Image

തുറക്കാത്ത വാതിൽ അഥവാ ഹം തും ഏക് കമ്രെ മെയ്ൻ ബന്ധ് ഹൊ! (ശ്രീജ പ്രവീൺ)

Published on 23 October, 2020
തുറക്കാത്ത വാതിൽ അഥവാ ഹം തും ഏക് കമ്രെ മെയ്ൻ ബന്ധ് ഹൊ! (ശ്രീജ പ്രവീൺ)
ഹോളിവുഡ് നടി സാന്ദ്ര ബുള്ളോക്നേ  എനിക്ക്  വലിയ ഇഷ്ടമാണ്.. നമ്മുടെ സിനിമകളിലെ  അബല നായികമാരെ  പോലെ അല്ല പുള്ളിക്കാരി . ആവശ്യം വന്നാൽ ട്രെയിനും ബസും ഒക്കെ ഓടിക്കും..ഏതു തരം മതിലും നായകനൊപ്പം തന്നെ ചാടി കടക്കും .. അത്യാവശ്യം ഗുണ്ടകളെ ഒക്കെ അടിച്ചു വീഴ്ത്തും . ഒരു മാതിരി മരാമത്ത് പണികൾ ഒക്കെ തനിയെ തന്നെ ചെയ്യും. ഏത് അപകടം വന്നാലും " ദാസാ എന്നെ രക്ഷിക്കൂ " എന്ന് കാറി വിളിക്കില്ല . അങ്ങനെ വേണം പെണ്ണുങ്ങൾ എന്ന് തോന്നാറുണ്ട് മിക്കപ്പോഴും .

ഒരു അപകടനില വന്നാൽ നമ്മളൊക്കെ എന്താവും ചെയ്യുക എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് .. കാറി വിളിക്കുമോ അതോ സാന്ദ്ര ചേച്ചി ആകുമോ?  ദൈവം ചില നേരങ്ങളിൽ നമ്മുടെ ആഗ്രഹങ്ങൾക്ക്  "തഥാസ്തു " എന്ന് പറയാറുണ്ടല്ലോ ... അങ്ങനെ ഒരു പണി എനിക്കും ഒരിക്കൽ കിട്ടി .

2013-14 ഖത്തർ  കാലഘട്ടം.പുതിയൊരു താമസ സ്ഥലത്തേക്ക് മാറിയിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. ഒറ്റക്ക് നിൽക്കുന്ന ചെറിയൊരു  പേർഷ്യൻ  വീടാണ് രംഗം. ജോലി സ്ഥലം കുറച്ച് ദൂരെ ആയതിനാൽ നമ്മുടെ മിസ്റ്റർ അതിരാവിലെ പോയാൽ വൈകുന്നേരം ഏഴ് മണി കഴിയും വീടെത്താൻ . ചെറുത് എൽ കേ ജിയെന്ന  ഉന്നത ഡിഗ്രിക്ക് പഠിക്കുന്ന ആളായത് കൊണ്ട് ഒരു പതിനൊന്നു മണിക്ക് തിരിച്ചെത്തും.  മൂത്തവൾ വരുന്നത് 3 മണി ഒക്കെ കഴിഞ്ഞാണ്. അത് വരെ ചെറിയ കാന്താരിയുടെ കൂടെ കളിക്കുക എന്നതും നമ്മുടെ ഡ്യൂട്ടിയിൽ പെടും .

" നാൻ ഡോത്തർ ആണെ.. അമ്മൻ എന്റെ 'ക്യാന്റി ' പാവയേം കൊണ്ട് ഓസ്പ്പിട്ടലിൽ വരണം " ഇതാണ് കളി. എന്റെ വിദ്യാഭ്യാസത്തിൽ അത്ര അഭിപ്രായം ഒന്നുമില്ലാത്ത കൊണ്ടാവും അവളാണ്  എപ്പോഴും "ദോത്തർ". ഇതിന് വേണ്ടി അവള് തന്നെ കസേര ഒക്കെ ഇട്ട് മുറിയുടെ അകത്ത് ഇരിക്കും.. ഞാൻ നേരത്തെ പറഞ്ഞ പാവയെയും കൊണ്ട് വരണം . ഇൗ പാവക്ക് ഒരു പത്ത് പന്ത്രണ്ട് വയസ്സ് കാണും അന്ന്.. കളിയിലെ അസുഖം എപ്പോളും പനി ആണേലും, കയ്യും കാലും ഒക്കെ ഒടിഞ്ഞു തൂങ്ങിയ അവസ്ഥ കണ്ടാൽ ഉടനെ ഒരു ഉഴിച്ചിലും പിഴിച്ചിലും നടത്താൻ തോന്നും .പക്ഷേ നമ്മുടെ ഡോത്തർക്ക്‌ പനി മാത്രമേ ചികിത്സിക്കാൻ അറിയൂ..അത് കൊണ്ട് " കുട്ടിക്ക് പനി മാറുന്നില്ല" എന്നാണ് അമ്മന് സ്ഥിരം തരുന്ന ഡയലോഗ്.

അകത്ത് കയറി കഴിഞ്ഞാൽ ഉടനെ വാതിൽ അടക്കണം. രോഗിയുടെ പ്രൈവസി ഒക്കെ പ്രധാനമാണ്  മേഡത്തിന്. ഒന്ന് രണ്ടു തവണ പറഞ്ഞിട്ട് ഞാൻ കേൾക്കാത്തത് ആളിന് പിടിച്ചില്ല.  ഒടുവിൽ പിന്നേയും പിന്നെയും  ഞാൻ  നേരെ വരുന്നത് കണ്ട് അവള് തന്നെ എണീറ്റ് വന്നു വാതിൽ ബലമായി പിടിച്ചു അടച്ചു. എന്നിട്ട് പരിശോധന തുടർന്നു.

അവളുടെ കളിയും കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. കുറെ നേരം കഴിഞ്ഞപ്പോൾ പുറത്ത് ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ എടുക്കാനായി പുറത്തേക്ക് ഇറങ്ങാനായി ഞാൻ വാതിലിൽ ചെന്ന് പിടിച്ചതും അതിന്റെ പിടി പൊട്ടി കയ്യിൽ വന്നതും ഒന്നിച്ചായിരുന്നു. സത്യം പറഞാൽ വയറ്റിൽ നിന്നും നെഞ്ചിലേക്ക് ഒരു നികുംഭില പാഞ്ഞു പോയി. അറിയാതെ "അയ്യോ" എന്ന് വിളിച്ചു പോയി.

മേൽപ്പറഞ്ഞ മുറിക്ക് പല പ്രത്യേകതകളും ഉണ്ടെന്ന് പറയാൻ വിട്ടു പോയി. ഒരു എസി ഉണ്ടെന്നത് ഒഴിച്ചാൽ ആ മുറിക്ക് ജനലുകളില്ല. പോരെങ്കിൽ പ്രധാന വാതിലിൽ നിന്ന് ദൂരെ ആണ് ഈ മുറിയുടെ സ്ഥാനം.അതായത് ഉറക്കെ വിളിച്ചാലും ആരും കേൾക്കില്ല എന്നർത്ഥം . നമ്മുടെ വീടിന്റെ പുറക് വശത്തായി മറ്റൊരു വീടുണ്ടെങ്ങിലും അവിടെ ആൾ താമസമില്ല. ഭർത്താവ് ഓഫീസിൽ നിന്ന് എത്താൻ ശ്രമിച്ചാലും ഏകദേശം ഒന്ന് ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്.അതിനു മുൻപ് തന്നെ മൂത്ത മകൾ സ്കൂൾ ബസിൽ വീടിന്റെ നടയിലെത്തും.ഇവരൊക്കെ വന്നാൽ പോലും മെയ്ൻ ഡോറിൽ അകത്ത് താക്കോൽ വച്ചിരിക്കുന്ന കൊണ്ട് പുറത്ത് നിന്ന് കീ ഇട്ട് കയറാൻ പറ്റില്ല. അങ്ങനെ എല്ലാം കൊണ്ടും നല്ല വണ്ടർഫുൾ ആയ സിറ്റുേഷൻ. ഹോളിവുഡ് സിനിമയുടെ ഫീൽ !  

ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ആരും ചെയ്യുന്നത് തന്നെ ഞാനും മോളും ചെയ്തു. എസി യുടെ വിടവിലൂടെ ശബ്ദം പുറത്ത് പോകുന്ന രീതിയിൽ കുറെ നിലവിളിച്ചു. എവിടെ? അതൊരു ശാന്ത സുന്ദരമായ പ്രദേശം ആയത് കൊണ്ട് അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് ഫോൺ റിംഗ് ചെയ്തു തുടങ്ങി. ഭർത്താവ് ആകുമെന്ന് അറിയാമായിരുന്നു. പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടും റിംഗ് വരുന്നു. വീണ്ടും വരുന്നു. അപ്പോഴേക്കും പുള്ളിക്ക് തോന്നി കാണും ഇവിടെ എന്തോ പ്രശ്നമാണെന്ന്. കുറെ നേരം കഴിഞ്ഞപ്പോൾ മുൻ വശത്തെ വാതിലിനു അടുത്തായി ആരുടെയോ ശബ്ദം കേട്ടു തുടങ്ങി. ഇവിടത്തെ കാര്യം അന്വേഷിക്കാൻ എന്റെ കെട്ടിയോൻ അടുത്തുള്ള ചെറിയ ഗ്രോസറി ക്കാരനെ പറഞ്ഞു വിട്ടതാ.ഞങൾ പിന്നേം ഇവിടെ നിന്ന് മറുപടി "കമ്പിളി പുതപ്പ് , കമ്പിളി പുതപ്പ് " വിളിക്കുന്ന ചേച്ചിയെ പോലെ. പുറത്ത് കേട്ട ശബ്ദം വിളിച്ചു വിളിച്ചു പുറകിലെ വീടിന്റെ അടുത്തേക്ക് വരുന്നത് മനസിലായി. എസിയുടെ വിടവിലൂടെ ഞാൻ എന്റെ ലോക്കേഷൻ അയാൾക്ക് സെന്റ് ചെയ്തു. ഭാഗ്യത്തിന് അയാൾ വഴി തെറ്റാതെ എസി യുടെ അപ്പുറം എത്തി.

ഇനി മതിലിന്റെ അപ്പുറം ഇപ്പുറം ആണ് ബാക്കി കഥ നടക്കുന്നത്..അപ്പോഴേക്കും ഹസ്ബന്റ് ഓഫീസിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞു  എന്ന് ഗ്രോസെറി കാരൻ വഴി അറിയിപ്പ് കിട്ടി. എങ്ങനെ ആണേലും ഞാൻ ഇവിടെ നിന്ന് പുറത്ത് കടന്നാലെ പറ്റൂ. മുൻ വാതിലും പുറത്ത് നിന്ന് തുറക്കാൻ പട്ടില്ലാലോ.

കടക്കാരൻ എനിക്ക് മോട്ടിവേഷൻ തന്നു " വാതിൽ നിങ്ങള് വിചാരിച്ചാൽ തുറക്കാം. ഞാൻ ഇതിലൂടെ ടൂൾസ് ഇട്ടു തരാം " .എന്നിട്ട് എസി യുടെ വിടവിലൂടെ ഒരു മഞ്ഞ കളർ സ്ക്രൂ ഡ്രൈവർ കുത്തി തിരുകി ഇട്ടു. ഞാൻ ആ "ടൂൾ" കയ്യിൽ എടുത്തു. എനിക്ക് ഇത് വച്ച് പ്രഷർ കുക്കറിന്റെ യും ചായ പാത്രത്തിന്റെ യും പിടി ഉറപ്പിക്കാൻ മാത്രമല്ലേ അറിയൂ. ഞാൻ അയാളോട് ചോദിച്ചു" ഇത് വച്ച് എന്താണ് ചെയ്യേണ്ടത്?" അയാള് പെട്ടന്ന് ഒന്ന് അന്തം വിട്ടു. പിന്നെ പറഞ്ഞു "വാതിലിന്റെ പിടി അല്ലേ ഇളകി പോയത്? ഉള്ളിൽ ആ പിടി പോലെ തന്നെ ഉള്ള ഒരു തിരിയുന്ന ഭാഗം കാണും. അത് തിരിച്ചാൽ മതി .വാതിൽ തുറക്കും . " ആഹാ.. ഇത്രെ ഉള്ളൂ.. ഇത് ഞാൻ തകർക്കും.. സാന്ദ്ര ബുല്ലോക്കിനെ മനസ്സിൽ ഓർത്തു കൊണ്ട് നേരെ നടന്നു. സ്ക്രൂ ഡ്രൈവർ കൊണ്ട് ഒറ്റ കുത്ത് ആയിരുന്നു. ലോക്കിന്റെ മൊത്തം ഭാഗവും ചേർന്ന് ഇളകി മറിഞ്ഞ് പുറത്തേക്ക് വീണു. ഞാനും സ്ക്രൂ ഡ്രൈവറും ഇപ്പുറത്ത്. തിരിക്കേണ്ട ഭാഗം അപ്പുറത്ത്. അതിന്റെ ഇടക്ക്  നടു പൊളിഞ്ഞ വാതിലും .

ഏറ്റവും വലിയ മാനക്കേട് അയാളോട് എന്ത് പറയും എന്നായിരുന്നു. എന്ത് ചെയ്യാൻ .. പറഞ്ഞല്ലെ പറ്റൂ? എന്തോ ഇതൊക്കെ പ്രതീക്ഷിച്ച പോലെ ഉടനെ അയ്യാൾ പറഞ്ഞു. " സാരമില്ല. ഇനി അവിടെ ഒരു ചെറിയ ലിവർ പോലെ ഉണ്ടോ എന്ന് നോക്കൂ" . അൽഭുതം.. അവിടെ ഒരു ലിവർ ചിരിച്ചു കൊണ്ടിരിക്കുന്നു. " ഞാൻ ഒരു പ്ലേയർ ഇട്ടു തരാം . അത് വച്ച് ആ ലിവർ തിരിച്ചാൽ മതി" എന്ന്  പുറത്തെ ശുഭാപ്തി വിശ്വാസി.

പക്ഷേ, സ്ക്രൂ ഡ്രൈവർ പോലെ അല്ലല്ലോ പ്ലയർ..അതിനു അകത്തേക്ക് എത്താനുള്ള ഗ്യാപ് ഇല്ലായിരുന്നു .ആദ്യം കൊണ്ട് വന്നത് അകത്തേക്ക് ഇടാൻ കഴിയാതെ വന്നപ്പോൾ വേറെ ഒരെണ്ണം എടുക്കാം എന്നൊക്കെ പറയുന്ന കേട്ടപ്പോൾ പുറത്ത് ഒരു മൊബൈൽ വർക്ക്ഷോപ്പ് തന്നെ പുള്ളി ഒരുക്കിയോ എന്ന് സംശയിച്ചു . ഇതിനിടെ എന്റെ കെട്ടിയോൻ ഒരു ആയിരം പ്രാവശ്യം എങ്കിലും അയാളുടെ ഫോണിൽ വിളിച്ച് കാണും . നടയിൽ ബസിൽ വന്നു ഇറങ്ങി അന്തം വിട്ടു നിന്ന മൂത്ത മോളെയും ഗ്രൊസറി യില് കൊണ്ടിരുത്തേണ്ടി വന്നു ആ പാവത്തിന്. അങ്ങനെ ആ ഒരൊറ്റ മണിക്കൂർ കൊണ്ട് ഞങൾ ഒരു ഫുൾ ഫാമിലി അയാളുടെ ഉത്തരവാദിത്തം ആയി മാറി.

അങ്ങനെ കുറെ നേരത്തെ പ്രയത്‌നത്തിന്
 ശേഷം നമ്മുടെ പ്ലേയർ എസി കൊടുത്ത ഔദാര്യത്തിൽ മുറിയിലേക്ക്  രംഗ പ്രവേശം ചെയ്തു. ഇത്തവണ പക്ഷേ എനിക്ക് യാതൊരു ധൈര്യവും ഇല്ല. നേരത്തെ കിട്ടിയ ടൂൾ കാരണം ഉള്ള ലോക്കും കൂടി ഇല്ലാതായി. ഇനി ഇതിൽ എന്താണാവോ? സ്ക്രൂ ഡ്രൈവർ അല്പമെങ്കിലും പരിചയം ഉള്ള ആളായിരുന്നു. ഇതിപ്പോ പ്ലേയർ ഒക്കെ ദൂരെ കൂടി ഉള്ള പരിചയം മാത്രേ ഉള്ളൂ.. കൂടി പോയാൽ നമ്മുടെ കാലിലെ കൊലുസിന്റെ കൊളുത്ത് മുറുക്കാൻ എടുത്തു കാണും . എന്ന് വെച്ച് റെസ്ക്യൂ ഓപ്പറേഷന്ഒക്കെ കൂടെ കൂട്ടുക എന്ന് വച്ചാൽ? വല്ലാത്ത ഒരു അവസ്ഥ തന്നെ. ഒരു ബലത്തിന് അണ്ണാൻ കുഞ്ഞ് എങ്കിൽ അത് എന്ന് വിചാരിച്ചു
നോക്കിയപ്പോൾ കണ്ടത് നമ്മുടെ കുട്ടി ഡോക്ടർ കൺസൾട്ടിംഗ് ടൈം
കഴിഞ്ഞത് കൊണ്ടാവും കട്ടിലിൽ കയറി കിടന്നു കൂര്ക്കം വലിച്ചു ഉറങ്ങുന്നു. അപ്പോ ധൈര്യം തരാൻ അണ്ണാൻ കുഞ്ഞും ഇല്ല എന്നർത്ഥം .

എന്തായാലും മുന്നോട്ട് വച്ച കാലു മുന്നോട്ട് തന്നെ വച്ചു നടന്നു. വാതിലിനു അടുത്ത് പോയി തറയിൽ ഇരിപ്പുറപ്പിച്ചു. ആദ്യം പ്ലേയർ അകത്തേക്ക് പോയി പോലുമില്ല. പയ്യെ പയ്യെ അത് ഉപയോഗിക്കാൻ പഠിച്ചു. എന്നിട്ട് ലിവറിൽ പഠിപ്പിക്കാൻ ഉള്ള കഠിന ശ്രമം. അത് കഴിഞ്ഞ് വേണം അത് തിരിക്കാൻ. പിടി ശേരിയാവുമ്പോൾ കറക്കം ശെരി ആവില്ല.  കറക്കം ശെരി ആവുമ്പോൾ പിടുത്തം ശെരി ആവില്ല  . അതിനിടെ പൊളിഞ്ഞ വാതിലിന്റെ വക്കിൽ ഒക്കെ കൊണ്ട് കയ്യോക്കെ മുറിഞ്ഞു . ഇതിനിടെ പുറത്ത് നിന്ന് ശബ്ദ രേഖയുണ്ട്."തുറന്നോ? തിരിഞ്ഞോ? തകർന്നോ " എന്നൊക്കെ . എല്ലാത്തിനും ഒന്നും മറുപടി പറഞ്ഞില്ല. ഇവിടെ ബോംബിന്റെ പച്ച വയർ അല്ലേൽ ചുവന്ന വയർ മുറിക്കുന്ന ശ്രദ്ധയാണ് ഇത് തിരിക്കാൻ .അപ്പോഴാണ് അയാളുടെ കമന്ററി !

ഒരു അര മുക്കാൽ മണിക്കൂറെങ്കിലും ഞാൻ ആ പ്ലയറും വച്ച് അധ്വാനിച്ച് കാണും . പറ്റില്ല എന്ന് വിചാരിച്ചു തളർന്ന് ഉപേക്ഷിക്കാൻ പോയതാണ്. ഒരിക്കൽ കൂടി ഒന്ന് കൂടി ശ്രമിക്കാം എന്ന് തോന്നി പോയി തിരിച്ചു. "ടിക്" ... എന്തോ അകത്ത് തിരിഞ്ഞു വീണു. വാതിൽ ഒന്ന് അനങ്ങി തുറന്നു. "എന്ത്" .. സന്തോഷം കൊണ്ട് പെട്ടന്ന് എനിക്ക് മിണ്ടാൻ വയ്യാതായി. പെട്ടന്ന് ഉറങ്ങി കിടന്ന കൊച്ചിനേം എടുത്ത് ശരം വിട്ട പോലെ പോയി മുൻ വാതിൽ തുറന്ന് ഇട്ടു.എന്നിട്ടാണ് ശ്വാസം നേരെ വീണത്.  

മുട്ടുവിൻ തുറക്കപ്പെടും : എല്ലാ വാതിലും മുട്ടിയാൽ തുറക്കില്ല. എല്ലാവരും ഇപ്പോഴും കയ്യിൽ ഒരു ചെറിയേ സ്ക്രൂ ഡ്രൈവർ , ഒരു ചെറിയേ പ്ലേയർ ഒക്കെ കരുതുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ 

തുറക്കാത്ത വാതിൽ അഥവാ ഹം തും ഏക് കമ്രെ മെയ്ൻ ബന്ധ് ഹൊ! (ശ്രീജ പ്രവീൺ)
Join WhatsApp News
Sindhu P G 2020-10-24 03:28:10
Polichu muthe 🤩🤩🤩
Asha Nair 2020-10-24 04:20:52
Shwasam adakki pidichaanu vaayichathu ee thriller...😀😀😀
Bindya 2020-10-24 07:47:20
വളരെ നല്ല വിവരണം ..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
Akhila Ani 2020-10-24 09:19:57
Excellent writing Sreeja😊enjoyed reading . Waiting for the next 😁
Ambili Raj 2020-10-24 09:45:51
കൊള്ളാം േചേച്ചി👍👍
Jayasree 2020-10-24 16:25:06
Super Sree. Excellent writing Really enjoyed അണ്ണാൻ കുഞ്ഞ് hollywood sceneൽ half way കൂടെയുണ്ടായിരുന്നല്ലോ, ഭാവിയിലെ Sandra Bullock 😂
Vinita 2020-10-26 04:34:15
Super, eppozhethem pole humour sense adipoli
Leena 2020-10-26 16:05:59
അടിപൊളി .......
Vandana Nair 2020-10-26 19:24:39
Well written...enjoyed reading..keep writing😍
Anitha Nair K 2020-10-31 02:51:51
Your writing is getting enhanced after each article. Keep it up. Loved it.
Sanu 2020-11-19 14:36:40
Super Sreeja👌🏼😃
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക