Image

ഓന്റെ ദേശം വരച്ചെടുത്ത വായനാഭൂപടങ്ങൾ (ദിനസരി-21-ഡോ. സ്വപ്ന സി.കോമ്പാത്ത്‌)

Published on 18 October, 2020
ഓന്റെ ദേശം വരച്ചെടുത്ത വായനാഭൂപടങ്ങൾ (ദിനസരി-21-ഡോ. സ്വപ്ന സി.കോമ്പാത്ത്‌)

lt takes a village to raise a child
African Proverb


ഒരു ദേശം  ഓനെ വരയ്ക്കുന്നു എന്ന എൻ.വി മുഹമ്മദ് റാഫിയുടെ നോവൽ കുട്ടിക്കാലം എന്ന ഒറ്റവാക്കു കൊണ്ട് നമ്മൾ ഒളിപ്പിച്ചുവെക്കുന്ന കടലുപോലെയുള്ള അനുഭവങ്ങളെ തിരിച്ചുവിളിക്കുന്നു. ഗൃഹാതുരതയുടെ ആകാശത്തിൻ കീഴിൽ മഴ നനഞ്ഞു കളിക്കുവാൻ ,നിലാവു കണ്ടു പ്രണയിക്കുവാൻ ,നമ്മൾ പോലുമറിയാതെ നമ്മിൽ നിന്നു ഒഴുകിപ്പോയ ഒരുമയുടെ ,ആഹ്ലാദത്തിന്റെ മിന്നാമിന്നികളെ  വലവീശിപ്പിടിച്ച്  ഈ പുസ്തകത്താളുകൾക്കുള്ളിൽ അടക്കം  ചെയ്തിരിക്കുന്നു.

നടുവണ്ണൂർ ഗ്രാമം ഓനെ വരച്ചതെങ്ങിനെയെന്ന് പന്ത്രണ്ടധ്യായങ്ങളിലൂടെ ആഖ്യാതാവ് പറഞ്ഞു വെക്കുന്നുണ്ട്. ദേശസ്വത്വം ചർച്ച ചെയ്യുന്നതിലൂടെ നോവൽ ഒരു സാംസ്കാരികവ്യവഹാരത്തിന്റെ കുപ്പായമണിഞ്ഞു കൊണ്ട് ആഖ്യാനപരമായ സവിശേഷതകൾ ,പ്രമേയത്തിന്റെ സമകാലികത ,പാരിസ്ഥിതികാവബോധം ,സ്ത്രീപുരുഷസമത്വത്തിലധിഷ്ഠിതമായ ദർശനങ്ങൾ തുടങ്ങിയവയൊക്കെ  ചേരുംപടി ചേർക്കുന്നുണ്ടെങ്കിലും ഇവയെയൊക്കെ ബന്ധിപ്പിച്ചുനിർത്തുന്നത് ബാല്യകുതൂഹലം എന്ന ഒരൊറ്റ രസച്ചരട് കൊണ്ടാണ്.

നടുവണ്ണൂർ ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്  അവിടുത്തെ ഉത്സവങ്ങളിലേക്ക്, നേർച്ചകളിലേക്ക് , കല്യാണങ്ങളിലേക്ക്,  മരണങ്ങളിലേക്ക്, നാടിന്റെ ഒരുമയിലേക്ക് ,കാലത്തിന്റെ നന്മയിലേക്ക് ഒരു ചൂണ്ടക്കൊളുത്തായി നമ്മെ നയിക്കുന്നത് ഏറനാടൻ ഭാഷയുടെ നൈർമല്യമാണ്. പണം പയറ്റ്‌, പന്തുകളി, വോളിബോൾ ,സൈക്കിളോട്ടം, സിനിമ കാണൽ, ടാക്കീസുകൾ ,റാത്തിബ്, നേർച്ച, നബിദിനം തുടങ്ങി മലബാറിന്റെ സാമൂഹ്യജീവിതത്തെ 144 പേജുകൾക്കുള്ളിലേക്കും വായനക്കാരുടെ മനസ്സിലേക്കും അടയാളപ്പെടുത്തുന്നതിൽ ഏറനാടൻ ഭാഷ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

സിനിമാപ്പാട്ടുകളും, മാലയും ,മാർക്കവും, പറമ്പ് ഉവ്വലും പൊരകെട്ടലും,  തിറയാട്ടവും ,മയ്യത്തുകളും എല്ലാം ചേർന്ന നടുവണ്ണൂർ ഗ്രാമം ,ജൈവികതയോടെ നമ്മുടെ മുന്നിൽ ഒരു ഭൂപടമായി മാറുന്നുണ്ട്. ആഖ്യാതാവും സമീറയും ഷാഹിദയും ഗോയിന്ദേട്ടനും കുഞ്ഞിറായിയുമെല്ലാം കുഞ്ഞുകുഞ്ഞു കഥകൾ കൊണ്ട് നടുവണ്ണൂരിന്റെ വലിയൊരു കഥാപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ നിഗൂഢതയെ അന്വേഷിച്ചുള്ള അന്തമില്ലാത്ത യാത്രയ്ക്ക് " ചിലരുടെ യുക്തികൾ എത്ര ആലോചിച്ചാലും  ഒരു കാലത്തും നമുക്ക് പിടി കിട്ടില്ല " എന്നൊരു വിശദീകരണം തന്നെ ഓനെ വരച്ചെടുത്ത ദേശം തരുന്നുണ്ട്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഒരു ദേശം ഓനെ വരക്കുന്നു എന്ന നോവൽ ആസ്വാദകന് ഓർമയുടെ ഗന്ധവും രുചിയും മാത്രമല്ല സമ്മാനിക്കുന്നത്. അനുഭവങ്ങളുടെ നൂലറ്റത്ത് പിടിപ്പിച്ച ഒരു പട്ടമാണ് ഓർമകൾ എന്ന് നോവൽ തന്നെ സമർത്ഥിക്കുന്നുണ്ടെങ്കിലും ഈ നോവൽ ഭൂതകാലത്തിന്റെ സ്വച്ഛതയിൽ മാത്രം അഭിരമിക്കുന്ന ഒന്നല്ല. ദേശമെന്നത് നാടും നാട്ടാരും നാടിന്റെ സന്തോഷവും നന്മയുമാണെനന്ന് ആവർത്തിച്ചു  പറയുന്ന പ്രമേയം. ബാല്യത്തിന്റെ കൗതുകത്തിൽ ഒന്നുമോർക്കാതെ   നമ്മൾ കുതിച്ചു പായുമ്പോഴും ചിലയിടങ്ങളിൽ  അതിരു തിരിച്ച  മുള്ളുവേലിയിൽ ന കുരുങ്ങാതെ നമ്മുടെ മനസ്സിന് പുറത്തു കടക്കാനാവില്ല.  .സ്കൂളും മൈതാനവുമെല്ലാം അത്തരം മുള്ളാണി കളാണ്.
അന്നാട്ടിൽ ഒരു സ്കൂള് ഉണ്ടായിരുന്നു എപ്പളും തറപറ തറപറ ചറപറ ചെലച്ചോണ്ടിരുന്ന ഒരു സ്കൂള്...' ആരും വരാണ്ടായപ്പോൾ ദുക്കിച്ചിര്ന്ന് ദുക്കിച്ചിര്ന്ന് ദുക്കിച്ചിര്ന്ന് സ്കൂള് മരിച്ചു പോയി. അതു പോലെ തന്നെ  കോൺക്രീറ്റ് പന്തൽ കൊണ്ട്  മാനം  കാണാനാവാതെ നെടുവീർപ്പിടുന്ന ഒരു മൈതാനവുമുണ്ട്.

കാലത്തിനൊപ്പം പാഞ്ഞു പോയപ്പോൾ നമുക്ക് ഓർമകൾ സമ്മാനിച്ച നാടിനോട്  കണ്ണടക്കേണ്ടി വന്നുവെങ്കിൽ,  നിശ്ശബ്ദതകൊണ്ട് അവഗണിച്ചുവെങ്കിൽ   തിരുത്താനിനിയും  സമയമുണ്ട്. ഒന്നു തിരിഞ്ഞു നോക്കിയാൽ ആണും പെണ്ണുമായും ഒറ്റയ്ക്കും ഒത്തുചേർന്നും  നമ്മൾ നടന്നു തീർത്ത വഴികളെല്ലാം പുതിയ പുതിയ ഭൂപടങ്ങളുണ്ടാക്കാൻ രേഖകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് .നമ്മളെ വരച്ചെടുത്ത അതേ നിറങ്ങൾ കൊണ്ട്. ഓനെ വരച്ച അതേ നിറങ്ങൾ കൊണ്ടും ഓനും വരച്ചിരിക്കുന്നു നേരിനെ, നുണയെ ,താൻപോരിമയെ ,നിസ്സഹായതയെ ,വിജയങ്ങളെ പരാജയങ്ങളെ.... ഓന്റെ ദേശത്തെ ദേശമാക്കിയ
 അങ്ങിനെ പലതിനേയും
ഓന്റെ ദേശം വരച്ചെടുത്ത വായനാഭൂപടങ്ങൾ (ദിനസരി-21-ഡോ. സ്വപ്ന സി.കോമ്പാത്ത്‌)ഓന്റെ ദേശം വരച്ചെടുത്ത വായനാഭൂപടങ്ങൾ (ദിനസരി-21-ഡോ. സ്വപ്ന സി.കോമ്പാത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക