Image

കറുത്ത പൂമരം (കവിത: സിന്ധു ഗാഥ)

Published on 19 October, 2020
കറുത്ത പൂമരം (കവിത: സിന്ധു ഗാഥ)
സ്നേഹകോടതിയിലെ
പ്രതികൂട്ടിൽ  ഞാനിന്ന്
അനുരാഗ തൊട്ടു -
കൂടായ്മകളുടെ കൂട്ടാളി

സ്നേഹകാഞ്ചന സ്പർശനങ്ങളുടെ
ആധാരമോ പട്ടയമോ
വിൽപത്രമോ സാക്ഷി -
രേഖകളോ ഇല്ലാത്ത പ്രണയം

വരിഞ്ഞുമുറുകുന്ന ഞരമ്പില്‍
തുളുമ്പും പ്രേമയൗവ്വനവും
ഒന്നു തൊട്ടാൽ ജ്വലിക്കുമെരിമലയും
അത്യുഷ്ണക്കാറ്റ് വീശിയടിക്കും
മണൽക്കാടുകളും നിറഞ്ഞ പ്രണയം  
 
സ്നേഹം ഉപ്പുപൂക്കാട്ടിലൂടെ
ഒഴുകും മിഴിനീരരുവിയും
എരിയുന്ന കോപാഗ്നിയിൽ
വെന്തുരുകും മനസ്സുമാണ്

അടിവേരോളം തണുപ്പിക്കാനും
സൂര്യഗോളത്തോളം ജ്വലിപ്പിക്കാനും
നിദ്രാരാഹിത്യത്തിന്റെ പടിക്കെട്ടിൽ
കാത്തിരിപ്പുണ്ടെന്റെ പ്രണയം

നെറ്റിയിൽ ചുണ്ടമർത്താൻ
ഞാൻ നിന്റെ അമ്മയല്ല
താലിച്ചരടിൽ കോർത്ത
കാഞ്ചനപൊട്ടിന്റെയോ
സിന്ദൂരരേഖയിലെ രക്തവർണ്ണമോ 
മോതിരവിരലിലെ വിലങ്ങോ
ഇല്ലാത്തതുകൊണ്ട് ഞാൻ
നിന്റെ വാമഭാഗമല്ല.

മനചട്ടിയിൽ തുളുമ്പുന്ന പ്രണയം
ചുംബനപ്പൂവിട്ടു തിളപ്പിച്ചെടുത്ത
ജലനീരിന്റെ ബലത്താൽ കരിയാത്ത 
വേരുകളൂന്നി നിൽക്കുന്ന പ്രണയവൃക്ഷം

ശിക്ഷകളുടെ കുറ്റപ്പെടുത്തലുകളുടെ
കറുത്ത പൂക്കൾ മാത്രം പൂക്കുന്ന
കണ്ണീരുപ്പു തേൻ കിനിയുന്ന
ഇത്തിൾ കണ്ണികൾ ആപാദചൂഡം
ആലിംഗനം ചെയ്യുന്ന ബോധിവൃക്ഷം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക