Image

വിജയ് യേശുദാസിന് ഒരു കത്ത് (ധർമ്മരാജ് മടപ്പള്ളി)

Published on 19 October, 2020
വിജയ് യേശുദാസിന് ഒരു കത്ത് (ധർമ്മരാജ് മടപ്പള്ളി)
പ്രിയപ്പെട്ട അനിയാ,

മലയാളസിനിമയിൽ ഇനി 'പാടില്ല' എന്ന നിന്റെ പ്രഖ്യാപനം കണ്ടു.  അങ്ങിനെ പറയാൻ 'പാടില്ല' എന്നേ ഞാൻ പറയൂ. അപരിചിതരെ ഞാനൊരിക്കലും നീ എന്നു വിളിക്കാറില്ല. പക്ഷെ ആവിധം വിളിക്കാൻമാത്രം പാകത്തിൽ നീ പാടിയ പലപാട്ടുകളുടേയും  ഇരുകരകളിൽ ഞാനും നീയുമുണ്ട്. ആ സ്വാതന്ത്ര്യമെടുക്കുന്നു. ആ നിരാശയും തുടർന്നുള്ള നിന്റെ  തീരുമാനവും അംഗീകരിക്കുന്നു. അതുതികച്ചും വ്യക്തിപര സ്വാതന്ത്ര്യത്തിന്റേയോ പ്രതിഷേധത്തിന്റേയോ ഭാഗമാവാം. 

വിജയ് കഴിവുള്ളൊരു ഗായകനാണെങ്കിലും, ( ‘ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി' : പൊന്മുടിപ്പുഴയോരത്ത്,
'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' : അച്ചുവിന്റെ അമ്മ,
'കോലക്കുഴൽ വിളികേട്ടോ രാധേ' : നൈവേദ്യം
'വസന്തരാവിൻ കിളിവാതിൽ' : കൈയ്യെത്തും ദൂരത്ത്,
'തങ്കത്തിങ്കൾ വാനിലൊരുക്കും' : മനസ്സിനക്കരെ
'ഒരുനാൾ ശുഭരാത്രി ചൊല്ലി' : ഗുൽമോഹർ
'പ്രിയനുമാത്രം ഞാൻ തരാം' : റോബിൻ ഹുഡ്
'ഈ പുഴയും' : ഇന്ത്യൻ റുപ്പി
'മഴകൊണ്ടുമാത്രം' : സ്പിരിട്ട്
'ഈ മിഴിയും': ഇന്ത്യൻ റുപ്പി

അപ്പന്റെ ഭൂതകാല സ്വരത്തിൽ പാടി ഞങ്ങളെ ഗൃഹാതുരരാക്കാൻ കഴിയുന്ന ശബ്ദസമ്പുഷ്ടിയുള്ളവനെങ്കിലും ( അല്ലിയാമ്പൽ കടവീലന്നരക്കുവെള്ളം: ലൗഡ് സ്പീക്കർ ) അപ്പന്റെ മകൻ എന്ന നിഴലിൽനിന്നും മാറിനില്ക്കാൻ കഴിഞ്ഞുവോ എന്നത് ആലോചിക്കേണ്ടതാണ്.

യുവഗായകരിൽ നിന്നേക്കാളേറെ ഇമ്പത്തിൽ പാടുന്നവരുണ്ട് എന്റെ രസനക്ക്. യേശുദാസ് മികച്ചൊരു ഗായകനാണെന്നതിന് സംശയമില്ല. എന്നാലും ആ ആനനടയിൽ ചവിട്ടിയരക്കപ്പെട്ട നിരവധി ഗായകരുണ്ട് നമുക്ക്. കെ. ജി മാർക്കോസൊക്കെ വാച്ചിന്റെ സ്ട്രാപ്പിൽപ്പോലും വെള്ളച്ചായംപൂശി നടന്നു രക്ഷപ്പെടുക എന്ന അതിസാഹസികത കാണിച്ചു. എന്നാൽ ബ്രഹ്മാനന്ദനേപ്പോലുള്ള ശുദ്ധഗായകർ എങ്ങുമെത്താതെ ചുരുങ്ങിയ പാട്ടുകളാൽ അവശേഷിച്ചു.

തിരുവനന്തപുരം നായന്മാർ നിർമ്മാതാക്കളും  സംവിധായകരും നടന്മാരുമായെത്തിയ ക്ലാസ്മേറ്റ്  സംവരണത്തിലൂടെ ഗായകനായ എം. ജി ശ്രീകുമാർ നല്ലൊരു ഗായകനായി ഇന്നും എന്നെ ആസ്വാദിപ്പിച്ചിട്ടില്ല. അദ്ദേഹം പാടിയ  'സൂര്യകിരീടം വീണുടഞ്ഞു, പോലുള്ള ഗാനങ്ങൾ ജയചന്ദ്രനേപ്പോലുള്ളവർ പാടാഞ്ഞതിൽ അങ്ങേയറ്റം നിരാശനുമാണ്. ആ ഗാനം  നിർമ്മിക്കുന്ന അർത്ഥഗാംഭീര്യത്തിന് ഒട്ടുമേ ഉതകുന്നതല്ല എം ജിയുടേതുപോലുള്ള ചിതറിയ ശബ്ദം. അതേസമയം അദ്ദേഹത്തിനു  പാടാനുള്ള പാട്ടുകളും മലയാളത്തിലുണ്ടായിട്ടുണ്ട്.

'വേലായുധാ വാ... എന്ന് അലമുറയിടുന്ന എതൊക്കെയോ വേലായുധന്മാർക്ക് ചാടിമറിയാനുള്ള മുള്ളൻകൊല്ലിപ്പാട്ടുകൾ എം. ജി  ശ്രീകുമാറിനുമാത്രമായി പിറന്നവയാണെന്നു തോന്നും. ഏത് കുഞ്ഞിരാമനും ചോറുണ്ണാൻ പാകത്തിലുള്ള റേഷനരി എന്നെങ്കിലും വിതരണം ചെയ്യപ്പെടുമല്ലോ എന്നേ ആശ്വാസമുള്ളൂ.
എന്നാൽ ആലപിച്ചവയത്രയും പ്രിയതരമായ പാട്ടുകളാക്കിമാറ്റിയ വേണുഗോപാലിനേപ്പോലെ നമുക്ക് അത്രമേൽ പ്രിയപ്പെട്ട നിരവധി ഗായകർ അരികുവൽകരിക്കപ്പെട്ടു. മോഹൻലാലിന്റെ അതേ ശബ്ദത്തിൽ പാടുന്ന ഗായകൻ എന്നൊരു ലേബലുംകൂടി നെറ്റിയിലൊട്ടിച്ചായിരുന്നു എം. ജിയുടെ വരവ്. എന്നാൽ അതിലേറേ ലാലിന്റെ ശബ്ദത്തിനോട് ചേർന്നുപാടാൻ കഴിയുമെന്ന് വേണുഗോപാൽ തെളിയിച്ചു.

'കണ്ടോ... കണ്ടോ കടലുകണ്ടിട്ടെത്തറ നാളായീ...
ചിത്രം : മഹാസമുദ്രം. എം. ജി ശ്രീകുമാർ സ്വരശുദ്ധിയില്ലാത്ത ഗായകനാണെന്ന കലമണ്ഡലം ഹൈദരലിയുടെ അഭിപ്രായവും തുടർന്നുള്ള തർക്കങ്ങളുംകൂടി ഓർക്കുന്നു.
ഇതിനിടയിൽ ആരുപാടി എന്നിപ്പോളും തിരിച്ചറിയപ്പെടാത്ത എത്രയെത്ര പാട്ടുകൾ മലയാളത്തിൽ റിക്കോർഡുചെയ്യപ്പെട്ടു! ആ ഗായകരുടെ വേദന ഒന്നൂഹിച്ചുനോക്കൂ. പാട്ട് അവിടെയുണ്ട്. പാടിയ സ്വരവും അവിടെയുണ്ട്. ആ സ്വരത്തിന് പേരില്ലാത്ത അവസ്ഥ! സമാന്തരമായി ട്രാക്കുപാടിമാത്രം ജീവിതം തീർന്നുപോയവരെത്ര! കർണ്ണാടകസംഗീതത്തിൽ അഗ്രഗണ്യനായ, സുഖശബ്ദമുള്ള കാഞ്ഞങ്ങാടു രാമചന്ദ്രനേപ്പോലുള്ളവർക്ക് ലഭിച്ച തീരേ ചെറിയ അവസരങ്ങൾ! ഇതൊക്കെ ഓർക്കാനുള്ളതുകൂടിയാണ് നീ തുറന്നിട്ട ഈ നേരം. (ചെമ്പകമേട്ടിലെ എന്റെ മുളം കുടിലിൽ: ചിത്രം വളയം)

നവസാങ്കേതികത ഒട്ടുമിക്ക മനുഷ്യരേയും എഴുത്തുകാരും ഗായകരും അഭിനേതാക്കളുമാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമാണ് ടിക്-ടോക് എന്താണെന്നറിയാനുള്ള കൗതുകത്താൽ അത് ഇൻസ്റ്റാൾ ചെയ്തത്. എത്ര മനോഹരമാണ് ആ ലോകം എന്നത് അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. സ്ക്രീനിൽ കാണുന്ന നടീനടന്മാരേക്കാളും എത്ര മികച്ചരീതിയിലാണവരൊക്കെ പാടി അഭിനയിക്കുന്നത്! പലരും താന്താങ്ങളുടെ ജോലിക്കിടയിലെ ഇത്തിരിനേരത്ത് ഉച്ചിയിൽ തൂങ്ങുന്ന സി. സി ക്യാമറകളെ വെട്ടിച്ചുകൊണ്ടാണ് ഈ സർഗാത്മകതയിലേക്ക് കൈയ്യൊപ്പു ചാർത്തുന്നത് എന്നത് അത്ഭുതമാണ്. അവിടെ റീ ടേക്കുകളോ, മേക്കപ്പ് ശരിയായോ എന്ന നൂറുവട്ടം കണ്ണാടി നോട്ടങ്ങളോ ഇല്ല.

മുമ്പത്തേപ്പോലെ  നായകകേന്ദ്രീകൃതമായ സിനിമകളോ പാട്ടുകളോ കലാസംവിധാനങ്ങളോ സാദ്ധ്യമല്ലാത്തവിധം കല മാറുകയാണ്. ഇവിടെ ആരും അവിഭാജ്യഘടകമേയല്ല. ഒരേകുപ്പായം എത്രനാൾ നമ്മളിടും? രുചിശീലങ്ങൾ മാറിമാറിവരും.  പുതുമ എന്നതുകൂടെയാണ് കച്ചവടത്തിന് ഉതകുന്ന സമവാക്യം. പരിപൂർണ്ണ കച്ചവട സാദ്ധ്യതകളെ ആരായുന്നൊരു കമ്പോളച്ചരക്കു കൂടിയാണ് സിനിമ.  നിന്റെ ശബ്ദം ഏർപ്പെടുത്തിയാൽ അഞ്ചുരൂപ അധികം കിട്ടുമെങ്കിൽ എത്ര മോശമായാലും നിനക്ക് സാദ്ധ്യതയുണ്ട്. അതിനെ അങ്ങിനയേ കാണാവൂ. അല്ലാതെ കടന്നുവരുമ്പോൾ ആരും എഴുന്നേറ്റു നില്ക്കുന്നില്ലെന്ന് പറഞ്ഞ് സ്വരമിടറരുത്. അതു നിന്നെ മാത്രമേ ബാധിക്കുകയുള്ളൂ.

എനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്. ഇത്രയും കാലം ഞങ്ങളുടെ പ്രിയപ്പെട്ട യുവ ഗായകൻ എന്ന നിലയിൽ ജീവിച്ചുവല്ലോ. ഇക്കാലങ്ങൾക്കിടയിൽ പാടിയ എത്ര പാട്ടുകൾ എഴുതിയത് ആരാണെന്ന് പറയാനൊക്കും? സാധ്യതയുണ്ടായിരുന്ന ഏതെങ്കിലും വേദികളിൽ ആ വരികളുടെ പ്രസാദാത്മകതകളേക്കുറിച്ച് വിജയ് എന്നെങ്കെലും രണ്ടുവാക്ക് പറഞ്ഞിട്ടുണ്ടോ? വയലാറും പി. ഭാസ്കരനും ഓയെൻവിയും യൂസഫലിയും ശ്രീ കുമാരൻതമ്പിയു ഗിരീഷ് പുത്തഞ്ചേരിയും റഫീഖ് അഹമ്മദുമൊക്കെയല്ലാതെ എത്ര യുവ ഗാനരചയിതാക്കാൾ മലയാളത്തിൽ അവരുടെ രചനകൊണ്ട് അടയാളപ്പെട്ടിട്ടുണ്ട്? 

മേൽപ്പറഞ്ഞവരുടേതല്ലാതെ എത്രയെത്ര പുതുമുഖങ്ങളുടെ ഉന്നതരചനകളുണ്ടായിട്ടുണ്ട്! എന്തേ അതൊന്നും ചർച്ചചെയ്യപ്പെടാൻ വിജയിനെപ്പോലുള്ളവർ വേദിയൊരുക്കാഞ്ഞത്?
മദ്രാസിൽനിന്ന് പറന്നുവന്നു പാടി  തിരിച്ചുപറക്കുന്നത്ര ലളിതമല്ല എഴുത്ത്. അത്രക്ക് ഏകാന്തതയിൽ അയാൾ/ അവൾ, എഴുതിയെഴുതി ചുരുട്ടിയെറിഞ്ഞ എത്ര വരികളുണ്ടെന്ന് ഊഹിക്കാമോ നിങ്ങളൊക്കെ സ്റ്റുഡിയോകളിലും വേദികളിലും പാടി ഹിറ്റാക്കുന്ന ഓരോ പാട്ടുകൾക്കു പുറകിലും! വിജയിന് മലയാളം ഉപേക്ഷിച്ച് കന്നടയിലേക്കോ തെലുങ്കിലേക്കോ തമിഴിലേക്കോ പോകാം. കാണുമ്പോൾ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നവർ അവിടെ നിരവധി കണ്ടേക്കാം. ഇവിടെ പത്തുപാട്ടുപാടുന്ന കാശ് ഒറ്റപ്പാട്ടുപാടിയാൽ അവിടെ കിട്ടിയേക്കാം.

എന്നാൽ മലയാളത്തിലെഴുതുക എന്നതിനപ്പുറം മറ്റുസാധ്യതകളില്ലാത്ത പാട്ടെഴുത്തുകാരെന്തു ചെയ്യും? എല്ലാവരേയും എഴുത്തുകാരാക്കുന്ന വിധം സാങ്കേതികത ഇടങ്ങൾ വികസിച്ച ഒരുകാലത്താണ്  നാം ജീവിക്കുന്നത്. നീ ഈപ്പറഞ്ഞ പ്രതിസന്ധി എഴുത്തുകാർക്കുമുണ്ട്.

'മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.' എന്നാണ് ഞാനാ വാർത്ത വായിച്ചത്.

'വില' എന്നതുകൊണ്ട്  പ്രതിഫലമാണ് ഉദ്ദേശിച്ചത്  എന്നാണ് തോന്നുന്നത്. തമിഴ്-തെലുങ്ക് വച്ചുനോക്കുമ്പോൾ മലയാളഭാഷയിലെ എഴുത്തും, ചലചിത്രങ്ങളും തീരെ ചെറിയ മാർക്കറ്റാണ്. കേരളത്തിലെ ആ ചെറിയ സിനിമാമാർക്കറ്റുതന്നെ വലിയ രീതിയിൽ തമിഴ്, ഹിന്ദി ഭാഷകൾ കയ്യടക്കിയിട്ടുണ്ട്. അതിനാൽത്തന്നെ തമിഴ്, തെലുങ്കിലെ പ്രതിഫലം  മലയാളത്തിൽ ഒരിക്കലും ലഭിക്കാനുള്ള സാദ്ധ്യതയില്ലന്ന് അറിയാത്തതല്ല.

സ്റ്റേജുഷോകൾക്കും, ചാനലുകളിലെ റിയാലിറ്റി ജഡ്ജുമെന്റുകൾക്കും കണക്കുപറഞ്ഞ് കാശെണ്ണിവാങ്ങിച്ചേ നിങ്ങളേപ്പോലുള്ളവർ കയറാറുള്ള എന്ന് ഊഹിക്കാനുള്ള ധാരണകൾ ഞങ്ങൾക്കുണ്ട്.

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗായിക പണ്ട് ഇവിടെ സ്റ്റേജു പ്രോഗ്രാമിനെത്തിയപ്പോൾ പരിപാടി വീഡിയോ റിക്കോർഡു ചെയ്യുന്നുണ്ടെങ്കിൽ കാശധികം കിട്ടണം അല്ലെങ്കിൽ ഷൂട്ടുചെയ്യരുത് എന്നു ശഠിച്ച കാര്യവും ഇപ്പോൾ ഓർത്തെടുക്കുന്നു. ചാനലുകളിലെ ജഡ്ജിങ്ങ് പാനലുകളിലിരുന്ന് കുഞ്ഞുങ്ങൾക്ക് സ്വർണ്ണവളകളും മോതിരങ്ങളും ഊരിക്കൊടുക്കുന്ന സ്പോൺസേർഡ് പരിപാടികൾ കാണുമ്പോൾ നാം കാണികൾ സംഗീതത്തിനായി സ്വയം സമർപ്പിത എന്ന രീതിയിൽ അവരെ സങ്കല്പിച്ചെടുക്കുന്നു.

ഇന്ന് കുറഞ്ഞ പ്രതിഫലത്തിൽ  പാടാൻ തയ്യാറായ വളരെ കഴിവുള്ള  അസംഖ്യം യുവഗായകർ നമുക്കുണ്ട്. സ്റ്റുഡിയോകളിൽ പല ടേക്കുകളിൽ പാടുന്ന പാട്ടുകൾ
വേദികളിൽ ഒറ്റടേക്കിനുപാടി കൈയ്യടി വാങ്ങുന്നവർ.

യേശുദാസ് എന്ന വലിയ ഗായകനെ ഒരുനോക്കു കാണുന്നതും സ്പർശിക്കുന്നതും മിണ്ടുന്നതും കൂടെനിന്നൊരു പടമെടുക്കുനന്നതുമൊക്കെ മഹാ ഭാഗ്യമായി കാണുന്ന നിരവധിപേരുണ്ട്. അദ്ദേഹത്തിന്റെ മകനായി പിറന്നതുകൊണ്ടുമാത്രം എത്ര കണ്ണുകൾ നിന്നേ അസൂയ്യയോടെ നോക്കിയിട്ടുണ്ടാവണം. താൻ പാടിയ പാട്ടുകൾ വേദികളിൽ മറ്റാരുപാടുമ്പോളും അതിനു കപ്പം കിട്ടണമെന്നൊരു വാദം യേശുദാസ് മുന്നോട്ടുവെച്ചപ്പോളാണ് പാടിയ പ്രിയപ്പെട്ട പാട്ടുകൾ മാറ്റിവെച്ച് അദ്ദേഹത്തെ ഒരു പാട്ടുമുതലാളിയായി ഞാൻ കാണാൻ തുടങ്ങിയത്. പാട്ടുകൾ ഗായകന്റെ മാത്രം അവകാശമാണോ അത് എഴുതിയവനും സംഗീതം ചെയ്തവനും അതിൽ ഉടമസ്ഥതയില്ലേ എന്നൊരു ചോദ്യംകൂടി അതോടനുബന്ധിച്ച് ഉയർന്നുവന്നു. ഈ ചോദ്യത്തിന് വിജയ് യേശുദാസിന്റെ അഭിപ്രായം എന്താവാം?

ഈ മഹാവ്യാധിക്കാലത്ത് ഏകാന്തമുറികളിൽ അകപ്പെട്ടുപോയ എത്രയെത്ര മനുഷ്യർ നിന്റെയും പാട്ടുകൾ കേട്ട് ശാന്തരായി കിടന്നിട്ടുണ്ടാവാം.

'മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകൾ...'എന്ന പാട്ടുകേട്ട് എത്ര പ്രണയികൾ അവനവന്റെ ഹൃദയത്തെ ശുദ്ധതയാൽ സ്വയം തഴുകിയിട്ടുണ്ടാവാം. എന്തായാലും ഒരു ലക്കം വനിത വിറ്റുപോകാനുള്ള ഉപാധിയായി മാത്രമേ ഞാൻ ഈ തീരുമാനത്തെ കാണുന്നുള്ളൂ. അതിനു തക്കതായ 'വില' വനിതയുടെ മുതലാളി തന്നിട്ടുണ്ടാവണം. ശ്രോതാവ് എന്ന നിലയിൽ ഇനിയും നീ പാടുന്ന പാട്ടുകളെ ഞങ്ങൾ ബഹിഷ്ക്കരിക്കുകയില്ലെന്ന് നിനക്കുതന്നെ അറിയാം. പലപ്പോളും ഗായകരേക്കാൾ വിലയുള്ളവരാണ് ശ്രോതാക്കൾ. നിങ്ങളൊക്കെ വേദികളിൽകഷ്ടപ്പെട്ടു പാടുന്ന പാട്ടുകൾ ഞങ്ങൾ കുളിമുറികളിൽപ്പോലും അനായാസമായി പാടാറുണ്ട് എന്ന ഫലിതത്തോടെ ഉപസംഹരിക്കുന്നു.

Join WhatsApp News
Member 2020-10-19 21:09:31
Exactly and to the point. What an amazing talent to ridicule, otherwise talently enriched, big bro? You will get what you weep for in the industry. Such a poor attitude Mr Vijay. Shame on you.
Pattukaran Kutti 2020-10-19 23:46:36
Yes Vijay,you did a good decision. In Kerala there is very good and talented youngsters better than you. Let them get chances to grow. Music industry is not a family business! You didn't deserve any award,that's why you get anything. Stick with your profession. Thanks again your proper decision.
Raju Mylapra 2020-10-20 02:41:45
The pride goes before a fall. You were born with a silver spoon in your mouth. With this attitude, if you ever get a spot in Malayalam music industry, you will only be mentioned as the great legend Yesudas' son. He earned his spot with his unconditional dedication. I don't agree with all his untimely opinions, sometimes. But, old generation like me listens to his songs at least a few times everyday. Grow up young man. We all like you; but you have to earn our love. All the best.
Just a reader 2020-10-20 17:10:00
Like father; like son!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക