Image

മോശം പരാമര്‍ശം: കമല്‍നാഥിനെതിരെ ഗാന്ധി കുടുംബം മൗനംപാലിക്കുന്നതെന്തെന്ന് സ്മൃതി

Published on 20 October, 2020
മോശം പരാമര്‍ശം: കമല്‍നാഥിനെതിരെ ഗാന്ധി കുടുംബം മൗനംപാലിക്കുന്നതെന്തെന്ന് സ്മൃതി
ന്യൂഡല്‍ഹി: ബിജെപി നേതാവ് ഇമാര്‍തി ദേവിക്കെതിരായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ ഗാന്ധി കുടുംബം നടപടിയെടുക്കില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ നേതാവിനെതിരെ കമല്‍നാഥ് നടത്തിയ പരാമര്‍ശത്തില്‍ എന്തെങ്കിലും ന്യായീകരണം കണ്ടെത്താന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും സ്മൃതി പറഞ്ഞു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന നേതാവാണ് ഇമാര്‍തി ദേവി. രാഷ്ട്രീയത്തിലുള്ള വനിതയ്‌ക്കെതിരെ ഇതാദ്യമായിട്ടല്ല മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് മോശം പരാമര്‍ശം നടത്തുന്നത്. ദിഗ്‌വിജയ് സിങ് ഒരു വനിത പ്രവര്‍ത്തകയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത് എല്ലാവരും ഓര്‍ക്കുന്നുണ്ടാകും – സ്മൃതി ചൂണ്ടിക്കാട്ടി.

ദാബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കമല്‍നാഥ് മോശം പ്രയോഗം നടത്തിയത്. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി എളിയവരില്‍ എളിയവനാണ്. ബിജെപി സ്ഥാനാര്‍ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്. എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്‍’– ഇതായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക