Image

അല്ലയോ ബലൂണേ നീ.....(തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 21 October, 2020
അല്ലയോ ബലൂണേ നീ.....(തൊടുപുഴ കെ ശങ്കർ മുംബൈ)
അല്ലയോ,  ആകാശത്തിൽ പറക്കും ബലൂണേ, നീ
അറിയൂ, ചൊല്ലാമേതു നേരവും നിലം പറ്റാം!
ഉള്ളതു ചെന്നാൽ വെറും വാതകമല്ലാതെ നിൻ
ഉള്ളിലൊന്നുമേയില്ല, പൊള്ളയെന്നതു സത്യം!

പറക്കും നേരത്തു നീ  യറിയുന്നില്ല, യേതു
നേരവും നിനയ്ക്കാതെ മാറിടാമതിൻ ഗതി!
കാറ്റിന്റെ ചലനത്തിനൊത്തല്ലോ ചലിപ്പൂ നീ
മാറ്റിടാനാവില്ലാർക്കും മാറില്ല സ്വതവെയും!

നിന്നെപ്പോലിതിനുമു, മ്പെത്രയോ ബലൂണുകൾ
നിനയ്ക്കാതല്ലോ നിലം പതിച്ചൂ നിമിഷത്തിൽ!
പഠിയ്ക്കില്ലൊരുത്തരും സ്വയമേയനുഭവം
പഠിപ്പിച്ചിടും വരെ യതല്ലോ ദയനീയം!

കാണ്മതില്ലയോ  നമ്മൾ നമുക്കു ചുറ്റും അഹ-
ങ്കാരത്തിൻ ലഹരിയിൽ കൂത്താടും മനുഷ്യരെ!
ധനത്താലാകാമതു, ഖ്യാതി മൂലവുമാകാം
തനതായ് സമാർജ്ജിച്ച പ്രൗഢി  മൂലവുമാകാം!

അറിയുന്നില്ല അവർ,  അനിത്യമാമീ  ഭൂവിൽ
അസ്ഥിരം അഖിലവും നമ്പുവോർ വിരളവും!
ഉടമ മാത്രം നമ്മൾ കേവലം സൂക്ഷിപ്പുകാർ
ഉണ്മയിൽ  ഉടയവനല്ലയോ യജമാനൻ!

സ്വബലം പിഴച്ചപ്പോൾ കൂട്ടരും വെടിഞ്ഞപ്പോൾ
പ്രബലൻ ഗജേന്ദ്രനു ശരണാഗതിയൊന്നു
മാത്രം താൻ സമയത്തി നുതകി, യതു  മൂലം
മാത്രയിൽ ഭഗവാൻവ, ന്നവനെ രക്ഷിച്ചല്ലോ!

ഏതു നേരവും സ്വയം സ്ഫോടനാത്മക മതും
ഏതൊരു  നിമിഷവും സംഭവ്യ  മറിയൂ നീ!
കാറ്റു പോകുവാൻ തെല്ലും നേരം വേണ്ടെന്ന സത്യം
മാറ്റു കുറയാതെന്നും തിളങ്ങും മഹാസത്യം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക