Image

മോശം പരാമര്‍ശം കമല്‍നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

Published on 22 October, 2020
മോശം പരാമര്‍ശം കമല്‍നാഥിനോട്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. വിദ്വേഷം സൃഷ്ടിക്കുന്നതോ വിഭാഗീയത ഉയര്‍ത്തുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശങ്ങളോ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് ചട്ടം.  കമല്‍നാഥ് ഈ ചട്ടം ലംഘിച്ചോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരേ കമല്‍നാഥ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബി.ജെ.പി.യിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.

പരാമര്‍ശം വിവാദമായതോടെ കമല്‍നാഥ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 'അനാദരമുണ്ടാക്കുന്ന ഒന്നും ഞാന്‍ പറഞ്ഞില്ല. സ്ത്രീകളെ ബഹുമാനിക്കുന്നു. അനാദരമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ ഖേദിക്കുന്നു''കമല്‍നാഥ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഖേദമുണ്ടെങ്കിലും മാപ്പുപറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ഖേദപ്രകടനം. സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും കമല്‍നാഥിനോട് വിശദീകരണം തേടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക