Image

സ്വവര്‍ഗ ലൈംഗികതയെ മാര്‍പാപ്പ ന്യായീകരിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കെ.സി.ബി.സി

Published on 23 October, 2020
സ്വവര്‍ഗ ലൈംഗികതയെ മാര്‍പാപ്പ ന്യായീകരിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കെ.സി.ബി.സി

കൊച്ചി: മാര്‍പാപ്പസ്വവര്‍ഗ ലൈംഗികതയെ ന്യായീകരിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി . സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കുടുംബത്തിനു തുല്യമായ നിയമ പരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ പറഞ്ഞിട്ടില്ല. 


കുടുംബജീവിതത്തെക്കുറിച്ചും സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവയില്‍ വ്യക്തമാക്കി.


എല്‍ജിബിടി സമൂഹത്തിലുള്ളവര്‍ ദൈവമക്കളാണെന്നും പരിഗണനയും സ്നേഹവും അര്‍ഹിക്കുന്നുണ്ടെന്നും മാര്‍പാപ്പ മുന്‍പും പറഞ്ഞിട്ടുണ്ട്. വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച പ്രബോധന രേഖയിലും സമാനമായ നിലപാടാണ്. 

എന്നാല്‍ സ്വവര്‍ഗ ലൈംഗികതയെ ഒരു ഡോക്യുമെന്ററിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചുവെന്നാണു പ്രചാരണം. വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസ പ്രബോധനങ്ങള്‍ കത്തോലിക്ക സഭ ഡോക്യുമെന്ററിയിലൂടെയല്ല നടത്തുകയെന്നും പ്രസ്താവനയില്‍ പറയുന്നു.

സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി സഭ കാണുന്നില്ല. എന്നാല്‍, സിവില്‍ ബന്ധമായി ചില രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്.

 സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ചു മനസ്സിലാക്കണമെന്നാണു സഭയുടെ നിലപാടെന്നും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക