Image

കാലം (കവിത: രമ പ്രസന്ന പിഷാരടി)

Published on 20 October, 2020
കാലം (കവിത: രമ പ്രസന്ന പിഷാരടി)
കാലത്തിന്റെ തണുത്ത ശിരസ്സിൽ
ലോകം മുൾവാകപ്പൂ ചൂടി
കോലം കെട്ടിയ ലോകത്തിന്റെ
വാതിൽപ്പടികൾ  കാലം പൂട്ടി
കാലത്തിന്റെ കരിങ്കൽ കെട്ടിൽ
ഭൂമിയൊരല്പമിരുന്ന് ചിരിച്ചു.
ലോകത്തിന്റെ നെടുങ്കൻ പാത
കാലിൽ ചങ്ങല ചുറ്റിയിരുന്നു
ഭ്രമവിഭ്രമലയമൊന്നാകുന്ന
കടലുകളാർത്ത് തിമിർത്തു മറിഞ്ഞു
ഋതുവൊന്നിൽ പൂതേടി നടന്നവർ
പ്രളയം കണ്ട് തരിച്ചു കുതിർന്നു
ധ്രുവമഞ്ഞിൻ തരിചൂടിയ പോലെ
ഹൃദയം ആകെയുറഞ്ഞു തളർന്നു.
വഴിയിൽ റെയിലിൻ  പാതകളിൽ
വീണൊരു കണ്ണീർ പുഴ ചോന്ന് പിടഞ്ഞു
ഇനി യുദ്ധങ്ങൾ വേണ്ടെന്നോതി
പറവകൾ വന്നു തുറന്നൊരു കൂട്ടിൽ
ചിതകൾ ആളിയ മൂവന്തികളിൽ
വെറുതെ ദിക്കുകൾ കാവൽ നിന്നു
മൃതലോകത്തിൻ കൺകളിലെയ്യാൻ
ശരകൂടങ്ങൾ കാവലിരിയ്ക്കേ
സിരകളിൽ നിന്ന് കുതിച്ചു പതഞ്ഞ്
ചെറിയൊരു പ്രാണൻ ശ്രുതി തേടുമ്പോൾ
തിരിയെ പോകുംവഴിയിൽ സൂര്യൻ
പതിയെ ചൊല്ലി മെല്ലെ നടക്കൂ
തിമിരം മൂടിയ കണ്ണിൽ മിന്നൽ-
പിണറുകളെയ്തു കാലം നീങ്ങി
Join WhatsApp News
വിദ്യാധരൻ 2020-10-20 04:14:39
കാലത്തിന്റ ഭ്രമണപഥത്തിൽ നിന്നവരൊക്കെ ചത്തു മലച്ചു കാരണം അവനാ 'കാലൻ' തന്നെ ഇല്ലൊന്നിനും ഒരുവനും മോചനമില്ല എല്ലാം തല്ലിയുടച്ചു തകർക്കും കെട്ടിപ്പൊക്കിയ കരിങ്കൽ മതിലും 'ലോകത്തിന്റ നെടുങ്കൻ പാതേം' കാലത്തിൻ തിരമാലകൾ വന്ന് കാരും തീരം മണൽ മാന്തുംപോലെ ഒന്നിനും ഇല്ല നില നില്പിവിടെ എല്ലാം തല്ലിയുടയ്ക്കും കാലം. കാലത്തിന്റ മകനാം കാലൻ പോത്തിൻ പുറം ഏറി ചുറ്റീടുന്നു കോവിഡെന്നൊരഗോചര വൈറസ് വാരി വിതപ്പൂ മരണം ചുറ്റിലും കാലൻ നിന്ന് ചിരിച്ചീടുമ്പോൾ കാലം പോയതറിഞ്ഞില്ലാരും. വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക