത്രങ്ങള്‍  കൊണ്ടുപോയി ഉടമയെ എല്പ്പിക്കൂ സാമി...” മിലാന്‍ ആ വസ്ത്രങ്ങള്‍ ചൂണ്ടി സാമിയെ നോക്കി.

“കുളിക്കാന്‍ പോകുന്നെന്ന് പറഞ്ഞല്ലോ... അപ്പോള്‍ ശരി, കുളിച്ചു ഫ്രഷ്‌ ആയിക്കൊള്ളൂ, രാത്രി ഒട്ടും ഉറങ്ങിയിട്ടുണ്ടാവില്ലല്ലോ, ഞാന്‍ തടസ്സമുണ്ടാക്കുന്നില്ല....” കല്‍പ്പിച്ചുകൂട്ടിയ ശാന്തതയോടെ മിലാന്‍ പറഞ്ഞു.

 സ്തംഭിച്ചുനില്‍ക്കുന്ന റായ് വിദേതന്‍ ദാസിനെയും നാരായണസാമിയെയും മറികടന്നു മിലാന്‍ പുറത്തേക്കിറങ്ങിപോയി.
ഭൂമി മിലാനെ ചുഴറ്റിയടിക്കുകയായിരുന്നു.  ഇടറിയും വീണും സ്വന്തം മുറിയിലേക്ക് എങ്ങനെയോ മിലാന്‍ വന്നുവീണു. ചതി.....

എന്തിന്.... എന്തിനായിരുന്നു ഈ ചതി.

രണ്ടുപേരുംകൂടി അറിഞ്ഞു ചെയ്ത ചതിയല്ലേ...

ഇത്രയും വലിയൊരു ക്രിക്കറ്റ്മാച്ച് നടക്കുമ്പോള്‍ ഒരേ ഹോട്ടലില്‍ ഒരുമിച്ചു അന്തിയുറങ്ങാന്‍ പ്രതിശ്രുതവധുവിനെയും ബിസിനസ് പാര്‍ട്ടണറേയും അയാള്‍ ക്ഷണിച്ചില്ലേ....

ഹൌ ഡയര്‍ യൂ വിദേത്.... ഹൌ ഡയര്‍ യൂ....!!!

റായ് വിദേതന്‍ ദാസ്‌....
അയാള്‍ തന്നെ ചതിച്ചുവോ...

അപ്പൊൾ ... എന്നോട് കാണിച്ചതൊക്കെ എന്തായിരുന്നു....

എല്ലാം ഉറപ്പിച്ചു മുന്നോട്ടുമാത്രം ചുവടുകള്‍ വെക്കേണ്ട ഈ സാഹചര്യത്തില്‍ അയാള്‍ കൗതുകങ്ങള്‍ക്കു  പിറകെ വീണ്ടും....

താനും അയാളുടെ കൗതുകമായിരുന്നോ....

അമ്മാ....... മിലാന്‍ അലറിക്കരഞ്ഞു.

ധൂമകേതു പാഞ്ഞടുത്തു ചിന്നിച്ചിതറുംപോലെ  അവള്‍ മുറിയുടെ  ചുവരുകളില്‍ തലതല്ലി. അഴിഞ്ഞുലഞ്ഞ സാരിയവള്‍ വലിച്ചെറിഞ്ഞു. കണ്ണാടിയില്‍ തന്റെ അര്‍ദ്ധനഗ്നരൂപത്തെ കണ്ട മിലാന്‍ ആ കണ്ണാടി അടിച്ചുതകര്‍ത്തുകളഞ്ഞു.

കൈയ്യില്‍കിട്ടിയതും കണ്‍വെട്ടത്തുണ്ടായതുമെല്ലാം തകര്‍ന്നുവീണു. തലച്ചോറില്‍നിന്നും ഹൃദയത്തില്‍നിന്നും  കണ്ണില്‍നിന്നും ലാവ മല്‍സരിച്ചു പൊങ്ങി. കണ്ണുനീരായിരുന്നില്ല ഒഴുകിയിറങ്ങിയത്. ഏതു ജലഗോപുരത്തിനും തണുപ്പിക്കാനാവാത്ത സ്ഫോടനത്തരികളായിരുന്നു.

                           (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികള്‍ - 35 -  സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക