Image

ഒന്നരവയസ്സുകാരന്റെ കൊലപാതകം: പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാം പ്രതി കോടതിയില്‍

Published on 20 October, 2020
ഒന്നരവയസ്സുകാരന്റെ കൊലപാതകം: പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാം പ്രതി കോടതിയില്‍
കണ്ണൂര്‍: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിതിന്‍ രംഗത്ത്.

ഇക്കാര്യം ആവശ്യപ്പെട്ട് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. കേസിലെ ഒന്നാംപ്രതിയായ ഒന്നരവയസുകാരന്റെ അമ്മ ശരണ്യയുടെ കാമുകന്‍ താനല്ലെന്നും കേസിലെ 27ാം സാക്ഷിയായ പാലക്കാട്ടുകാരനായ അരുണാണ് കാമുകനെന്നും കാണിച്ചാണ് അഡ്വ. മഹേഷ് വര്‍മ്മ മുഖാന്തരം നിതിന്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍, കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രിതമായ ശ്രമമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഒരിക്കല്‍ പ്രതിയായ നിതിന് ഇത്തരത്തില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നും കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ പറഞ്ഞു. ശരണ്യയും കാമുകന്‍ നിതിനും ഗൂഢാലോചന നടത്തിയാണ് കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

2020 ഫെബ്രുവരി 17 ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയെടുത്ത് അമ്മ ശരണ്യ കടലില്‍ കൊണ്ടുപോയി രണ്ടു തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കിയശേഷം തിരിച്ചുവന്ന് വീട്ടില്‍ കിടന്നുറങ്ങിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക