Image

പെർഗമൊസ്-തമസ്സിന്റെ സിംഹാസന നഗരം (യാത്രാവിവരണം 14: സാംജീവ്)

Published on 21 October, 2020
പെർഗമൊസ്-തമസ്സിന്റെ സിംഹാസന നഗരം (യാത്രാവിവരണം 14: സാംജീവ്)
2018 സെപ്റ്റംബർ 18-ാം തീയതിയാണ് ഞങ്ങൾ പെർഗമോസിൽ എത്തിയത്. “പൌലലോസിന്റെ കാൽച്ചോടുകളിലൂടെ” എന്നാണു ഞങ്ങളുടെ തീർത്ഥയാത്ര നാമകരണം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ പൌലോസ് അപ്പോസ്ഥലൻ പെർഗമോസ് സന്ദർശിച്ചതായി ബൈബിൾ പറയുന്നില്ല.

ചരിത്രവും പാരമ്പര്യകഥകളും അനറ്റോളിയായുമായി ബന്ധപ്പെടുത്തുന്നതു മൂന്ന് അപ്പോസ്ഥലന്മാരെയാണ്. പൌലോസ്, യോഹന്നാൻ, ഫിലിപ്പൊസ് എന്നിവരാണവർ. അതിൽ പൌലോസ് അനറ്റോളിയാ സന്ദർശിച്ചതിനു മാത്രമേ ചരിത്രപരമായ തെളിവുകളുള്ളു.

അപ്പൊസ്തല പ്രവർത്തികളിൽ പൌലോസ് മുസ്യഎന്ന പ്രദേശത്തുകൂടി സഞ്ചരിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൌലോസ് മുസ്യയിൽ സഭ സ്ഥാപിച്ചുവെന്നോ, മുമ്പുതന്നെ സ്ഥാപിക്കപ്പെട്ട ഏതെങ്കിലും സഭ സന്ദർശിച്ചുവെന്നോ രേഖപ്പെടുത്തിയിട്ടില്ല.

ആരാണു പെർഗമോസിൽ സുവിശേഷവുമായി എത്തിയത്? ഒരു പക്ഷേ മേല്പ്പറഞ്ഞ അപ്പോസ്ഥലന്മാർ ആരുമായിരിക്കില്ല. അപ്പോസ്ഥല പ്രവർത്തികൾ മൂന്നാം അദ്ധായത്തിൽ വിവരിക്കപ്പെടുന്ന പരിശുദ്ധാത്മ അവരോഹണത്തിനു സാക്ഷ്യം വഹിച്ച അനേകർ അനറ്റോളിയായിൽ നിന്നുമുള്ളവർ ആയിരുന്നു. അവർ കൊണ്ടുവന്ന അഗ്നിസ്ഫുലിംഗങ്ങൾ പെർഗമോസിലും തുയഥൈരയിലുമൊക്കെ ആളിപ്പടർന്നുകാണും. വെളിപ്പാടുപുസ്തകത്തിൽ (ബൈബിൾ) രക്തസാക്ഷിയായ ഒരു അന്തിപ്പാസിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം യോഹന്നാൻ അപ്പോസ്ഥലന്റെ ശിഷ്യനായിരുന്നുവത്രേ.

പെർഗമോസിന്റെ ആധുനിക നാമധേയം ബർഗാമാ എന്നാണ്. തുർക്കിയുടെ ഇസ്മീർ പ്രവിശ്യയിൽ ആണ് ഇന്ന് ആ സ്ഥലം. ഈജിയൻ കടലിൽ നിന്നും 16 മൈൽ ദൂരെ ഇസ്മീർ (പുരാതന സ്മിർണ) നഗരത്തിൽ നിന്നും 45 മൈൽ വടക്കുകിഴക്കായി ബർഗാമാ സ്ഥിതി ചെയ്യുന്നു. ലോകോത്തരമായ ടർക്കിഷ് കാർപ്പെറ്റുകളും കളിമൺപാത്രങ്ങളും നിർമ്മിക്കുന്ന സ്ഥലമാണു ബർഗാമാ.
അതിപുരാതനമായ ഒരു ചരിത്രം ബർഗാമാ നഗരത്തിനുണ്ട്. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകൾക്കു മുമ്പു ഹിത്യർ ഈ ദേശത്തു താമസിച്ചിരുന്നു. അവരുടെ ഭാഷ “ലൂവിയൻ” എന്നാണ് അറിയപ്പെട്ടിരുന്നത്. മഹാനായ അലക്സാണ്ടർ ബിസി 333ൽ പെർഗമൊസ് പിടിച്ചടക്കി. അലക്സാണ്ടറുടെ കാലശേഷം അത്താലദ് രാജവംശമാണ് പെർഗമോസ് ഭരിച്ചത്. പെർഗമോസിന്റെ സുവർണ്ണകാലമായിരുന്നത്. ഗ്രീക്കുഭാഷയും സംസ്ക്കാരവും കലയുമെല്ലാം ഈ കാലഘട്ടത്തിൽ പരിപോഷിപ്പിക്കപ്പെട്ടു. ഗ്രീക്കുദേവനായിരുന്ന സിയൂസിന്റെ വെണ്ണക്കല്ലിലുള്ള ക്ഷേത്രവും അൾത്താരയും പ്രതിഷ്ഠിക്കപ്പെട്ടു. ബിസി 197 മുതൽ 160 വരെ രാജ്യം ഭരിച്ച യൂമനസ് രണ്ടാമന്റെ കാലത്താണത്. അടിവാരത്തു നിന്നും 1000അടി ഉയരത്തിലുള്ള ഒരു ഗിരിശ്രൃംഗമാണ് അക്രൊപ്പൊലിസ്. വാക്കിന്റെ അർത്ഥം ഗിരിശ്രൃംഗനഗരം എന്നാണ്. ഗ്രീസിലും തുർക്കിയിലുമുള്ള പല പുരാതന നഗരങ്ങൾക്കും അക്രൊപ്പൊലിസും അഗോറ എന്നു വിളിക്കപ്പെടുന്ന വാണിജ്യകേന്ദ്രങ്ങളും ഉണ്ടായിരുന്നു.

പെർഗമൊസിന്റെ അക്രൊപ്പൊലിസിൽ മൂന്നു ക്ഷേത്രങ്ങൾ സ്ഥാപിച്ചിരുന്നു; സിയൂസ് ദേവൻ, അഥേനാദേവി, ഡയനോസ്യസ് ദേവൻ എന്നിവരുടെ ക്ഷേത്രങ്ങൾ. സിയൂസ് ദേവന്റെ അൾത്താര ഒരു സിംഹാസനരൂപത്തിലായിരുന്നുവെന്നും അതാണു വെളിപ്പാടു പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന സാത്താന്റെ സിംഹാസനം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഈ പുരാതനക്ഷേത്രവസ്തുക്കളെല്ലാം ഇന്നു ബർലിനുള്ള പെർഗമൊൺ മ്യൂസിയത്തിലേയ്ക്കു മാറ്റപ്പെട്ടിരിക്കുന്നു. ചെങ്കുത്തായ മലയുടെ പാർശ്വതലത്തിൽ അക്രൊപ്പൊലിസിനോടു ചേർന്ന് ഒരു പുരാതന തിയേറ്റർ കാണാം. 10,000 ഇരിപ്പിടങ്ങളോടു കൂടിയ പ്രസ്തുത തിയേറ്റർ ആധുനിക ശില്പകലയെ വെല്ലുന്ന സംവിധാനമാണ്.

ഹെലനിസ്റ്റു കാലഘട്ടത്തിനുശേഷം പെർഗമൊസ് റോമൻ അധീനത്തിലായി. 20,000 വാല്യങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥശാല പെർഗമൊസിൽ ഉണ്ടായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട ഒരുകാര്യം. അലക്സാണ്ഡ്രിയായിലെ ലൈബ്രറി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല അതായിരുന്നു. തുകൽച്ചുരുളുകളുടെ നിർമ്മാണത്തിലും സംസ്കരണത്തിലും പെർഗമൊസ് അദ്വിതീയസ്ഥാനം നേടിയിരുന്നു. റോമൻ സൈന്യാധിപനായിരുന്ന മാർക്ക് ആന്റണി തന്റെ പ്രേമഭാജനമായിരുന്ന ക്ലിയോപാട്രയ്ക്കു പെർഗമൊസ് ലൈബ്രറി സമ്മാനമായി കൊടുത്തിരുന്നുവത്രേ.

എഡി 98 മുതൽ 117 വരെ റോമൻ ചക്രവർത്തിയായിരുന്ന ട്രാജൻ, തന്റെ നാമധേയത്തിൽ പെർഗമൊസിലെ അക്രൊപ്പൊലിസിൽ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രഭാഗങ്ങൾ ഇന്നും കാണാം (ചിത്രം കാണുക). റോമൻ ചക്രവർത്തിമാർ ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്നുവെന്ന് ഓർക്കുക.

വൈദ്യശാസ്ത്രത്തിന് അമൂല്യസംഭാവനകൾ നല്കിയ ഒരു നഗരമായിരുന്നു പെർഗമൊസ്. വൈദ്യശാസ്ത്രത്തിന്റെ ദേവനായിരുന്ന അസ്ക്ലിപ്പിയസിന്റെ നാമധേയത്തിലുള്ള ഒരു ക്ഷേത്രവും പെർഗമൊസിൽ ഉണ്ടായിരുന്നു. നാഗദേവനായിരുന്നു അസ്ക്ലിപ്പിയസ് എന്നാണു സങ്കല്പം. ‘അസ്ക്ലിപ്പിയസിന്റെ ദണ്ഡ്’ (Asclepius rod ) മരുന്നിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ചിഹ്നമായി ഇന്നും ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നു. ഒരു ദണ്ഡിൽ ചുറ്റിവരിഞ്ഞ ഏകസർപ്പരൂപമാണത്. ലോകത്തിലെ ആദ്യത്തെ മാനസികരോഗ ചികിത്സാ കേന്ദ്രം പെർഗമൊസിൽ ആയിരുന്നു. ഗാലൻ എന്ന ഭിഷഗ്വരന്റെ ചികിത്സാകേന്ദ്രം ലോകപ്രസിദ്ധമായിരുന്നു. ശരീരശാസ്ത്രസംബന്ധമായ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ റോമൻ സാമ്രാജ്യത്തിലാകെ മാനിക്കപ്പെട്ടിരുന്നു.

അസ്ക്ലിപ്പിയസ്ദണ്ഡിനു സമാനമായ മറ്റൊരു ചിഹ്നം കൂടിയുണ്ട് വൈദ്യശാസ്ത്രത്തിൽ. അതു കഡ്യൂസിയസ് ചിഹ്നം (Caduceus symbol) എന്നാണറിയപ്പുന്നത്. രണ്ടു ചിറകുകളുള്ള ഒരു ദണ്ഡിന്മേൽ ചുറ്റിവരിഞ്ഞ സർപ്പദ്വയങ്ങളാണത്. എന്നാൽ ലോകാരോഗ്യസംഘടന (World Health Organization) അവരുടെ ചിഹ്നമായി അംഗീകരിച്ചിരിക്കുന്നത് അസ്ക്ലിപ്പിയസ് ദണ്ഡാണ്.

രണ്ട് ചിഹ്നങ്ങൾക്കും ഗ്രീക്ക് ഐതിഹ്യമാലയുടെ പിൻബലമുണ്ട്. സമാനമായൊരു യഹൂദപാരമ്പര്യവും ഇത്തരുണത്തിൽ സ്മരണീയമാണ്. മോശെ മരുഭൂമിയിൽ ഉയർത്തിയ പിത്തളസർപ്പമാണത്. ബിസി 1400 ആണ് കാലഘട്ടം. അഗ്നിസർപ്പദംശനമേറ്റവർ മോശെ ഉയർത്തിയ പിത്തളസർപ്പത്തെ നോക്കി സൗഖ്യം പ്രാപിക്കുവാൻ ആഹ്വാനം ചെയ്യപ്പടുന്നു.

അടിവാരത്തിൽ നിന്നും 1000 അടി ഉയരമുള്ള പെർഗ്ഗമോസിന്റെ അക്രൊപ്പൊലിസിലേയ്ക്കു വാഹനങ്ങളിൽ പോകാൻ സാദ്ധ്യമല്ല. അതിനുവേണ്ടി ബർഗാമാ നഗരസഭ കേബിൾകാറുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2300 അടി നീളമുള്ള റോപ്പ് വേയിൽ തൂങ്ങി സഞ്ചരിക്കുന്ന 15 കേബിൾകാറുകളാണ് അടിവാരത്തിൽനിന്നും യാത്രക്കാരെ അക്രൊപ്പൊലിസിൽ എത്തിക്കുന്നത്.

ക്രൈസ്തവസഭ പെർഗമൊസിൽ

ബൈബിളിലെ വെളുപ്പാടുപുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഏഴു സഭകളിൽ ഒന്നാണ് പെർഗമൊസ്. പെർഗമൊസ് സഭയോടുള്ള സന്ദേശം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

“പെർഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക...........
നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ  സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു. .................എന്റെ സാക്ഷിയും വിശ്വസ്ഥനുമായിരുന്ന അന്തിപ്പാസിനെ കൊന്ന കാലത്തു പോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ച് കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ട്..................ആകയാൽ  മാനസാന്തരപ്പെടുക,”

യോഹന്നാൻ അപ്പോസ്ഥലന്റെ ശിഷ്യനായിരുന്ന അന്തിപ്പാസ് പെർഗമൊസിലെ ബിഷപ്പായിരുന്നു. ചുട്ടുപഴുപ്പിച്ച ഇരുമ്പുകൂട്ടിലടച്ചാണ് അന്തിപ്പാസിനെ വധിച്ചത് എന്നാണു പാരമ്പര്യകഥകൾ പറയുന്നത്. റോമൻ ചക്രവർത്തിയായിരുന്ന നീറോയുടെ കാലത്താണത്. അന്തിപ്പാസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം പെർഗമൊസിലെ ക്രൈസ്തവസഭയ്ക്ക് എന്തു  സംഭവിച്ചുവെന്നു വ്യക്തമല്ല. ഒന്നാം നൂറ്റാണ്ടിൽതന്നെ അക്രൈസ്തവ ചിന്താഗതികൾ പെർഗമൊസിലെ സഭയിൽ നുഴഞ്ഞുകയറിയെന്നു ബൈബിളിൽ രേഖപ്പെടുത്തയിരിക്കുന്നു. ഒരു പക്ഷേ സമീപസ്ഥമായ എഫെസൊസിന്റെ അനുബന്ധസഭയായി അവർ പ്രവർത്തിച്ചിരിക്കാം.

എഡി 1337ൽ പെർഗമൊസ് ഒട്ടോമാൻസാമ്രാജ്യത്തിൽ ലയിച്ചു. താമസംവിനാ മംഗോളിയൻ ഭരണാധികാരിയായിരുന്ന ജംഗിസ്ഖാന്റെ പിന്തുടർച്ചക്കാരനായ തൈമൂറിന്റെ ഉരുക്കുമുഷ്ടിയിൽ പെർഗമൊസ് ഞെരിഞ്ഞമർന്നു. എഡി. 1922 സെപ്തംബർ 14ന് ആധുനിക തുർക്കി സംജാതമായി. പെർഗമൊസിലെ ദൈവസഭ കാലത്തിന്റെ കറുത്ത യവനികയ്ക്കുള്ളിൽ മറഞ്ഞു; അതിന്റെ നിലവിളക്ക് നീക്കപ്പെട്ടു.


പെർഗമൊസ്-തമസ്സിന്റെ സിംഹാസന നഗരം (യാത്രാവിവരണം 14: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക