Image

ഉള്ള് ( കവിത : സുഷമ നെടൂളി )

Published on 23 October, 2020
ഉള്ള്  ( കവിത : സുഷമ നെടൂളി )
ദു:ഖങ്ങളുടെ
ഓലമേഞ്ഞ
കുടിലൊന്ന്
കാണേണ്ടേ..

എലിവേഷൻ
അനാകർഷകം
തേച്ചുമിനുക്ക്
ഇല്ലാത്തത്
പായലുംപൂപ്പലും
സഹവാസമുറപ്പിച്ച്
നിറംകെട്ടചുമരുകൾ....

ഇറയത്തിനിപ്പുറം
സദയംചിരിക്കുന്ന
ചാരുപടികണ്ടിടാം
വട്ടത്തിൽ വെട്ടിയ
പാള വിശറിയും....

ഇടുങ്ങിയ
മെനയില്ലാത്ത
ഇറയംകയറി
മാലിയറ്റി
തിരിഞ്ഞൊന്ന്
ഉള്ളിലേക്ക്
നോക്കൂ.....

അകത്തളം
വിശാലം..

കല്യാണസൗഗന്ധിക
പൂക്കൾകൊരുത്തുള്ള
ചങ്ങലകളിലങ്ങനെ
ഞാന്നുകിടപ്പുണ്ട്
സ്വർണ്ണപ്പിടിയിട്ട
ഒരാട്ടുകട്ടിൽ..
അതിലൊരു
ചുവന്നപട്ടു
വിതാനിച്ച,
പനിനീർപൂക്കൾ
വിതറിയ
മെത്തയും
പൊന്നോടക്കുഴലും
മയിൽപ്പീലി 
വിശറിയും....

ഇത്രയും നിങ്ങൾക്ക്
കാണാനായോ ?
എങ്കിൽ മാത്രം...
എങ്കിൽ മാത്രം
ഇനിയൊന്ന്
നോക്കൂ....

ഇളം നിറം
പൂശിയ ചുമരിൽ
രവിവർമ്മയും
പിക്കാസോയും
ഇടംപിടിച്ചതിനിടയിൽ
മിനുസമേറിയ
പ്രതലത്തിൽ..
നിങ്ങളെ
പൂർണ്ണതയോടെ
കാണാവുന്ന
നീളമേറിയൊരു
കണ്ണാടിയും
നിങ്ങൾക്കവിടെ
കാണാം.....
Join WhatsApp News
സലാം കുറ്റിച്ചിറ 2020-10-24 17:41:04
അകത്തേക്ക് തുറന്ന് വെച്ച ഒരു വാതിൽ എന്ന് വേണമെങ്കിൽ ഈ കവിതയെ വിശേഷിപ്പിക്ക്യാം "ഉള്ള്"(inside) എന്ന ശീർഷകം തന്നെ അകം പൊരുളിനെ അറിയാനുള്ള ഒരു സൂചകമാണ്. അയഥാർത്ഥമായ പുറം ജാടകളാൽ മേനി നടിക്കുന്ന ജീവിതത്തിന്റെ പുറംകാഴ്ചകളുടെ നിറഭംഗികളെ ഒട്ടും വില മതിക്കാത്ത കവയിത്രി ആന്തരികമായ ചൈതന്യത്തെ അതിന്റെ സർവ്വസ്വമായ സൗന്ദര്യത്തോടെ അലംകൃതമാക്കുന്ന കവിതയുടെ വരികൾക്കിടയിലൂടെ വരയുടെ ദൃശ്യ സൗന്ദര്യവും അനുവാചകനെ കാണിച്ചു തരുന്നുണ്ട് രവി വർമ്മയിലൂടെയും,പിക്കാസോയിലൂടെയുമൊക്കെ. പായലും പൂപ്പലും പിടിച്ച നിറം കെട്ട പുറംകാഴ്ചകൾക്കപ്പുറം, ജീവിതത്തിന്റെ ആന്തരികമായ ചൈതന്യമാണ് യഥാർത്ഥമായ സൗന്ദര്യം എന്ന് ദുഖളുടെ ഓല മേഞ്ഞ കുടിലിനകത്തെ നീളമേറിയ കണ്ണാടിയിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാണ് സുഷമ നെടൂളി "ഉള്ള്" എന്ന തന്റെ കവിതയിലൂടെ. ------------------ സലാം കുറ്റിച്ചിറ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക